ADVERTISEMENT

കുട്ടികൾക്കു പലപ്പോഴും മുതിർന്നവരെക്കാൾ വിവരവും ഉൾക്കാഴ്ചയുമുണ്ടാവാമെന്ന് നമ്മുടെ മുഖ്യമന്ത്രി പിണറായിജി പോലും ഇപ്പോൾ സമ്മതിക്കുന്നു.

അതുകൊണ്ടാണ് ലേഖനമോ കത്തോ പ്രസംഗമോ എന്തെങ്കിലുമൊന്ന് എഴുതി തനിക്കു നേരിട്ടയച്ചുതരാൻ കേരളത്തിലെ 43 ലക്ഷം സ്കൂൾ കുട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 

ചില കാര്യങ്ങൾ വ്യക്തമായി അറിയണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് ലേഖനത്തിനും കത്തിനുമൊക്കെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രിതന്നെ നിർദേശിച്ചിരിക്കുകയാണ്. എൽപി–യുപി വിഭാഗത്തിനും ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം വിഷയങ്ങൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ മഹാപ്രളയം കേരള സർക്കാരിനെ വിശേഷിച്ചൊന്നും പഠിപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നതായാണ് വിഷയങ്ങളുടെ തിരഞ്ഞെടുപ്പിൽ കാണുന്നത്.

അതുകൊണ്ട് ഇരുവിഭാഗം കുട്ടികൾക്കുമുള്ള വിഷയങ്ങളിൽ പ്രളയം ഉൾപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. ‘പ്രളയം നമ്മെ എന്തു പഠിപ്പിച്ചു’ എന്ന ചോദ്യത്തിനു മറുപടിയായി നാം പഠിച്ചതും പഠിക്കാൻ മറന്നുപോയതുമായ കാര്യങ്ങൾ കുട്ടികൾ എഴുതുമെന്നും അങ്ങനെയെങ്കിലും അവ മനസ്സിലാക്കാൻ സർക്കാരിനു കഴിയുമെന്നും മുഖ്യമന്ത്രി കരുതുന്നുണ്ടാവും. 

അണക്കെട്ടുകൾ സർക്കാരിന്റെ കൈവശമാണെന്നുവച്ച് അവ സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ സൗകര്യംപോലെ തുറക്കാനുള്ളതല്ലെന്നു പ്രളയം പഠിപ്പിച്ചു എന്നു കുട്ടികൾ തീർച്ചയായും എഴുതും.

അണക്കെട്ടില്ലാത്ത നദികൾ കടന്നുപോകുന്നിടത്ത് പ്രളയബാധ കുറവായിരുന്നുവെന്നും കുട്ടികൾ ശ്രദ്ധിച്ചിട്ടുണ്ടാവും. നദികൾക്കും വെള്ളത്തിനും സ്വയം മുന്നറിയിപ്പു നൽകാനാവാത്തതുകൊണ്ട് വേണ്ടത്ര മുന്നറിയിപ്പു നൽകാനുള്ള ബാധ്യത നാടു ഭരിക്കുന്നവർക്കുണ്ടെന്ന പാഠവും പ്രളയം പഠിപ്പിച്ചു എന്നു കുട്ടികൾ എഴുതാതിരിക്കില്ല. 

വെള്ളമിറങ്ങിപ്പോയപ്പോൾ നവകേരള നിർമാണത്തെപ്പറ്റി ചിന്തിക്കാൻ നാം നിർബന്ധിതരായി എന്നു കുട്ടികൾക്കറിയാം. സർക്കാർ നൽകിയ പതിനായിരം രൂപകൊണ്ട് ഒരു നവകേരള കുടിൽപോലും നിർമിക്കാനാവില്ലെന്നു പ്രളയം പഠിപ്പിച്ചു എന്നു കുട്ടികൾ എഴുതിയേക്കാം.

പ്രളയം വന്നുപോയിട്ട് ഒരു വർഷമായെങ്കിലും നവകേരളം പിറന്നില്ലല്ലോ എന്നും കുട്ടികൾ എഴുതും. പ്രളയദുരിതങ്ങൾ കണ്ടു സങ്കടപ്പെട്ട നാട്ടുകാർ ഉദാരമായി നൽകിയ സംഭാവനകൾ‌ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കാനുള്ള തീരുമാനം മാറ്റിയതോടെ സർക്കാരിനു കണക്കു തെറ്റിയില്ലേ എന്ന് കുട്ടികൾ ചോദിച്ചെന്നു വരാം. 

വെള്ളം ഉയർന്നുയർന്നു വരുമ്പോൾ മതിൽപോലെ തോന്നുമെങ്കിലും അതു മതിലായിരുന്നില്ല എന്നു കുട്ടികൾ എഴുതും. പ്രളയം നമുക്കിടയിലെ മതിലുകൾ തകർക്കുകയും പരസ്പര സഹകരണത്തിന്റെ പാലങ്ങൾ തീർക്കുകയും ചെയ്തുവെന്ന് അവർ എഴുതാതിരിക്കില്ല.

പക്ഷേ, തൊട്ടുപിന്നാലെ നവോത്ഥാന മതിൽ പണിത് അവയെല്ലാം നാം എത്ര പെട്ടെന്നു മായ്ച്ചുകളഞ്ഞുവെന്നും കുട്ടികൾ എഴുതിയേക്കാം. 

പിള്ളമനസ്സിൽ കള്ളമില്ലാത്തതുകൊണ്ട്, പ്രളയത്തിൽ ഒന്നായ കേരളജനതയെ പലതായി കാണാനുള്ള കണ്ണട നിർമിച്ചവരുടെ പേരുകളും ചിലപ്പോൾ കുട്ടികൾ എഴുതിയെന്നുവരും.

ഇങ്ങനെ കുട്ടികൾ എഴുതി അയയ്ക്കുന്നതെല്ലാം വായിക്കുമ്പോൾ പ്രളയം നമ്മെ എന്തു പഠിപ്പിച്ചു, ആരൊക്കെ പഠിക്കാൻ വിസമ്മതിച്ചു എന്നൊക്കെ മുഖ്യമന്ത്രിക്കു തീർച്ചയായും മനസ്സിലാവേണ്ടതാണ്.

കുട്ടികളുടെ ഉപന്യാസ, പ്രസംഗ, കത്തെഴുത്തു മത്സരം നമ്മെ എന്തു പഠിപ്പിച്ചു എന്നത് ഭാവിയിൽ നല്ലൊരു വിഷയമായിത്തീരുമെന്ന് അപ്പുക്കുട്ടൻ ഉറപ്പായി വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com