sections
MORE

പ്രതീക്ഷ വിടാതെ യുഡിഎഫ്

kerala-congress-cartoon
SHARE

കേരള കോൺഗ്രസ് (എം) ഫലത്തിൽ പിളർന്നുവെങ്കിലും അനുരഞ്ജന സാധ്യതകൾ ഇല്ലാതായിട്ടില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ആ വഴികളടഞ്ഞാലും ഇരുവിഭാഗവും യുഡിഎഫി‍ൽ തുടരുമെന്നു നേതൃത്വം കരുതുന്നു. എന്നാൽ, പ്രത്യേക കക്ഷികളായി ഇരുവിഭാഗത്തെയും ഉൾപ്പെടുത്തുന്നതിലേക്ക് അവരുടെ ചർച്ച കടന്നിട്ടില്ല. മധ്യസ്ഥനീക്കങ്ങൾ‍ തുടരും.

നിയമസഭ ചേർന്നുകൊണ്ടിരിക്കെ, പിളർപ്പ് യുഡിഎഫ് നിയമസഭാകക്ഷിയിൽ അസ്വസ്ഥത വിതയ്ക്കുമെന്നുറപ്പാണ്. ഔദ്യോഗിക വിഭാഗമേത് എന്നതു സംബന്ധിച്ച തർക്കം തിരഞ്ഞെടുപ്പു കമ്മിഷന്റെയും സ്പീക്കറുടെയും മുന്നിലേക്കു നീങ്ങാം. എംഎൽഎമാരുടെ അയോഗ്യതാപ്രശ്നമടക്കം അപ്പോൾ ഉയർന്നുവരാം. ഇതെല്ലാം, അനവസരത്തിലും അനാവശ്യവുമാണെന്ന വിലയിരുത്തലിലാണു യുഡിഎഫ് നേതൃത്വം. രണ്ടു വിഭാഗത്തിൽ ആരെയും പ്രത്യേകമായി അവർ പിന്തുണയ്ക്കുന്നില്ല. ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്ത് പ്രശ്നം പരിഹരിക്കണം എന്നായിരുന്നു മുന്നണിയുടെ നിർദേശം. 

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി നേതാക്കൾ സംസാരിച്ചു. ജോസ് കെ.മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചപ്പോൾത്തന്നെ പിളർപ്പൊഴിവാക്കണമെന്നു യുഡിഎഫ് നേതൃത്വം ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിലായിരുന്നു ഇരുവിഭാഗത്തിനും താൽപര്യം. പിളർപ്പിനു ശേഷവും അതേ സമീപനം തന്നെ തുടരുന്നു. 

‘കെ.എം.മാണി യോജിപ്പിച്ച പാർട്ടിയെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ നേതാക്കൾ രണ്ടാക്കുകയില്ലെന്ന പ്രതീക്ഷയിലാണ്. അനുരഞ്ജനശ്രമങ്ങൾ അവസാനിച്ചിട്ടില്ല.’– പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ‘മനോരമ’യോടു പറഞ്ഞു. 

  പിളർപ്പ് ഉറപ്പിച്ചാൽ

നേരിയ പ്രതീക്ഷയും അസ്ഥാനത്താക്കി പിളർപ്പ് ഔദ്യോഗികമായാൽ ഇരുകൂട്ടരും ഉടൻ യുഡിഎഫ് വിടാൻ താൽപര്യം പ്രകടിപ്പിക്കുമെന്നു കോൺഗ്രസ് നേതൃത്വം കരുതുന്നില്ല. നേരത്തേ, എൽഡിഎഫിലായിരുന്ന പി.ജെ.ജോസഫ് അവിടേക്കു തിരിച്ചുപോകാനുള്ള സമീപനത്തിലല്ല. ജോസ് കെ.മാണിയും യുഡിഎഫുമായി നല്ല ബന്ധത്തിലാണ്. കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്കു വഴിച്ച രാജ്യസഭാ സീറ്റ് ദാനത്തിലൂടെയാണ് അദ്ദേഹം എംപി ആയതും. മറുവിഭാഗത്തെ യുഡിഎഫിൽ എടുക്കരുതെന്ന ആവശ്യം ഇരുകൂട്ടരും ഉയർത്തിയാൽ കോൺഗ്രസ് പ്രതിസന്ധിയിലാകും. പാലാ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കെ.എം.മാണിയുടെ സീറ്റ് നിലനിർത്തേണ്ടതു യുഡിഎഫിന്റയും പാർട്ടിയുടെയും അഭിമാനപ്രശ്നവുമാണ്. അതു കണക്കിലെടുത്തുള്ള വെടിനിർത്തലിനെങ്കിലും തയാറാകണമെന്നു നേതൃത്വം ആവശ്യപ്പെടും. 

നിയമയുദ്ധത്തിന്റെ സാധ്യത

ഔദ്യോഗിക കക്ഷി ഏത് എന്നതു സംബന്ധിച്ച തർക്കങ്ങളാകും ഇനി കേരള കോൺഗ്രസ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സ്പീക്കറുടെയും മുന്നിൽ ഇതിനകംതന്നെ ഈ പോരെത്തിക്കഴിഞ്ഞു. ഇന്നു നിയമസഭ ചേരുമ്പോൾ രണ്ടായിപ്പിളർന്ന നിലയിലാണു പാ‍ർട്ടി സഭയിലെത്തുക. പി.ജെ.ജോസഫിനു താൽക്കാലികമായി നൽകിയ കക്ഷിനേതൃസ്ഥാനം മറുവിഭാഗം ചോദ്യംചെയ്തേക്കും. നിയമസഭയിൽ ഒറ്റ ബ്ലോക്കായി ഇരിക്കാനും അവർ തയാറാകില്ല. പി.ജെ.ജോസഫാണ് ചെയർമാൻ എന്നവകാശപ്പെട്ട് ആ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ കത്തിനു ബദലായി, ജോസ് കെ.മാണിയാണു ചെയർമാൻ എന്നവകാശപ്പെട്ട് അവർ കത്തു നൽകും. 

ഏതാണ് ഔദ്യോഗിക കക്ഷി എന്നതു സംബന്ധിച്ച് കമ്മിഷൻ എടുക്കുന്ന തീരുമാനം മറുവിഭാഗത്തെ എം.എൽഎമാർക്കു നിർണായകമാകും. അല്ലെങ്കിൽ, കൂറുമാറ്റം സംബന്ധിച്ചു തർക്കം ഉയർത്തില്ലെന്ന ധാരണയിൽ ഇരുവിഭാഗവും എത്തിച്ചേരണം. അതായത്, യുഡിഎഫിൽ രണ്ടു കക്ഷികളായി നിൽക്കുമ്പോൾത്തന്നെ തർക്കം നിയസഭയിലേക്കും സ്പീക്കറുടെ മുന്നിലേക്കും എത്തിക്കില്ലെന്ന വ്യവസ്ഥയിൽ ഇരുവിഭാഗവും എത്തണം. 

ഇടതിന്റെ നോട്ടം

തൽക്കാലം കാഴ്ചക്കാരുടെ റോളിലാണു സിപിഎം നേതൃത്വം. അതേസമയം, തർക്കം മുതലെടുത്ത് യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള സാധ്യതകൾ അവർ വിനിയോഗിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും ഒരുവിഭാഗം ഉടൻ ഇടതുമുന്നണിയോട് അടുക്കുമെന്ന കണക്കുകൂട്ടലില്ല. അതേസമയം, ഭരണമുന്നണിക്കു സാധ്യമായ  വാഗ്ദാനങ്ങൾ അവർ നീട്ടിയെറിയാതിരിക്കുകയുമില്ല. 

ഏതെങ്കിലും ഒരുവിഭാഗം യുഡിഎഫുമായി തെറ്റാനുള്ള സാധ്യതയാണ് സിപിഎം ഇപ്പോൾ പ്രവചിക്കുന്നത്. രണ്ടായിപ്പിളർന്നു തൽക്കാലം ഇരുകൂട്ടരും യുഡിഎഫിൽ നിന്നാലും പ്രശ്നങ്ങൾ മൂർച്ഛിക്കുമെന്നു തന്നെ അവർ‍ പ്രതീക്ഷിക്കുന്നു. സിപിഐയെപ്പോലും അവഗണിച്ചു മാണിയെ മുന്നണിയിലെടുക്കാൻ ഉത്സാഹം കാട്ടി നിന്നപ്പോഴാണ് അദ്ദേഹം തിടുക്കത്തിൽ യുഡിഎഫിലേക്കു മടങ്ങിയത് എന്നതിനാൽ, തിടുക്കംകാട്ടി കൈപൊള്ളിക്കാൻ സിപിഎം ശ്രമിക്കില്ല. 

എല്ലാ സീറ്റിലും നമ്മൾ ഇരിക്കരുതെന്ന് അന്ന് മാണി

നമ്മളെല്ലാവരും കൂടി എവിടെ ഇരിക്കും? കെ.എം.മാണിയുടേതായിരുന്നു ഈ ചോദ്യം. 2010ൽ ലയനസമയത്ത് കേരള കോൺഗ്രസുകളുടെ സംയുക്‌ത സംസ്‌ഥാനസമിതിക്കു മുന്നോടിയായി കൂടിയ മാണി ഗ്രൂപ്പ് യോഗത്തിലായിരുന്നു ഇത്. സംസ്‌ഥാനസമിതിയിൽ മാണിവിഭാഗത്തിന്റെ ആളുകൾക്കൊപ്പം ജോസഫ് വിഭാഗത്തിന്റെ ആളുകൂടി എത്തുമ്പോൾ ഹാളിൽ ഇരിക്കാൻ കഴിയുമോ എന്നായിരുന്നു മാണിയുടെ സംശയം. 

അവർ കയറി വരുമ്പോൾ നിങ്ങൾ എണീറ്റുകൊടുക്കണം, എല്ലാ സീറ്റിലും നമ്മൾ കയറിയിരുന്നുവെന്ന് അവർക്കു തോന്നരുതല്ലോ - അന്ന് സ്വന്തം നേതാക്കളോടു മാണി അഭ്യർഥിച്ചു. രണ്ടു വലിയ പാർട്ടികൾ ഒന്നിക്കുമ്പോൾ നമ്മൾ ചില ത്യാഗങ്ങളൊക്കെ സഹിക്കേണ്ടി വരും. സ്വയം ഇല്ലാതാവുകയാണു ചെയ്യേണ്ടത്. ഇന്നലെവരെ നമുക്കൊക്കെ എത്ര ശക്‌തിയുണ്ടാവുമായിരുന്നോ അതിന്റെ ഇരട്ടി ശക്‌തിയാണ് ഇന്നു മുതൽ - മാണി പറഞ്ഞു.

എന്താകും അടുത്ത നീക്കം 

പാർട്ടി പിളർന്നുവെന്ന് ജോസഫ് പറയുമ്പോഴും തന്ത്രപരമായി നീങ്ങാനാണു മാണിവിഭാഗത്തിന്റെ തീരുമാനം. പിളർപ്പിനല്ല, വേണമെങ്കിൽ ഇനി ഒരുമിച്ചു പോകാമെന്നാണ് ഇന്നലത്തെ മാണി വിഭാഗം നിലപാട്. 

ചെയർമാനെ തിരഞ്ഞെടുത്ത വിവരം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. കമ്മിഷന്റെ അംഗീകാരം തേടും. വർക്കിങ് ചെയർമാൻ സ്ഥാനത്തുനിന്ന് പി.ജെ.ജോസഫിനെ നീക്കില്ല. പക്ഷേ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു ജോയി ഏബ്രാഹാമിനെ നീക്കും. 

ചെയർമാന്റെ വിവേചനാധികാരം ഉപയോഗിച്ച് വിശ്വസ്തനായ ജനറൽ സെക്രട്ടറിക്കു സംഘടനാ ചുമതല നൽകും. ജോസ് കെ.മാണി നേരത്തേ വഹിച്ചിരുന്ന വൈസ് ചെയർമാൻ സ്ഥാനത്തേക്കു പുതിയ ആളെ കണ്ടെത്തും. പാർലമെന്ററി പാർട്ടി യോഗംചേർന്നു ലീഡറെ തിരഞ്ഞെടുക്കും. ഇതിനിടെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചാൽ നിയമനടപടി സ്വീകരിക്കും. 

യോഗത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള നടപടി ആലോചിക്കാൻ ഇന്ന് മുതിർന്ന നേതാക്കളുടെ യോഗം. ജോസ് കെ.മാണിയെ ചെയർമാനാക്കിയ നടപടിയുടെ നിയമസാധുതയെ തിരഞ്ഞെടുപ്പ് കമ്മിഷനിലും കോടതിയിലും ചോദ്യംചെയ്യും. ഇതെക്കുറിച്ച് നിയമവിദഗ്ധരുമായി ചർച്ച തുടങ്ങി. 

ഇന്നലത്തെ യോഗത്തിൽ പങ്കെടുത്ത 2 ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. റിട്ടേണിങ് ഓഫിസറുടെ അസാന്നിധ്യത്തിലാണ് ഇന്നലെ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നതെന്നും യോഗത്തിനു സാധുതയില്ലെന്നും ജോസഫ് വിഭാഗം വിലയിരുത്തുന്നു. കോട്ടയത്തു യോഗം വിളിക്കാൻ നോട്ടിസ് നൽകിയ വ്യക്തി പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയല്ല. 

9 വർഷം ഒരുമിച്ച്, ഇന്നലെ പിളർപ്പ്

കേരള കോൺഗ്രസി(എം)ലെ മാണി, ജോസഫ് വിഭാഗങ്ങളുടെ ഒരുമിച്ചുള്ള യാത്ര സംഭവബഹുലമായിരുന്നു.

2010 മേയ് 25: കേരള കോൺഗ്രസ് മാണി - ജോസഫ് വിഭാഗങ്ങൾ ലയിച്ചു. 

ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറും കെ.എം.മാണി. വർക്കിങ് ചെയർമാനും ഡപ്യൂട്ടി ലീഡറും പി.ജെ.ജോസഫ്.  ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനങ്ങൾ ആർക്കു വേണമെന്ന് ലയനവേളയിലും തർക്കമുണ്ടായപ്പോഴാണ് വർക്കിങ് ചെയർമാൻ എന്ന പുതിയ തസ്തിക സൃഷ്ടിക്കപ്പെട്ടത്. ജോസ് കെ.മാണി അപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി.

  2012ൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ ജോസഫ് ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചു. പക്ഷേ, മാണി ഗ്രൂപ്പിലെ ജോയി ഏബ്രഹാമിനെയാണ് രാജ്യസഭയിലേക്കു തിരഞ്ഞെടുത്തത്. ജോയ് ഏബ്രഹാം ഇപ്പോൾ ജോസഫ് ഗ്രൂപ്പിലാണ്.

  ബാർ കോഴക്കേസിൽ കെ.എം.മാണി മന്ത്രിസ്ഥാനം രാജിവച്ചു. ഒപ്പം രാജിവയ്ക്കാൻ പി.ജെ.ജോസഫ് തയാറാകാത്തതു വിവാദമായി. മാണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഗവ. ചീഫ് വിപ് തോമസ് ഉണ്ണിയാടനും പദവിയൊഴിഞ്ഞു. ഉണ്ണിയാടൻ ഇപ്പോൾ ജോസഫ് ഗ്രൂപ്പിൽ.

 2016 ഫെബ്രുവരി: കേരള കോൺഗ്രസ് (എം) ഡൽഹിയിൽ നടത്തിയ റബർ കർഷകസമരത്തിൽ ജോസഫും ഒപ്പമുള്ള നേതാക്കളും പങ്കെടുത്തില്ല. 

2016 ഒക്ടോബർ 17: പാർട്ടിയുടെ ഏക വൈസ് ചെയർമാനായി ജോസ് കെ.മാണി നിയമിതനായി. 

2017 മേയ്: കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനുള്ള പിന്തുണ കേരള കോൺഗ്രസ് പിൻവലിച്ചു. സിപിഎം പിന്തുണയോടെ ഭരണം പിടിച്ചു. ജോസഫ് ഈ നീക്കത്തെ എതിർത്തു. കെ.എം.മാണിയും ജോസ് കെ.മാണിയും വിളിച്ച എംഎൽഎമാരുടെ യോഗത്തിൽനിന്ന് പി. ജെ.ജോസഫും മോൻസ് ജോസഫും വിട്ടുനിന്നു. 

 2018 ജൂൺ 7: കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന്. ജോസ് കെ.മാണി രാജ്യസഭയിലേക്ക്. ജോസഫിന്റെ പിന്തുണ ജോസ് കെ.മാണിക്ക്. 

 2019 ജനുവരി 24:  ജോസ് കെ.മാണി എംപി നയിക്കുന്ന കേരളയാത്ര തുടങ്ങി. യാത്ര പാർട്ടിയിൽ ആലോചിക്കാതെയെന്ന വിമർശനവുമായി പി.ജെ.ജോസഫ്. ജോസഫുമായുള്ള ലയനത്തിന്റെ ഗുണം കിട്ടിയിട്ടില്ലെന്നു കെ.എം.മാണി. 100% മാർക്ക് പ്രതീക്ഷിച്ചു; 90 ശതമാനമാണു കിട്ടിയത്. 

 ജോസ് കെ.മാണിയുടെ കേരളയാത്ര തിരുവനന്തപുരത്ത് എത്തുംമുൻപ് പി.ജെ.ജോസഫും അനുയായികളും തിരുവനന്തപുരത്ത് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കേരളയാത്രയുടെ സമാപനസമ്മേളനത്തിൽ ജോസഫ് പങ്കെടുത്തില്ല.

2019 ഫെബ്രുവരി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വേണം, ഇടുക്കിയിലോ കോട്ടയത്തോ മത്സരിക്കാമെന്ന് പി.ജെ. ജോസഫ്. സീറ്റ് വിട്ടുതരില്ലെന്നു കെ. എം.മാണി. 

2019 മാർച്ച് 12: ജോസഫിനെ തള്ളി, തോമസ് ചാഴികാടനെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി കെ.എം.മാണി പ്രഖ്യാപിച്ചു.

2019 എപ്രിൽ 9: കെ.എം.മാണിയുടെ മരണം.

 പാർട്ടി പിടിക്കാൻ മാണി, ജോസഫ് വിഭാഗങ്ങൾ കരുനീക്കം തുടങ്ങി. 

 മാണിയുടെ മരണത്തോടെ ചെയർമാന്റെ ചുമതല വർക്കിങ് ചെയർമാനായ ജോസഫിനെന്നു പ്രഖ്യാപിച്ച് പാർട്ടി ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം ജോസഫ് ക്യാംപിലേക്ക്.

2019 ജൂൺ 16: സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് ജോസ് കെ.മാണി പാർട്ടി ചെയർമാനായി. ചേർന്നതു സംസ്ഥാന കമ്മിറ്റിയല്ല, ആൾക്കൂട്ടമെന്ന് പി.ജെ.ജോസഫ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA