ADVERTISEMENT

കൃഷിക്കാരന് ഒരിക്കൽ പരുന്തിന്റെ കൂട് വഴിയിൽ കിടന്നു കിട്ടി. എടുത്തു നോക്കിയപ്പോൾ അകത്ത് അപ്പോഴും ചൂട് നഷ്‌ടപ്പെടാതെ ഒരു മുട്ട. അദ്ദേഹം അതു വീട്ടിൽ വിരിയാൻ വച്ചിരിക്കുന്ന കോഴിമുട്ടകളുടെ കൂടെ വച്ചു.

കോഴിക്കുഞ്ഞുങ്ങളുടെ കൂടെ പരുന്തിൻകുഞ്ഞും പുറത്തുവന്നു. അതു മറ്റു കോഴികളുടെ കൂടെ മണ്ണിൽ ചികഞ്ഞ്, പുഴുക്കളെയും തിന്നു നടന്നു. കാലങ്ങൾക്കു ശേഷം അത് ഒരിക്കൽ മുകളിലേക്കു നോക്കി.

ഒരു വലിയ പക്ഷി മുകളിലൂടെ പറക്കുന്നതുകണ്ട് ആവേശപൂർവം അമ്മയോടു ചോദിച്ചു: അത് ആരാണ്? മുകളിലേയ്‌ക്കു നോക്കിയ അമ്മ പറഞ്ഞു: അത് പരുന്താണ്. അവൻ ആത്മഗതം ചെയ്‌തു: ഞാനും ഒരു പരുന്തായിരുന്നെങ്കിൽ...

യഥാർഥത്തിൽ ആരാണോ അതായിത്തീരാൻ കഴിയാത്തതാണ് യഥാർഥ പരാജയം. ഓരോ ജന്മവും ഓരോ നിയോഗമാണ്. അലഞ്ഞുതിരിയാനോ അനർഥമാകാനോ ഉള്ളതല്ല.

വർഷങ്ങളുടെ അനുഭവസമ്പത്തും ലോകപരിചയവും അവകാശപ്പെടുന്ന പലർക്കും സ്വയമാരെന്ന് അറിയില്ല എന്നതാണു ദുഃഖകരം. സ്വയം തിരിച്ചറിയുന്നവരുടെ എണ്ണം കൂടിയിരുന്നെങ്കിൽ ലോകം പതിന്മടങ്ങ് മികവുറ്റതും കർമനിരതവും ആയേനെ.

ഒരു കഴിവും ഇല്ല എന്നു പറഞ്ഞു വിശ്രമിക്കുന്നവരെല്ലാം സ്വന്തം കഴിവു കണ്ടെത്താത്തവരാണ്. ചെയ്യേണ്ട പണികൾ ചെയ്യുന്നതിനുപകരം കിട്ടുന്ന പണികൾ ചെയ്യുന്നു എന്നതാണ് പലരുടെയും നിവൃത്തികേട്.

സ്വന്തം ശേഷികൾ തിരിച്ചറിയാത്തവർക്ക് സ്വന്തം ഇഷ്‌ടങ്ങൾക്കനുസരിച്ച് ഒന്നും ചെയ്യാനാകില്ല, ആഹാരം പോലും അന്യന്റെ ഔദാര്യമാകും. 

എല്ലാറ്റിനോടും എളുപ്പം അനുരൂപപ്പെടുന്നവരാണ് ഏറ്റവും ശ്രേഷ്‌ഠർ എന്ന ചൊല്ലിന് ഒരു പോരായ്‌മയുണ്ട്. അങ്ങനെയുള്ളവർക്ക് ഒരിക്കലും സ്വന്തം അസ്തിത്വം കണ്ടെത്താനാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com