sections
MORE

പ്രളയത്തിൽ സകലതും നഷ്ടപ്പെട്ടവരോട് അധികൃതർ: പ്ലീസ്, ആ പണം തിരിച്ചു തരണം!

Rebuild-Kerala
SHARE

പ്രളയമുണ്ടായപ്പോൾ അരയും തലയും മുറുക്കി കേരളം തോളോടു തോൾ ചേർന്നുനിന്നു; മഹാദുരന്തത്തിൽനിന്നു ചവിട്ടിക്കയറാൻ നമ്മൾ പരസ്പരം തോളുകൾ നൽകി. പക്ഷേ, പ്രളയമൊഴിഞ്ഞ്, പുനരുദ്ധാരണത്തിന്റെയും പുനഃസൃഷ്ടിയുടെയും സമയമായപ്പോൾ ഔദ്യോഗിക സംവിധാനം പതിവുപോലെ  ഉറക്കംതൂങ്ങുന്നു. എത്ര ഉദാസീനമായാണ് നമ്മൾ നവകേരളം സൃഷ്ടിക്കാനിറങ്ങിയിരിക്കുന്നതെന്നു കാട്ടിത്തരും ഈ കാഴ്ചകൾ!  

സകലതും പ്രളയത്തിൽ നഷ്ടപ്പെട്ട് തകർന്നുനിൽക്കുന്ന മനുഷ്യരോടാണ് അധികൃതരുടെ ഈ പറച്ചിൽ. അങ്ങോട്ടു തന്നത് തിരിച്ചു തരണം! ദുരിതാശ്വാസ വിതരണം എത്ര ഉദാസീനമായാണു നടത്തിയതെന്നു തെളിയിക്കുന്നതാണ് എറണാകുളം ജില്ലയിലെ ഈ അനുഭവം. വീടുകളുടെ നാശത്തിന് 5 സ്ലാബുകളിലായാണ് സർക്കാർ നഷ്ടപരിപരിഹാരം നൽകുന്നത്.

തകരാർ 14  % വരെയാണെങ്കിൽ നഷ്ടപരിഹാരമില്ല. 15% വരെ 10,000 രൂപ, 16 മുതൽ 29 ശതമാനം വരെ 60,000 രൂപ, 30 മുതൽ  59 ശതമാനം വരെ 1.25 ലക്ഷം രൂപ, 60 മുതൽ 74 ശതമാനം വരെ 2.50 ലക്ഷം രൂപ. അതിനു മുകളിൽ 4 ലക്ഷം രൂപ. എറണാകുളം ജില്ലയിൽ ഈ കണക്കുകളൊക്കെ മാറിമറിഞ്ഞു. തകരാർ ഏറ്റവും കുറഞ്ഞ 2 സ്ലാബുകളിൽ വരേണ്ട മുന്നൂറിൽപരം പേർക്ക് ഏറ്റവും ഉയർന്ന 2 സ്ലാബുകളിലെ നഷ്ടപരിഹാരമാണ് അക്കൗണ്ടിൽ വന്നത്. 7 കോടിയോളം രൂപ ഈയിനത്തിൽ അധികം നൽകിയതായാണു കണക്കാക്കുന്നത്.

സോഫ്റ്റ്‌‌വെയറിന്റെയും നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെയും പിഴവാണെന്നാണ് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. പിഴവു തിരിച്ചറിഞ്ഞപ്പോൾ തന്നെ, തുക അപേക്ഷകർ പിൻവലിക്കാതിരിക്കാനും അധികതുക തിരിച്ചുപിടിക്കാനും നെട്ടോട്ടമായി. മൂന്നരക്കോടിയോളം രൂപ ഇങ്ങനെ തിരിച്ചുപിടിച്ചു. പിൻവലിച്ചവരിൽനിന്ന്, ഉദ്യോഗസ്ഥർ അനുനയവും അൽപം ഭീഷണിയുമൊക്കെ പ്രയോഗിച്ച് 1.75 കോടി രൂപ കൂടി തിരിച്ചുപിടിച്ചു. ബാക്കി 1.75 കോടി രൂപ തിരിച്ചുപിടിക്കാനുളള ശ്രമം തുടരുകയാണ്. ഇതിനായി പ്രത്യേക സംഘത്തെത്തന്നെ നിയോഗിച്ചിട്ടുണ്ട്. 

ഇങ്ങോട്ട് ചോദിച്ചപ്പോൾ അനങ്ങിയില്ല; ഇനി ഡൽഹിയിൽ സമ്മേളനം

പ്രളയക്കെടുതിയിൽപെട്ട കേരളത്തിനു വിദേശരാജ്യങ്ങളിൽനിന്നു സഹായമെത്തിക്കാമെന്ന യുഎൻ വാഗ്ദാനത്തോടു 2 മാസത്തോളം സർക്കാർ പ്രതികരിച്ചില്ല. എന്നാലിപ്പോൾ, പ്രളയം കഴിഞ്ഞ് ഒരു കൊല്ലമാകാറാകുമ്പോൾ, ഫണ്ടിങ്ങിനായി വിവിധ രാജ്യാന്തര ഏജൻസികളുടെ യോഗം ഡൽഹിയിൽ വിളിച്ചുകൂട്ടാൻ ഒരുങ്ങുകയാണ്. 

പ്രളയമുണ്ടായ 2018 ഓഗസ്റ്റ് മാസത്തിൽത്തന്നെ സഹായമഭ്യർഥിച്ച് യുഎൻ റസിഡന്റ് കോ ഓർഡിനേറ്റർ യൂറി അഫാനിസീവ് 30 രാജ്യങ്ങൾക്കു കത്തെഴുതി. ഇതിനു പിന്നാലെ ഇക്കാര്യം സംസ്ഥാന സർക്കാരിനെയും കത്തു മുഖേന അറിയിച്ചു. പക്ഷേ, കേരളത്തിന്റെ മറുപടി ലഭിക്കാതിരുന്നതിനാൽ തുടർനടപടിയുണ്ടായില്ല.

വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയത്തെക്കുറിച്ചുള്ള ആശങ്കയാണ് കേരളത്തിന്റെ മറുപടി വൈകിച്ചത്. എന്നാൽ, യുഎൻ വഴി പണം സ്വീകരിക്കുന്നതിനു നയപരമായി തടസ്സമുണ്ടായിരുന്നില്ല. 

‌‌ബാങ്കുകൾ തുലച്ച ഉജ്ജീവന പദ്ധതി

ജീവനോപാധികൾ നശിച്ച കർഷകർക്കും കച്ചവടക്കാർക്കും കൈത്താങ്ങായി സർക്കാർ തുടങ്ങിവച്ച ഉജ്ജീവന വായ്പാ പദ്ധതി,  ബാങ്കുകളുടെ നിസ്സഹകരണം മൂലം പാളംതെറ്റി. പ്രളയത്തിൽ 5,355 ചെറുകിട യൂണിറ്റുകൾക്ക് 1,415 കോടി രൂപയുടെയും 16,061 കടകൾക്ക് 624 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണു കണക്ക്. തകർന്ന സംരംഭങ്ങൾ പുനരാരംഭിക്കാൻ ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്‌പകൾക്കു ദുരിതാശ്വാസനിധി വഴി ധനസഹായം നൽകാനാണ് ഉജ്ജീവന ലക്ഷ്യമിട്ടത്.

മാർജിൻ മണി, വായ്പാ പലിശയിൽ ഇളവ്, താങ്ങു പലിശ എന്നിങ്ങനെ വിവിധതല സഹായമായിരുന്നു ലക്ഷ്യം. എന്നാൽ, മേയ് അവസാനം വരെയുള്ള കണക്ക് പ്രകാരം സഹായം ലഭിച്ചത് വെറും 298 യൂണിറ്റുകൾക്കു മാത്രം. ലോണായി നൽകിയത് 21.03 കോടി രൂപയും! സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ വായ്പ നൽകാമെന്ന് ഉറപ്പു നൽകിയ ബാങ്കുകൾ പിന്നാക്കം പോകുകയായിരുന്നു.

കുറിച്യർമല സ്കൂളിലെ സങ്കടപാഠാവലി 

lp school

പ്രളയത്തിൽ മണ്ണും കല്ലും മരങ്ങളും വന്നിടിഞ്ഞുമൂടി നശിച്ചതാണു കുറിച്യർമല ഗവ. എൽപി സ്കൂൾ. ഇപ്പോൾ സമീപത്തെ മദ്രസക്കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായി ഒരു വർഷമാകുമ്പോഴും സ്കൂളിനു സ്വന്തമായി കെട്ടിടനിർമാണം പോലും ആരംഭിച്ചിട്ടില്ല. 

കുറിച്യർമലയോടു ചേർന്ന് 3 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിനു സ്ഥലം വാങ്ങാൻ പണം അനുവദിക്കാനാവില്ലെന്ന   കാരണത്താൽ നടപടികൾ ഇഴയുകയാണ്. പ്രത്യേക ഉത്തരവ് ഇറങ്ങിയാൽ മാത്രമേ  ഇനി ഭൂമി ഏറ്റെടുക്കാനാവൂ. 

പ്രളയത്തിന്റെ ‘റജിസ്റ്റർ’ 

കുട്ടനാട്ടിലെ പുളിങ്കുന്ന് സബ് റജിസ്ട്രാർ ഓഫിസ് പ്രളയത്തിൽ മുങ്ങിപ്പോയതാണ്. രേഖകളും കംപ്യൂട്ടറും ഉൾപ്പെടെ നശിച്ചു. മാസങ്ങളോളം അധികൃതർ തിരിഞ്ഞുനോക്കിയില്ല. വാർത്തയായതോടെ ഈയിടെ ഉപകരണങ്ങൾ ലഭ്യമാക്കി. എന്നാൽ, ഇതുവരെ അതു പൂർണമായി ഇൻസ്റ്റാൾ ചെയ്തിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഓഫിസിലേക്കു പുതിയതായി ഉദ്യോഗസ്ഥരെത്താൻ മടിക്കുന്നു.

2 മാസം മുൻപു സ്ഥലം മാറിപ്പോയ സബ് റജിസ്ട്രാർക്കു പകരം ആളെത്തിയിട്ടില്ല. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ നിന്നുള്ളവർ റജിസ്ട്രേഷൻ നടപടികൾക്ക് ആശ്രയിക്കുന്ന ഓഫിസാണ്. 

ഇനി വരില്ലൊരു കത്തു പോലും

aa

പ്രളയകാലത്ത് പത്തനംതിട്ട റാന്നിയിൽ ഒട്ടുമിക്ക സർക്കാർ ഓഫിസുകളും വെള്ളത്തിലായിരുന്നു. അക്കൂട്ടത്തിൽ മുങ്ങിപ്പോയ അങ്ങാടി പോസ്റ്റ് ഓഫിസ് ആ ഒഴുക്കിൽപെട്ടങ്ങു പോയി! സംഗതി നിർത്തലാക്കി, റാന്നി പോസ്റ്റ് ഓഫിസിലേക്കു മാറ്റി സ്ഥാപിച്ചു. സ്ഥലം ലഭിക്കാത്തതിനാൽ പോസ്റ്റ് ഓഫിസ് നിർത്താൻ നിർദേശിച്ച് പോസ്റ്റ് മാസ്റ്റർ ജനറലിന് അപേക്ഷ നൽകിയിട്ടുണ്ട്.  

ഇനിയൊരു പേമാരി പെയ്താൽ? 

വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും വെള്ളമുയർന്ന പരമാവധി നിരപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ രേഖപ്പെടുത്തണമെന്ന് ഉത്തരവിറങ്ങിയത് 2018 സെപ്റ്റംബർ ആറിനാണ്. എന്നാൽ, തൃശൂർ ജില്ലയിൽ വ്യാപകമായി രേഖപ്പെടുത്തൽ നടന്നെങ്കിലും എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

പ്രളയമുണ്ടായ നാടുകളിൽ ആദ്യം ചെയ്യുന്ന അടിസ്ഥാന കാര്യമാണ് ‘ഫ്ലഡ് മാർക്കിങ്’ എന്ന ഈ രീതി. അതുപോലും കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല; ജനങ്ങൾ സ്വന്തം നിലയ്ക്കു വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ഏറ്റവുമുയർന്ന ജലനിരപ്പ് രേഖപ്പടുത്തിയതൊഴിച്ചാൽ.  

 പമ്പയാറൊഴുകും,  ഇനിയും

ആലപ്പുഴയിൽ ഏറെ ദുരിതമനുഭവിച്ച കുട്ടനാട്ടിലെ മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം പഠിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെ ഒരു പഠനറിപ്പോർട്ടും തയാറായിട്ടില്ല. കുട്ടനാട്ടിൽ പ്രളയം ഇത്രയും ബാധിക്കാൻ കാരണം പലയിടത്തും ഇടത്തോടുകളും കനാലുകള‍ും കയ്യേറിയതും ഒഴുക്കു നിലച്ചതുമാണ്. ഇതു പരിഹരിക്കാനും നടപടിയായിട്ടില്ല. 

ചെങ്ങന്നൂരിൽ പമ്പയാർ ഒഴുകുന്ന വഴിയിൽനിന്നു വെള്ളം കരകവിഞ്ഞാണ് വലിയ നാശമുണ്ടാക്കിയത്. പമ്പയാർ എവിടെയൊക്കെ കരകവിയുമെന്നോ നിറഞ്ഞൊഴുകുന്ന വെള്ളം ഏതു വഴി എവിടെയൊക്കെ എത്തുമെന്നോ ഇനിയും പഠനം നടത്തിയിട്ടില്ല. 

 കാട്ടിലെ പാറ,  ആരുടെയോ ആന 

പത്തനംതിട്ടയെ പ്രളയത്തിൽ മുക്കിയതിൽ മുഖ്യ പങ്ക് ശബരിഗിരി പദ്ധതിയിലെ ആനത്തോട് ഡാമിനാണ്. ഈ ഡാമിൽനിന്നു പുറത്തേക്കു വെള്ളമൊഴുകുന്ന സ്ഥലം ഇന്ന് ഒരു കരിങ്കൽ ക്വാറി പോലെയാണ്. കൂറ്റൻ പാറകൾ പൊട്ടിച്ചിതറി കൽക്കൂനകളായി കിടക്കുന്നു. ഇനിയൊരു കുത്തൊഴുക്കുണ്ടായാൽ ഡാമിന് എതിർവശമുള്ള ഹെക്ടർ കണക്കിനു വനം അപ്പാടെ ഒഴുകിപ്പോകും.

വലിയ മലയിടുക്കുകൾ അസ്ഥിവാരം ഇളകി നിൽക്കുന്നതിനാൽ അടുത്തൊരു പ്രളയം സങ്കൽപിക്കാൻ പോലും കഴിയാത്തത്ര ദുരന്തം വിതയ്ക്കുമെന്നാണു ഭയം. പമ്പാ ത്രിവേണിക്കു താഴെ ജനവാസമേഖലകളിൽ കൃഷിഭൂമിയിൽ മണലടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. മണൽ മാറ്റാൻ തുനിഞ്ഞാൽ വനംവകുപ്പുകാരും റവന്യു അധികൃതരും ചാടിവീഴും: മണൽ സർക്കാരിന്റേതാണ്, തൊട്ടാൽ കേസാകും! 

പമ്പാ ത്രിവേണി മൂടിയ മണൽ യന്ത്രസഹായത്തോടെ കൂട്ടിയിട്ടെങ്കിലും ലേല നടപടി പൂർത്തിയായിട്ടില്ല. പമ്പയിൽനിന്നു നേരിട്ടു മണലെടുക്കാൻ ആളുകളെ കിട്ടുന്നില്ല. ഇതിനിടെ മഴ ശക്തമായതോടെ കൂട്ടിയിട്ട മണൽ ഒഴുകിപ്പോകാൻ തുടങ്ങിയിട്ടുണ്ട്. ഇവ പമ്പയാറിലൂടെ ഒഴുകി വീണ്ടും താഴേക്കെത്തും. മണലിൽ  20,000 ഘനമീറ്റർ ദേവസ്വം ബോർഡിനു സൗജന്യമായി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. പക്ഷേ, സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം ഒന്നും നടന്നില്ല! 

തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, സന്തോഷ് ജോൺ തൂവൽ, എസ്.വി. രാജേഷ്, മിന്റു പി .ജേക്കബ്, വി.ആർ. പ്രതാപ്, എം.എ. അനൂജ് , ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ് 

ചിത്രങ്ങൾ: റസൽ ഷാഹുൽ, ജാക്സൺ ആറാട്ടുകുളം.

സങ്കലനം: കെ.ടോണി ജോസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA