sections
MORE

പിളരാൻ വേണ്ടി പിളരുന്നവർ

kerala con
SHARE

കോൺഗ്രസിന്റെ ആദ്യകാല സമഗ്രാധിപത്യത്തിനെതിരെയുള്ള പ്രാദേശിക രാഷ്ട്രീയവികാരത്തിന്റെ കൂടി സന്തതികളാണു കേരള കോൺഗ്രസും തമിഴ്നാട്ടിലെ ഡിഎംകെയും.

ഇവിടെ കേരള കോൺഗ്രസ് പതിനൊന്നാമതു പിളർന്നു തമ്മിലടിക്കുമ്പോൾ, അയലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെതന്നെ ഉജ്വലമായ ശബ്ദമായി ഉയർന്നുനിൽക്കുകയാണ് ഡിഎംകെ. പാർലമെന്റിലേക്ക് ആളെ അയയ്ക്കാൻ കോൺഗ്രസിനും സിപിഎമ്മിനും സിപിഐക്കും മുസ്‌ലിം ലീഗിനും തമിഴകത്ത് ഡിഎംകെയുടെ ദയാദാക്ഷിണ്യം വേണ്ടിവന്നു. 

ഇന്ത്യയുടെ ആകെ ചിത്രമെടുത്താൽ പല പാർട്ടികളായി വിഘടിച്ചു നിന്നിട്ടു കാര്യമില്ലെന്ന വീണ്ടുവിചാരം ഇടതുപക്ഷത്തു തന്നെയുണ്ടായിരിക്കുന്നു.

സിപിഐ വീണ്ടും മുന്നോട്ടുവച്ച പുനരേകീകരണവും ലയനവുമൊന്നും ഉടൻ നടക്കാനിടയില്ലെങ്കിലും ഒത്തുപിടിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു നീങ്ങുകയാണ് രാജ്യത്തെ ഇടതുകക്ഷികൾ. ചെറുപാർട്ടികൾക്കെല്ലാം തന്നെ ഒട്ടും നല്ല സന്ദേശമല്ല, 2019ലെ ജനവിധി നൽകുന്നത്. 

 ചുവരെഴുത്ത്  കാണാതെ 

ഈ ചുവരെഴുത്തൊന്നും കാണാൻ കേരള കോൺഗ്രസ് നേതാക്കൾക്കു താൽപര്യമില്ല. കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും നേതാക്കൾക്കൊപ്പം നിൽക്കാനുള്ള ഔന്നത്യമുള്ള കെ.എം.മാണി എന്ന തന്ത്രശാലിയായ നേതാവിന്റെ വിയോഗം, തങ്ങളുടെ വിലപേശൽശേഷി കുറച്ചുകഴിഞ്ഞിരിക്കുന്നുവെന്നതും അവർ മറന്നുപോകുന്നു.

കൂട്ടായ നേതൃത്വത്തിലൂടെ ശക്തി തെളിയിക്കേണ്ടവർ തമ്മിലടിച്ച് ട്രോളുകൾക്കും കോമഡി ഷോകൾക്കും തുടർച്ചയായായി ദയനീയസംഭാവനകൾ നൽകുന്നതാണു ചിത്രം.

യഥാർഥത്തിൽ ഈ പിളർപ്പൻ നാടകങ്ങളിൽ യുഡിഎഫിലെ ആർക്കും താൽപര്യമില്ല. ജനവിധിയുടെ സന്ദേശം മാനിക്കാതെയുള്ള ചക്കളത്തിപ്പോരിലെ വിയോജിപ്പ് കോൺഗ്രസും മുസ്‍‌ലിം ലീഗും വ്യക്തമാക്കിക്കഴി‍ഞ്ഞു. ഇടതുമുന്നണി നേതൃത്വത്തിലെ ആരും ചൂണ്ടയിടാൻ പോലും മുതിർന്നിട്ടില്ല. 

കേരള കോൺഗ്രസ് രൂപീകരിക്കുന്ന സമയത്ത് കൃഷി ഏക വരുമാനമായുള്ളവർ ആയിരുന്നു പാർട്ടിയുടെ ശക്തിയും സ്രോതസ്സും. പിന്നീടത് കൃഷി മുഖ്യവരുമാനമായവരുടെ പാർട്ടിയായി; ഇപ്പോൾ ഭാഗിക വരുമാനക്കാരുടെയും. ഈ രാസമാറ്റം കൊണ്ടുതന്നെ ആ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ അവരാരും വല്ലാതെ വേവലാതിപ്പെടുന്നില്ല.

ക്രൈസ്തവ സഭാനേതൃത്വം ഇരുവിഭാഗങ്ങളോടും വിയോജിപ്പു കർശനമായി വ്യക്തമാക്കിക്കഴിഞ്ഞു. 

പിളർന്നാൽ പിന്തുണയ്ക്കില്ലെന്നത് എൻഎസ്എസിന്റെ കൂടി വികാരമാണെന്നാണു പാലാ ബിഷപ് ഹൗസിൽ പി.ജെ.ജോസഫിനോടും ജോസ് കെ.മാണിയോടും സി.എഫ്.തോമസിനോടും മതമേലധ്യക്ഷന്മാർ തീർത്തു പറഞ്ഞത്.

ആരെയൊക്കെയാണോ കേരള കോൺഗ്രസ് (എം) പ്രതിനിധീകരിക്കുന്നത് അവരുടെയാരുടെയും പിന്തുണയില്ലെന്നല്ല, എല്ലാവരും ശക്തമായി എതിർക്കുകയും ചെയ്യുന്നു. 

പിളർപ്പിനു പിന്നിൽ 

എന്നിട്ടും എന്തുകൊണ്ട് ജോസഫും ജോസ് കെ.മാണിയും രണ്ടിലകളായി കൊഴിയാൻ തിടുക്കപ്പെടുന്നു? മാണിയുടെ വിയോഗം കഴിഞ്ഞ് അധികം വൈകാതെ തന്നെ പാലായിലെ വസതിയിൽ ചേർന്ന മാണി ഗ്രൂപ്പ് കോർ ടീം ഒരു പ്രായോഗിക ഫോർമുല തയാറാക്കിയിരുന്നു.

സി.എഫ്.തോമസ് ചെയർമാൻ, ജോസഫ് കക്ഷിനേതാവ്, ജോസ് കെ.മാണി വർക്കിങ് ചെയർമാൻ. ഈ സമവാക്യത്തെക്കുറിച്ചു ജോസഫിനോടു സംസാരിക്കാൻ ആ യോഗം ജോയ് ഏബ്രഹാമിനെ ചുമതലപ്പെടുത്തി. 

സി.എഫ്.ചെയർമാനും ജോസ് വർക്കിങ് ചെയർമാനുമാകുമ്പോൾ തന്റെ വിഭാഗത്തിലെ ആർക്കും സംഘടനയിൽ അധികാരമുണ്ടാകില്ലെന്നു പറഞ്ഞ് ജോസഫ് തള്ളി; ചെയർമാൻ പദവിയിലേക്കു തന്നെ അവകാശവാദം ഉന്നയിച്ചു.

മാണിയുടെ സ്വാഭാവിക പിൻഗാമിയായ ജോസിനെ ചെയർമാനോ വർക്കിങ് ചെയർമാനോ ആക്കാൻ  ജോസഫ് അനുവദിക്കില്ലെന്ന തരത്തിൽ പ്രതിഷേധം അവിടെ കനത്തു. ഒത്തുതീർപ്പു വാദഗതികൾ അവതരിപ്പിച്ചുകൊണ്ടിരുന്ന ജോയ് ഏബ്രഹാമിൽ അവർക്കു വിശ്വാസം നഷ്ടപ്പെട്ടു. 

വാശിയോടെ മറുപക്ഷത്തേക്കു ചേക്കേറിയ ജോയ്, സിഎഫുമായുള്ള ദീർഘകാല ബന്ധം ഉപയോഗിച്ചു. ചോദിക്കുന്ന പദവിയെന്ന വാഗ്ദാനവുമായി ആറുതവണ കണ്ടുവെങ്കിലും ജോസ് കെ. മാണിക്ക് സിഎഫിനെ കൂടെ നിർത്താനായില്ല.

കളം മാറി സിഎഫ് കൂടെ വന്നതോടെ നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം കിട്ടിയതിന്റെ കൂടി ആവേശത്തിൽ ജോസിന് ഡപ്യൂട്ടി ചെയർമാനാകാമെന്ന ഔദാര്യം ജോസഫ് വച്ചുനീട്ടി. മുറിവേറ്റ ജോസ് പിറ്റേന്നു സംസ്ഥാന കമ്മിറ്റി വിളിച്ചു പാർട്ടി ചെയർമാന്റെ അധികാരം ഏറ്റെടുത്തു.

പാർട്ടിയിലെ അധികാരത്തർക്കവും അതുണ്ടാക്കിയ വാശിക്കുമപ്പുറം ആശയപരമെന്നു വ്യാഖ്യാനിക്കാവുന്ന കാരണങ്ങൾ പോലും പിളർപ്പിലില്ലെന്നു വ്യക്തം.

പുറത്തു ജോസഫിനെ വിമർശിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത റോഷി അഗസ്റ്റിനും എൻ.ജയരാജും നിയമസഭയ്ക്കകത്ത് അദ്ദേഹത്തിന്റെ അനുയായികളായി പകർന്നാട്ടവും നടത്തുന്നു. കൂറുമാറ്റനിയമം പഴയതുപോലെ പഴുതുകളുള്ളതല്ല.

നിയമയുദ്ധത്തിലേക്കു നീങ്ങിയാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിക്കാത്തവരിലെ പഞ്ചായത്തംഗം തൊട്ട് നിയമസഭാംഗം വരെയുള്ളവർ അയോഗ്യത‌ക്കുരുക്കിൽപെടും.14 ജില്ലകളിലും സ്വന്തം പാർട്ടി സംവിധാനങ്ങൾ ഉണ്ടാക്കുക എന്നത് ആ വിമതവിഭാഗത്തിനു മുന്നിലെ അടുത്ത ദൗത്യമാകും. 

ഇതിനെല്ലാമപ്പുറത്ത് യഥാർഥ രാഷ്ട്രീയപരീക്ഷണം വരുന്നു: ‘മാണി സാറിന്റെ സ്വന്തം പാലായിലെ’ ഉപതിരഞ്ഞെടുപ്പ്.

എൻസിപി അവിടെ അട്ടിമറി നടത്തിയാലുള്ള അഭിമാനക്ഷതത്തിനപ്പുറമൊന്നും കേരള കോൺഗ്രസിനു സംഭവിക്കാനില്ലെന്നു ജോസഫും ജോസും ഓർമിച്ചാൽ, ഇതെല്ലാം തീരാവുന്നതേയുള്ളൂ എന്നാണ് ചിലരെങ്കിലും ഇതിനകം അവരോടു പറഞ്ഞിട്ടുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA