sections
MORE

വീടു വയ്ക്കുന്നത് താമസിക്കാനാണ്

SHARE

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിലെ അവ്യക്തതകൾ മൂലം സംസ്ഥാനത്ത് ആയിരക്കണക്കിനു കെട്ടിട നിർമാണ അപേക്ഷകൾ വിവിധ ഓഫിസുകളിലായി കുടുങ്ങിക്കിടക്കുന്നതു ജനങ്ങളെ കണ്ണീരു കുടിപ്പിക്കുന്നു. 

സർക്കാർ നൽകിയ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ നിർമിച്ച വീടുകൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ, പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലേ അനുമതി നൽകാനാവൂ എന്നു പറഞ്ഞ്, അതിൽ തീരുമാനമെടുക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതുമൂലം കഷ്ടപ്പെടുന്നത് ഒട്ടേറെപ്പേരാണ്.

പുതിയ വീട്ടിൽ കയറിത്താമസിക്കാൻ നാലു വർഷത്തോളമായി കാത്തിരിക്കുന്ന അപേക്ഷകർ വരെയുണ്ട്. വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കു കെട്ടിടം നിർമിച്ചവരും ഇൗ അവ്യക്തതകൾ മൂലം ദുരിതത്തിലാണ്.

റവന്യു രേഖകളിൽ ഭൂമി ‘നിലം’ എന്നു രേഖപ്പെടുത്തിയതു കൊണ്ടുമാത്രം കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാതെ കാത്തിരിക്കുന്നവരുടെ എണ്ണം ഇതിലുമേറെയാണ്.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച മുഖ്യമന്ത്രിയോ സർക്കാരോ ഇതു കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. 75 വർഷത്തിലേറെ പഴക്കമുള്ള വീടു പൊളിച്ചു പുതിയ വീടുനിർമിച്ചാൽ പോലും കയറിത്താമസിക്കാൻ അനുമതി നിഷേധിക്കുകയാണ്.

നിയമത്തിന്റെ കാഠിന്യം അളക്കാനല്ല, ജനങ്ങളോടു മനുഷ്യത്വപരമായി പെരുമാറാനാണ് ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകേണ്ടത്. അതില്ലാത്തതുകൊണ്ടാണ് കണ്ണൂർ ആന്തൂരിലേതുപോലുള്ള നിർഭാഗ്യ സംഭവങ്ങളുണ്ടാകുന്നത്.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ലാണു നിലവിൽവന്നത്. ഈ നിയമത്തിൽ നിയമസഭ പാസാക്കിയ ഭേദഗതി നടപ്പാക്കാൻ തുടങ്ങിയതോടെയാണു സർവത്ര ആശയക്കുഴപ്പമായത്.

2008നു മുൻപു പരിവർത്തനം ചെയ്ത ഭൂമിയുടെ വിനിയോഗം സംബന്ധിച്ചാണു നിയമം. 2008ൽ കരയായി മാറിയെങ്കിലും ഡേറ്റാ ബാങ്കിൽ നിലമെന്നു തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഭൂമി കരഭൂമിയാക്കി അടിസ്‌ഥാന നികുതി റജിസ്‌റ്ററിൽ (ബിടിആർ) ഉൾപ്പെടുത്താൻ പുതിയ നിയമത്തിൽ അനുമതിയുണ്ട്. നിയമസഭ കഴിഞ്ഞ വർഷം ജൂണിലാണ് നിയമത്തിൽ ഭേദഗതികൾ പാസാക്കിയത്.

മാസങ്ങൾക്കുശേഷം ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽവന്ന് അധികം വൈകാതെ തിരഞ്ഞെടുപ്പുമെത്തി. ഇപ്പോൾ ഇൗ അപേക്ഷകൾ പരിശോധനയ്ക്കെടുത്തപ്പോഴാണ് ആശയക്കുഴപ്പം ഉണ്ടാവുന്നത്.

വീടുവയ്ക്കാൻ പകരം സ്ഥലമോ മറ്റൊരു വീടോ ഇല്ലാത്തവർക്കു നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ വീടുവയ്ക്കാൻ അനുമതിയുണ്ട്.

പഞ്ചായത്തു പ്രദേശങ്ങളിൽ 10 സെന്റും നഗരത്തിൽ അഞ്ചു സെന്റുമാണു പരിധി. ഇതനുസരിച്ചു വീടുവച്ചവരെയും ഫയലുകളുടെ നൂലാമാലകളിൽ കുടുക്കി അനുമതി നൽകാതിരിക്കുകയാണ്.

നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ഇന്നലെ സർക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

റവന്യു നിയമങ്ങളിൽ അടിക്കടി മാറ്റങ്ങൾ വരുത്തുന്നതു ഗുണപ്രദമാണോയെന്നു സർക്കാർ ആലോചിക്കുന്നതു നല്ലതാണ്. ഉത്തരവുകൾക്കാകട്ടെ, ഏകീകൃത സ്വഭാവമില്ല; എങ്ങനെ നടപ്പാക്കണമെന്ന നിർദേശവുമില്ല. അതുകൊണ്ടുതന്നെ ഒരു റവന്യു ഡിവിഷന്റെ കീഴിലുള്ള രീതിയല്ല മറ്റൊരിടത്ത്.

ഭൂമി തരംമാറ്റൽ വിഷയമായതിനാൽ വിജിലൻസ് കേസുകൾ ഭയന്ന് ആർഡിഒമാർ തീരുമാനമെടുക്കാൻ മടിക്കുന്നു. പ്രാദേശിക മേൽനോട്ട സമിതിക്കു തീരുമാനമെടുക്കാൻ കഴിയുന്ന ഫയലുകൾ പോലും ആർഡിഒയ്ക്ക് അയച്ചു താഴെത്തട്ടിൽ കൈകഴുകുന്നുമുണ്ട്.

കൃഷിഭൂമി സംരക്ഷിക്കാനും തണ്ണീർത്തടങ്ങൾ നികത്തുന്നത് ഇല്ലാതാക്കാനും വേണ്ടിയുണ്ടാക്കിയ നിയമം ജനങ്ങളുടെ വീടുവയ്ക്കാനുള്ള അവകാശത്തിനു വിലങ്ങുതടിയായിക്കൂടാ. നിയമം പാലിക്കപ്പെടുകതന്നെ വേണം.

എന്നാൽ, അതിന്റെ പേരിൽ ജനങ്ങൾക്ക് അവകാശപ്പെട്ട അനുമതികൾ ഒട്ടും വൈകാതെ നൽകാൻ ഉദ്യോഗസ്ഥർ തയാറാവുകയും വേണം. 

നിയമം നടപ്പാക്കുന്നതിൽ എന്തെങ്കിലും അവ്യക്തതകൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ എത്രയുംവേഗം മാർഗനിർദേശം നൽകിയേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA