ADVERTISEMENT

കാണുന്നതെല്ലാം വിശ്വസിക്കാൻ കഴിഞ്ഞെന്നുവരില്ല; കാണാത്ത പലതും വിശ്വസിക്കേണ്ടിയും വരും. ചില കാര്യങ്ങൾ കണ്ണുംപൂട്ടി വിശ്വസിക്കേണ്ടിവരും. കണ്ണു തുറന്നിരിക്കുമ്പോൾ കാണാനോ മനസ്സിലാക്കാനോ കഴിയാത്ത പല കാര്യങ്ങളും കണ്ണടച്ചിരിക്കുമ്പോഴാണു പിടികിട്ടുക

നേരിൽ കാണുന്നതിനെയെല്ലാം വിശ്വസിക്കുന്നവരും നേരിട്ടുകാണുന്നവയെ മാത്രം വിശ്വസിക്കുന്നവരും ഉൾക്കാഴ്‌ചയെ നിഷേധിക്കുന്നവരാണ്. കാണുന്ന കാഴ്‌ചകളിൽ എത്രയെണ്ണം അർധസത്യവും അസത്യവും അനാവശ്യവുമാണ്. വേർതിരിച്ചു കാണാൻ കണ്ണിനാകില്ല; മനസ്സിനു മാത്രമേ കഴിയൂ. കണ്ണു കാണുന്ന കാഴ്‌ചകളല്ല, മനസ്സു കാണുന്ന കാഴ്‌ചകളാണ് യാഥാർഥ്യവും പ്രചോദനാത്മകവും.

എല്ലാവരെയും അവിശ്വസിച്ച് എങ്ങനെയാണു ജീവിക്കുക? ആദ്യമായി കാണുന്നവരെപ്പോലും ചിലപ്പോൾ കണ്ണടച്ചു വിശ്വസിക്കേണ്ടി വരും. എന്നും കാണുന്നവരുടെ മുൻവിധികളോ പൊതുധാരണകളോ അപരിചിതർക്ക് ഉണ്ടാകില്ല. എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരാളും ഒന്നും നേടിയിട്ടില്ല. ഒരാളെ വിശ്വസിക്കുക എന്നതാകും അയാൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം. ഒരാളുടെ വിശ്വാസം നേടിയെടുക്കുക എന്നതാകും അയാളിൽ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി.

ചില സമയത്ത് രണ്ടും കൽപിച്ചു വിശ്വസിക്കുക എന്നതല്ലാതെ മറ്റൊരു മാർഗമില്ലാതെ വരും. വെളിച്ചത്തെ വിശ്വസിക്കുന്നവരുടേതല്ല, ഇരുട്ടിനെ വിശ്വസിക്കുന്നവരുടേതാണ് സന്നദ്ധതയും സാഹസികതയും. വിശ്വാസം ഉടലെടുക്കണമെങ്കിൽ സ്‌നേഹമുണ്ടാകണം. അത് കാണപ്പെടുന്നവയുടെ ഭംഗിയിലും ശേഷിയിലുമല്ല, കാണുന്നവന്റെ മനോഭാവത്തിലും മനോധൈര്യത്തിലുമാണ്. ഒരാൾ മറ്റൊരാളെ വിശ്വസിക്കാൻ തീരുമാനിച്ചാൽ എന്തു വിലകൊടുത്തും ആ വിശ്വാസം ശരിയാണെന്നു തെളിയിക്കേണ്ടത് അപരന്റെ ഉത്തരവാദിത്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com