ADVERTISEMENT

രോഗനിർണയത്തിലെ അന്തിമ പരിശോധനയാണു പതോളജിസ്റ്റ് ചെയ്യുന്നത്. രോഗനിർണയം സംബന്ധിച്ച അവസാന വാക്കും പതോളജിസ്റ്റിന്റേതാണ്. അതിനാൽ, തങ്ങളുടെ പരിശോധനയിൽ അതീവ സൂക്ഷ്മത പതോളജിസ്റ്റ് പുലർത്തും.എന്നാൽ, പതോളജി പരിശോധന സങ്കീർണമായ പ്രവൃത്തിയാണ്. മൈക്രോസ്കോപ്പിലൂടെ രോഗബാധിത കോശങ്ങളെ തന്റെ കണ്ണുകൊണ്ടു പതോളജിസ്റ്റ് നേരിട്ടു കണ്ടിട്ടാണു തിരിച്ചറിയുന്നത്. രണ്ടും രണ്ടും നാല് എന്ന് കൂട്ടിയെടുക്കുന്നതു പോലെ പതോളജിസ്റ്റിനു തീരുമാനം പറയാൻ സാധിക്കില്ല.

പരിശോധനയ്ക്കു ലഭിക്കുന്ന സാംപിളിൽ രോഗബാധിത കോശങ്ങൾ ഇല്ലാതെവരാം. അതുപോലെ, സാംപിളിൽ അർബുദമെന്നു തെറ്റിദ്ധരിപ്പിക്കുന്ന കോശങ്ങളുണ്ടാവാം. സാംപിൾ ശേഖരണവേളയിൽ രോഗബാധിത കോശങ്ങൾ അല്ലാതെ, സമീപകോശങ്ങളിൽ നിന്നുള്ള സാംപിൾ ലഭിച്ചിരിക്കാം. രോഗബാധിത മേഖലയിൽ നിന്നു വേണ്ടത്ര ആഴത്തിൽ സാംപിൾ എടുക്കാത്തതും ശരിയായ ഫലം ലഭിക്കുന്നതിനു തടസ്സമുണ്ടാക്കും. ഒരേ രോഗിയിൽനിന്നു ശേഖരിക്കുന്ന വ്യത്യസ്ത ബയോപ്സി സാംപിളുകൾ പല ലാബുകളിൽ പരിശോധിക്കുമ്പോൾ വ്യത്യസ്ത ഫലം ലഭിക്കുന്നത് ഇത്തരം സാഹചര്യങ്ങളാലാണ്.

എന്നാൽ, അറിവും അനുഭവപരിചയവും പരസ്പര ചർച്ചയും ഒരുമിപ്പിച്ചാൽ ഈ വെല്ലുവിളി മറികടക്കാം. ചികിത്സിക്കുന്ന ഡോക്ടറുടെ കണ്ടെത്തലുമായി പതോളജിസ്റ്റിന്റെ കണ്ടെത്തൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ തിടുക്കത്തിൽ തീരുമാനം പറയാറില്ല. ചികിത്സകനും പതോളജിസ്റ്റും പരസ്പരം ചർച്ച ചെയ്ത് അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ട്. പ്രതിസന്ധി മറികടക്കാൻ വീണ്ടും പരിശോധന നടത്താറുമുണ്ട്. ഉയർന്ന ആരോഗ്യസ്ഥാപനങ്ങളിൽക്കൂടി പരിശോധന നടത്തേണ്ട ആവശ്യമുണ്ടെന്നു മനസ്സിലാക്കിയാൽ അതിനു ശേഷമേ രോഗനിർണയം സ്ഥിരീകരിക്കാറുള്ളൂ.

കടുത്ത പാർശ്വ ഫലങ്ങളുള്ള മരുന്നുകളും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയും അടങ്ങുന്നതാണ് അർബുദ ചികിത്സ എന്നതിനാൽ, അത്തരം ഗുരുതരരോഗങ്ങളുടെ നിർണയത്തിൽ ഇത്തരം ശ്രദ്ധ എല്ലാവരും പുലർത്താറുണ്ട്. അതിനാൽ 100% ഉറപ്പുണ്ടെങ്കിൽ മാത്രമേ, അർബുദം സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകാറുള്ളൂ.

രോഗിക്ക് പൂർണ അവകാശം

രോഗിയിൽ നിന്നെടുക്കുന്ന സാംപിളുകളിൽ രോഗിക്കു പൂർണ അവകാശമുണ്ട്. അവ മറ്റൊരു ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്നുണ്ടെങ്കിൽ ആദ്യം പരിശോധന നടത്തിയ ലാബിൽനിന്നു തിരികെ വാങ്ങാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ കത്ത് നൽകിയാൽ ലാബിൽനിന്നു സാംപിൾ ലഭിക്കും.

(കോട്ടയം മെഡിക്കൽ കോളജ് പതോളജി വിഭാഗം മുൻ മേധാവിയാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com