sections
MORE

‘മരിക്കുന്നതു വരെ എകെജിക്ക് ഇഷ്ടമായിരുന്നു; ചങ്ങമ്പുഴയും വിവാഹാഭ്യർഥന നടത്തി’

K R Gauriamma
കെ.ആർ.ഗൗരിയമ്മ
SHARE

ജ‍ീവിതത്തിൽ ഒരു നൂറ്റാണ്ടു പിന്നിടുകയാണ് കെ.ആർ.ഗൗരിയമ്മ. 21ന്, മിഥുനത്തിലെ തിരുവോണം നാൾ ഗൗരിയമ്മയുടെ 101–ാം പിറന്നാളാണ്. വ‍ിപ്ലവത്തിളപ്പും കർക്കശനിലപാടുകളും ആർദ്രമായ മനസ്സിനെ പൊത‍ിഞ്ഞു നിന്നെന്നേയുള്ളൂ. എല്ലാവരോടും ഗൗരിയമ്മയ്ക്ക് ഇഷ്ടമായിരുന്നു. ചിലരോടു വളരെയിഷ്ടം. ചിലർക്ക് ഗൗരിയമ്മയെയും വല്ലാതെ ഇഷ്ടം. വക്കുകൾ അടരാതെയും നിറം മങ്ങാതെയും ആ ഓർമകളെക്കുറിച്ചു പറയുകയാണ് ഗൗരിയമ്മ. അടുത്തകാലത്തെ സംഭവങ്ങളിൽ ഓർമപ്പിശകുണ്ടാകാം. പക്ഷേ, കൗമാരവും യൗവനവും ആ മനസ്സിൽ ഇന്നും തളിർത്തുനിൽക്കുന്നു. 

കണ്ണിലും മനസ്സിലും ടിവി

ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പിൽ വീട‍ിന്റെ ഹാളിലും ഗൗരിയമ്മയുടെ കിടപ്പുമുറിയിലും നിറയെ ചിത്രങ്ങളാണ്. വിവാഹനാളിൽ ടി.വി.തോമസ‍ിനൊപ്പം എടുത്ത ചിത്രങ്ങളാണധികം. ഈ ചിത്രങ്ങൾ എപ്പോഴും എടുത്തു നോക്കാറുണ്ടോയെന്നു ചോദിച്ചാൽ, ‘എല്ലാം മനസ്സിലുണ്ട്–’ എന്നാണു മറുപടി. ഹാളിൽ, കിടപ്പുമുറിയിലേക്കുള്ള വാതിലിനോടു ചേർന്നുള്ള കസേരയിലിരുന്നാൽ ഗൗരിയമ്മയ്ക്ക് എല്ലാം കാണാം.

ഗേറ്റിലൂടെ കടന്നു പോകുന്നവരെയും അടുക്കളയിൽ നിൽക്കുന്നവരെയും മാത്രമല്ല, അലമാരകളിൽ നിറഞ്ഞിരിക്കുന്ന ടി.വി.തോമസിന്റെ ചിത്രങ്ങളും സീരിയൽ കാണുന്ന ടിവിയുമെല്ലാം. ആരു ഗേറ്റിൽ വന്നു നിന്നാലും പൊലീസുകാരനെ വിട്ട് അന്വേഷിപ്പിക്കും. ‘57ലെ മന്ത്രിസഭ കഴിഞ്ഞ് ടിവി തിരഞ്ഞെടുപ്പിൽ തോറ്റു. വരുമാനമില്ലാതായി. എന്റെ വരുമാനം കൊണ്ടു ജീവിക്കണം. ടിവിയുടെ ചെലവിന് അദ്ദേഹത്തിന്റെ പഴ്സിൽ ഞാൻ 2 രൂപ വയ്ക്കും. 14 അണ സിഗരറ്റിന്, 2 അണ ബീഡിക്ക്. ഒരു രൂപ കള്ളുകുടിക്കാൻ. ടിവി പുറത്തുപോയി മദ്യപിക്കുന്നത് ഒഴിവാക്കാൻ ലഹരി കുറഞ്ഞ കള്ളു കൊണ്ടുവരാൻ 14 അണ കൊടുത്ത് ഞാനൊരാളെ ഏർപ്പാടാക്കി. 

gauriamma
കെ.ആർ.ഗൗരിയമ്മ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ.‌ ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

‘ഞങ്ങൾ ഇവിടെ വന്നു താമസിക്കുന്ന കാലത്ത് ടിവിക്കു കള്ളുകുടിക്കണം, സിഗരറ്റ് വലിക്കണം, ബീഡി വേണം. ചെലവിനു പണം കണ്ടെത്താൻ ഞാൻ പച്ചക്കറിക്കൃഷി ചെയ്തു. എന്റത്രയും പൊക്കമുള്ള ചീര വ‍ിറ്റിട്ടുണ്ട്. പശുവിനെ വളർത്തി പാൽ വിറ്റിട്ടുണ്ട്. ‘പാർട്ടി പിളർന്നപ്പോൾ രണ്ടാളും സിപിഎമ്മിൽ നിൽക്കാൻ തീരുമാനിച്ചു. പക്ഷേ, എം. എൻ.ഗോവിന്ദൻ നായർ ടിവിയെ പിടിച്ചുകൊണ്ടുപോയി.. അയാളാണു വില്ലൻ’.

‘എന്നെ ഉപേക്ഷിച്ചു പോയെങ്കിലും അവസാനം ബോംബെയിലെ ആശുപത്രിയിൽ ടി.വി.തോമസിനെ പരിചരിക്കാൻ ഞാൻ പോയി. രണ്ടു പാർട്ടിയിലായതിനാൽ ആദ്യം ഇഎംഎസ് പോകാൻ അനുവദിച്ചില്ല. പിന്നെ പാർട്ടി യോഗം കൂടിയാണ് 2 ആഴ്ച അനുവദിച്ചത്. തിരിച്ചുപോരാൻ നേരം ടിവി കരഞ്ഞു.

പിന്നീട് ഞാൻ കണ്ടിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കലക്ടർ ഓമനക്കുഞ്ഞമ്മ വിളിച്ചു, ടിവി മരിച്ചെന്ന്. ഞാൻ തിരുവനന്തപുരത്തു ചെന്നു. മൃതദേഹം മൂടിയിരുന്ന തുണിയുയർത്തി മുഖം കണ്ടു. ആലപ്പുഴയിലേക്കുള്ള യാത്രയിലും ഞാൻ ഒപ്പമുണ്ടായിരുന്ന‍ു. ഇവിടെ, ഈ വീട്ടിൽ കൊണ്ടുവരണമെന്നായിരുന്നു എന്റെ ആഗ്രഹം. കൊണ്ടുവന്നില്ല.’

‘എന്നോട് ഒരിക്കൽ വന്നേച്ചുപറഞ്ഞു, ഈ വീടും സ്ഥലവും ടിവിയുടെ പേരിൽ എഴുതിക്കൊടുക്കാൻ. ഞാനെന്റെ സ്വന്തം കാശു കൊണ്ടു വാങ്ങിയ വീടാണ്. ഇതു കൊടുത്താൽ ഞാൻ എവിടെപ്പോകും?’

 എകെജിയും  ചങ്ങമ്പുഴയും 

‘വിവാഹബന്ധം പോലും പ്രസ്ഥാനത്തിനു വേണ്ടിയെന്ന നിലപാടായിരുന്നു എകെജിയുടേത്. അങ്ങനെയാണ് അദ്ദേഹം എന്നോടു വിവാഹാലോചന നടത്തിയത്. മരിക്കുന്നതു വരെ എന്നെ ഇഷ്ടമായിരുന്നു. ഒരിക്കൽ ഞാൻ അസുഖമായി ഇവിടെ കിടന്നപ്പോൾ എകെജി സുശീലയോട് എന്നെ വന്നു കാണാൻ പറഞ്ഞു. പാർലമെന്റ് സമ്മേളനം കഴിഞ്ഞപ്പോൾ സുശീലയും എകെജ‍ിയും കൂടി എന്നെക്കാണാൻ വന്നപ്പോഴാണ് സുശീല മുൻപു വന്നില്ലെന്ന് എകെജി അറിഞ്ഞത്. അദ്ദേഹം സുശീലയെ കുറെ വഴക്കു പറഞ്ഞു.’

‘കാനനഛായയിൽ ആടു മേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ...?’ എന്നു ക്യാംപസ് പാടിനടന്ന കാലത്താണ്, എറണാകുളം മഹാരാജാസ് കോളജിൽ കെ.ആർ.ഗൗരി പഠിച്ചത്. മലയാളം അധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരു ദിവസം ക്ലാസിൽ ‘രമണന്റെ’ വരികൾ വായിച്ച ശേഷം കവിയെ പരിചയമുണ്ടോയെന്നു ചോദിച്ചപ്പോൾ ക്ലാസിൽ കോറസ് ഉയർന്നു– ചങ്ങമ്പുഴ. കവിയെ ഗുരുനാഥൻ എണീപ്പിച്ചു നിർത്തിയപ്പോഴാണ് ഗൗരിയും കൂട്ടുക‍ാരും സഹപാഠിയായ കൃഷ്ണപിള്ളയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നു തിരിച്ചറിഞ്ഞത്.

കഥയുടെ രണ്ടാം ഭാഗം ഗൗരിയമ്മ പറയും: ‘ഒരു ദിവസം ചങ്ങമ്പുഴ അടുത്തുവന്ന്, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു.’ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അഭ്യർഥന നിരസിക്കാൻ  മനസ്സിനെ പ്രേരിപ്പിച്ചതു പാലക്കാട്ടുകാരനായ രാജനെന്നയാളാണ്. തന്റെ പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നുവെന്നു ഗൗരിയമ്മ പറയുന്നു. ‘കോളജിൽ നിന്നു മാറിയശേഷം രാജനുമായി അകന്നു. പിന്നീട്, പാർട്ടി രൂപീകരിക്കുന്ന കാലത്താണ് ഞാൻ രാജനെ തിരക്കിയത്. അപ്പോൾ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു.’

പ്രണയാഭ്യർഥനയും മോതിരനഷ്ടവും

തിരുവനന്തപുരം ലോ കോളജിൽ പഠിക്കുന്ന കാലത്ത് ഒരാൾ ഗൗരിയമ്മയോടു പ്രണയാഭ്യർഥന നടത്തി. ‘അന്ന് തിരുവനന്തപുരത്തുകാർ സാരിയുടുക്കുന്നവരല്ല. ഞാൻ സെന്റ് തെരേസാസിൽ പഠിച്ചതു കാരണം സാരിയുടുക്കുമായിരുന്നു. ആൺകുട്ടികളൊക്കെ ഞാൻ വരുന്നതു കാണാൻ നിൽക്കും. അവർ പിന്നാലെ വരുമ്പോൾ എനിക്കു പേടിയാണ്. ഒരു ദിവസം ചോറുണ്ടിട്ടു കൈകഴുകാൻ നിൽക്കുമ്പോൾ ഒരാൾ തെക്കേ റോഡിൽ നിന്നു നടന്നുവരുന്നു. ശരത്ചന്ദ്രൻ നായർ എന്നായിരുന്നു അയാളുടെ പേര്.

അയാൾ അടുത്തുവന്നിട്ട്, ‘കിട്ടിയോ?’ എന്നു ചോദിച്ചു. അയാൾ ഒരു പ്രേമലേഖനം പേരു വയ്ക്കാതെ എഴുതി അയച്ചിരുന്നുവെന്ന്. ‘ഇയാളാണ് അയച്ചതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇയാളെ എനിക്ക് ഇഷ്ടമാണ്, പക്ഷേ പ്രേമമില്ല’ എന്നു പറഞ്ഞു. അയാൾ വിഷമിച്ചുപോയി. എന്റെ കൈയിൽ കിടന്ന കൃഷ്ണന്റെ ചിത്രമുള്ള മോതിരം അയാളാണു കൊണ്ടുപോയത്.’

ആത്മകഥ അപൂർണമാണല്ലോ.

ആത്മകഥയുടെ ബാക്കി എഴുതി. അതു പ്രസിദ്ധീകരിക്കാൻ പാർട്ടി സെക്രട്ടറിയായിരുന്നയാളുടെ കയ്യിൽ കൊടുത്തുവിട്ടു. അത് അയാൾ വേറെയാർക്കോ കൊടുത്തു. അത് അച്ചടിച്ചാൽ കേസു കൊടുക്കുമെന്നു പറഞ്ഞതുകൊണ്ട് അച്ചടിക്കാതിരിക്കുകയാണ്.

മക്കളുണ്ടായിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നുണ്ടോ.

ഞാൻ അതെന്തിനാ ചിന്തിക്കുന്നത്. മക്കളില്ല. എനിക്കു മക്കളുണ്ടായിരുന്നെങ്കിൽ എന്നുപറഞ്ഞ് ഒരു ബുക്കെഴുതാം. പണ്ട് ഞങ്ങൾ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോൾ രാത്രി ഞാൻ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർഥിക്കും. ഞാൻ ഒറ്റയാണ്. ആരും എനിക്കില്ല. പക്ഷേ, ഞാൻ എഴുന്നേറ്റു നടക്കുന്നുണ്ട്. 

ലാൽ സലാം സിനിമ ഗൗരിയമ്മയുടെ കഥയാണോ.

അതിലുള്ളത് വർഗീസ് വൈദ്യന്റെ ഭാര്യയുടെ കഥയാണ്. എന്റെ കഥയല്ല. 

ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണോ.

ശബരിമലയിൽ മാത്രമല്ല, കേരളത്തിൽ പൊതു സ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണം. ആർക്കെങ്കിലും തന്റെ വീട്ടിൽ സ്ത്രീകളെ കയറ്റുന്നത് ഇഷ്ടമല്ലെങ്കിൽ അവിടെ വേണ്ട. പൊതുസ്ഥാപനങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ്.

101–ാം പിറന്നാളിന്റെ സന്തോഷമില്ലേ.

എനിക്കു സന്തോഷവും സന്താപവും ഒരുപോലെയാണ്. 101 പിറന്നാളല്ലേയെന്നു പറഞ്ഞൊരു ചിരിയുമില്ല, 100–ാം പിറന്നാളാണോയെന്നോർത്തൊരു കരച്ചിലുമില്ല.

പിറന്നാൾ സദ്യയില്ലേ.

ഞാൻ ഒരു പിറന്നാൾ ആഘോഷവും നടത്തുന്നില്ല. കഴിഞ്ഞ പിറന്നാള‍ിന് നിങ്ങളെയെല്ലാം വിളിച്ചു സദ്യയൊക്കെ തന്നില്ലേ. പിന്നെ ഏതു പിറന്നാൾ നടത്തും? എന്റെ പിറന്നാൾ കഴിഞ്ഞുപോയി. ഓരോരുത്തർക്ക് ഇഷ്ടമുള്ളതു നടത്തി അതു പിറന്നാൾ ആണെന്നു പറഞ്ഞാൽ എനിക്ക് ഒരു ഉത്തരവാദിത്തവുമില്ല. രാജൻ ബാബു പാർട്ടിയിൽ തിരികെ വന്ന്, 101–ാം പിറന്നാൾ നടത്തണമെന്നു പറഞ്ഞപ്പോൾ ഞാൻ ഇല്ലെന്നു പറഞ്ഞു. അയാൾ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ. 

സഹായിച്ചവർ തിരികെ സഹായിക്കുന്നില്ലെന്നു തോന്നുന്നുണ്ടോ.

എന്നെ ആരും സഹായിക്കേണ്ട. ഉപദ്രവിക്കാതിരുന്നാൽ മതി. എനിക്കെന്തിനാ സഹായം.

ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചത് ആരാണ്.

എന്റെ അച്ഛൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA