sections
MORE

കൊല്ലാനുള്ളതല്ല വൈദ്യുതി, കെഎസ്ഇബി സുരക്ഷിതത്വം ഉറപ്പാക്കണം

SHARE

റോഡപകടങ്ങൾ പോലെതന്നെ വൈദ്യുതി അപകടങ്ങളും ക്രൂരമായി പെയ്യുന്ന മഴക്കാലമാണിത്. അതുകൊണ്ടുതന്നെ  ഇക്കാലത്തു വൈദ്യുതിക്കാര്യത്തിൽ ഇരട്ടി ജാഗ്രതയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉപയോക്‌താക്കളിൽ നിന്നും ഉണ്ടാകേണ്ടത്.

കൊല്ലം ശാസ്താംകോട്ടയിൽ, ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവ് ഇക്കഴിഞ്ഞ ദിവസം വീടിനു തൊട്ടുമുന്നിൽവച്ച് ദേഹത്തേക്കു വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റു മരിച്ചതാണ് ഈ അപകടപരമ്പരയിൽ ഒടുവിലത്തേത്. തിരുവനന്തപുരം പേട്ടയിൽ, റോഡിലെ വെള്ളക്കെട്ടിൽ പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് പുലർച്ചെ രണ്ടു പേർക്കു ദാരുണാന്ത്യമുണ്ടായതും ഈയിടെയാണ്. ത്രീഫേസ് വൈദ്യുതി ലൈൻ പൊട്ടിവീണായിരുന്നു ദുരന്തം. മഴവെള്ളം നിറഞ്ഞുകിടന്ന റോഡിൽ വൈദ്യുതക്കമ്പി വീണുകിടക്കുന്നതറിയാതെ എത്തിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. 

ഈ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയുണ്ടായി. സംസ്ഥാനത്ത് ഏതു വൈദ്യുതി ലൈനിൽനിന്നും ഏതു പൗരനും സമാന അപകടം സംഭവിക്കാം എന്നതിനാൽ വിഷയം ഗൗരവമേറിയതാണെന്നു  പറഞ്ഞ കോടതി, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കെഎസ്ഇബി സമഗ്ര പരിഹാര നിർദേശം മുന്നോട്ടുവയ്ക്കണമെന്നും വ്യക്തമാക്കിയിരുന്നു.

ലൈൻ പൊട്ടിവീഴുന്നതടക്കം വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് കെഎസ്ഇബി നടപ്പാക്കാത്തതു നിർഭാഗ്യകരമാണ്.  ഇന്ത്യൻ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവൻ സുരക്ഷാനടപടികളും ആറു മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയിൽ കെഎസ്ഇബി ഉറപ്പുനൽകിയിട്ടു 13 വർഷം കഴിഞ്ഞു. അപകടമരണങ്ങൾ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കൽ എങ്ങുമെത്തിയില്ലെന്നുമാത്രം.

വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും ചട്ടങ്ങളുടെ പാലനവും പോകട്ടെ, ജീവൻ കാത്തുസൂക്ഷിക്കുന്നതിൽ വേണ്ട കേവലശ്രദ്ധയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാവുന്നതായിരുന്നു ഷോക്കേറ്റുള്ള പല മരണങ്ങളും. മരണങ്ങൾ പതിവായിട്ടും വേണ്ടത്ര അധികൃതശ്രദ്ധ ഉണ്ടാകുന്നില്ല എന്നതു വീഴ്‌ചതന്നെയാണ്. ബോർഡിന്റെ അനാസ്‌ഥയ്‌ക്കൊപ്പം, ആളുകളുടെ അശ്രദ്ധ മരണത്തിലേക്ക് എത്തുന്ന സംഭവങ്ങളുമുണ്ട്.

സുരക്ഷയ്‌ക്കു വലിയ പ്രാധാന്യമാണു നൽകുന്നതെന്നാണ് വൈദ്യുതി ബോർഡിന്റെ അവകാശവാദം. കേരളം പോലെ വർഷത്തിൽ പലപ്പോഴും മഴയും ഇടിമിന്നലുമുണ്ടാവുന്ന സംസ്‌ഥാനത്ത് മരംവീണു ലൈൻ പൊട്ടിയും ഇടിവെട്ടേറ്റും മഴയത്ത് ഇൻസുലേഷൻ ദ്രവിച്ചുമെല്ലാം അപകടം ഉണ്ടാകാം. ഇതിനിടെ, ഏതു കാറ്റിലും മഴയിലും ഇരുട്ടിലും വൈദ്യുതിബന്ധം പുനഃസ്‌ഥാപിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ബോർഡ് ജീവനക്കാരുടെ ആത്മാർഥത നാം കാണാതെ പോകുകയുമരുത്. വേണ്ടത്ര പരിരക്ഷ കിട്ടുന്നില്ലെന്നത് അവരുടെ നിരന്തര പരാതിയാണ്.

വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർ അപകടങ്ങളെക്കുറിച്ചു ഗൗരവത്തോടെ അന്വേഷിക്കുകയോ പരിഹാര നടപടികളെടുക്കുകയോ ചെയ്യാത്ത വൈദ്യുതി ബോർഡ് ദുരന്തങ്ങൾ നിരന്തരം ക്ഷണിച്ചുവരുത്തുകയല്ലേ? അപകടക്കെണികളെക്കുറിച്ചു ജനങ്ങളെ തുടരെ ബോധവൽക്കരിക്കേണ്ടത് അധികൃതർ തന്നെയാണ്. മഴക്കാലത്തു വൈദ്യുതക്കമ്പി പൊട്ടിവീഴുന്നതും അതിൽനിന്ന് ആഘാതമേറ്റു നിരപരാധികൾ പിടഞ്ഞുമരിക്കുന്നതും പതിവായിട്ടും സുരക്ഷാനടപടികൾ ഉണ്ടാവാത്തതു വേദനാജനകംകൂടിയാണ്.

വൈദ്യുതി ലൈനുകൾ പൊട്ടിവീണുള്ള മരണം ഒഴിവാക്കുന്നതിനായി വിതരണ ലൈനുകൾ പൂർണമായും ഭൂഗർഭ കേബിളുകളാക്കി മാറ്റണമെങ്കിൽ വൈദ്യുതി ബോർഡ് ആയിരക്കണക്കിനു കോടി രൂപ കണ്ടെത്തണമെന്ന പ്രശ്നം ഗൗരവമുള്ളതാണ്. എന്തുകൊണ്ടു ലൈനുകൾ പൂർണമായും ഭൂഗർഭ കേബിളുകളാക്കി മാറ്റുന്നില്ലെന്നു കോടതി ആരാഞ്ഞപ്പോൾ 17,000 കോടി രൂപ ചെലവു വരുമെന്നാണ് നാലു വർഷം മുൻപു വൈദ്യുതി ബോർഡ് അറിയിച്ചത്. യഥാർഥ തുക ഇതിനെക്കാൾ വളരെ കൂടുതലായിരിക്കുമെന്നു ബോർഡ് അധികൃതർ പറയുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലകൾ അപകടരഹിതമാക്കാൻ വൈകുന്ന ഓരോ ദിവസത്തിനും ജീവൻ കൊണ്ടാണു നാം വില നൽകുന്നതെന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഓർമയിലുണ്ടാവണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA