ADVERTISEMENT

തിരകൾ തീരത്തോട് അടുക്കുകയാണ്. പെട്ടെന്ന്, കൂട്ടത്തിലെ ‘കുഞ്ഞൻതിര’ ആ കാഴ്ച കണ്ടു – തനിക്കു മുൻപേ പോയ തിര കടൽഭിത്തിയിൽ തട്ടി ചിതറിത്തെറിക്കുന്നു.

പിന്നോട്ടു വലിയാൻ തുടങ്ങിയ അവനോട് പിന്നാലെ വന്ന തിര ചോദിച്ചു, നിനക്കെന്തു പറ്റി? കുഞ്ഞൻതിര പറഞ്ഞു, നമ്മൾ അവസാനിക്കാൻ പോവുകയാണ്. ആ ഭിത്തിയിൽ തട്ടി ഇല്ലാതാകും. മറ്റേ തിര പറഞ്ഞു, നീ വെറും തിരയല്ല; നീയാണു കടൽ. 

ചിന്നിച്ചിതറുന്നതെല്ലാം അവസാനിക്കുന്നില്ല; ഉറവിടവും ഉൾക്കരുത്തും അറിയാമെങ്കിൽ. എവിടെനിന്നു വരുന്നു എന്ന തിരിച്ചറിവ് ആത്മവിശ്വാസത്തിന്റെ ഭാഗമാണ്.

വനത്തിൽ വളർന്ന വൃക്ഷത്തിന് പൂച്ചട്ടിയുടെ ആവശ്യമില്ല. വെള്ളവും വായുവും സ്വയം വലിച്ചെടുത്ത് മഴുവിന്റെ മുന്നിൽപോലും കീഴടങ്ങാതെ അതു വീണ്ടും തളിർത്തുകൊണ്ടിരിക്കും. 

പെട്ടെന്നു തളർന്നുവീഴുന്നവരെല്ലാം അപ്രത്യക്ഷരായത് പിന്തുണയില്ലാത്തതു കൊണ്ടോ ചവിട്ടിനിൽക്കാൻ പറ്റിയ നിലമില്ലാത്തതു കൊണ്ടോ ആണ്.

വേരുകളുറപ്പിക്കാതെ മാനത്തെ തൊടാനിറങ്ങിയാൽ അടിവേരോടെ പിഴുതെറിയപ്പെടും. ബലം നൽകുന്നവരുടെ കൂടെയുള്ള യാത്രകൾ എല്ലാ തകർച്ചകളെയും അതിജീവിക്കാൻ സഹായിക്കും. 

സ്വയം ആരെന്നു തിരിച്ചറിയാത്തവരെല്ലാം പ്രതിരോധിക്കാൻ പോലും തയാറാകാതെ കീഴടങ്ങും. തിരിച്ചുവരവു സാധ്യമല്ലാത്ത എന്തു പരാജയമാണുള്ളത്? ചിതറിത്തെറിക്കുന്ന ഓരോ ജലകണികയും പിന്നീടു പറയുന്നത് പതിന്മടങ്ങു ശക്തിയുള്ള തിരിച്ചുവരവിന്റെ കഥയാണ്. 

അവനവനെ തകർക്കാൻ അവനവനു മാത്രമേ കഴിയൂ. തകരാൻ സ്വയം തീരുമാനിക്കാത്ത ആരെയും ആർക്കും തകർക്കാനാവില്ല.

എന്തുകൊണ്ടു വിടവാങ്ങണം എന്നതിന് കണ്ടെത്തുന്ന ആയിരം കാരണങ്ങളോടൊപ്പം, എന്തുകൊണ്ടു പിടിച്ചുനിൽക്കണം എന്നതിനുള്ള തീക്ഷ്‌ണമായ ഒരു കാരണമെങ്കിലും കണ്ടെത്തിയാൽപിന്നെ സംഭവിക്കുന്നത് ഉയർത്തെഴുന്നേൽപായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com