ADVERTISEMENT

അലക്സാണ്ടർ ചക്രവർത്തി ഗ്രീസിൽ എത്തിയപ്പോൾ ജനങ്ങളെല്ലാം ചുറ്റുംകൂടി. രാജാവിന്റെ കഴിവുകളെയും യുദ്ധതന്ത്രങ്ങളെയും പ്രകീർത്തിക്കാനായിരുന്നു ഏവർക്കും താൽപര്യം.

ചിന്തകനായ ഡയോജനീസിനു മാത്രം ചക്രവർത്തിയുടെ അധികാരമോഹത്തോടും സ്വത്തുസമ്പാദന രീതിയോടും എതിർപ്പുണ്ടായിരുന്നു. അദ്ദേഹം അതു പരസ്യമാക്കുകയും ചെയ്‌തിരുന്നു. 

ഡയോജനീസിനെ കാണാൻ അലക്സാണ്ടർ തീരുമാനിച്ചു. രാജകീയ പ്രൗഢിയിൽ സർവ സന്നാഹങ്ങളോടുംകൂടി ഡയോജനീസിന്റെ മുന്നിലെത്തി അദ്ദേഹം ചോദിച്ചു, താങ്കൾക്കു ഞാനെന്താണു ചെയ്‌തുതരേണ്ടത്? ഒരു കൂസലുമില്ലാതെ ഡയോജനീസ് പറഞ്ഞു, താങ്കളുടെ നിഴൽ കാരണം വെളിച്ചം തടസ്സപ്പെടുന്നു.

മുന്നിൽനിന്നു കുറച്ചു മാറിനിൽക്കൂ! പിന്നീട് അലക്സാണ്ടർ എഴുതി – അലക്സാണ്ടർ അല്ലായിരുന്നെങ്കിൽ ഡയോജനീസ് ആകാനായിരുന്നു എനിക്കിഷ്‌ടം. 

മുഖസ്തുതി കൊണ്ടു മൂടുപടം നിർമിക്കാനാണ് എല്ലാവർക്കും ഇഷ്‌ടം. അടുത്തുകൂടി അഭിനന്ദിക്കുന്നവർക്ക് അകലെ നിന്ന് അധിക്ഷേപിക്കുന്ന ശീലവും കാണും.

എത്ര വലിയ ആത്മവിമർശകർക്കും പ്രശംസ എന്ന പ്രലോഭനത്തെ അതിജീവിക്കാനുള്ള ശേഷി കുറവായിരിക്കും. ആ ബലഹീനതയിലാണ് പലരും തങ്ങളുടെ അന്നം പോലും കണ്ടെത്തുന്നത്. സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായമില്ലാത്ത പാദസേവകരാണ് തരംതാണ തലവന്മാരെയും മാർഗദർശകരെയും സൃഷ്‌ടിക്കുന്നത്. 

സ്വയരക്ഷ നോക്കാത്തവരുടെ വിമർശനങ്ങൾക്കു ചെവികൊടുക്കണം. പിന്തിരിഞ്ഞു നോക്കാൻ ഉപകരിക്കുന്ന പ്രേരകശക്തി അവയ്‌ക്കുണ്ടാകും. നേടാൻ ഒന്നുമില്ലാത്തവർക്ക് നഷ്‌ടപ്പെടാനും ഒന്നുമില്ല.

ഭയരഹിത വിമർശനങ്ങളുടെ നേർരേഖയിലൂടെ അവർ സഞ്ചരിക്കും. വിമർശന ബുദ്ധിയുള്ള ആളുകളുടെ മാറാത്ത നിലപാടുകളും വീക്ഷണങ്ങളുമാണ് സമൂഹത്തിന്റെ നിലനിൽപും വളർച്ചയും തീരുമാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com