ADVERTISEMENT

സിപിഎമ്മിൽ സന്നദ്ധൻമാരുടെയും സന്നദ്ധകളുടെയും കാലമാണ്. പാർട്ടിയെ മൊത്തത്തിൽ ഒരു സന്നദ്ധ സംഘടനയാക്കി മാറ്റാനുള്ള അപൂർവാവസരമാണിത്.

ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള മുതൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെയുള്ളവർ പാർട്ടി പറഞ്ഞാൽ എന്തും ചെയ്യാൻ സദാപി സന്നദ്ധർ. പക്ഷേ പാർട്ടി അതൊന്നും അനുവദിക്കുന്ന പ്രശ്നമേയില്ല. 

ശ്യാമള ടീച്ചറെക്കുറിച്ചും എം.വി.ഗോവിന്ദൻ മാഷെക്കുറിച്ചും പാർട്ടിവിരുദ്ധർ പലതും പറയും. പക്ഷേ അതൊന്നും കണക്കിലെടുക്കേണ്ടതില്ല. അവരെല്ലാം ബിഎസ്ഐ മുദ്രയുള്ള കണ്ണൂർ ബ്രാൻഡ് കമ്യൂണിസ്റ്റുകളാണ്.

അത്തരക്കാർ സിപിഎം എന്നോ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയെന്നോ പറയാറില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്നേ പറയാറുള്ളൂ.

ഇതാണു ബിഎസ്ഐ മുദ്ര കിട്ടാനുള്ള അടിസ്ഥാന യോഗ്യത. സംശയമുള്ളവർ സഖാവ് ഗോവിന്ദൻ മാഷുടെ പ്രസംഗം ശ്രദ്ധിച്ചു കേൾക്കണം.

മാഷ് പറഞ്ഞുകേട്ടു ശീലിച്ചതായതു കൊണ്ടായിരിക്കണം ശ്യാമള ടീച്ചറും ഇതുതന്നെ പറഞ്ഞു പഠിച്ചത്. കൊമ്പൻ പോയ വഴിയേ തന്നെ മോഴയും അതിനു പിന്നാലെ പിടിയും പോകണമെന്നല്ലേ പ്രകൃതി നിയമം.

ആന്തൂരിൽ കൺവെൻഷൻ സെന്റർ പണിയുമ്പോൾ അതിന്റെ പരിസ്ഥിതി ആഘാതപഠനം നടത്താൻ രാജ്യാന്തര നിലവാരമുള്ള ഏജൻസികളെ ചുമതലപ്പെടുത്താതിരുന്നതു പ്രവാസി വ്യവസായിയുടെ ഒന്നാമത്തെ കുറ്റമാണ്.

അദ്ദേഹത്തിന് നൈജീരിയയിലെ കാര്യമേ പരിചയമുള്ളൂ. അവിടെ പരിസ്ഥിതിയൊന്നും നോക്കാതെ ആർക്കും എന്തും ചെയ്യാം. എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഇപ്പോൾ പ്രഥമ പരിഗണന പരിസ്ഥിതിക്കാണ്. 

പറശ്ശിനിക്കടവിലെ വാട്ടർ തീം പാർക്, വളപട്ടണത്തെ കണ്ടൽ പാർക്, മൊറാഴയിലെ ആയുർവേദ റിസോർട്ട് തുടങ്ങിയ പദ്ധതികൾക്ക് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ തുടങ്ങിയ ഘടാഘടിയൻമാരായ സംഘടനകളുടെ അനുമതി ലഭിച്ച ശേഷമാണു പാർട്ടി ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ നിരാക്ഷേപ പത്രം നൽകിയത്. ഈ പദ്ധതികൾക്കു പിന്നിലെല്ലാം പാർട്ടി നേതാക്കളും അവരുടെ മക്കളുമെല്ലാം ആയിരുന്നുവെന്നു കൂടി ഓർക്കണം. 

ഹൈസ്കൂളിൽ പഠിക്കുമ്പോൾ എസ്എഫ്ഐക്കു വോട്ട് ചെയ്തിട്ടുണ്ടെന്നോ ദേശാഭിമാനി പ്രചാരണ ക്യാംപെയ്നിൽ 4 പത്രം പിടിച്ചിട്ടുണ്ടെന്നോ വിചാരിച്ചു പാർട്ടിക്ക് അതിന്റെ നിലപാടുകളിൽ നിന്നു പിന്നോട്ടു പോകാൻ കഴിയില്ല.

അതുകൊണ്ടാണു സാജൻ പാറയിലിന്റെ കൺവെൻഷൻ സെന്ററിന് ഉടമസ്ഥാവകാശ രേഖ നിഷേധിച്ചത്. ഇതിനെ പ്രവാസി മലയാളിക്ക് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നിഷേധിച്ചുവെന്നു വ്യാഖ്യാനിക്കുന്നതു ശരിയല്ല. 

അധ്യക്ഷ പദവിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു 

ഡൽഹിയിലെ 24 അക്ബർ റോഡിൽ (എഐസിസി ആസ്ഥാനം) ഒരു താൽക്കാലിക തസ്തിക ഒഴിവുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 57 ഇഞ്ച് നെഞ്ചളവ്്, റഡാർ സാങ്കേതിക വിദ്യയിൽ പിഎച്ച്ഡി, വിപാസന ധ്യാനത്തിൽ ഹയർ ഡിപ്ലോമ തുടങ്ങിയവയാണ് അടിസ്ഥാന യോഗ്യത

നാഴികയ്ക്കു 40 വട്ടം ട്വീറ്റ് ചെയ്യാനുള്ള പരിജ്ഞാനം അധിക യോഗ്യതയായി കണക്കാക്കും. തോൽവികൾ ഏറ്റുവാങ്ങാനുള്ള ചങ്കുറപ്പും ഇന്റർവ്യൂ ബോർഡ് പരിഗണിക്കും.

യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയവയുടെ വിശദാംശങ്ങൾ എംപ്ലോയ്മെന്റ് ന്യൂസിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശമ്പളം ഈ മേഖലയിൽ ലഭ്യമാകുന്നതിൽ ഏറ്റവും മികച്ചതായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ തസ്തികയിൽ ജോലി ചെയ്തിരുന്നയാൾ ദീർഘകാല അവധിയിൽ പോകുന്നതാണ് ഒഴിവു വരാൻ കാരണം. എന്നുവച്ചു ദീർഘകാലത്തേക്കു നിയമനം പ്രതീക്ഷിക്കേണ്ട.

രാജ്യത്ത് എവിടെയെങ്കിലുമുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ സീനിയോറിറ്റി കൂടി പരിഗണിച്ചായിരിക്കും നിയമനം. 179 ദിവസമാണു നിയമന കാലാവധി. അതുകഴിഞ്ഞ് ഒരു ദിവസത്തെ സർവീസ് ബ്രെയ്ക്കിനു ശേഷം പുനർനിയമനത്തിനു സാധ്യതയുണ്ട്. 

എഐസിസിയിൽ നിന്നു തന്നെ ഡെപ്യൂട്ടേഷൻ വഴി ഒഴിവു നികത്താൻ ആലോചിച്ചതാണ്. എന്നാൽ പ്രമോഷൻ ആയിട്ടു പോലും ആരും തസ്തിക ഏറ്റെടുക്കാൻ തയാറാകാത്തതു കൊണ്ടാണ് യുപിഎസ്‌സി വഴി തസ്തിക നികത്താൻ തീരുമാനിച്ചത്.

ഇപ്പോൾ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാജ്യത്തു വിരളമായതിനാലും സേവന, വേതന വ്യവസ്ഥകൾ ആകർഷകമല്ലാത്തതിനാലും നിയമിക്കാൻ പറ്റിയ ഉദ്യോഗാർഥിയെ ലഭിക്കുമെന്ന് എഐസിസിക്കു വലിയ പ്രതീക്ഷയില്ല.

യോജിച്ച ആളെകിട്ടിയില്ലെങ്കിൽ രണ്ടുവട്ടം കൂടി പുനർവിജ്ഞാപനം ചെയ്ത ശേഷം സ്പെഷൽ റിക്രൂട്മെന്റ് വഴി തസ്തിക നികത്താനാണ് ആലോചന.

സ്റ്റോപ് പ്രസ്:  തെലങ്കാനയിലെ 18 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും കാലുമാറി ടിആർഎസിൽ ചേർന്നു. ടിഡിപിയുടെ 4 രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേർന്നു. 

കോൺഗ്രസിന്റെ അച്ഛേ ദിൻ വരാനിരിക്കുന്നതേയുള്ളൂ... 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com