ADVERTISEMENT

കേന്ദ്രസർക്കാരിന്റെ നദീശുദ്ധീകരണപദ്ധതിയിൽ ‌പെരിയാറിനെ ഉൾപ്പെടുത്തുമെന്ന രണ്ടാം മോദിസർക്കാരിന്റെ വാഗ്ദാനം കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. സംസ്ഥാനത്തെ ജലസമൃദ്ധമാക്കിയിരുന്ന 44 നദികളും മലിനജലവാഹകരായെന്ന സംസ്ഥാന സർക്കാരിന്റെ പഠനം ഇതോടു ചേർത്തുവയ്ക്കുമ്പോഴാണ് നദീശുചീകരണത്തിന്റെ പ്രാധാന്യമേറുന്നത്. പരിസ്ഥിതിശോഷണം, മണ്ണെടുപ്പ്, വനനശീകരണം, നഗര–ഗ്രാമ വ്യത്യാസമില്ലാതെ മലിനജലം നദികളിലേക്ക് ഒഴുക്കിവിടൽ തുടങ്ങിയവ കാരണങ്ങളായി ചൂണ്ട‌ിക്കാട്ടാമെങ്കിലും അവയ്ക്കൊന്നിനും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

കൊച്ചിക്കായലിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ 70 ശതമാനവും പെരിയാറിൽനിന്നാണ്. നമുക്കും വരുംതലമുറയ്ക്കും വേണ്ടി ഈ നദി സംരക്ഷിക്കപ്പെടണമെന്ന ചിന്തയില്ലാതെ പെരിയാറിനെ നാം പരമാവധി ചൂഷണം ചെയ്തു. മണലൂറ്റി മരണാസന്നയായ പുഴയിലേക്കായിരുന്നു സർവമാലിന്യങ്ങളും തള്ളിയത്. ജലസമൃദ്ധികണ്ടു തീരത്തെത്തിയ ചില വ്യവസായശാലകൾ മുതൽ തദ്ദേശ സ്ഥാപനങ്ങൾ വരെ മലിനജലം തള്ളാൻ എളുപ്പമാർഗമായി പെരിയാറിനെ കണ്ടതോടെ മരണം പൂർണമായി.നദിയിലേക്കു മാലിന്യം ഒഴുക്കാതിരിക്കാൻ 16 തദ്ദേശസ്ഥാപനങ്ങളിൽ മലിനജല പ്ലാന്റുകൾ സ്ഥാപിക്കണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. അടിത്തട്ടിൽ രാസമാലിന്യങ്ങൾ വരെ അടിഞ്ഞുകൂടി.

248 കിലോമീറ്റർ നീളമുള്ള പെരിയാറിൽ 15 അണക്കെട്ടുകളും ഒട്ടേറെ തടയണകളും ഏതാനും ജലവൈദ്യുത പദ്ധതികളുമുണ്ട്. അണക്കെട്ടുകളാണു പെരിയാറിന്റെ ഒഴുക്ക് ഇല്ലാതാക്കിയത്. പുഴയുടെ ആഴക്കൂടുതൽ മൂലം കടലിൽ നിന്ന് ഓരുവെള്ള ഭീഷണി നേരിടുന്നത് മറ്റൊരു വലിയ പ്രതിസന്ധിയാണ്. പെരിയാറിൽ 35 ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്നത് 12 ആയി ചുരുങ്ങിയെന്നു പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
വൈദ്യുതി ബോർഡ്, റവന്യു വകുപ്പ്, ജല അതോറിറ്റി, ജലസേചന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായ വകുപ്പ് എന്നിങ്ങനെ പെരിയാറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുടെ എണ്ണം ഏറെയുണ്ട്. എന്നാൽ, നദീസംരക്ഷണത്തിനു പൊതുവായൊരു സംവിധാനമില്ലാത്തത് പോരായ്മയായി ശേഷിക്കുന്നു. നിയമപരമായ അധികാരങ്ങളോടെ പെരിയാർ സംരക്ഷണ അതോറിറ്റി എന്ന ആവശ്യം ഏറെക്കാലമായി നിലവിലുള്ളതാണ്. 2012 മുതൽ അതു സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപനത്തിലുമുണ്ട്.

ദക്ഷിണഗംഗയെന്നു പേരുകേട്ട പമ്പാനദിയെ രക്ഷിക്കാൻ 19 വർഷം മുൻപ് 320 കോടി രൂപയുടെ കർമപദ്ധതിക്കു കേന്ദ്രസർക്കാർ രൂപംകൊടുത്തിരുന്നു. എന്നാൽ, ഇരുമുന്നണി സർക്കാരുകളും തികഞ്ഞ അലംഭാവം പ്രകടിപ്പിച്ചതോടെ പണവും പദ്ധതിയും എങ്ങോട്ടോ ഒലിച്ചുപോയി. ശബരിമല മേഖലയിൽ തടയണകൾ, കുളിക്കടവ്, മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയുടെ പണികൾ നടത്തിയെങ്കിലും നദിയുടെ മറ്റു ഭാഗങ്ങളിലേക്ക് എത്തിയില്ല. 70% തുക കേന്ദ്രസഹായവും 30% സംസ്ഥാനവിഹിതവും ചേർത്ത് പദ്ധതി നടപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. അതിനാൽ തുടർപ്രവർത്തനങ്ങളും ഉണ്ടായില്ല. പമ്പ നദീതട അതോറിറ്റിയുടെ പ്രവർത്തനവും നിലച്ചു. ഇതേ ദുർവിധി പുതിയ പദ്ധതിക്കു സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയാണ് സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും കാട്ടേണ്ടത്.

ഒന്നാം മോദിസർക്കാർ ഏറ്റെടുത്ത ഗംഗാ ശുചീകരണം എന്ന ബൃഹത് പദ്ധതിയുടെ പതിപ്പായിരിക്കും പെരിയാറിൽ നടപ്പാക്കുക. ധനസഹായം കേന്ദ്രം നൽകും. എങ്കിലും സംസ്ഥാന സർക്കാരിന്റെ കാര്യശേഷി, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം, ജനങ്ങളുടെ പങ്കാളിത്തം തുടങ്ങിയവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു പദ്ധതിനിർവഹണം. നദീപുനരുജ്ജീവന പദ്ധതികൾ വിജയിച്ചിട്ടുണ്ടെങ്കിൽ അതു കൂട്ടായ ശ്രമത്തിലൂടെയായിരുന്നു. തുടർ ശ്രമങ്ങളുണ്ടാകാഞ്ഞതുകൊണ്ട് പുഴകൾ പഴയപടിയായ അനുഭവപാഠങ്ങളും കേരളത്തിനു മുന്നിലുണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com