ADVERTISEMENT

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പ് എന്ന തന്റെ പ്രിയ ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുറത്തെടുത്തിരിക്കുന്നു. രണ്ടാംവട്ട ഭരണത്തിന്റെ തുടക്കമായി നാളെ വിളിച്ചുകൂട്ടുന്ന സർവകക്ഷിയോഗത്തിലെ ആദ്യ വിഷയംതന്നെ അതാണ്. കഴിഞ്ഞ 5 വർഷത്തിനിടെ പലവട്ടം ഈ ആശയം മോദി ഉയർത്തിയിട്ടുണ്ടെങ്കിലും രണ്ടോ മൂന്നോ ബിജെപിഇതര കക്ഷികൾ മാത്രമാണ് അദ്ദേഹത്തോടു യോജിപ്പു പ്രകടിപ്പിച്ചത്.

മോദിയോടു യോജിച്ച കക്ഷികളിലൊന്ന് തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) ആണ്. 2014ൽ തെലങ്കാനയിൽ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പിലാണ് അവർ അധികാരത്തിലെത്തിയത്. രണ്ടാംവട്ടം നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭയ്ക്ക് 6 മാസം മുൻപേ നടത്താനാണ് അവർ തീരുമാനിച്ചത്. എന്നാൽ, ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ ഉറച്ചുനിന്നു, ഒഡീഷയിലെ ബിജു ജനതാദൾ (ബിജെഡി). ഡൽഹിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഭുവനേശ്വറിലിരുന്ന് ആരു ഭരിക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കില്ലെന്നു മുഖ്യമന്ത്രി നവീൻ പട്‌നായിക് തെളിയിക്കുകയും ചെയ്തു.

ചരിത്രവിജയത്തിനുശേഷം തന്റെതന്നെ പാർട്ടിയിലെ സംശയാലുക്കളായ നേതാക്കളെ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് എന്ന ആശയത്തിലേക്കു മാറ്റാൻ മോദി ആഗ്രഹിക്കുന്നു. അതു നിശ്ചിതകാല സർക്കാരുകൾ ഉറപ്പുവരുത്തും, വെവ്വേറെ തിരഞ്ഞെടുപ്പുകൾ അടിച്ചേൽപിക്കുന്ന ചെലവുകൾ ഇല്ലാതാക്കും, അർധസൈനിക വിഭാഗങ്ങളെ അവരുടെ മുഖ്യജോലിക്കു ലഭ്യമാക്കും, സർക്കാർ നടപടികൾ തടസ്സപ്പെടുത്തുന്ന തുടർച്ചയായ പെരുമാറ്റച്ചട്ടങ്ങളും ഒഴിവാക്കാനാകും തുടങ്ങിയ നേട്ടങ്ങളാണു മോദി നിരത്തുന്നത്.

പ്രതിപക്ഷത്തിന്റെ ചോദ്യമിതാണ്: ഈ മഞ്ഞുകാലത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന, ബിജെപി ഭരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വോട്ടെടുപ്പ് എന്തുകൊണ്ടു മോദി നേരത്തേയാക്കിയില്ല? പക്ഷേ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസിനും തിരഞ്ഞെടുപ്പു നേരത്തേയാക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു.

സ്വന്തം കക്ഷിക്കുള്ളിൽ മോദിക്കു കൂടുതൽ രാഷ്ട്രീയ മേധാവിത്തമുണ്ടെങ്കിലും വെവ്വേറെ തിരഞ്ഞെടുപ്പുകൾക്കു താൽപര്യപ്പെടുന്ന എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിനെയും അണ്ണാഡിഎംകെയും അദ്ദേഹം കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടി വരും. അതേസമയം, അകാലിദളിനും ശിവസേനയ്ക്കും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പിനോടു യോജിപ്പാണ്. എന്നാൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പിനെ എതിർക്കുന്നു.

നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്ക് അതിന്റേതായ രാഷ്ട്രീയ ബലതന്ത്രം ഉള്ളതുകൊണ്ട് അവ വെവ്വേറെ നടത്തണമെന്ന ഭരണഘടനാ‌ തത്വമാണു കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത്. മുൻപ് അന്നത്തെ രാഷ്ട്രപതി ആർ.വെങ്കിട്ടരാമൻ, ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവത് അടക്കമുള്ള പ്രമുഖർ ഇതേ ആശയം മുന്നോട്ടു വച്ചപ്പോഴെല്ലാം കോൺഗ്രസ് അതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന നിലയിൽ തള്ളിക്കളഞ്ഞു.

തിരഞ്ഞെടുപ്പുകൾ ഒരുമിച്ചായാൽ, ദേശീയ വിഷയങ്ങളിൽ സംസ്ഥാനതാൽപര്യങ്ങൾ മുങ്ങിപ്പോകുമെന്ന നിലപാടാണ് പല ബിജെപിവിരുദ്ധ പ്രാദേശിക കക്ഷികൾക്കും. മാത്രമല്ല, തിരഞ്ഞെടുപ്പു വിഷയങ്ങൾ അട്ടിമറിക്കാൻ ദേശീയതാവാദത്തിലൂന്നിയ ബിജെപിയുടെ മേധാവിത്തശക്തിക്കു കഴിയുമെന്നും ഈ കക്ഷികൾ കരുതുന്നു.

ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുക്രമം കൊണ്ടുവരാനായി ആവശ്യമായ ഭരണഘടനാ ഭേദഗതികൾ സംബന്ധിച്ചു മോദി സർക്കാർ ഇതുവരെ മനസ്സു തുറന്നിട്ടില്ലെന്നതാണു ശ്രദ്ധേയമായ കാര്യം. നിലവിൽ ലോക്‌സഭ, നിയമസഭ കാലാവധി സംബന്ധിച്ചു രണ്ടു പ്രധാന വ്യവസ്ഥകളുണ്ട്. നേരത്തേ പിരിച്ചുവിടുന്നില്ലെങ്കിൽ, സഭയുടെ കാലാവധി അഞ്ചു വർഷമാണെന്നതാണ് ഒരു വ്യവസ്ഥ. സഭകൾ വിളിച്ചുകൂട്ടാനും പിരിച്ചുവിടാനുമുള്ള അധികാരം യഥാക്രമം രാഷ്ട്രപതിയിലും ഗവർണറിലും നിക്ഷിപ്തമായിരിക്കുന്നു.

ലോക്‌സഭയിലായാലും നിയമസഭയിലായാലും ഒരു നേതാവിനും ഭൂരിപക്ഷമില്ലെന്നു ബോധ്യമാകുമ്പോഴാണ് രാഷ്ട്രപതിക്കോ ഗവർണർക്കോ പിരിച്ചുവിടൽ അധികാരം ഉപയോഗിക്കേണ്ടിവരിക. ഭൂരിപക്ഷം തെളിയിച്ച കക്ഷിയുടെ നേതാവ് നേരത്തേ തിരഞ്ഞെടുപ്പിനു ശുപാർശ ചെയ്യുമ്പോഴും സഭ പിരിച്ചുവിടാം. ക്രമസമാധാന വീഴ്ച മൂലമോ രാഷ്ട്രീയ കാരണങ്ങളാലോ ഭരണഘടന തകർന്നതായി ബോധ്യപ്പെടുമ്പോൾ, സംസ്ഥാന സർക്കാരിനെ കേന്ദ്രസർക്കാരിനു പിരിച്ചുവിടാം.

ഒരേസമയത്തുള്ള തിരഞ്ഞെടുപ്പാണു വരുന്നതെങ്കിൽ, അഞ്ചുവർഷം കാലാവധി എന്നതു സംരക്ഷിക്കാനുള്ള പുതിയ വ്യവസ്ഥകൾ കൂടി രൂപപ്പെടേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിനു ലോക്‌സഭയിൽ 1998ൽ ഭൂരിപക്ഷം നഷ്ടമായപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് ഭൂരിപക്ഷമുള്ള അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ തന്നെ അധികാരത്തിൽ തുടരാൻ അനുവദിക്കണമെന്നാണ്.

പക്ഷേ, ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ന്യൂനപക്ഷ പ്രധാനമന്ത്രി തുടരുന്നതിൽ അർഥമില്ലെന്നും സഭ പിരിച്ചുവിടുകയാണു വേണ്ടതെന്നുമുള്ള തീരുമാനത്തിലാണ് അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണൻ എത്തിച്ചേർന്നത്. ഗുജ്റാളിനു 3 വർഷം കൂടി കാലാവധി ബാക്കിയുണ്ടായിരുന്നു.

മോദിയുടെ ആശയം യാഥാർഥ്യമാകുകയാണെങ്കിൽ, ലോക്‌സഭ നേരത്തേ പിരിച്ചുവിടാനുള്ള രാഷ്ട്രപതിയുടെ അധികാരം ഇല്ലാതാക്കുന്ന ഭരണഘടനാഭേദഗതി വേണം. അങ്ങനെയെങ്കിൽ, ത്രിശങ്കുവായാലും അതേ ലോക്സഭയ്ക്കുള്ളിൽ നിന്നുതന്നെ നേതൃത്വം ഉരുത്തിരിഞ്ഞുവരണം. ഭൂരിപക്ഷം നഷ്ടമാകുന്ന നേതാവ്, ഭൂരിപക്ഷമുള്ള പുതിയ നേതാവിനെ കണ്ടെത്തുംവരെ മാസങ്ങളോളം അധികാരത്തിൽ തുടരുന്ന രീതി പല പാർലമെന്ററി ജനാധിപത്യത്തിലും സംഭവിക്കാറുണ്ട്.

ഈ വർഷം ഇസ്രയേലിൽ ത്രിശങ്കു സഭയായതിനാൽ പ്രധാനമന്ത്രിയെ കണ്ടെത്താനായില്ല. വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചുവെങ്കിലും ബെന്യാമിൻ നെതന്യാഹു തന്നെയാണ് പ്രധാനമന്ത്രിയായി തുടരുന്നത്. രണ്ടാമത്തെ കാര്യം 5 വർഷ കാലാവധി എന്നതു സംരക്ഷിക്കാൻ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും. പകരം ഏതെങ്കിലും സീറ്റിൽ ഒഴിവു വന്നാൽ അതേ കക്ഷി മറ്റൊരാളെ നാമനിർദേശം ചെയ്യണം. 1985ൽ കൊണ്ടുവന്ന കൂറുമാറ്റ നിരോധനനിയമത്തിലും ഇതനുസരിച്ചു മാറ്റം വരുത്തണം.

സംസ്ഥാനങ്ങളുടെ കാര്യത്തിൽ, മുഖ്യമന്ത്രിക്കു ഭൂരിപക്ഷം നഷ്ടമാകുകയും പകരം ആളെ കണ്ടെത്താൻ പറ്റാതെ വരികയും ചെയ്യുമ്പോൾ ഗവർണർക്കു നിയമസഭ സസ്പെൻഡ് ചെയ്തു രാഷ്ട്രപതിഭരണത്തിനു ശുപാർശ ചെയ്യാം. രാഷ്ട്രീയപ്രതിസന്ധി തുടരുകയാണെങ്കിൽ രാഷ്ട്രപതിഭരണം സഭയുടെ കാലാവധിയായ അഞ്ചുവർഷം പൂർത്തിയാകുംവരെ തുടരേണ്ടിവരും.

പക്ഷേ, ഇവിടെ രാഷ്ട്രീയ അസാധുതയുടെ ശക്തമായ ചോദ്യംകൂടി ഉയർന്നുവരും. മറുവശത്ത്, ഭൂരിപക്ഷം നഷ്ടമായാലും മുഖ്യമന്ത്രിക്കു തുടരാനാകും. പക്ഷേ, സഭയിൽ അദ്ദേഹത്തിനു തുടർച്ചയായി പരാജയം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ഭരണഘടനാഭേദഗതി എങ്ങനെയായിരിക്കുമെന്നത് നാളെ സർവകക്ഷിയോഗത്തിൽ നരേന്ദ്ര മോദിക്കു വെളിപ്പെടുത്തേണ്ടിവരും. 2019നും 2024നും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന നിയമസഭകളുടെ കാലാവധി 2024 വരെ നീട്ടുമോ എന്നതും തീരുമാനിക്കേണ്ടിവരും.

പക്ഷേ, കേരളത്തിലെ ഇടതു സർക്കാരിനടക്കം പ്രതിപക്ഷ സർക്കാരുകൾക്കു കാലാവധി നീട്ടിക്കിട്ടുന്ന നടപടിയായതിനാൽ ഇതിൽ ബിജെപിക്കു താൽപര്യമുണ്ടാകാനിടയില്ല. സഭയിൽ വൻഭൂരിപക്ഷമുണ്ടെങ്കിലും തന്റെ ഉദ്ദേശ്യങ്ങൾ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താൻ മോദിക്കു കഴിയുന്നില്ലെങ്കിൽ നാളെയും ഈ വിഷയത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാനിടയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com