കണ്ണീരുതോരാപ്പാടങ്ങൾ; മറക്കരുത്, ആ കടലാസുകളിൽ ഓരോ ജീവിതമുണ്ട്

kuttanad
കുട്ടനാട് പ്രളയകാലത്ത്. (ഫയൽ ചിത്രം)
SHARE

പ്രളയദുരിതത്തിന്റെ കണക്കെടുപ്പു മുതലുള്ള പാളിച്ചകളുടെ അനന്തരഫലമാണ് ഇപ്പോൾ പ്രവഹിക്കുന്ന ദുരിതബാധിതരുടെ അപ്പീലുകൾ. അപ്പീൽ സമർപ്പിക്കാനുള്ള തീയതി പലതവണ നീട്ടേണ്ടിവന്നതും അതുകൊണ്ടാണ്. തുടക്കത്തിൽ 2018 നവംബർ 20 വരെയായിരുന്നു അപ്പീൽ കാലാവധി. പിന്നീട് ഡിസംബർ 31 വരെയാക്കി. ഹൈക്കോടതിയുടെ ഇടപെടലിലൂടെ അവസാന തീയതി 2019 ജനുവരി 31 ആക്കി. അപ്പീൽ പ്രളയം തുടർന്നതോടെ ജൂൺ 30 വരെയുള്ള അപ്പീലുകൾ സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 

വിട്ടുപോയ ആ വീടുകൾ

പൂർണമായും തകർന്ന വീടുകൾ സംബന്ധിച്ച് ആകെ 34,768 അപ്പീലുകൾ ലഭിച്ചെന്നാണു സർക്കാർ കണക്ക്. ഇതിൽ 34,275 ‌എണ്ണം തീർപ്പാക്കിയെന്നും ബാക്കിയുള്ളത് 493 എണ്ണം മാത്രമെന്നും അധികൃതർ പറയുന്നു. ഭാഗികമായി തകർന്ന വീടുകളുടെ കാര്യത്തിൽ ആകെ അപ്പീലുകൾ 1,02,479. ഇതിൽ 601 എണ്ണം ഒഴികെയുള്ളതെല്ലാം തീർപ്പാക്കിയെന്നു സർക്കാർ.  

പൂർണമായും തകർന്ന വീടുകൾ സംബന്ധിച്ച അപ്പീലുകളിൽ രണ്ടായിരത്തിലേറെ എണ്ണം അംഗീകരിച്ചു. ആദ്യം പതിമൂവായിരത്തോളം വീടുകൾ തകർന്നുവെന്നായിരുന്നു കണക്കെങ്കിൽ, അപ്പീലുകൾ പരിഗണിച്ചപ്പോൾ അത് 15,324 വീടുകളായി ഉയർന്നു. ഭാഗികമായി തകർന്ന വീടുകളായി കണക്കാക്കിയിരുന്നത് 2.1 ലക്ഷമായിരുന്നത് അപ്പീലുകൾ വന്നതോടെ 2.5 ലക്ഷത്തോളമായി.

ഈ കണക്കുകൾ സൂചിപ്പിക്കുന്ന ചിലതുണ്ട്. ആദ്യ കണക്കെടുപ്പിൽത്തന്നെ പാലിക്കേണ്ട ശാസ്ത്രീയ സമീപനം സാധ്യമായില്ല. ആദ്യഘട്ടത്തിൽ ഒട്ടേറെ ന്യായമായ കേസുകൾ വിട്ടുപോയി. മറ്റൊന്ന്, കണക്കെടുപ്പിന്റെ കാലതാമസം. ഒരു കൊല്ലമാകാറാകുമ്പോഴും  ജനങ്ങൾ അപേക്ഷകളും പരാതികളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതി. 

സാങ്കേതികവും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങളുണ്ട് ഈ പാളിച്ചകൾക്കു പിന്നിൽ. മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള കണക്കെടുപ്പിൽ ഒട്ടേറെ ആക്ഷേപങ്ങളുയർന്നതിനാൽ അപ്പീലുകളുടെ എണ്ണം വർധിച്ചു. ജനുവരി 31നു ശേഷം അപ്പീലുകൾ സ്വീകരിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തെങ്കിലും ചിലയിടത്ത് കുറെ അപ്പീലുകൾ തീർപ്പാക്കുകയും ബഹുഭൂരിപക്ഷം അപ്പീലുകൾ തീർപ്പാക്കാതെയും കിടന്നു. 

ജനുവരി 31നു ശേഷം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ മാത്രം എത്തിയത് 27,432 അപ്പീലുകളാണ്. അപ്പീലുകൾ പല തദ്ദേശ സ്ഥാപനങ്ങളും തടഞ്ഞുവയ്ക്കുന്നതായും പരാതിയുയർന്നു. തദ്ദേശ സ്ഥാപനങ്ങൾ അപ്പീലുകൾ തുടർ പരിശോധനയ്ക്കായി എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു കൈമാറിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ചില കലക്ടർമാർക്ക് ഒടുവിൽ പറയേണ്ടിവന്നു. 

 ആ ചാക്കുകെട്ടുകൾ

‌ലഭിച്ച പരാതികളും അപ്പീലുകളും മുഴുവൻ പരിഗണിക്കപ്പെട്ടോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എറണാകുളം കലക്ടറേറ്റിലെ കാഴ്ച ഈ സംശയത്തിന് അടിവരയിടുന്നു. അയ്യായിരത്തോളം അപേക്ഷകൾ ചാക്കിൽ കെട്ടി, ശുചിമുറിക്കു സമീപം തള്ളിയിരുന്നു ഇവിടെ. ഇതു ‘മലയാള മനോരമ’ പുറത്തു കൊണ്ടുവന്നതോടെ, ചാക്കുകെട്ടുകൾ ഇന്നലെ അധികൃതർ തുറക്കുകയും തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറുമെന്നു വിശദീകരിക്കുകയും ചെയ്തു.

ഹൈക്കോടതിയും പ്രശ്നത്തിൽ ഇടപെട്ടു. അയ്യായിരത്തിലധികം അപേക്ഷകരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു വിളിച്ചുവരുത്തി തെളിവെടുക്കുമെന്നാണു കലക്ടറേറ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. അപേക്ഷകൾ നിശ്ചിത മാതൃകയിൽ അല്ലാത്തതിനാൽ, വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്നും പറയുന്നു. തലവേദന വീണ്ടും അപേക്ഷകർക്കു തന്നെയെന്നു ചുരുക്കം. 

പത്തനംതിട്ടയിലെ നിരണം പഞ്ചായത്തിലാകട്ടെ, വീടു തകർന്നവർ ആനുകൂല്യത്തിനായി നൽകിയ അപ്പീൽ അപേക്ഷകളിൽ 323 എണ്ണം കാണാൻ തന്നെയില്ല! വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ പരാതികളും തുടർപരാതികളും സ്വാഭാവികമാണ്. എന്നാൽ, അവ വേഗത്തിലും കാര്യക്ഷമവുമായി പരിഗണിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഭരണസംവിധാനം കാര്യക്ഷമമാവുക.

ഒച്ചിഴയും വേഗത്തിലല്ല ഇതൊക്കെ ചെയ്യേണ്ടത്. കുതിരയെപ്പോലെ കുതിച്ചുപായുകതന്നെ വേണം. കാരണം, മനുഷ്യരുടെ അഗാധമായ ജീവിതവ്യഥകളാണ് ഓരോ പരാതിക്കടലാസിലുമുള്ളത്. 

 അതിലും വ്യാജർ! 

പ്രളയം കഴിഞ്ഞ ആദ്യ മൂന്നു മാസത്തിനുള്ളിൽ, ദുരിതമനുഭവിച്ചവർക്കു സർക്കാർ അനുവദിച്ച അടിയന്തര ധനസഹായം വ്യാജ അപേക്ഷ നൽകി വാങ്ങിയ 3000 പേർ തിരിച്ചടച്ചു! അടിയന്തര സഹായമായ 10,000 രൂപ വാങ്ങിയവരുടെ പട്ടിക ജില്ല, വില്ലേജ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് വ്യാജ അപേക്ഷകർ തുക തിരിച്ചടച്ചത്.

file

കണ്ണീരുതോരാപ്പാടങ്ങൾ  

ഏറ്റവും കൂടുതൽ ദിവസം പ്രളയജലം കെട്ടിനിന്ന അപ്പർ കുട്ടനാട്ടിലെ കൃഷിമേഖലയിൽ നഷ്ടപരിഹാരമായി ഇനിയും ലഭിക്കാനുള്ളത് കോടികളാണ്. നഷ്ടപ്പെട്ട വിളകൾക്കു പകരമായി സർക്കാർ അനുവദിച്ചത് 38.09 ലക്ഷം രൂപ. ഇതിൽ വിതരണം ചെയ്തത് പകുതി മാത്രം. പ്രളയത്തിൽ പാടശേഖരങ്ങളിൽ അടിഞ്ഞ ചെളി നീക്കം ചെയ്യാൻ 1.39 കോടി രൂപ അനുവദിച്ചതിൽ ഇനിയും നൽകാനുള്ളത് 97.54 ലക്ഷം രൂപ. 

പ്രളയത്തിൽ നഷ്ടപ്പെട്ട പമ്പ്സെറ്റ് പുനഃസ്ഥാപിക്കുന്നതിനും ബണ്ടുകൾ നിർമിക്കുന്നതിനും 25.97 ലക്ഷം രൂപയാണു ചെലവായത്. ഒരു രൂപ പോലും സർക്കാർ  നൽകിയില്ല. കൃഷിയിറക്കാൻ ഹെക്ടറിന് 12,000 രൂപ നൽകുമെന്നു സർക്കാർ അറിയിച്ചിരുന്നു. ഇതു വിശ്വസിച്ച് ചെളിമാറ്റി കൃഷിയിറക്കിയ കർഷകരാണ് കൃഷിയെല്ലാം കഴിഞ്ഞിട്ടും പണം ലഭിക്കാതെ ദുരിതത്തിലായത്. 

എറണാകുളം ജില്ലയിലെ കൂവപ്പടി പഞ്ചായത്തിലെ കർഷകർക്കുണ്ടായ നഷ്ടം 98.85 ലക്ഷം രൂപ. നഷ്ടപരിഹാരമായി ലഭിച്ചതാകട്ടെ, 10 ലക്ഷം രൂപ മാത്രം. വയനാട്ടിലെ പനമരം നീർവാരത്തെ പാടശേഖരങ്ങൾ പ്രളയകാലത്തു വ്യാപകമായി മണലടിഞ്ഞു നികന്നു. പലതവണ പരാതിപ്പെട്ടിട്ടും പാടത്തുനിന്നു മണൽ കോരിമാറ്റാൻ റവന്യു അധികൃതർ തയാറായില്ല. ഒരു വർഷം മുഴുവൻ മണലടിഞ്ഞുകിടന്ന് പാടം കൃഷിയോഗ്യമല്ലാതായി. 

നഷ്ടം സഹിച്ചാണെങ്കിലും ഇക്കുറി കൃഷിയിറക്കാനുറച്ച കർഷകരിൽ ചിലർ പണം കടം വാങ്ങി മണൽ നീക്കി വയൽക്കരയിൽ കൂട്ടിയിട്ടു. അധികം വൈകാതെതന്നെ സ്ഥലത്തെത്തിയ റവന്യു-പഞ്ചായത്ത് അധികൃതർ, കർഷകർ കൂട്ടിയിട്ട ലക്ഷക്കണക്കിനു രൂപ മതിപ്പുള്ള മണൽ കൊണ്ടുപോയി. മണലിന്റെ വില പോയിട്ട് ന്യായമായ നഷ്ടപരിഹാരം പോലും നൽകിയില്ല. കർഷകർ കൂട്ടിയിട്ട മണൽ കൊണ്ടുപോയെങ്കിലും ഇപ്പോഴും വയലിൽ അടിഞ്ഞുകിടക്കുന്ന മണൽക്കൂനകളിൽ അവർ തൊട്ടില്ല!  

ചിരിച്ചുണ്ണാനാകുമോ ഈ ഓണമെങ്കിലും? 

ഓണമാണ് കേരളത്തിലെ വ്യാപാരമേഖലയുടെ ഏറ്റവും വലിയ ഉത്സവം. കഴിഞ്ഞ വർഷം ആ സുവർണകാലത്തെ പ്രളയമെടുത്തു. അതിനു ശേഷം ആദ്യത്തെ ഓണമെത്തുകയാണ്. പ്രളയാഘാതത്തിൽനിന്ന് വിപണി ഇനിയും പൂർണമായും ഉണർന്നുവന്നിട്ടില്ല.

വ്യാപാരമേഖലയും ചെറുകിട വ്യവസായവും പൂർണമായും തകർന്നടിഞ്ഞ ജില്ലയാണ് പത്തനംതിട്ട. രണ്ടു മേഖലകളിലും നേരിട്ടു സർക്കാർ സഹായമില്ല. ജില്ലയിൽ 1791 വ്യാപാര സ്ഥാപനങ്ങൾ പ്രളയബാധിതമാണെന്നാണ് ഔദ്യോഗിക കണക്ക്. 448 ചെറുകിട വ്യവസായ സംരംഭങ്ങളും വെള്ളത്തിലായി.

സർക്കാരും ബാങ്കുകളുമായി ചേർന്നു നടപ്പാക്കുന്ന പലിശരഹിത വായ്പാപദ്ധതിയായ ഉജ്ജീവനത്തിലേക്ക് അപേക്ഷിച്ചവരിൽ 10 ശതമാനത്തിനു പോലും വായ്പ ലഭിച്ചിട്ടില്ല. കൃഷിവായ്പ ആർക്കും ലഭിച്ചില്ല. വളർത്തുമൃഗ പരിപാലനത്തിനും മത്സ്യക്കൃഷിക്കും വായ്പ നൽകിയില്ല.

വ്യാപാരമേഖലയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട റാന്നി താലൂക്കിൽ  മാത്രം 100 കോടി രൂപ നഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ. പലിശക്കാരിൽ നിന്നു കടമെടുത്താണ് പലരും വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറന്നത്. ഉജ്ജീവനം പദ്ധതിയിൽ ആർക്കും വായ്പ ലഭിച്ചില്ലെന്നു മാത്രമല്ല,  നിലവിൽ വായ്പയുള്ളവർക്ക് പലിശ ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞെങ്കിലും അതിനുള്ള നടപടിയുമായില്ല.

ചില ബാങ്കുകൾ പലിശ ഇളവിനുള്ള പട്ടിക തയാറാക്കി സർക്കാരിലേക്കു നൽകിയെന്ന് അവകാശപ്പെടുന്നുണ്ട്. സർക്കാർ സബ്സിഡി നൽകുന്ന കാര്യത്തിൽ തീരുമാനം ആകാത്തതുകൊണ്ടാണ് ബാങ്കുകൾ പലിശയിളവു നൽകാത്തതെന്നാണു മറുപടി. 

ഉരുൾ വിഴുങ്ങും മുൻപേ 

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംഘത്തെ ഉപയോഗിച്ച് ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽനിന്ന് അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ടതായി കണ്ടെത്തിയത് 701 കുടുംബങ്ങളെയാണ്. ഇന്ത്യയിൽത്തന്നെ ഇത്തരമൊരു നീക്കം ആദ്യമാണെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറയുന്നു. ഇതിൽ 447 പേർക്കു സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. 147 പേരാണ് നിലവിൽ മാറാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

ബാക്കിയുള്ളവരുടെ സന്നദ്ധത കൂടി അറിഞ്ഞ ശേഷമാകും തുടർനടപടി. 10 ലക്ഷം രൂപയാണ് ഓരോരുത്തർക്കും വകയിരുത്തിയിരിക്കുന്നത്. 3 സെന്റ് സ്ഥലം കഴിഞ്ഞുള്ള ബാക്കി തുക വീടിനും ചെലവഴിക്കാം. 

പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക്:

∙ ഇടുക്കി– 438

∙ പത്തനംതിട്ട– 32

∙ കോട്ടയം–2

∙ തൃശൂർ– 32 

∙ എറണാകുളം– 7

∙ പാലക്കാട്–80

∙ കോഴിക്കോട്–3

∙ മലപ്പുറം– 28 

∙ വയനാട്–58

∙ കണ്ണൂർ– 21

തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, സന്തോഷ് ജോൺ തൂവൽ, എസ്.വി. രാജേഷ്, മിന്റു പി .ജേക്കബ്, വി.ആർ. പ്രതാപ്, എം.എ. അനൂജ് , ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ്.  

സങ്കലനം: കെ.ടോണി ജോസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA