ADVERTISEMENT

സാജൻ പാറയിൽ എന്ന പ്രവാസി വ്യവസായി സ്വന്തം മരണംകൊണ്ടു ചോദ്യം ചെയ്യുന്നതു കേരളത്തിന്റെ വ്യവസായസമീപനത്തെയും അധികാരരാഷ്ട്രീയത്തിന്റെ ക്രൂരമനോഭാവത്തെയുമാണ്.

ഓരോ ഫയലും ഓരോ ജീവിതമാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നുമൊക്കെ  സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽപോലും അങ്ങനെയല്ല സംഭവിക്കുന്നതെന്നതിലെ പാഠം അത്യധികം നിർഭാഗ്യകരംതന്നെ.

വ്യവസായ മന്ത്രിയുടെയും ജില്ല, വികസനത്തോടൊപ്പമെന്ന സർക്കാരിന്റെ നയപ്രഖ്യാപനം, രാജ്യാന്തര വിമാനത്താവളത്തിന്റെ വരവോടെയുണ്ടായ പുത്തനുണർവ് – കണ്ണൂർ ജില്ലയിൽ ഒരു സംരംഭം തുടങ്ങാൻ ഏതൊരു വ്യവസായിയെയും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഇപ്പോൾ ഇതൊക്കെയാണ്.

എന്നിട്ടും, സ്വന്തം വ്യവസായസംരംഭത്തിനു നഗരസഭയുടെ ലൈസൻസ് കിട്ടാത്തതിനാൽ സാജൻ പാറയിൽ ആത്മഹത്യ ചെയ്ത വാർത്തയാണു കഴിഞ്ഞദിവസം കേരളം കേട്ടത്.

വിദേശത്തുനിന്നു സമ്പാദിച്ച പണംകൊണ്ടു നാട്ടിൽ 15 കോടി രൂപ മുടക്കി ഒരു കൺവൻഷൻ സെന്റർ നിർമിച്ചതാണ് ഈ വ്യവസായിയെ മരണത്തിലേക്കു കൊണ്ടെത്തിച്ചത്. 

എതിരില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭാ പരിധിയിലാണു കണ്ണൂരുകാരൻ തന്നെയായ സാജൻ കൺവൻഷൻ സെന്റർ നിർമിച്ചത്.

കെട്ടിടനിർമാണത്തിന്റെ പല ഘട്ടങ്ങളിലും നഗരസഭയിൽനിന്നു തടസ്സങ്ങൾ നേരിടേണ്ടിവന്നു. പണി ഏതാണ്ടു പകുതിയിലെത്തിയപ്പോൾ പാ‍ർക്കിങ് പ്ലാനിന്റെ വിശദാംശം നഗരസഭ ആവശ്യപ്പെട്ടു.

മറുപടി നൽകിയെങ്കിലും നേരത്തേ സമർപ്പിച്ച പ്ലാനുമായി വ്യത്യാസങ്ങളുണ്ടെന്നു പറഞ്ഞ് കെട്ടിടം പൊളിക്കാൻ 2018ൽ നോട്ടിസ് നൽകി.

സിപിഎം അനുഭാവിയായ സാജൻ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനു പരാതി നൽകി. പാർട്ടി പരിശോധിച്ചശേഷം, നഗരസഭയുടെയും ടൗൺ പ്ലാനിങ് വിഭാഗത്തിന്റെയും സംയുക്തസംഘം പരിശോധിക്കട്ടെയെന്നു നഗരസഭയോടു നിർദേശിച്ചു.

ഇതനുസരിച്ചു നടത്തിയ പരിശോധനയിൽ ടൗൺ പ്ലാനിങ് വിഭാഗം സാജന് അനുകൂലമായ റിപ്പോർട്ടാണു നൽകിയത്. എളുപ്പം പരിഹരിക്കാവുന്ന ചെറിയ ചില അപാകതകൾ മാത്രമേ ചൂണ്ടിക്കാണിച്ചിരുന്നുള്ളൂ. ഈ മാർച്ചിൽ പണി പൂർത്തിയാക്കി ഏപ്രിലിൽ ഉടമസ്ഥാവകാശ രേഖയ്ക്കായി അപേക്ഷ നൽകി. 

ആദ്യം സമർപ്പിച്ച പ്ലാനും പൂർത്തിയായപ്പോഴുള്ള പ്ലാനും തമ്മിൽ വ്യത്യാസമുണ്ടെന്നായി പിന്നെ നഗരസഭയുടെ കണ്ടെത്തൽ. എന്നാൽ, എന്താണു പ്രശ്നമെന്നു കൃത്യമായി ഒരു നോട്ടിസിലും അറിയിച്ചില്ല.

വ്യത്യാസം കണ്ടെത്തിയാൽത്തന്നെ, അധിക വിസ്തൃതിക്കു ഫീസ് ഈടാക്കി ക്രമപ്പെടുത്താൻ നിയമമുണ്ട്. എന്നാൽ, ഇതിനു തുനിയാതെ നഗരസഭ പല കാരണങ്ങൾ പറഞ്ഞു സാജനെ ബുദ്ധിമുട്ടിച്ചുവെന്നാണു ബന്ധുക്കളുടെ ആരോപണം.

അപേക്ഷ നിരസിച്ചുവെന്ന് നഗരസഭ അറിയിച്ചാൽ പോലും സാജനു നിയമപരമായ മറ്റു വഴികൾ തേടാമായിരുന്നു.  എന്നാൽ, രേഖ തരുമെന്നോ തരില്ലെന്നോ പറയാതെ, പലതും പറഞ്ഞ് ഓഫിസ് കയറ്റിയിറക്കി രണ്ടരമാസത്തോളം സാജനെ വട്ടംകറക്കി.

നഗരസഭാ അധികാരികളെ മറികടന്നു പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ടതിന്റെ പ്രതികാരം തീർക്കുകയായിരുന്നുവെന്നു കരുതുന്നതായി സാജന്റെ കുടുംബം പറയുന്നുണ്ട്. 

വിദേശരാജ്യങ്ങളിൽ ജോലിയും ബിസിനസും ചെയ്തു സമ്പാദിച്ച തുകയാണ് സാജൻ സ്വന്തം നാട്ടിൽ വ്യവസായത്തിനായി മുടക്കിയത്.

ചുമതലകൾ ഉദ്യോഗസ്ഥരിൽ മാത്രം നിക്ഷിപ്തമാണെന്നിരിക്കേ, സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കാൻ നഗരസഭാധ്യക്ഷയുടെ ഇടപെടലുണ്ടായതായി സാജന്റെ കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം, നഗരസഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് അധ്യക്ഷയുടെ അവകാശവാദം.

ജീവിതത്തിന്റെ സമ്പാദ്യം മുടക്കി പൂർത്തിയാക്കുന്ന സംരംഭങ്ങൾക്ക് അന്യായമായി അനുമതി നിഷേധിക്കുന്ന സാഹചര്യം ഇനിയൊരിക്കലും ആവർത്തിച്ചുകൂടാ.

സ്വാർഥലാഭത്തിനായി തൊടുന്യായങ്ങൾ പറഞ്ഞ് വ്യവസായ സംരംഭങ്ങളെ വെള്ളത്തിലാക്കുകയും അതിനു പണം മുടക്കുന്നവരെ മരണത്തിലേക്കു തള്ളിവിടുകയും ചെയ്യുന്ന ക്രൂരതയെ കാലമാവും ചോദ്യം ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com