ADVERTISEMENT

ഫുട്‌ബോൾ മത്സരം നടക്കുകയാണ്. കളി കാണാൻ കുറച്ചു വൈകിയെത്തിയ വയോധികൻ അവിടുണ്ടായിരുന്ന കുട്ടിയോടു ചോദിച്ചു, ആരാണു മുന്നിട്ടു നിൽക്കുന്നത്? അവൻ പറഞ്ഞു, അവർ 3, ഞങ്ങളുടെ ടീം –0. ‘എന്നിട്ട് തോൽക്കാൻ പോകുന്നതിന്റെ നിരാശയൊന്നും നിന്റെ മുഖത്തില്ലല്ലോ’ – വയോധികൻ.

കുട്ടി പറഞ്ഞു, ‘എനിക്കു ഞങ്ങളുടെ ടീമിൽ വിശ്വാസമുള്ളതുകൊണ്ടു നിരാശയില്ല. പിന്നെ, അവസാന വിസിലിനു മുൻപ് എന്തിനാണ് തോറ്റു എന്നു തീരുമാനിക്കുന്നത്’. എല്ലാവരെയും അദ്ഭുതപ്പെടുത്തി അവന്റെ ടീം നാലിനെതിരെ 5 ഗോളുകൾക്കു വിജയിച്ചു. പാതിവഴിയിൽ തോറ്റു പിന്മാറുന്നത് തുടക്കത്തെയും ഒടുക്കത്തെയും ഒരുപോലെ അവഹേളിക്കലാണ്.

ഇടയ്‌ക്കുവച്ച് ഇടറിവീഴാനാണെങ്കിൽ പിന്നെന്തിനാണു തുടക്കം കുറിച്ചത്? അവസാനിപ്പിക്കാനൊരു കാരണം തേടുന്നതിനൊപ്പം, തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചുകൂടി ചിന്തിക്കണം. തോൽക്കാതെ തോൽവി സമ്മതിക്കുന്നതാണ് തോൽവിയെക്കാൾ വലിയ തെറ്റ്. അവസാനം വരെ പോരാടുന്നവന് ഒരു കച്ചിത്തുരുമ്പു ലഭിക്കാതിരിക്കില്ല.

കീഴടങ്ങാൻ മനസ്സില്ലാത്തവനു മുന്നിൽ പ്രകൃതിയും വിധിയുമെല്ലാം അവസാനം കീഴടങ്ങും. തോറ്റുവെന്ന് സ്വയം തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ ആർക്കും ഒന്നും ചെയ്യാനാകില്ല. എന്തിനാണ് സ്വയം വിസിലൂതി നേരത്തേതന്നെ വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത്? പാതി സമയത്തിന്റെ അർഥം, ഇനി പാതിസമയം കൂടിയുണ്ട് എന്നാണ്.

ഇടവേളകളിൽ ഉണ്ടാകേണ്ടത് ഇച്ഛാഭംഗമോ വിഷാദമോ അല്ല, പുതിയ ചുവടുവയ്‌പുകളുടെ ആസൂത്രണമാണ്. എന്തുകൊണ്ടു പിന്നിലേക്കു പോകുന്നു എന്നതിന്റെ ഉത്തരം കണ്ടെത്തലാണ് മുന്നോട്ടു പോകുന്നതിനുള്ള ആദ്യപടി. പിന്നെ, തിരുത്താനുള്ള തന്റേടവും തോൽക്കില്ലെന്ന നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ അവസാന നിമിഷാർധത്തിലും അപ്രതീക്ഷിതമായ ചില മുന്നേറ്റങ്ങളുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com