sections
MORE

തെറ്റിയിട്ടില്ല, നവകേരളത്തിലേക്കുള്ള വഴി

Rebuild-Kerala
SHARE

മനോരമയിൽ കഴിഞ്ഞദിവസം (19.06.2019) ജി.വിജയരാഘവൻ ​എഴുതിയ കുറിപ്പിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർകെഐ) നവകേരള നിർമാണം എന്ന ലക്ഷ്യം കൈവരിക്കുമോ എന്നു സംശയിക്കുന്നു.

രണ്ടു ദിവസം മുൻപ് ഞാൻ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് അതിൽനിന്ന് അദ്ദേഹം ചില നിഗമനങ്ങളിൽ എത്തിയതായി തോന്നുന്നു.

എന്താണു ഞാൻ പറഞ്ഞത്? ആർകെഐ ഏറ്റെടുത്തിട്ടുള്ള പ്രധാനപ്പെട്ട ഒരു ചുമതല ലോകബാങ്ക്, മറ്റ് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്നു വിഭവസമാഹരണം നടത്തുക എന്നതാണ്. 

പുനർനിർമാണ പദ്ധതികൾക്കായി ലോകബാങ്കിൽനിന്ന് 5137.34 കോടി രൂപയുടെ വായ്പയും ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിൽനിന്ന് 1458 കോടിയുടെ വായ്പയും ലഭ്യമാക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

ഇതിൽ ലോകബാങ്ക് സഹായമായി 1750 കോടി രൂപ അടുത്ത മാസംതന്നെ ലഭ്യമാകുമെന്നാണു കരുതുന്നത്.

ഈ തുക കേരള പുനർനിർമാണ വികസന പരിപാടിയുടെ നയരൂപരേഖയിൽ സുപ്രധാന മേഖലകളായി പരാമർശിക്കുന്ന കൃഷി, മൃഗപരിപാലനം, ഫിഷറീസ്, വനം, ജീവനോപാധികൾ, റോഡുകളും പാലങ്ങളും, ഗതാഗതം, നഗരവികസനവും അടിസ്ഥാന സൗകര്യങ്ങളും, ജലവിഭവവും വിതരണവും തുടങ്ങിയ മേഖലകൾക്കായി ചെലവഴിക്കാനുള്ളതാണ്.

അതിനർഥം, അദ്ദേഹം ധരിക്കുന്നതുപോലെ, മറ്റു ചുമതലകൾ ആർകെഐക്ക് ഇല്ല എന്നല്ലല്ലോ? ഭാവിയിലെ പ്രളയസാധ്യതകളെ അതിജീവിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള നവകേരള നിർമാണം വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെ പുരോഗമിക്കുന്നു. 

കേരള പുനർനിർമാണ വികസന പരിപാടിയിൽ ഉൾപ്പെടുത്തേണ്ട പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്ന സമഗ്ര നയരേഖയാണ് ആർകെഐയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാം (ആർകെഡിപി).

ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരുടെയും വിവിധ ഏജൻസികളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും കൂട്ടായ ചർച്ചകൾക്കു ശേഷമാണ് ആർകെഡിപിയുടെ അടിസ്ഥാന നയരേഖ രൂപീകരിച്ചത്. ഈ നയരേഖയിൽ പറയുന്ന സുപ്രധാന ശുപാർശകളും നിർദേശങ്ങളും നടപ്പാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണ്.

വകുപ്പുകളുടെ അധികാരങ്ങൾ ആർകെഐ ഏറ്റെടുക്കുന്നില്ല എന്ന എന്റെ പരാമർശത്തെ അദ്ദേഹം വളച്ചൊടിക്കുന്നു.

പ്രളയാനന്തര പുനരധിവാസത്തെക്കുറിച്ചും സർക്കാരിന്റെ ഇടപെടലിനെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പരാമർശങ്ങളും കുറിപ്പിൽ കണ്ടു.

21 പ്രധാനപ്പെട്ട അണക്കെട്ടുകളുടെ അടിയന്തരഘട്ട പ്രവർത്തന രൂപരേഖ ശാസ്ത്രീയമായി തയാറാക്കി കേന്ദ്ര ജല കമ്മിഷന്റെ അനുമതി വാങ്ങി പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

ഒരു സംയോജിത ഡാം മാനേജ്മെന്റ് പദ്ധതി തയാറാക്കാനുള്ള പ്രാരംഭ പ്രവർത്തനം നടന്നുവരുന്നു. പ്രളയത്തിൽ മുങ്ങിയ മേഖലകളിൽ ജലനിരപ്പ് അടയാളപ്പെടുത്തിയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.

കേരളമൊട്ടാകെ പതിമൂവായിരത്തിൽ അധികം സ്ഥലങ്ങളിൽ ജലനിരപ്പ് അടയാളപ്പെടുത്തിയിട്ടുണ്ട് എന്നറിയുക. ദുരന്തസാധ്യതാ പ്രദേശങ്ങളിൽ വസിക്കുന്നവർക്കായി അവരെ കൂടുതൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുവാൻ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്ന പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണു കേരളം. 436 കുടുംബങ്ങൾ ഈ ധനസഹായം ഉപയോഗിച്ചു പുതിയ വാസസ്ഥാനങ്ങൾ കണ്ടെത്തി.

സർക്കാർ പ്രഖ്യാപിച്ച ഓരോ കാര്യവും നടപ്പിൽ വരുത്തുകതന്നെ ചെയ്തിട്ടുണ്ട്. പ്രളയത്തിൽ പൂർണമായും തകർന്ന 15,324 വീടുകളിൽ 10,408 വീടുകൾ ഗുണഭോക്താക്കൾ തന്നെ നിർമാണം നടത്തിവരുന്നു.

3201 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 9966 വീടുകൾക്ക് ആദ്യ ഗഡുവും 6875 വീടുകൾക്ക് രണ്ടാം ഗഡുവും 4718 വീടുകൾക്ക് മൂന്നാം ഗഡുവും അനുവദിച്ചുകഴിഞ്ഞു.

‘കെയർ ഹോം’ പദ്ധതി പ്രകാരം ഏറ്റെടുത്ത 1992 വീടുകളിൽ 1456 വീടുകളുടെ നിർമാണം ഇപ്രകാരം പൂർത്തീകരിച്ചിട്ടുണ്ട്. 

കൃഷിമേഖലയിൽ 200 കോടിയിലധികം രൂപ കർഷകർക്കു വിതരണം ചെയ്തുകഴിഞ്ഞു. കുടുംബശ്രീ മുഖേന ഒരു ലക്ഷത്തിൽ അധികം കുടുംബങ്ങൾക്കു പലിശരഹിത വായ്പ നൽകി.

തൊഴിലുറപ്പു പദ്ധതി ഉപയോഗിച്ചു മുൻപെങ്ങും നടപ്പിലാക്കാത്തവിധം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. ഇതൊന്നും കണ്ടില്ലെന്നു നടക്കുന്നതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നു വ്യക്തമാണ്.

പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണം ശരിയായ പാതയിലാണ്. ദുരിതമനുഭവിച്ചവർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾക്കാണു മുൻതൂക്കം നൽകിയത്.

എന്നാൽ, ഭാവികേരളം എന്ന സ്വപ്നത്തിലേക്കു നയിക്കുന്ന സമഗ്രവികസന കാഴ്ചപ്പാടും ആർകെഐ മുന്നോട്ടുവയ്ക്കുന്നു.

(റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ആണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA