ADVERTISEMENT

മറ്റുള്ളവരെ മരണത്തിൽനിന്നു രക്ഷിക്കുന്നതിനു വേണ്ടി സ്വജീവൻ സമർപ്പിക്കുന്നവർ മനുഷ്യജീവിതത്തിന്റെ മഹനീയത എന്തെന്നു ലോകത്തെ അറിയിക്കുന്നു. അവരിലൂടെയാണു നാം സ്‌നേഹത്തിന്റെയും നന്മയുടെയും നിസ്വാർഥതയുടെയും നിർവചനം പൂർണമായി മനസ്സിലാക്കുന്നത്.

മൂവാറ്റുപുഴ കടാതി വിവേകാനന്ദ വിദ്യാലയത്തിലെ രേവതി എന്ന അധ്യാപിക ജീവൻ വെടിയുമ്പോൾ അമൂല്യമായ ഒരു ത്യാഗസന്ദേശം നമുക്കുമുന്നിൽ ബാക്കിയാവുന്നു. മക്കളെപ്പോലെ സ്നേഹിച്ച വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ നൽകുകയായിരുന്നു രേവതി. വിദ്യാലയത്തിലെ യോഗാദിന ചടങ്ങുകൾക്കിടയിലേക്കു പാഞ്ഞുകയറിയ കാറിനു മുന്നിൽനിന്നു കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ, തലയ്ക്കും നട്ടെല്ലിനും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ രേവതി തിങ്കളാഴ്ചയാണു മരിച്ചത്.

നിയന്ത്രണം വിട്ടെത്തിയ കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ തള്ളിമാറ്റുന്നതിനിടെ നിലത്തേക്കു വീണ രേവതിയെ കാർ ഇടിച്ചു തെറിപ്പിച്ചപ്പോഴും ‘ഓടിമാറൂ മക്കളേ...’ എന്നു നിലവിളിക്കുകയായിരുന്നു ആ അധ്യാപിക. ആശുപത്രിയിലായ രേവതി ഇടയ്ക്കു ബോധം തെളിഞ്ഞപ്പോഴും അന്വേഷിച്ചതു വിദ്യാർഥികളുടെ കാര്യമായിരുന്നു.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൽപ്രവൃത്തികളിലൊന്നായ അധ്യാപനത്തിന്റെ മഹനീയതയ്ക്ക് അപാരമായ ആഴവും അർഥവും പകരുകയാണ് ഈ ഇരുപത്തിയേഴുകാരിയുടെ ത്യാഗം. ഒട്ടേറെ വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുമായിരുന്ന ദുരന്തം ഈ അധ്യാപികയുടെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒഴിവായത്.

അക്ഷരവെളിച്ചത്തിനൊപ്പം, കുട്ടികൾക്കു ജീവിതമൂല്യങ്ങളുടെ ഏറ്റവും വിശിഷ്ടമായ പാഠംകൂടി പകരാനായത് രേവതിയെ അനശ്വരയാക്കുന്നു. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ രേവതി ജീവിതത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളോടെയാണ് അധ്യാപികയായി എത്തിയതെന്നത് ഈ മരണത്തെ നാടിന്റെ മുഴുവൻ സങ്കടമാക്കുകയും ചെയ്യുന്നു. മൂന്നു വയസ്സുകാരിയായ സ്വന്തം മകളെ അമ്മയില്ലാക്കുട്ടിയാക്കിയാണു രേവതി കടന്നുപോകുന്നത്.

ഈ കുഞ്ഞിന് ആശ്രയമാവേണ്ടത് ഇനി സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. പത്തു വർഷം മുൻപ് ചെന്നൈയിൽനിന്നു കേട്ട്, ഇനിയും നാം മറക്കാത്ത ഒരു കഥയിലും അധ്യാപികയുടെ ജീവത്യാഗമാണുള്ളത്. ഏഴു നഴ്സറിക്കുരുന്നുകളെ ജീവന്റെ തീരത്തേക്കടുപ്പിച്ചതിനു ശേഷം മരണത്തിന്റെ നിലയില്ലാക്കയത്തിലേക്കു താഴ്ന്ന അധ്യാപികയുടെ കഥയാണത്. വേദാരണ്യത്തു ക്ഷേത്രക്കുളത്തിലേക്കു മറിഞ്ഞ സ്‌കൂൾ വാനിൽ കുടുങ്ങിക്കിടന്ന വിദ്യാർഥികളെ രക്ഷപ്പെടുത്താൻ അധ്യാപികയായ സുഗന്ധി അവസാന ശ്വാസംവരെ ശ്രമിച്ചു.

ഏഴു കുഞ്ഞുങ്ങളെ കരയ്‌ക്കെത്തിച്ചശേഷം അടുത്തയാളെ തേടി വെള്ളത്തിൽ മുങ്ങിയ സുഗന്ധി പിന്നെ ജീവിതത്തിലേക്ക് ഉയർന്നില്ല. രേവതിയുടെ ആത്മത്യാഗം സിസ്റ്റർ ലിനിയെ ഓർമിപ്പിക്കുന്നുമുണ്ട്.

സമർപ്പിതമായ ആതുരസേവനത്തിന്റെ പര്യായപദമായി മാറിക്കഴിഞ്ഞു, ഇതിനകം ലിനി എന്ന പേര്. നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗിയായിത്തീർന്ന ഈ നഴ്സിന്റെ മരണം എന്നും നമുക്കൊപ്പമുള്ള സ്നേഹാദരസ്മൃതിയാണ്. ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമൊക്കെയടങ്ങുന്ന ശുശ്രൂഷാസമൂഹത്തിന്റെ സേവനക്ലേശം ഓർമിക്കപ്പെടാനും ആദരിക്കപ്പെടാനും സ്വന്തം ജീവബലികൊണ്ടു നിമിത്തമാവുകയുമായിരുന്നു, ലിനി.

ഈ പ്രചോദനജീവിതങ്ങളുടെ പ്രകാശത്തിനപ്പുറത്ത്, ഇവരുടെ കരുണാഹൃദയം പറയുന്ന ലളിതമായൊരു സത്യമുണ്ട്: മനുഷ്യനന്മ നിസ്വാർഥവും അതിരില്ലാത്തതുമാകുന്നു. മറ്റുള്ളവരുടെ ജീവിതവാതിൽ അടയാതിരിക്കാൻ ജീവത്യാഗം ചെയ്‌ത രേവതി എന്ന അധ്യാപിക കേരളത്തിന്റെ മനസ്സിൽ ചൈതന്യതാരമായി എന്നുമുണ്ടാവും, തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com