ADVERTISEMENT

∙ സി.ആർ.പരമേശ്വരൻ: തങ്ങൾ ആർജിച്ച വിമോചനത്തെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ പ്രകടിപ്പിച്ച കമ്യൂണിസ്റ്റുകളും വിധ്വംസകതയിൽ അവരെ പിന്തുടർന്നുപോന്ന മറ്റു രാഷ്ട്രീയ പാർട്ടികളും കേരളത്തെ ഒരു സ്വാഭാവിക തകർച്ചയിലേക്കു നയിക്കുമായിരുന്നു.

ഈ തകർച്ച ഒഴിവാക്കിയത് എഴുപതുകളിൽ ഗൾഫിലേക്കു കപ്പൽ കയറിയ മലബാറിലെ അനഭ്യസ്തവിദ്യരായിരുന്നു. ഈ ചരിത്രസംഭവം ഉണ്ടായിരുന്നില്ലെങ്കിൽ സിപിഎം, ബംഗാളിനും എത്രയോ മുൻപേ പരിക്ഷീണമാകുമായിരുന്നു.

∙ ബാലചന്ദ്രൻ ചുള്ളിക്കാട്: ഈയിടെ ചില മാധ്യമങ്ങൾ എന്നെ ‘സാംസ്കാരിക നായകൻ’ എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാൻ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ, ഈ വിശേഷണം സഹിക്കാനാവുന്നില്ല.

ഞാൻ ഒരുതരത്തിലും മലയാളികളുടെ സാംസ്കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നൽകുന്ന മലയാളികളുടെ സാംസ്കാരിക നായകനാവാൻ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല.

∙ ടി.പത്മനാഭൻ: വായന ഇന്നു തുലോം വിരളമാണ്. പത്രങ്ങളും പുസ്തകങ്ങളും നന്നായി വിറ്റുപോകുന്നതുകൊണ്ട് വായന വർധിച്ചു എന്നർഥമില്ല. പുസ്തകങ്ങൾ വാങ്ങിയാൽ പോരാ, വായിക്കണ്ടേ?

∙ മനു എസ്.പിള്ള: വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ലേഖനമെഴുതുന്നതായിരുന്നു ഏതാനും വർഷം മുൻപത്തെ ഒരു ഫാഷൻ. അതൊരു അതിശയോക്തിയായിരുന്നു എന്നാണു ഞാൻ കരുതുന്നത്. വായന ജീവിച്ചിരിക്കുന്നു എന്നു മാത്രമല്ല, ആളുകൾ വായനയുടെ വിവിധ തലങ്ങളിലേക്കു കടക്കുകയും ചെയ്തു.

∙ ഡോ. തോമസ് ഐസക്: എനിക്കാകെയുള്ള സ്വത്തു പുസ്തകങ്ങളാണ്. പുസ്തക പര്യവേക്ഷണങ്ങളുടെ സ്ഥിര നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന കൂട്ടുപലിശയിലാണ് ഞാനിന്നും ജീവിക്കുന്നത്.

∙ ടൊവിനോ തോമസ്: യാത്ര ചെയ്യുമ്പോൾ ഒരു പുസ്തകമെങ്കിലും കയ്യിൽ കരുതും. ഒരു നടനെന്ന നിലയിലും സമൂഹജീവി എന്ന നിലയിലും എന്റെ ചിന്തയെയും ഭാവനയെയും പുസ്തകങ്ങൾ സ്വാധീനിക്കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളാണ് ഏറെ സ്വാധീനിച്ചിട്ടുള്ളത്.

∙ സുഭാഷ് ചന്ദ്രൻ: ഞാനൊരു വലിയ വായനക്കാരനല്ല. എനിക്ക് ആദരം തോന്നുന്ന എഴുത്തുകാരുടെ കൃതികൾ മാത്രം വായിക്കും. അതിനു ഭാഷാഭേദമില്ല. ലോകത്തുള്ള മികച്ച എഴുത്തുകളെ അടുത്തറിയാനുള്ള ശ്രമത്തിന്റെ, ആഗ്രഹത്തിന്റെ ഭാഗമാണത്.

∙ ശ്രീകുമാരൻ തമ്പി: എനിക്കു കിട്ടേണ്ടിയിരുന്ന പല അംഗീകാരങ്ങളും കിട്ടിയില്ലെന്ന് എന്റെ അഭ്യുദയകാംക്ഷികളായ ചിലർ പറയാറുണ്ട്. പത്മ പുരസ്കാരമാവണം അവർ ഉദ്ദേശിക്കുന്നത്. എന്റെ ഗുരുവും മലയാള സിനിമയുടെ കുലപതിയുമായ ഭാസ്കരൻ മാസ്റ്റർക്ക് കിട്ടാത്ത പത്മശ്രീ എനിക്കെന്തിന്? സംഗീത ചക്രവർത്തിയായ ദേവരാജൻ മാഷെ കയ്യൊഴിഞ്ഞ പത്മശ്രീ എനിക്കെന്തിന്?

∙ സേതു: വാസ്തവത്തിൽ ഈ ഹിന്ദിപ്രദേശക്കാർ എന്തിനീ ഭാഷാഭ്രാന്ത് കാണിക്കുന്നുവെന്നു ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഒരു പാഠ്യവിഷയമാക്കാതെ തന്നെ, തമിഴകത്തു ധാരാളം പേർ സ്വന്തം താൽപര്യത്തിൽ ഹിന്ദി പഠിക്കുന്നുണ്ടെന്നതാണു സത്യം. കാരണം, പല കാര്യങ്ങൾക്കും വേണ്ടി വടക്കുള്ളവരുമായി ഇടപെടേണ്ടി വരുന്നതുകൊണ്ട് ഹിന്ദി പഠിക്കുന്നതു പ്രയോജനകരമാകുമെന്ന് അവർക്കുതന്നെ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com