ADVERTISEMENT
ജനങ്ങളുടെ ജീവനും സ്വത്തും പരിരക്ഷിക്കാൻ ചുമതലപ്പെട്ട പൊലീസ് തന്നെ ജീവനെടുക്കുന്ന കിരാത സാഹചര്യം പരിഷ്കൃത സമൂഹത്തിലാകെ കളങ്കം ചാർത്തുന്നു. ഇടുക്കി ജില്ലയിലെ പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി വാഗമൺ സ്വദേശി കുമാർ മരണമടഞ്ഞത് ഉരുട്ടലിനു സമാനമായ മർദനത്തെത്തുടർന്നാണെന്ന ആരോപണത്തിൽ യാഥാർഥ്യമുണ്ടെങ്കിൽ, പ്രാകൃതമായ നമ്മുടെ പൊലീസ് മുറകളെ ഒരിക്കൽക്കൂടി ചോദ്യം ചെയ്യുകയാണ് ഈ സംഭവം. കസ്റ്റഡി മുതൽ കോടതിയിൽ എത്തിക്കുന്നതുവരെ നാലു ദിവസത്തിലേറെ കുമാറിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നാണ് ആരോപണം. മൃതദേഹത്തിൽ 32 മുറിവുകളുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. തുടകളിലെ പേശികൾ ചതയുകയും കണങ്കാലുകളിൽ ഉരുളൻ തടികൊണ്ടുള്ള ക്ഷതമുണ്ടാവുകയും ചെയ്തത് പൊലീസിന്റെ കുപ്രസിദ്ധമായ ‘ഉരുട്ടൽ ശിക്ഷ’ പ്രയോഗിച്ചതിലൂടെയെന്നാണു സംശയം. കുമാറിന്റെ മരണത്തോടു ബന്ധപ്പെട്ട്, സംശയകരമായ ചില കാര്യങ്ങൾ സംഭവിച്ചുവെന്നു ചൊവ്വാഴ്ച നിയമസഭയിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അത് അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ നാൽപത്തിനാലാം വാർഷികമായിരുന്നു ചൊവ്വാഴ്ച. ‘ഉരുട്ടൽ ശിക്ഷ’കൾ നടന്ന അടിയന്തരാവസ്ഥയോടു ശക്തമായി പ്രതികരിച്ച സിപിഎമ്മിന്റെ മുഖ്യമന്ത്രിക്കുതന്നെ അന്ന് ഇങ്ങനെ സഭയിൽ പറയേണ്ടിയുംവന്നു: ‘ഇതേദിവസം തന്നെ കസ്റ്റഡി മരണത്തിന്റെ പേരിൽ നിയമസഭയിൽ എനിക്കു മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യമെന്നേ പറയാനുള്ളൂ.’ കൊച്ചി വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് കഴിഞ്ഞ വർഷം വ്യാപകമായ പ്രതിഷേധത്തിനു കാരണമാവുകയുണ്ടായി. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ ആദ്യ രണ്ടു പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കു സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചതും കഴിഞ്ഞ വർഷമാണ്. കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കു കോടതി അതിനു മുൻപും കടുത്ത ശിക്ഷ വിധിച്ച അനുഭവമുണ്ടെങ്കിലും കേരള പൊലീസിന് ഈ കളങ്കം എന്നേക്കുമായി കുടഞ്ഞുകളയാൻ കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. കസ്റ്റഡി മരണങ്ങൾ പെരുകുന്നത് ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും നേർക്കുള്ള ഭരണകൂടത്തിന്റെ പ്രകടമായ അവജ്ഞയാണെന്നു സുപ്രീം കോടതി പറഞ്ഞത് 2017ൽ ആണ്. കേസന്വേഷണത്തിന്റെ കാര്യത്തിൽ വ്യക്‌തമായ പെരുമാറ്റച്ചട്ടം സുപ്രീം കോടതി പലതവണ പൊലീസിനു നൽകിയിട്ടുമുണ്ട്. ഭരണകൂടങ്ങളുടെ മാറ്റമനുസരിച്ചു രാഷ്‌ട്രീയ ഇടപെടലുകളിൽ മാറ്റം വരുന്നതല്ലാതെ പൊലീസ് സേനയാകെ മാനുഷികമായും നൈതികമായും നവീകരിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? പൊതുവേ സംസ്കാരസമ്പന്നരും നീതിബോധമുള്ളവരുമാണു നമ്മുടെ പൊലീസ് സേനയിലുള്ളത്. എന്നിട്ടും, അവരിൽ കുറച്ചുപേർ മാത്രം എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ലക്ഷ്‌മണരേഖ ലംഘിക്കുന്നതെന്ന ചോദ്യത്തിനു മറുപടി ഉണ്ടാവുകതന്നെ വേണം. പൊലീസിന്റെ പ്രവർത്തനശൈലി തുടർച്ചയായി അവലോകനം ചെയ്‌തും തുടർപരിശോധനകൾ നടത്തിയും മാത്രമേ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ തടയാനാവൂ. കേസന്വേഷണം ശാസ്‌ത്രീയമാക്കുകയും വേണം. കസ്‌റ്റഡിമരണങ്ങൾക്ക് ഉത്തരവാദികളായ പൊലീസുകാർ സ്വന്തം കൈക്കുറ്റത്തിനു കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു വന്നാൽത്തന്നെ കാര്യങ്ങൾക്കു മാറ്റമുണ്ടാവും. തങ്ങളുടെ കീഴിലുള്ളവർ മനുഷ്യത്വപരമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഉന്നതോദ്യോഗസ്‌ഥർ നിറവേറ്റുകയും വേണം. പൊലീസ് കസ്റ്റഡിയിൽ ഇത്തരം ദാരുണ മരണങ്ങൾ ഒരിക്കലും സംഭവിച്ചുകൂടാ. കുമാറിന്റെ മരണം പൊലീസ് മർദനത്തെത്തുടർന്നാണെങ്കിൽ കേരളത്തിനുമേൽ തീരാത്ത കളങ്കമായി അതെന്നും ശേഷിക്കും. കുറ്റക്കാർക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കിയാണ് ഇങ്ങനെയുള്ള ക്രൂരതകളുടെ ആവർത്തനത്തിനു തടയിടേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com