sections
MORE

ലിച്ചിത്തോട്ടങ്ങളിലാകെ മരണത്തിന്റെ മണം; നിസ്സഹായതയുടെ നിലവിളികളുയരുന്നു

bihar
മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച മകളുടെ മൃതദേഹം കെട്ടിപ്പിടിച്ചു വിലപിക്കുന്ന അമ്മ. ചിത്രം:റോയിട്ടേഴ്സ്
SHARE

മുസഫർപുരിലെ ലിച്ചിത്തോട്ടങ്ങളിലാകെ മരണത്തിന്റെ മണമാണ്. ലിച്ചി പഴുത്തപ്പോൾ കൊഴിയുന്നത് കുഞ്ഞുങ്ങളുടെ ജീവനുകൾ. ബിഹാറിൽ ‘ചംകി ബുഖാർ’ എന്നു വിളിക്കുന്ന മസ്തിഷ്കജ്വരത്തിന്റെ ഭീതിയിലാണു മുസഫർപുരിലെ ഗ്രാമങ്ങൾ. ഈ വേനലിൽ നൂറ്റിപ്പത്തിലേറെ കുഞ്ഞുങ്ങളുടെ മരണംകണ്ട മുസഫർപുരിൽ നിസ്സഹായതയുടെ നിലവിളികളുയരുന്നു.

ദരിദ്രഗ്രാമീണരുടെ കുഞ്ഞുങ്ങൾ അത്താഴപ്പട്ടിണി കഴിഞ്ഞ് ഉറങ്ങിയുണരുന്നതു കൊടുംപനിയുമായാണ്. തുറക്കാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിൽ കാത്തുനിന്ന ശേഷം, മറ്റ് ആശുപത്രികളിൽ എത്തിക്കുമ്പോഴേക്കും ജീവൻ രക്ഷിക്കാനാകുന്ന സമയം കടന്നിരിക്കും.

ആശുപത്രികളിൽ ചികിത്സിച്ചു രോഗം മാറിയാലും തലച്ചോറിനെ ബാധിക്കുന്ന, ഗുരുതര പാർശ്വഫലങ്ങളുമായാണു കുഞ്ഞുങ്ങൾ മടങ്ങുന്നത്. നൂറോളം കുട്ടികൾ രോഗം ഭേദമായി ആശുപത്രികളിൽനിന്നു മടങ്ങിയെങ്കിലും, നൂറ്റൻപതോളം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണിപ്പോഴും.

കാൽനൂറ്റാണ്ടായി മുസഫർപുരിൽ ഓരോ വേനലും അച്ഛനമ്മമാരുടെ മനസ്സിലെ കനലാണ്. നാലഞ്ചു കുഞ്ഞുങ്ങളെങ്കിലും ‘ചംകി ബുഖാറി’ന് ഇരയാകാത്ത വർഷങ്ങളില്ല. ചില വർഷങ്ങളിൽ മഴയെത്തും മുൻപേ കുഞ്ഞുകുഴിമാടങ്ങൾ നൂറും ഇരുനൂറും മുന്നൂറുമാകും. അഞ്ചുവർഷം മുൻപ് (2014) ഔദ്യോഗിക കണക്കുകളനുസരിച്ച്, 355 കുഞ്ഞുങ്ങളാണു മസ്തിഷ്കജ്വരത്തിന് ഇരയായത്. 

ലിച്ചിയോ ഉഷ്ണമോ?

മുസഫർപുരിൽ വേനൽമരണങ്ങൾ ആവർത്തിച്ചിട്ടും യഥാർഥ രോഗകാരണം കണ്ടെത്താൻ ആരോഗ്യവിദഗ്ധർക്കു കഴിഞ്ഞിട്ടില്ല. കൂട്ടമരണങ്ങളുടെ മുറവിളി ഉയരുമ്പോൾ എത്തുന്ന വിദഗ്ധസംഘങ്ങൾ രോഗകാരണം സംബന്ധിച്ചു പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണു സമർപ്പിച്ചിട്ടുള്ളത്.

ലിച്ചിപ്പഴത്തിലെ വിഷാംശം പോഷകക്കുറവുള്ള കുഞ്ഞുങ്ങളിൽ മാരകമായി മാറുമെന്നാണ് ഒരു കണ്ടെത്തൽ. വാടിവീഴുന്നതും പഴുക്കാത്തതുമായ ലിച്ചിപ്പഴങ്ങൾ അമിതമായി കഴിക്കുന്ന കുട്ടികളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവു പെട്ടെന്നു കുറഞ്ഞ് (ഹൈപ്പോഗ്ലൈസീമിയ) മസ്തിഷ്കത്തെ ബാധിക്കുന്നുവെന്നാണു നിഗമനം. അത്യുഷ്ണത്തിലാണ് ലിച്ചിപ്പഴത്തിലെ വിഷാംശം ഹാനികരമായി മാറുന്നത്. 

lychi
ലിച്ചിപ്പഴം.

എന്നാൽ, ഒരു വിഭാഗം ആരോഗ്യവിദഗ്ധർ ഇതംഗീകരിക്കുന്നില്ല. ലിച്ചി കഴിക്കുന്നതല്ല, കഴിക്കാൻ ഒന്നുമില്ലാത്തതാണു മരണകാരണമെന്നാണ് അവരുടെ വാദം. ലിച്ചി കൂടുതൽ കഴിച്ചിട്ടാണെങ്കിൽ രോഗലക്ഷണങ്ങളുടെ കൂട്ടത്തിൽ വയറുവേദനയും ഉണ്ടാകുമായിരുന്നത്രെ.

പോഷകക്കുറവുള്ള കുഞ്ഞുങ്ങൾ കൊടുംചൂടു താങ്ങാനാകാതെ പനിക്ക് അടിപ്പെടുന്നതാകാമെന്നും അവർ പറയുന്നു. വൈറസ് ബാധയാണെങ്കിൽ, അത് എന്താണെന്നു കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടുമില്ല. കടുത്ത പനിയും തലവേദനയും ഛർദിയും കാഴ്ചക്കുറവും കേൾവിക്കുറവും ബോധക്ഷയവുമൊക്കെയാണ് സാധാരണ രോഗലക്ഷണങ്ങൾ.

ഉത്തരേന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നു വ്യത്യസ്തമായി മുസഫർപുരിലെ പ്രത്യേക കാലാവസ്ഥയിൽ രാത്രി ഉഷ്ണം കനക്കുന്നതാണ് കുട്ടികളെ തളർത്തുന്നത്. വേനൽമഴയുണ്ടായാൽ രോഗബാധ കുറയുന്നതും മഴയില്ലാതെ വേനൽ നീളുമ്പോൾ മരണസംഖ്യ കൂടുന്നതുമായാണു കണ്ടുവരുന്നത്. 

സർക്കാർ മറന്നു, പ്രതിപക്ഷവും 

മസ്തിഷ്കജ്വര ബാധ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, മരിച്ച കുട്ടികളുടെ മസ്തിഷ്കഭാഗമോ ആന്തരികാവയവങ്ങളോ പരിശോധിക്കണമെന്നു വിദഗ്ധർക്കു തോന്നിയത് ഇത്തവണയാണ്. ഇതുവരെ രക്ത, മൂത്ര, കഫ പരിശോധനയിൽ ഒതുങ്ങിയിരുന്നതിനാൽ രോഗബാധയെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. വിദഗ്ധസംഘങ്ങൾ വന്നു പഠിച്ചുപോകുന്നതല്ലാതെ, അവരെ ഏകോപിപ്പിച്ചു പ്രശ്നത്തെ നേരിടാനുള്ള സംവിധാനമില്ല. 

ഒരു പതിറ്റാണ്ടിനിടെ ആയിരത്തിലേറെ കുഞ്ഞുങ്ങളാണ് മുസഫർപുരിൽ മസ്തിഷ്കജ്വരത്തിൽ മരിച്ചത്. രോഗത്തിന് ഇരയാകുന്ന കുട്ടികൾ ഗ്രാമങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളായിരുന്നതിനാലാകാം, ഭരണയന്ത്രം വേണ്ട സമയത്ത് ഉണരാതെ പോയത്. രോഗബാധ നേരിടാനുള്ള പ്രചാരണത്തിനോ ചികിത്സയ്ക്കുള്ള  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ  നടപടികളുണ്ടായില്ല. പരിശീലനം ലഭിച്ച ഡോക്ടർമാരുടെ അഭാവവും വേനലിലെ ശുദ്ധജല ലഭ്യതക്കുറവും സ്ഥിതി വഷളാക്കി. 

ഇത്തവണ മരണം നൂറുകടന്ന ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ മുസഫർപുരിൽ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയത്. ജനങ്ങളുടെ കരിങ്കൊടി പ്രതിഷേധവും കടന്നാണു മുഖ്യമന്ത്രിക്ക് ആശുപത്രിയിൽ കയറാനായതെന്നു മാത്രം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നാലു ദിവസം മുൻപു മുസഫർപുർ സന്ദർശിച്ചപ്പോഴും ഒപ്പം പോകണമെന്നു മുഖ്യമന്ത്രിക്കു തോന്നിയില്ല.

കേന്ദ്രത്തിലെ ബിജെപി – ജെഡിയു അസ്വാരസ്യങ്ങൾ മസ്തിഷ്കജ്വര ബാധ നേരിടുന്നതിലും തടസ്സമായെന്ന് ആക്ഷേപമുണ്ട്. ബിജെപിക്കാരനായ സംസ്ഥാന ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയുടെ അനാസ്ഥയും വിമർശിക്കപ്പെട്ടു.  ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ ആഘാതത്തിൽനിന്നു മുക്തമാകാത്തതിനാലാകാം, പ്രതിപക്ഷ കക്ഷിയായ ആർജെഡിയും കോൺഗ്രസും സർക്കാരിനെതിരെ കാര്യമായി പ്രതിഷേധിക്കാൻ പോലും മെനക്കെടാത്തത്.

ആർജെഡി നേതാവ് തേജസ്വി യാദവ് കുറച്ചുനാളായി രംഗത്തില്ല. ലോകകപ്പ് ക്രിക്കറ്റ് കാണാൻ പോയതാണെന്നു പാർട്ടി നേതാക്കൾ അടക്കം പറയുന്നുണ്ട്. കോൺഗ്രസിന്റെ പ്രതിഷേധവും പ്രതികരണവുമൊക്കെ ട്വിറ്ററിലൊതുങ്ങി.

വൈകിയെത്തുന്ന  സഹായം

മുസഫർപുർ ദുരന്തം ദേശീയമാധ്യമങ്ങൾ ഏറ്റെടുത്ത ശേഷമാണു സർക്കാർതലത്തിൽ സഹായങ്ങളുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനു ശേഷം ലോകാരോഗ്യ സംഘടന, ദേശീയ രോഗനിയന്ത്രണ കേന്ദ്രം (എൻസിഡിസി), എയിംസ്, ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ എന്നിവിടങ്ങളിലെ വിദഗ്ധർ രോഗകാരണങ്ങളെക്കുറിച്ചു പഠനം തുടങ്ങിയിട്ടുണ്ട്. 

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം ഡൽഹിയിലെ സഫ്ദർജങ്, റാം മനോഹർ ലോഹ്യ, ലേഡി ഹാർഡിങ് ആശുപത്രികളിൽ നിന്നുള്ള അഞ്ചുസംഘങ്ങളെ മുസഫർപുറിലേക്ക് അയയ്ക്കാനും തീരുമാനിച്ചു.

മുസഫർപുരിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിനെ ചുമതലപ്പെടുത്തുകയും ചെയ്തു. രോഗബാധിതരായ കുട്ടികളെ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ആംബുലൻസ്  ചെലവും കേന്ദ്രം വഹിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA