sections
MORE

കുഴിയടയാതെ റോഡുകൾ

SHARE

വികസനത്തിന്റെ പുതുകാലത്തെപ്പറ്റി ലോകം ചർച്ചചെയ്യുമ്പോൾ നിരത്തിലെ കുഴികളിൽ വീണു മരിക്കാനും നടുവൊടിയാനുമാണ് ഇപ്പോഴും കേരളീയരുടെ വിധി. ആയിരംവട്ടം ചർച്ച ചെയ്തിട്ടും തുറന്നുതന്നെ കിടക്കുകയാണവ. 

പൊതുമരാമത്തു വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള തർക്കം കാരണമാണു മഴക്കാലത്തു കേരളം നിരത്തിൽ കാലുതെന്നി വീഴുന്നത്.

തർക്കം പരിഹരിക്കാൻ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും 2 മാസമായി നടന്ന ചർച്ചകൾ ഇനിയും ഫലവത്തായിട്ടില്ല; റോഡ് വികസനപദ്ധതികളെല്ലാം അവതാളത്തിലായി. കഴിഞ്ഞദിവസം മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇതിന്റെ നേർചിത്രം നൽകുന്നതായിരുന്നു.

മഴക്കാലത്തു നിയന്ത്രണങ്ങൾ മറികടന്ന് ജല അതോറിറ്റി റോഡു പൊളിക്കുന്നതിൽ പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ തന്നെ അഴിമതി ആരോപിച്ചതു കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

നല്ല റോഡുകൾ വെട്ടിപ്പൊളിച്ചു നശിപ്പിക്കുന്നതിനു പിന്നിൽ വൻ അഴിമതിയാണെന്നും 3 വർഷം കൊണ്ട് 3000 കോടി രൂപയുടെ നഷ്ടം മരാമത്തു വകുപ്പിന് ഉണ്ടായെന്നുമാണ് മന്ത്രിയുടെ ആരോപണം.

ഇതേത്തുടർന്ന് മഴക്കാലത്തു റോഡ് പൊളിച്ചാൽ കർശന നടപടിയെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി ജല അതോറിറ്റിക്കു മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. റോഡുകൾ  വെട്ടിപ്പൊളിക്കുന്നതു പരിശോധിക്കുമെന്നു മന്ത്രി ജി. സുധാകരനും കഴിഞ്ഞദിവസം നിയമസഭയിൽ പറയുകയുണ്ടായി. 

ഇത്തരം പ്രഖ്യാപനങ്ങളുടെ അർഥരാഹിത്യം മനസ്സിലാക്കാൻ പൊതുമരാമത്തു മന്ത്രിയുടെ മണ്ഡലത്തിൽ നിന്നുതന്നെ തുടങ്ങുന്ന അമ്പലപ്പുഴ - തിരുവല്ല റോഡിലേക്കു നോക്കിയാൽ മതി.

ആറു മാസം മുൻപ് ഉന്നത നിലവാരത്തിൽ നിർമിച്ച ഈ റോഡ് വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയത് ജലവിതരണ പൈപ്പ് പുനഃസ്ഥാപിക്കാനായിരുന്നു.

മെട്രോ നഗരം എന്നഭിമാനിക്കുന്ന കൊച്ചിയിൽ മാത്രം തകർന്നു കിടക്കുന്നത് ഒരു ഡസൻ പ്രധാന റോഡുകളാണ്. പണി ടെൻഡർ വിളിക്കുന്ന ഘട്ടം മുതൽ ജല അതോറിറ്റിക്കുണ്ടായ വീഴ്ചയാണ് ഈ അവസ്ഥയ്ക്കു കാരണം. 

വർഷത്തിൽ  4 മാസത്തോളം മഴ പെയ്യുന്ന കേരളം പോലുള്ള സംസ്ഥാനത്ത്, വെള്ളത്തിൽ തകരാത്ത റോഡുകൾ നിർമിക്കാൻ വ്യക്തമായ കാഴ്ചപ്പാടും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും അനിവാര്യമാണ്. തിരഞ്ഞെടുപ്പു വന്നതാണ് ഇത്തവണ റോഡു വികസനം തകരാറിലാക്കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പെരുമാറ്റച്ചട്ടം വന്നതോടെ റോഡ് കുഴിക്കരുതെന്നു കലക്ടർമാർ ഉത്തരവിറക്കി.‌‌ തിരഞ്ഞെടുപ്പു കഴിഞ്ഞു നിയന്ത്രണം നീങ്ങിയതോടെ കാലവർഷത്തിന്റെ സൂചനയായി. ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെ റോഡ് കുഴിക്കുന്നതിനു നേരത്തേതന്നെ നിയന്ത്രണമുണ്ട്. ഇതോടെ പാതിയായ നിർമാണ ജോലികൾ അങ്ങനെത്തന്നെ കിടപ്പായി.

ചട്ടങ്ങളുടെ അഭാവമല്ല നിരത്തിനെ പാതാളക്കുഴിയാക്കുന്നത്. റോഡ് കുഴിക്കാൻ പ്രാഥമിക അനുമതി നൽകുന്നതു മരാമത്ത് വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരായ ‍എക്സിക്യുട്ടീവ് എൻജിനീയർമാരാണെങ്കിലും അന്തിമാനുമതി  കലക്ടർ അധ്യക്ഷനായ പ്രത്യേക സമിതിയുടേതാണ്. മരാമത്ത്, ജല അതോറിറ്റി, ബിഎസ്എൻഎൽ, കെഎസ്ഇബി, ട്രാഫിക് പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ സമിതിയിലുണ്ടാകും

ഒരേ റോഡിൽ വിവിധ വകുപ്പുകളുടെ പണി പലപ്പോഴായി നടത്തുന്നത് ഒഴിവാക്കാനാണിത്. 

പണി പൂർത്തിയായ റോഡുകൾ ഒരു വർഷത്തിനകം തകർന്നാൽ ബാധ്യത കരാറുകാരനാണെന്നു വ്യവസ്ഥയുണ്ട്. ഇതിനിടയിൽ മറ്റൊരു സർക്കാർ വകുപ്പ് റോഡ്‍ കുഴിച്ചാൽ കരാറുകാരൻ ബാധ്യതയിൽ നിന്ന് ഒഴിവാകും.

അതിനാൽ പുതിയ റോഡാണെങ്കിൽ വെട്ടിക്കുഴിക്കാൻ സമിതി അനുമതി നൽകാറില്ല. റോഡ് കുഴിക്കുമ്പോൾ അതു പഴയപടിയാക്കുന്നതിനുള്ള പണവും ബന്ധപ്പെട്ട വകുപ്പോ ഏജൻസിയോ മരാമത്തിനു നൽകേണ്ടതുണ്ട്. പക്ഷേ, വേണ്ടപ്പെട്ടവർ കണ്ണടയ്ക്കുന്നതോടെ ഈ ചട്ടങ്ങളെല്ലാം കടലാസിലൊതുങ്ങുന്നു.

മഴക്കാലം കഴിഞ്ഞാൽ ഓണവും ടൂറിസം സീസണുമാണ്. മറുനാടൻ നഗരങ്ങൾ റോഡിന്റെ കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധയും മികവും ഇനിയെങ്കിലും പകർത്താൻ കേരളം ശ്രമിക്കണം. അല്ലെങ്കിൽ അതു വിരുന്നെത്തുന്ന വിദേശ സഞ്ചാരികളെക്കൂടി അവഹേളിക്കലാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA