ADVERTISEMENT

അണ്ടിയാണോ മാങ്ങയാണോ മൂത്തത്, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് തുടങ്ങി അനാദികാലം മുതൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ഇനിയും തീർപ്പുണ്ടായിട്ടില്ല. പരിണാമസിദ്ധാന്തത്തിനു രൂപംനൽകിയ ചാൾസ് ഡാർവിൻ പിടിപ്പതു ശ്രമിച്ചിട്ടും ഈ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. നൊബേൽ സമ്മാനം നേടിയ പല ജീവശാസ്ത്രജ്ഞരും ഇതേ ചോദ്യങ്ങൾക്ക് ഉത്തരം തേടി തല പുകയ്ക്കുകയും പാതിരാഎണ്ണ എരിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. അത്തരമൊരു സാഹചര്യത്തിനു വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്.

സിപിഎം കേന്ദ്രകമ്മിറ്റിയാണ് ഇത്തരമൊരു ഉത്തരമില്ലാ ചോദ്യം ഉയർത്തിയിരിക്കുന്നത്. കേരളത്തിൽ പാർട്ടിക്കുണ്ടായ കനത്ത തോൽവിക്കു കാരണം, പാർട്ടി ജനങ്ങളിൽനിന്ന് അകന്നുപോയതാണെന്നു കേന്ദ്ര കമ്മിറ്റി കണ്ടെത്തിയത് അടച്ചിട്ട മുറിയിൽ ദിവസങ്ങൾ നീണ്ട ചർച്ചയ്ക്കു ശേഷമാണ്. എന്നാൽ, ജനം പാർട്ടിയിൽനിന്ന് അകന്നുപോയതാണു തോൽവിയുടെ യഥാർഥ കാരണമെന്നു കമ്മിറ്റിയിൽ വാദിച്ചവരും കുറവല്ല. സത്യത്തിൽ ഒരു വലിയ പ്രത്യയശാസ്ത്ര പ്രശ്നമായി ഇതു മാറിയിട്ടുണ്ട്. ആധികാരിക സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരതിയിട്ടും ഇതിനു തീർപ്പു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഏതായാലും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയ കാര്യം ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റി അടുത്തയാഴ്ച ചേരുന്നുണ്ടെന്നതാണ് ഏക ആശ്വാസം. കേന്ദ്ര കമ്മിറ്റിയിൽ ഉള്ളതിനെക്കാൾ എത്രയോ വലിയ പ്രത്യയശാസ്ത്ര വിദഗ്ധർ സംസ്ഥാന കമ്മിറ്റിയിലുള്ളതു കൊണ്ട് അന്തിമമായ ഒരു തീരുമാനം പ്രതീക്ഷിക്കാം. അതുകൊണ്ടും ഫലമുണ്ടായില്ലെങ്കിൽ ജില്ലാ കമ്മിറ്റി, ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി എന്ന ക്രമത്തിൽ താഴേക്കു താഴേക്കു ചർച്ച നടത്തി ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പാർട്ടിക്കു കഴിയുമെന്നു തീർച്ചയാണ്.

സത്യത്തിൽ ആദ്യമേ മോസ്കോ മുക്ക് ബ്രാഞ്ച് കമ്മിറ്റി വിളിച്ചുചേർത്തു പ്രശ്നം ചർച്ച ചെയ്തിരുന്നെങ്കിൽ സെക്രട്ടറി വിപ്ലവപ്പടി സ്റ്റാലിനും കപ്പലണ്ടിക്കവല കാസ്ട്രോയും ചേർന്നു പ്രശ്നത്തിന് ഉത്തരം കണ്ടെത്തുമായിരുന്നു. ജനം വോട്ട് ചെയ്യാത്തതുകൊണ്ടു തോറ്റു എന്നു കണ്ടെത്താൻ അവർക്കു ഗ്രന്ഥങ്ങളും ചർച്ചയും പ്ലീനവുമൊന്നും വേണ്ടിവരില്ല. മാക്കാംകുന്ന് മലങ്കോവിനെക്കാളും പത്തപ്പിരിയം പ്ലഖ്നോവിനെക്കാളും പ്രായോഗിക രാഷ്ട്രീയപരിജ്ഞാനം വിപ്ലവപ്പടി സ്റ്റാലിനും കപ്പലണ്ടിക്കവല കാസ്ട്രോയ്ക്കുമുണ്ട്. പ്രശ്നത്തിന് ഉത്തരം കണ്ടെത്താനുള്ള ചുമതല ബ്രാഞ്ച് കമ്മിറ്റിക്കു കൈമാറാത്ത പക്ഷം, അണ്ടി–മാങ്ങ, കോഴി–മുട്ട പ്രശ്നങ്ങൾ പോലെ ഇതും ലോകാവസാനം വരെ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കും.  

പിളർപ്പൻ വൈറസ് വീണ്ടും ഉഷാർ

കേരള കോൺഗ്രസുകാർ ആദ്യമായി ചെയ്യേണ്ടത് സ്വന്തമായി ഒരു കൺവൻഷൻ സെന്റർ പണിയുകയാണ്. അതു പാലായിലായാലും തൊടുപുഴയിലായാലും പ്രശ്നമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടിടത്തും ഓരോന്നു പണിതാലും കുഴപ്പമില്ല. എപ്പോഴാണു പാർട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ടി വരികയെന്ന് ആർക്കും ഉറപ്പില്ലാത്ത കാലമാണ്. കമ്മിറ്റി വിളിക്കാൻ പറ്റിയ ഹാളുകളൊന്നും കോട്ടയത്തു കിട്ടാനില്ലെന്നതാണു സത്യം. 

കമ്മിറ്റിയിൽ എത്ര പേരുണ്ടെന്ന് ആർക്കും ഒരു പിടിയുമില്ല. 400ൽ ചില്വാനം പേരെന്നാണു ചിലർ പറയുന്നത്. ഈ ചില്വാനം എന്നുവച്ചാൽ അതു കാക്കത്തൊള്ളായിരം വരെ പോകാമെന്നു മറ്റു ചിലർ. അതുകൊണ്ട് തിരുനക്കര മൈതാനത്തോ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലോ കമ്മിറ്റി ചേരാനായിരുന്നു തീരുമാനം. അങ്ങനെ വന്നാൽ കപ്പലണ്ടിക്കച്ചവടക്കാരും കാറ്റുകൊള്ളാൻ വരുന്നവരും കമ്മിറ്റിയിൽ പങ്കെടുക്കില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. അവരെ കമ്മിറ്റിയിലേക്ക് കോ–ഓപ്റ്റ് ചെയ്തു പ്രശ്നം പരിഹരിക്കാമെന്ന നിർദേശം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. 

എന്നാൽ, കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇവിടെ വില്ലൻവേഷം കെട്ടി. കോട്ടയത്തു കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പുണ്ടായി. പോരാത്തതിന് മഞ്ഞയോ ഓറഞ്ചോ ചുവപ്പോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മൈതാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി ഏതെങ്കിലും സംസ്ഥാന കമ്മിറ്റി അംഗത്തിന് എന്തെങ്കിലും സംഭവിച്ചാൽ കേരള രാഷ്ട്രീയത്തിന് ആ വിടവു നികത്താനാവില്ല. പത്തരമാറ്റുള്ള നേതാക്കൾ മാത്രമേ, പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഉള്ളൂ.

തൽക്കാലം സിഎസ്ഐ റിട്രീറ്റ് സെന്റർ കിട്ടിയതുകൊണ്ട് സ്റ്റേറ്റ് കമ്മിറ്റി നടത്താനായി. അകത്തുകടക്കാൻ കഴിയാത്തവർക്കു വേണ്ടി കൂറ്റൻ സ്ക്രീനിൽ യോഗനടപടികൾ തത്സമയം കാണിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഇത്തരം സംവിധാനങ്ങൾ ഭാവിയിൽ സ്ഥിരമാക്കും. 

കേരള കോൺഗ്രസിനെ ബാധിച്ച പിളർപ്പൻ വൈറസ് കുറെക്കാലമായി സുഷുപ്തിയിലായിരുന്നു. എന്നാൽ, അതിനെ തീർത്തും ഇല്ലാതാക്കാനുള്ള വിദ്യ വൈറോളജി വിദഗ്ധർ കണ്ടെത്തിയിട്ടില്ല. നിദ്രയിലാണ്ടു കിടക്കുന്ന പിളർപ്പൻ വൈറസ് അനുകൂല സാഹചര്യങ്ങളിൽ ഉഷാറാകും. നാക്കിനു ചൊറിച്ചിലാണ് രോഗബാധയുടെ ആദ്യ ലക്ഷണം. പിന്നെ പിച്ചും പേയും പറയാൻ തുടങ്ങും. രോഗം കലശലായാൽ അതു പുലഭ്യമാകും. വൈകാതെ രോഗി പിളരും. അതുകൊണ്ടു മരിക്കാനൊന്നും പോകുന്നില്ല. വീണ്ടും വളരും പിളരും വളരും പിളരും... ലോകാവസാനം വരെ വൈറസ് പാർട്ടിയുടെ ശരീരത്തിൽനിന്നു പോകുന്നില്ല. അതുകൊണ്ട് അതിനു വേണ്ടിയുള്ള ഗവേഷണം ഉപേക്ഷിക്കാനാണു ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. 

സ്റ്റോപ് പ്രസ്:  കേരള കോൺഗ്രസ് (എം) പിളർന്നു. ‘വളർന്നു’ എന്നല്ലേ പറയേണ്ടത്? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com