ADVERTISEMENT

നമ്മുടെ കർഷകർ സഹനത്തിന്റെ നെല്ലിപ്പലകയും പിന്നിട്ടുകഴിഞ്ഞു എന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം കാർഷിക, വ്യവസായ വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച തീരുമാനത്തെ കാണാൻ.

മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്നഭ്യർഥിച്ചു സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും (എസ്എൽബിസി) ഒരുമിച്ചു റിസർവ് ബാങ്കിനെ (ആർബിഐ) സമീപിക്കാൻ തീരുമാനിച്ചതോടെ ആ അനുകൂല ഉത്തരവിനു കാക്കുകയാണു കേരളം.

കൊടുംപ്രളയം നമ്മുടെ കർഷകരുടെ ജീവിതസാഹചര്യങ്ങളാകെ തകർത്തുകളഞ്ഞു. വിളവില്ലാതെയും വിളയ്ക്കു ന്യായവില കിട്ടാതെയും ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങിയുമൊക്കെ വഴിമുട്ടിനിൽക്കുന്ന കർഷകർ കുറച്ചൊന്നുമല്ല.

ഇതിനിടെ, സങ്കടപ്പെടുത്തുന്ന കർഷക ആത്മഹത്യകളുടെ വാർത്തകളും നാം കേട്ടു.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ പ്രശ്നം നീളുമ്പോൾ കർഷകന്റെ നെഞ്ചിലെ ആധിയും വളരുകയാണ്.

കാർഷിക വായ്പകളിൽ 2019 ജൂലൈ 31 വരെയുള്ള ഒരു വർഷത്തേക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നിലവിൽ വന്നത് 2018 ജൂലൈയിലാണ്; മാർഗനിർദേശങ്ങളനുസരിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നത് 2018 ഒക്ടോബർ 31നും.

എസ്എൽബിസിയുടെ അഭ്യർഥന പ്രകാരം റിസർവ് ബാങ്ക് വായ്പാ അക്കൗണ്ടുകൾ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി ആദ്യം 2018 നവംബർ 30 വരെയും പിന്നീട് ഡിസംബർ 31 വരെയും നീട്ടി.

ഇടുക്കി, വയനാട് ജില്ലകളിലെ കർഷക ആത്മഹത്യകളെത്തുടർന്ന്, സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം, മൊറട്ടോറിയം വരുന്ന ഡിസംബർ 31 വരെ നീട്ടാൻ ബാങ്കേഴ്സ് സമിതി അപേക്ഷിക്കുകയും ചെയ്തു.

ഈ സർക്കാർ തീരുമാനത്തിന് ആർബിഐ അനുമതി നിഷേധിച്ചതോടെ കർഷകർ വീണ്ടും കടുത്ത ആശങ്കയിലായി. മൊറട്ടോറിയം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങാൻ വൈകിയതിനാൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങിയതു പ്രതിഷേധത്തിനു കാരണമായിരുന്നു.

ഒടുവിൽ തിരഞ്ഞെടുപ്പിനു ശേഷമാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടി ഉത്തരവിറക്കാനായത്. പുനഃക്രമീകരിച്ച കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31വരെ നീട്ടുന്ന കാര്യം എസ്എൽബിസിക്കുതന്നെ തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചതോടെ മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന എസ്എൽബിസി യോഗം നിർണായകമായി.

ഒന്നേകാൽ ലക്ഷം പേരുടെ പുനഃക്രമീകരിച്ച വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31വരെ നീട്ടാമെന്ന് ഈ യോഗം തത്വത്തിൽ തീരുമാനിച്ചെങ്കിലും നടപ്പാക്കുന്നതിനു സാങ്കേതിക തടസ്സമുണ്ടെന്നു വിലയിരുത്തി.

തിരിച്ചടവ് 90 ദിവസത്തിൽ കൂടുതൽ മുടങ്ങിയാൽ ആ വായ്പയെ നിഷ്ക്രിയ ആസ്തിയായി കണക്കാക്കണമെന്നാണു ചട്ടം.

അതിനാൽ മൊറട്ടോറിയം കാലാവധി നീട്ടിയാലും തിരിച്ചടവു മുടങ്ങിയാൽ നിഷ്ക്രിയ ആസ്തി ആവുകയും ബാങ്കുകളുടെ പ്രവർത്തനനിലവാരത്തെ ബാധിക്കുകയും ചെയ്യും.

90 ദിവസമെന്ന വ്യവസ്ഥ ഇളവുചെയ്തു കിട്ടിയാൽ ഈ പ്രശ്നം മറികടക്കാം. റിസർവ് ബാങ്കിനോട് ഇതിനായി ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

സർക്കാർ പ്രഖ്യാപിക്കുകയും ആർബിഐ അംഗീകരിക്കുകയും ചെയ്ത ജൂലൈ 31 വരെയുള്ള മൊറട്ടോറിയത്തിന്റെ ആനുകൂല്യം പോലും ബാങ്കിൽ നേരിട്ടെത്തി പുനഃക്രമീകരിക്കാൻ അപേക്ഷിച്ച 1.25 ലക്ഷം പേർക്കേ ലഭിക്കൂ.

ഇത് ആകെ ഇടപാടുകാരിൽ‌ 5% പോലും വരില്ല. ബാക്കിയുള്ളവർക്കും മൊറട്ടോറിയം ലഭിക്കണമെങ്കിൽ വായ്പ പുനഃക്രമീകരിക്കാൻ കൂടുതൽ സമയം റിസർവ് ബാങ്ക് അനുവദിക്കേണ്ടതുണ്ട്.

ഡിസംബർ 31വരെ മൊറട്ടോറിയം കാലാവധി നീട്ടാൻ റിസർവ് ബാങ്ക് തയാറായാലും അതിന്റെ ഗുണഫലം കൂടുതൽ പേർക്കു ലഭിക്കാൻ, വായ്പാ പുനഃക്രമീകരണത്തിനു കൂടുതൽ സമയം അനുവദിച്ചുകിട്ടാൻകൂടി സർക്കാരും എസ്എൽബിസിയും ശ്രമിക്കണം.

കർഷകർക്കു വഴികാട്ടാനും തുണനൽകാനും കേന്ദ്ര – സംസ്ഥാന സർക്കാരുകളും ആർബിഐയും എസ്എൽബിസിയും ആത്മാർഥമായി മനസ്സുവച്ചാൽ മാത്രമേ, അവർ അനുഭവിക്കുന്ന കടക്കെണിയിൽനിന്നു തൽക്കാലത്തേക്കെങ്കിലും മോചനമാകൂ എന്നതിൽ സംശയമില്ല.

ആർബിഐ തീരുമാനപ്രകാരം മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടുകയാണെങ്കിൽ നമ്മുടെ കർഷകർ കേരളത്തോളം വലുപ്പമുള്ള നന്ദിവാക്കാവും തിരിച്ചുപറയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com