sections
MORE

മിത്ര അന്ന് പറഞ്ഞതത്രയും...

cpm
SHARE

ഒരു ലേഖനത്തിന്റെ പ്രസക്ത‌ ഭാഗങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു: ‘‘അപ്രിയസത്യങ്ങൾ ചിലപ്പോഴൊക്കെ പറയേണ്ടിവരും.

സിപിഎമ്മിനെ വിശേഷിപ്പിക്കാനായി എസ്.ഡി. ബർമന്റെ ഹിറ്റ് ഗാനത്തിന്റെ വരികളാണ് ഇപ്പോൾ കടമെടുക്കാവുന്നത് – ‘നിങ്ങൾ എന്തായിരുന്നോ, അതല്ല ഇപ്പോൾ നിങ്ങൾ...’ 1977നു ശേഷം അംഗമായവരാണു പാർട്ടിയിലെ 90% പേരും.

ചരിത്രമോ ത്യാഗങ്ങളോ അറിയാത്തവർ. വിപ്ലവത്തോടും സോഷ്യലിസത്തോടുമുള്ള പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത അവർക്കൊരു നാടോടിക്കഥ മാത്രം.

വികസനമാണു പുതിയ പ്രത്യയശാസ്ത്രമെന്നതിനാൽ അവർ പാർട്ടിയുമായി സഹകരിക്കുന്നത് വ്യക്തിപരമായ വികസനം തേടിയാണ്. ഭരണകൂടത്തോട് ഒട്ടിനിന്നു നേട്ടങ്ങളുണ്ടാക്കാൻ അവർ ശ്രമിക്കുന്നു.

സ്തുതിപാഠകർക്കും കൊട്ടാരം വിദൂഷകർക്കും കളം തുറന്നുകിട്ടിയിരിക്കുന്നു. ഇതിനെല്ലാം പുറമേയാണ് സാമൂഹികവിരുദ്ധ ശക്തികളുടെ ആധിപത്യം. ദീർഘകാലം പ്രസ്ഥാനത്തിന്റെ ഭാഗമായവർ പൂർണമായും മടുത്തിരിക്കുന്നു.’’ 

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതിനു നേരിട്ട വൻതിരിച്ചടി വിശകലനം ചെയ്തുള്ള നിരീക്ഷണമാണെന്നു കരുതിയാൽ തെറ്റി.

ഇത് 2007ലേതാണ്, 12 വർഷം മുൻപുള്ളത്. നന്ദിഗ്രാമും സിംഗൂരും ബംഗാളിനെ ഇളക്കിമറിച്ച നാളുകളിൽ സിപിഎം നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനും മന്ത്രിയുമായിരുന്ന അശോക് മിത്ര കുറിച്ചത്.

കഴിഞ്ഞ വർഷം അന്തരിച്ച മിത്രയുടെ ഈ വാക്കുകൾ പ്രവചനസ്വഭാവത്തോടെ സിപിഎമ്മിനെ വേട്ടയാടുകയാണ്, കേരളത്തിലും.

 തിരിച്ചടിയുടെ ആഴം 

ഇക്കുറി ബംഗാളിലെ ജനവിധിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ ഇങ്ങനെ: ‘പാർട്ടിയുടെ  ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനം.

സിപിഎമ്മിനു ലഭിച്ചത് 6.28% വോട്ട്. ജനവിശ്വാസം വീണ്ടെടുക്കാൻ കഴിയണം’. ഇരുപതിൽ പത്തൊൻപതും തോറ്റ, കേരളത്തിലെ തിരിച്ചടിയെക്കുറിച്ച് അതേ റിപ്പോർട്ടിൽ നിന്ന്: ‘അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ തോൽവിക്കു സമാനം. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’. 

ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ബംഗാളിലെ തകർച്ചയുടെ അതേ വഴിയിലാണു കേരളത്തിലെ സിപിഎമ്മും എന്നു നിരീക്ഷിക്കാനാകില്ല.

പക്ഷേ, ഉയർത്തെഴുന്നേൽപിനു ശ്രമിക്കുമെന്ന് ആവർത്തിക്കുന്ന പാർട്ടി, പുതിയ പ്രതിസന്ധികളിലേക്കാണു നീങ്ങുന്നത്. 

 തെറ്റുകളുടെ തുടർക്കഥ 

കേരളത്തിലെ ജനങ്ങൾ രേഖപ്പെടുത്തിയ വിധി പുറത്തുവരുന്നതിനു തൊട്ടുമുൻപാണ് വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി. നസീർ അതിക്രൂരമായി അക്രമിക്കപ്പെട്ടത്.

പെരിയ ഇരട്ടക്കൊലപാതകത്തെത്തുടർന്ന് അക്രമരാഷ്ട്രീയം വച്ചുപൊറുപ്പിക്കില്ലെന്ന് നേതൃത്വം കർശനമായി പ്രഖ്യാപിച്ചതിനു ശേഷം സംഭവിച്ചതാണിത്.

നസീർ ഇക്കാര്യത്തിൽ വിരൽചൂണ്ടുന്നത് നിയമസഭാംഗം കൂടിയായ സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീറിനു നേരെ. ഒരു രാഷ്ട്രീയ അക്രമത്തിന് ഇരയായ ആൾ ഇതാദ്യമായിട്ടാകും, അതിനു പിന്നിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണെന്നു തുറന്നടിക്കുന്നത്. ഷംസീറിന്റെ മുൻ ഡ്രൈവറടക്കം, അറസ്റ്റിലായ എല്ലാവരും തന്നെ സിപിഎം ബന്ധമുള്ളവർ.

രാഷ്ട്രീയ വിശദീകരണയോഗം നടത്തി സിപിഎം തിരിഞ്ഞത് ‘ക്വട്ടേഷൻ സംഘ’ങ്ങൾക്കെതിരെ.  അതായത്, അശോക് മിത്ര ചൂണ്ടിക്കാട്ടിയ സാമൂഹികവിരുദ്ധ ശക്തികൾ! 

പൊലീസിന്റെ ക്രൂരമർദനത്തെ ചങ്കുറപ്പോടെ പിണറായി വിജയൻ നേരിട്ട കഥകൾക്ക് പാർട്ടിയിൽ മിത്തിന്റെ പരിവേഷം പോലുമുണ്ട്.

പക്ഷേ, ‘പൊള്ളുന്ന’ ജനവിധി പുറത്തുവന്നതിനു ശേഷമുള്ള പിണറായി സർക്കാരിന്റെ ആദ്യ പ്രഖ്യാപനം പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ളതായി.

സിപിഐയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അതു തൽക്കാലം മരവിപ്പിച്ചിട്ടുണ്ടാകാം.

എന്നാൽ, നിയമസഭയിൽ ആ തീരുമാനത്തിനു വേണ്ടി നിലകൊള്ളുന്ന ആഭ്യന്തര മന്ത്രിയെന്ന നിലയിലാണു മുഖ്യമന്ത്രി സംസാരിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസ് സംവിധാനത്തിൽ, സിപിഐ വെറുക്കുന്ന ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെ ബുദ്ധിയും ഉപദേശവും ഇതിനു പിന്നിൽ അവർ കാണുന്നു. ബംഗാളിൽ ഇടതിന്റെ അടിവേരിളക്കിയ നന്ദിഗ്രാമിലെ പൊലീസ് വെടിവയ്പ്പടക്കം അവർ  ഓർമിപ്പിക്കുന്നു.   

ബംഗാളിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയതിന് പിൽക്കാലത്തു പാർട്ടി രേഖകളിലെല്ലാം എടുത്തുപറഞ്ഞ ഒരു കാരണമുണ്ട്: ‘ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം’. സിപിഎം കോട്ടയെന്നു മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ആന്തൂരിൽ സംഭവിച്ചതു മറ്റെന്താണ്? ഒരു പ്രവാസി സംരംഭകന്റെ ജീവനെടുത്തത് പാർട്ടി അവിടെ നഗരസഭാധ്യക്ഷയായി നിയോഗിച്ച ജില്ലാ കമ്മിറ്റിയംഗം കൂടിയായ ‘ഉദ്യോഗസ്ഥ’യാണോ സർക്കാർ ഉദ്യോഗസ്ഥനായ സെക്രട്ടറിയാണോ എന്ന കാര്യത്തിലേ തർക്കമുള്ളൂ.

കുന്നത്തുനാട്ടിൽ അനധികൃത നിലംനികത്തലിനായി ശരവേഗത്തിൽ ഫയലുകൾ നീങ്ങിയ സ്ഥാനത്ത് പക്ഷേ, തന്നോടു തെല്ലും കരുണ കാണിക്കാത്ത സർക്കാർ സംവിധാനത്തെ ശപിച്ചാണു സാജൻ പാറയിൽ വിടപറഞ്ഞത്. 

തിരുത്തലുകൾക്കുള്ള ആഗ്രഹം ആത്മാർഥമാണെങ്കിൽ തുടങ്ങേണ്ടത് പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലാണ്. പക്ഷേ, അതിന്റെ നാഥനായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതിലെല്ലാം വലിയ പ്രതിസന്ധി നേരിടുന്നു.

മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതി പ്രകാരം,  കോടിയേരിയുടെ ഭാര്യ വിനോദിനി മുംബൈയിലെത്തിയത് ഏപ്രിൽ 18ന് ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു കൃത്യം അഞ്ചുദിവസം മുൻപ്.

കടുത്ത രാഷ്ട്രീയപ്പോരാട്ടത്തിന്റെ മൂർധന്യത്തിലും ചൂടിലും തളരാൻ അനുവദിക്കാതെ സിപിഎമ്മിനെ നയിക്കേണ്ട നേതാവ് അപ്പോൾ സ്വന്തം കുടുംബത്തിൽ അതിലും തീക്ഷ്ണമായ പ്രശ്നങ്ങളുടെ നടുവിലായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA