ADVERTISEMENT

∙ ലീലാമണി ദേവരാജൻ: മാഷിന് (ജി.ദേവരാജൻ) ഇഷ്ടപ്പെട്ട സിങ്ങർ എന്നു പറഞ്ഞാൽ ഒരാളേയുള്ളൂ – പി.സുശീല. മാഷ് സുശീലയെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: ഞാനെന്റെ മനസ്സിൽ വിചാരിക്കുന്നത് അതേപോലെ പാടും. മഞ്ചാടി പോലെയാ ശബ്ദത്തിന്റെ ഒഴുക്ക്, മഞ്ചാടിത്തെന്നൽ പോലെ.

∙ സക്കറിയ: ഏതു കൊലയാളിരോഗാണുവിനും ഒരു സാമ്രാജ്യംതന്നെ സൃഷ്ടിക്കാനുള്ള സൗകര്യം കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ ചെയ്തുകൊടുത്ത ശേഷം കേരള സർക്കാർ നിപ്പ വൈറസിനെത്തേടി വവ്വാലിന്റെ പിന്നാലെ പായുന്ന കാഴ്ച കണ്ട് പൗരന്മാർ ചിരിക്കണോ കരയണോ?

∙ കെഇഎൻ: മുൻപ് ഉത്സവങ്ങളിൽ കരിയും വേണ്ട, കരിമരുന്നും വേണ്ട എന്നുപറഞ്ഞത് നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്സായ ശ്രീനാരായണഗുരുവാണ്. എന്നാലിന്ന് കേരളത്തിലെ വലതുപക്ഷത്തിന് മഹാനായ ശ്രീനാരായണ ഗുരുവല്ല, തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയും ചുഞ്ചു നായരെന്ന പൂച്ചയുമാണു താരം!

∙ കെ.സി.ഉമേഷ്ബാബു: കേരളത്തിന്റെ സവിശേഷമായ സെക്കുലർ സാഹചര്യത്തിൽ യുഡിഎഫ് സംവിധാനം വളരെ ശക്തമായതുകൊണ്ട് ഇവിടത്തെ ഇടത് അണികൾ കൂടുതലായി യുഡിഎഫിലേക്കാണ് ഒഴുകിയത്. അതുകൊണ്ട് ഇവിടത്തെ ഇടതുപാരമ്പര്യം ബംഗാളിലേതുപോലെ അപമാനിതമായില്ല.

∙ ഡോ. ജി.ബാലമോഹൻ തമ്പി: സാധാരണ രാഷ്ട്രീയപാർട്ടികൾക്കു വമ്പിച്ച പരാജയം സംഭവിച്ചാൽ നേതാക്കന്മാർ രാജിവയ്ക്കാറുണ്ട്. രാജിസന്നദ്ധത പ്രകടിപ്പിക്കാറെങ്കിലുമുണ്ട്. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാർ അങ്ങനെ ചെയ്യാറില്ല. അതിനു കാരണമായി അവർ പറയാറുള്ളത് അവർക്കു കൂട്ടായ നേതൃത്വമാണ് ഉള്ളതെന്നാണ്.

∙ സി.ആർ.നീലകണ്ഠൻ: നിങ്ങൾക്ക് ഒരു വിഷയത്തിൽ മിനിമം വിവരമില്ലെങ്കിൽ ഇക്കാലത്ത് പ്രസംഗിക്കാനോ ലേഖനം എഴുതാനോ പറ്റില്ല. ആളുകൾ പൊളിച്ചടുക്കും. എന്നാൽ, വർഗീയ വിഷം വമിക്കുന്നതോ വാസ്തവവിരുദ്ധമോ ആയ ഒരു കുറിപ്പ് വാട്സാപ്പിൽ ഏതു കേശവമ്മാമനും ഉണ്ടാക്കാം. അയയ്ക്കാം. കുറേയേറെ വിറ്റുപോകും. പ്രോഗ്രസീവിനെക്കാൾ വാട്ആപ്പിൽ കൂടുതൽ ചെലവാകുന്നത് റിഗ്രസീസവ് മെസേജുകൾ ആണ്. കാരണം അതു കൈമാറുന്നതിൽ ഒരു പരദൂഷണ സ്വഭാവമുണ്ട്.

∙ ടി.പി.രാജീവൻ: തിരഞ്ഞെടുപ്പിനു മുൻപുള്ള വിജയസാധ്യതാ വിശകലനങ്ങൾ പോലെ തന്നെയുള്ള പരാജയപഠനങ്ങളായിരുന്നു തിരഞ്ഞെടുപ്പു ഫലം അറിഞ്ഞശേഷം തോറ്റവർ നടത്തിയത്. ഇതു കേട്ടും വായിച്ചും, ഇപ്പോൾ രാത്രി ചീവീടോ തവളയോ ശബ്ദിച്ചാൽ അതു തിരഞ്ഞെടുപ്പുഫല വിശകലനമാണോ എന്ന സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com