ADVERTISEMENT

വർഷങ്ങളായി നഗരത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചർക്കു സ്ഥലംമാറ്റം കിട്ടിയത് ഉൾനാടൻ ഗ്രാമപ്രദേശത്തേയ്‌ക്കാണ്. കുട്ടികളെ അന്നു പഠിപ്പിക്കേണ്ടത് ഇംഗ്ലിഷിലെ ‘എസ്’ എന്ന അക്ഷരമായിരുന്നു.

ഒരു ചെമ്മരിയാടിന്റെ പടം കാണിച്ച് ഇത് എന്താണെന്ന‌ു കുട്ടികളോടു ചോദിച്ചു. ‘ഷീപ്’ എന്ന് ആരെങ്കിലും പറയുമെന്നു കരുതിയെങ്കിലും ആരും ഒന്നും മിണ്ടിയില്ല. ചോദ്യം പലതവണ ആവർത്തിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

ഇത്രയും അറിവില്ലാത്ത കുട്ടികളെയാണോ താൻ പഠിപ്പിക്കേണ്ടത് എന്നോർത്ത് നിരാശയോടെ ടീച്ചർ ഇരുന്നപ്പോൾ പിറകിൽനിന്ന് ഒരു കുട്ടി എഴുന്നേറ്റു ചോദിച്ചു: ഇത് ഇംഗ്ലണ്ടിൽ കാണപ്പെടുന്ന ലൈസ്റ്റർ വിഭാഗത്തിൽപെടുന്ന ആടല്ലേ. 

സ്വന്തം അറിവുകൾകൊണ്ട് മറ്റുള്ളവരുടെ അറിവിനോ, അനുഭവസമ്പത്തുകൊണ്ട് അവരുടെ അനുഭവങ്ങൾക്കോ വിലയിടരുത്. എല്ലാ അറിവുകൾക്കും പരിമിതികളുണ്ട്.

അവനവൻ ജീവിച്ച സാഹചര്യങ്ങളുടെയും കണ്ടുമുട്ടിയ ആളുകളുടെയും പരിചയിച്ച പുസ്തകങ്ങളുടെയും നടത്തിയ നിയന്ത്രിത ഗവേഷണങ്ങളുടെയും പ്രതലത്തിൽ നിന്നുകൊണ്ടാണ് ഓരോരുത്തരും തങ്ങളുടെ അറിവിനെക്കുറിച്ച് അഭിമാനം കൊള്ളുന്നതും വാചാലരാകുന്നതും. പരിചയിച്ചതിനപ്പുറത്തുള്ളതൊക്കെ ഒരു പരിധിവരെ അന്യമാണ്. 

അറിവില്ലാത്തത് പറഞ്ഞുകൊടുക്കുന്നതു മാത്രമല്ല അധ്യയനം. അറിഞ്ഞതിനു കൂടുതൽ മിഴിവു പകരുന്നതും അറിയേണ്ടതിനെ കണ്ടെത്തുന്നതും അറിയുന്നതിനെ അംഗീകരിക്കുന്നതും കൂടിയാണത്.  

ആകാരത്തിലുള്ളതാകില്ല അകത്തുള്ളത്. പ്രതീക്ഷിക്കുന്നതാകില്ല പ്രകടിപ്പിക്കുന്നത്. അനധികൃതമായി രൂപപ്പെടുത്തിയ ധാരണകളാണ് അപരന്റെ ആത്മാഭിമാനത്തിനു പോലും വിലപറയുന്നത്.

പ്രായമല്ല അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനം എന്ന തിരിച്ചറിവാണ് വളർച്ചയുടെ ആധാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com