ADVERTISEMENT

ഞാൻ ജയിച്ചതാ, സത്യം!

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു മൂന്നാം സ്ഥാനത്തായിപ്പോയതിന്റെ സങ്കടത്തിലായിരിക്കും സി.ദിവാകരനെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. യാദൃച്ഛികമായി അദ്ദേഹം മുന്നിൽ വന്നുവെന്നു കരുതുക. തോറ്റു സങ്കടപ്പെട്ടിരിക്കുന്ന ‘സിഡി’യോടു താദാത്മ്യപ്പെട്ടു നമ്മൾ മുഖഭാവങ്ങൾ മാറ്റുമ്പോൾ ഒന്നു തോളിൽ ആഞ്ഞുതട്ടി അദ്ദേഹം പറയും,‘ഞാൻ ജയിച്ചെടോ’! അന്തംവിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് ആരും നോക്കിപ്പോകും. കാരണം, തിരുവനന്തപുരത്ത് വള്ളപ്പാടിനു പിന്നിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. എന്നിട്ടും സിഡി ജയിച്ചെന്നോ? അതെന്തരെന്ന് ആലോചിച്ചിരിക്കുമ്പോഴാകും, അദ്ദേഹത്തിന്റെ വിശകലനം വരിക. എന്റെ മണ്ഡലത്തിൽ ആരാണു ജയിച്ചത്? അതേതു മണ്ഡലമെന്നു ചോദിക്കുന്നതിനു മുൻപു മറുപടി വന്നിരിക്കും – നെടുമങ്ങാട്!

അതായത് എംഎൽഎ ആയി സിഡി പ്രതിനിധീകരിക്കുന്നത് നെടുമങ്ങാടിനെയാണ്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽപെടുന്ന നിയമസഭാ മണ്ഡലം. ഇടതുകോട്ടയായ ആറ്റിങ്ങൽ ഇക്കുറി അവരെ കൈവിട്ടപ്പോഴും വിടാതെ നിന്നതു നെടുമങ്ങാട് മാത്രം. 7 നിയമസഭാ മണ്ഡലങ്ങളിൽ എ.സമ്പത്തിന് ലീഡ് കിട്ടിയ ഏകയിടം. 759 വോട്ടേയുള്ളൂവെങ്കിലും ആരാ മുന്നിലെത്തിയത്? സമ്പത്ത്. അപ്പോൾ ആരാ ജയിച്ചത്? സി.ദിവാകരൻ. അതാണ് ഉത്തരം വരുന്ന വഴി. ദിവാകരനെ കൂടാതെ സിപിഐയിൽ നിന്നു മത്സരിച്ച എംഎൽഎ ചിറ്റയം ഗോപകുമാറിനെ നിയമസഭയിൽ വച്ചു കണ്ടപ്പോൾ അദ്ദേഹത്തോടും ദിവാകരൻ ഈ ലോജിക് വച്ചുകാച്ചിയത്രെ. ‘നീ തോറ്റല്ലേ...പക്ഷേ ഞാൻ ജയിച്ചു’. ചിറ്റയത്തിന്റെ അടൂർ മണ്ഡലത്തിൽ അദ്ദേഹം പിന്നിൽപോയതാണ് സിഡി ഓർമിപ്പിച്ചത്. നെടുമങ്ങാട് പക്ഷേ അങ്ങനെയല്ലല്ലോ!

ഒന്നു പാടാൻ എത്ര പാടാ

പാടാൻ ഒരു പാട്ടു വേണമെന്നേ മുഖ്യമന്ത്രി പറ‍ഞ്ഞുള്ളൂ. പക്ഷേ, പാടുപെടുന്നത് അക്കാദമിയും ജൂറിയുമാണ്. ശുപാർശകളും നിർദേശങ്ങളുമായി വിളിയോടുവിളിയായപ്പോൾ പാട്ടുതിരഞ്ഞെടുപ്പ് ഒരു വയ്യാവേലിയായിരിക്കുകയാണ്. ഒറ്റ മിനിറ്റിൽ പാടാവുന്ന പാട്ടാണു വേണ്ടത്. പക്ഷേ, വർഷം ഒന്നു കഴിഞ്ഞിട്ടും സംഗതി തീരുമാനമായിട്ടില്ല. പൊതുചടങ്ങുകളിൽ ആലപിക്കാൻ കേരളത്തിനൊരു സംസ്ഥാനഗാനം വേണമെന്നു മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി, സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിനു തൃശൂർ സാഹിത്യ അക്കാദമിയിൽ എത്തിയപ്പോഴാണ്.

സർക്കാർ ഇതിനിടെ 3 വയസ്സു തികച്ചു. അതാരും അറിഞ്ഞില്ലെങ്കിലും പാട്ടിനുവേണ്ടി പല ഭാഗത്തു നിന്നുണ്ടായ പിടിവലികളാണു തിരഞ്ഞെടുപ്പു വൈകിക്കുന്നത് എന്ന കാര്യം ഏറെക്കുറെ പാട്ടായിട്ടുണ്ട്. പാട്ടും പാടി തിരഞ്ഞെടുക്കാം ഒരു പാട്ട് എന്നു ജൂറി വിചാരിച്ചതു വെറുതെയായി എന്നു ചുരുക്കം. ഡോ. എം.ലീലാവതി, എം.ആർ.രാഘവവാരിയർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ. പി.മോഹനൻ, ഏഴാച്ചേരി രാമചന്ദ്രൻ, എം.എം.ബഷീർ എന്നിവർ അംഗങ്ങളായ ജൂറിയാണു തിരഞ്ഞെടുപ്പു നടത്തേണ്ടത്.

തിരഞ്ഞെടുപ്പിനായി വന്ന പാട്ടുകളോളം ശുപാർശകളും വന്നിരുന്നു. സമുദായ സംഘടനകളിൽ നിന്നായിരുന്നു ചില ശുപാർശകളെങ്കിൽ ചിലതു വ്യക്തികളിൽ നിന്നായിരുന്നു. തന്റെ പിതാവിന്റെ– മാതാവിന്റെ പാട്ട് തിരഞ്ഞടുക്കണം എന്നായിരുന്നു അവരുടെ അപേക്ഷ. ജീവിച്ചിരിക്കുന്നവരുടെ പാട്ടുകൾ തിരഞ്ഞെടുക്കേണ്ട എന്ന് ആദ്യമേ തീരുമാനിച്ചതിനാൽ കുറെ പാട്ടുകൾ ആ വഴിക്കുപോയി. ജൂറിയുടെ അടുത്ത യോഗം എന്നു വേണമെന്ന് അടുത്ത ആഴ്ച തീരുമാനിക്കും. ഈ യോഗത്തിലെങ്കിലും പാട്ട് തിരഞ്ഞെടുക്കാനുള്ള യോഗമുണ്ടാവുമെന്നാണു പ്രതീക്ഷ. ഏതായാലും ജൂറിയുടെ പ്രാർഥനാഗാനം ഇപ്പോൾ ഇതാണ്: കൺഫ്യൂഷൻ തീർക്കണമേ.....

കിറുങ്ങി എക്സൈസ്

തൃത്താലയിൽ സ്പിരിറ്റ് പിടികൂടിയതിനെച്ചൊല്ലി വിവാദത്തിൽ കിറുങ്ങിയിരിക്കുകയാണു പാലക്കാട് എക്സൈസ്. മുകളിൽ പ്രത്യേക അറകളിൽ സ്പിരിറ്റ് കയറ്റിയ വാൻ ഇതിനു മുൻ‌പ് 8 തവണയാണു വാളയാർ കടന്നുവന്നത്. സ്പിരിറ്റിനു ചൂട്ടുപിടിക്കുന്നത് എക്സൈസിന്റെ സംഘം തന്നെയാണ്. കള്ളിൽ കലക്കാനുള്ള സ്പിരിറ്റ് തൃത്താല വാവന്നൂരിലെ പെ‍ാട്ടക്കിണറ്റിനു സമീപത്താണ് ഇറക്കുക. തെ‍ാട്ടടുത്താണു കലക്കൽകേന്ദ്രവും. സ്പിരിറ്റ് വണ്ടിക്കു തടസ്സങ്ങളില്ലെന്ന അടയാളവുമായി വകുപ്പിന്റെ ഒരു വാഹനം 4 ജീവനക്കാരുമായി സ്ഥിരം ഇവിടെയുണ്ടാകും.

എന്നാൽ, ഇന്റലിജൻസിലെ ചിലർ ഇത്തവണ പണിപറ്റിച്ചു. കലക്കുകേന്ദ്രത്തിനു സമീപം എത്താറുള്ള സ്ഥിരം വണ്ടിക്കു പകരം, സംഭവദിവസം നിർത്തിയിട്ടത് ഇന്റലിജൻസിന്റെ വാഹനം. സ്ഥിരം അടയാളക്കാരെ അടിയന്തര ജേ‍ാലികൾ ഏൽപിച്ചു മറ്റെ‍ാരിടത്തേക്കു പറഞ്ഞുവിട്ടു.

പതിവു പേ‍ാലെ എക്സൈസിന്റെ ബോർഡ് വച്ച വാഹനം കണ്ട് സ്പിരിറ്റുകാർ സാധനം കിണറിനു സമീപം എത്തിച്ചതേ‍ാടെ സംഗതി പാളി. ഡ്രൈവർ അറസ്റ്റിലായി. സ്പിരിറ്റ് പിടികൂടിയവർ മലർന്നുകിടന്നു തുപ്പുകയാണെന്ന് ആരേ‍ാപിച്ചു വകുപ്പിലെ ഒരു വിഭാഗം രംഗത്തെത്തി! സ്പിരിറ്റ് പിടിച്ചവരെ സ്ഥലം മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഒരു കൂട്ടർ.

Joseph-M-Puthussery-offbeat-sketch

ജോർജിയ അത്ര ജോറായില്ല

‘പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തംകൊളുത്തിപ്പട’ എന്നു കേരള കോൺഗ്രസ് നേതാവായ ജോസഫ് എം.പുതുശേരി ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ, അതു മനസ്സിലാക്കിയത് പന്തളത്തോ തിരുവല്ലയിലോ അല്ല, അങ്ങ് ജോർജിയ‍യിൽ വച്ചാണെന്നു മാത്രം. സ്വന്തം പാർട്ടിയിലെ ചേരിപ്പോരു മുറുകുന്നതിനിടെയാണ് ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്സിയുടെ 26–ാം വാർഷിക അസംബ്ലിയിൽ പങ്കെടുക്കാൻ പുതുശേരി ജോർജിയയിലേക്കു പറന്നത്.

ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്തി എന്ന ജാഡയിലൊക്കെയായിരുന്നു യാത്ര. സമ്മേളന നടപടികൾക്കായി ജോർജിയൻ‍ പാർലമെന്റിലെത്തി അൽപം കഴിഞ്ഞതോടെ അവിടത്തെ പ്രതിപക്ഷ എംപിമാർ വേദിയിലേക്ക് ഇരച്ചുകയറിയതു കണ്ട് പുതുശേരി അന്തം വിട്ടു. നിയമസഭാംഗമായിരിക്കെ നടുത്തളത്തിലിറങ്ങിയുള്ള അത്യാവശ്യം കലാപരിപാടികളിലെല്ലാം ഏർപ്പെട്ടിട്ടുണ്ട്. യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സഭയിലെത്തിച്ച സംഭവം പോലും ഒന്നുമല്ലെന്ന് ഒരു നിമിഷം അദ്ദേഹത്തിനു തോന്നി.

സഭാധ്യക്ഷന്റെ വേദി‌തന്നെ കയ്യടക്കി പ്രതിപക്ഷക്കാർ, അവർക്കെതിരെ ഭരണപക്ഷക്കാർ. പാർലമെന്റാകെ വളഞ്ഞു സുരക്ഷാഭടന്മാർ... ആശങ്കയോടെ പ്രതിനിധിസംഘം. ജോർജിയയുടെ മധ്യഭാഗത്തുള്ള ഭൂപ്രദേശത്തിലെ റഷ്യൻ അധിനിവേശത്തിനെതിരെ ആയിരുന്നു പ്രതിഷേധം.ഒടുവിൽ തോക്കുധാരികൾ വലയംതീർത്ത് തൊട്ടടുത്തുള്ള ഹോട്ടലിൽ എത്തിച്ചപ്പോഴാണു പ്രതിനിധിസംഘത്തിനു ശ്വാസം നേരേ വീണത്. ഇവിടത്തെ തമ്മിലടിയെല്ലാം സോദരർ തമ്മിലെ പോരു മാത്രമെന്ന ഉപദേശം പുതുശേരി ഇപ്പോൾ എല്ലാവർക്കും സൗജന്യമായി നൽകുകയാണത്രെ!

ഡേയ്... പോടേയ്

തമിഴ്നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷൻ. കൊച്ചിയിൽനിന്നു കാണാതായ സിഐ വി. എസ്.നവാസിനെ തമിഴ്നാട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അൽപം ബലം പ്രയോഗിച്ചാണു നവാസിനെ ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്കിറക്കിയതു തന്നെ. സംഘത്തിലെ ഒരു പൊലീസുകാരൻ എസ്ഐയുടെ സഹായം തേടി. ‘ഡേയ്’ എന്ന വിളിയോടെയായിരുന്നു എസ്ഐയുടെ രംഗപ്രവേശം. ഇത് നവാസിനു തീരെ ഇഷ്ടപ്പെട്ടില്ല. ഇൻസ്പെക്ടറെ ‘ഡേയ്’ വച്ച് വിളിക്കുന്നതു പ്രകോപനപരമാണെന്നു പറഞ്ഞ് നവാസ് പൊലീസ് ശൈലിയിൽത്തന്നെ എസ്ഐയെ ‘നേരിട്ടു’. ചുമ്മാ പറഞ്ഞതാണെന്നായി എസ്ഐ. ഒടുവിൽ, ഇരുവരും കൈകൊടുത്താണു പിരിഞ്ഞത്.

മോന്തായം വളഞ്ഞാൽ...

പണി മോശമായാൽ ജോലിയിൽനിന്നു തരംതാഴ്ത്തുന്നതൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ, യോഗ്യതയില്ലാത്ത തസ്തികയിലേക്കു തരംതാഴ്ത്തുന്നത് ഒരു ചട്ടത്തിലുമില്ല. സിപിഎം നേതാവ് ചെയർമാനായ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനത്തിലാണ് ഈ കലാപരിപാടി. മാർക്കറ്റിങ് മാനേജരെ പിടിച്ചു പ്രൊഡക്‌ഷൻ മാനേജരാക്കിക്കളഞ്ഞു. ഏൽപിച്ച ചില ജോലികൾ കൃത്യമായി ചെയ്തില്ലെന്നു പറഞ്ഞാണു മാറ്റം. ‌
തരംതാഴ്ത്തലാണെങ്കിലും ശമ്പളം കുറച്ചില്ലെന്നതാണു കൗതുകം.

ശമ്പളം കുറച്ചാൽ സ്ഥാനമാറ്റം ചട്ടലംഘനമാണെന്നു പറഞ്ഞു കോടതിയിൽ പോയാലോ എന്ന ആശങ്കയിലാണ് അതു ചെയ്യാതിരുന്നത്. കസേര അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലെന്താ, ശമ്പളം കുറ‍ഞ്ഞില്ലല്ലോ എന്നതിനാൽ മാനേജർക്കും പരാതിയില്ല. 75 വയസ്സു കഴിഞ്ഞവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ഏൽപിക്കരുതെന്നു സർക്കാർ ഉത്തരവുള്ളപ്പോഴും ഈ സ്ഥാപനത്തിന്റെ ചെയർമാനു പ്രായം 81. മോന്തായം വളഞ്ഞ സ്ഥിതിക്കു കഴുക്കോൽ വളയരുതെന്ന് എങ്ങനെ പറയും!

offbeat-sketch

എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്

വ്യാഴാഴ്ച നിയമസഭയിൽ കുഞ്ചൻ നമ്പ്യാരുടെ ദിവസമായിരുന്നു. തെയ്യം, തിറ, മുടിയേറ്റ്, കാളിയൂട്ട് തുടങ്ങി ഒരുപാട് അനുഷ്ഠാനകലകൾ സഭയിൽ വിവിധ ഘട്ടങ്ങളിലായി അരങ്ങേറുന്ന പതിവുണ്ട്. ചിലപ്പോൾ വാളെടുത്തു വെളിച്ചപ്പാടാകുന്നവരെ നിയന്ത്രിക്കാൻ പറ്റാതെ സ്പീക്കർക്ക് അവരെ സസ്പെൻഡ് ചെയ്യേണ്ടി വരാറുമുണ്ട്. എന്നാൽ, ആദ്യമായാണ് കലക്കത്തു കുഞ്ചൻ നമ്പ്യാർക്കു നിയമസഭയിൽ ഓട്ടൻതുള്ളലും ചാക്യാർക്കൂത്തും അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്.

കുഞ്ചൻ നമ്പ്യാർ ജീവിച്ചിരിപ്പില്ലാത്തതിനാൽ അദ്ദേഹം പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകിയ കുഞ്ചൻ സ്മാരകം പ്രദീപ്, പി. കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ എന്നിവർക്കാണ് അദ്ദേഹത്തിന്റെ പ്രതിനിധികളായി നിയമസഭയുടെ ലോഞ്ചിൽ ഓട്ടൻതുള്ളലും കൂത്തും അവതരിപ്പിക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുമതി നൽകിയത്. സ്പീക്കറുടെ ഒറ്റപ്പാലം കണക്‌ഷനും ഇതിനു പ്രേരണയായിക്കാണാം. എന്തായാലും, പാലക്കാട്ടെ ലക്കിടിയിൽ നിന്നെത്തിയ കുഞ്ചൻ സ്മാരകം പ്രദീപ് കല്യാണസൗഗന്ധികത്തിലെ ‘‘നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന/ മർക്കടാ! നീയങ്ങു മാറിക്കിടാ ശഠാ’’ എന്നു പറയുമ്പോൾ ഇത് ആരെയുദ്ദേശിച്ചാണെന്ന് കേൾക്കുന്നവരിൽ സംശയമുണർന്നു.

‘‘ഒട്ടും വകതിരിവില്ലാത്ത/ വല്ലാത്ത കൂട്ടത്തിൽ പിറന്നു വളർന്നു നീ’’ എന്നു തുള്ളൽക്കാരൻ പാടിയപ്പോൾ പലരുടെയും പേരുകൾ കേൾവിക്കാരുടെ മനസ്സിൽ മിന്നിമറഞ്ഞു. ‘‘ചാട്ടത്തിൽ നിന്നു പിഴച്ചുപോയോ നിന്റെ/കൂട്ടത്തിൽ മറ്റാരുമില്ലാത്തതെന്തെടോ?’’ എന്നു തുള്ളൽക്കാരൻ തുള്ളിച്ചോദിച്ചപ്പോൾ സഭയിൽ ഇരിക്കുന്ന പലരെയും ഓർമ വന്നു.

ലൈറ്റർ കാത്തു!

പുകവലി ആരോഗ്യത്തിനു ഹാനികരമാണെങ്കിലും സിഗരറ്റ് ലൈറ്റർ ഉദ്ഘാടനത്തിനു മെച്ചമാണെന്ന് ഇന്നലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു മനസ്സിലായി. ഇന്നലെ, പല്ലന കുമാരകോടിയിൽ നവീകരിച്ച കുമാരനാശാൻ സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനവേദിയിലാണ് ഒരു തീപ്പെട്ടി ചതിച്ചത്. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എഴുന്നേറ്റു വിളക്കിനരികിലേക്കു നീങ്ങി. ഒപ്പം, പ്രതിപക്ഷ നേതാവടക്കം വേദിയിലുണ്ടായിരുന്ന മറ്റുള്ളവരും. എല്ലാവരും വിളക്കിനു ചുറ്റും അണിനിരന്നപ്പോഴാണ് പഴയ സിനിമ ഡയലോഗ് പോലെ ‘എവിടെ? തീപ്പെട്ടിയെവിടെ?’ എന്ന ചോദ്യം മുഴങ്ങിയത്.

മുഖ്യമന്ത്രി ചുറ്റുംനോക്കി. ഉദ്ഘാടനത്തിനു ഭദ്രദീപം കത്തിക്കാനുള്ള ചെറുവിളക്കിൽ തീ പകരാൻ തീപ്പെട്ടിയില്ല. വേദിയില‍ുണ്ടായിരുന്നവരോടെല്ലാം തീപ്പെട്ടിയുണ്ടോയെന്നു സംഘാടകർ ചോദിച്ചെങ്കിലും കിട്ടിയില്ല. ചോദ്യം സദസ്സിലേക്കെറിഞ്ഞു. ഭാഗ്യം! അവിടെ ഒരു പോക്കറ്റിൽ ഒരു സിഗരറ്റ് ലൈറ്റർ തെളിഞ്ഞു. ആ ലൈറ്ററിന്റെ നാളത്തിൽ കുമാരകോടിയിൽ നവീകരിച്ച സ്മൃതിമണ്ഡപത്തിൽ പുതിയ പ്രകാശം പരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com