sections
MORE

വീട്ടിൽ കയറ്റാത്ത കമ്യൂണിസം

cpm
SHARE

പിതാക്കന്മാരുടെ പാപങ്ങൾ മക്കളെ മൂന്നും നാലും തലമുറ വരെ പിന്തുടരുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മക്കളുടെ ചെയ്തികൾ പിതാക്കന്മാരെ ബാധിക്കുമോ? സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തിൽ സംഭവിക്കുന്നത് അതാണ്.

പ്രായപൂർത്തിയായ, കുടുംബത്തോടൊപ്പം മാറിത്താമസിക്കുന്ന, അദ്ദേഹത്തിന്റെ മകൻ ബിനോയ് ബാലകൃഷ്ണൻ ചെയ്തുവെന്നു പറയപ്പെടുന്ന കൃത്യങ്ങൾ അദ്ദേഹത്തിനെതിരായി രാഷ്ട്രീയ പ്രതിയോഗികൾ ഉപയോഗിക്കുന്നു.

അതിന്റെ ശരിതെറ്റുകളിലേക്കു കടക്കുന്നില്ല. പകരം, മറ്റൊരു കാതലായ പ്രശ്നം ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. പല കമ്യൂണിസ്റ്റ് നേതാക്കളും എന്തുകൊണ്ട് കമ്യൂണിസത്തെ കുടുംബത്തിനു പുറത്തു നിർത്തുന്നു? എല്ലാ മധ്യവർഗ കുടുംബങ്ങളെയും പോലെ അവരും, മക്കൾ രാഷ്ട്രീയമില്ലാതെ വളരാൻ ആഗ്രഹിക്കുന്നു. എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽ നിന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ അകലം പാലിക്കുന്നു. 

‘മക്കൾരാഷ്ട്രീയ’ത്തിന് എതിരായ നിലപാട് എന്നിതിനെ പറയാൻ പറ്റില്ല. കാരണം, കുടുംബത്തിൽ നടപ്പാക്കുന്നത് അരാഷ്ട്രീയതയാണ്. മറ്റു പാർട്ടികളിൽനിന്നു വ്യത്യസ്തമാണല്ലോ കമ്യൂണിസ്റ്റ് പാർട്ടികൾ.

‘ലോകത്തെ മാറ്റുക എന്നതാണു ലക്ഷ്യം’ എന്നാണു മാർക്സ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ സജീവ പങ്കാളിയായിരുന്നു, ഭാര്യയായ ജെന്നി. ലോകത്തെ മാറ്റാൻ കുടുംബത്തിനു പുറത്തുള്ള ഇതരജനങ്ങൾ മതി എന്നതാണ് നമ്മുടെ നേതാക്കളുടെ നിലപാടെന്നു തോന്നുന്നു.

ഈ കാര്യത്തിലാണ് കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്ന കുന്നിക്കൽ നാരായണൻ വ്യത്യസ്തനാകുന്നത്. അദ്ദേഹം കുടുംബത്തിൽ നിന്നു രാഷ്ട്രീയം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ മന്ദാകിനിയുടെയും മകൾ അജിതയുടെയും രാഷ്ട്രീയജീവിതം മലയാളികൾക്ക് അറിയാം.   

 ഡോ. മേരിയുടെ അദ്ഭുതജീവിതം 

mary punnan
ഡോ. മേരി പുന്നൻ ലൂക്കോസ്

പുതിയ സഹസ്രാബ്ദം, രണ്ടായിരാമാണ്ട്, പിറക്കുന്നതിനു മുൻപ്, ഐക്യരാഷ്ട്ര സംഘടന ലോകരാഷ്ട്രങ്ങൾക്കായി ദാരിദ്ര്യം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ ആറു സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾക്കു രൂപം കൊടുത്തിരുന്നു. ‘മിലേനിയം ഡവലപ്മെന്റ് ഗോൾസ്’ എന്നറിയപ്പെട്ടിരുന്ന ഈ ലക്ഷ്യങ്ങൾ 2015ന് അകം നേടേണ്ടതായിരുന്നു.

അതിലൊന്നാണ് ശിശുക്കളുടെ ആരോഗ്യം. ശിശുമരണനിരക്കിൽ ഇന്ത്യ,1000 ജനനങ്ങളിൽ 29 എന്ന ലക്ഷ്യം ഇപ്പോഴും കൈവരിച്ചിട്ടില്ല. എന്നാൽ, രണ്ടായിരത്തിൽ തന്നെ കേരളത്തിലെ ശിശുമരണനിരക്ക് 14 ആയിരുന്നു. അതുപോലെ, മാതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും കേരളം വളരെ മുന്നിൽത്തന്നെ. മാതൃമരണനിരക്ക് (ഒരു ലക്ഷം പ്രസവങ്ങളിലെ മരണനിരക്ക്) ഇന്ത്യയിൽ ഇപ്പോൾ 130 ആണെങ്കിൽ, കേരളത്തിൽ 46 ആണ്. 

വികസിത രാജ്യങ്ങളുമായി ചേർന്നുനിൽക്കുന്ന കേരളത്തിലെ ആരോഗ്യ സൂചകങ്ങളാണ് പ്രധാനമായും ‘കേരള വികസന മാതൃക’ എന്ന പേരിൽ പഠിക്കപ്പെടുന്നത്. കേരള മോഡലിന്റെ ചർച്ചകളിൽ കടന്നുവരാത്ത ഒരു പേരാണ്,  അത്ര അറിയപ്പെടാത്ത ഡോ. മേരി പുന്നൻ ലൂക്കോസ്.

1886ൽ ജനിച്ച ഡോ. മേരി തിരുവിതാംകൂറിലെ ആദ്യത്തെ മഹിളാ ഗ്രാജ്വേറ്റായി. ഇരുപത്തിമൂന്നാം വയസ്സിൽ ലണ്ടനിൽ മെഡിസിൻ പഠിക്കാൻ പോയി. 1916ൽ ഇന്ത്യയിലേക്കു മടങ്ങുമ്പോൾ അവർ പ്രസൂതികാശാസ്ത്രത്തിൽ വൈദഗ്ധ്യം നേടിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ സൂപ്രണ്ട് ആയി അവർ നിയമിതയായി.

1920ലെ മാർച്ച് മാസത്തിൽ ഒരു ദിവസം, മണ്ണെണ്ണവിളക്കുകളുടെ വെളിച്ചത്തിൽ, ഡോ. മേരി തിരുവിതാംകൂറിലെ ആദ്യത്തെ സിസേറിയൻ നടത്തി. 1938ൽ തിരുവിതാംകൂറിലെ ആദ്യത്തെ മഹിളാ സർജൻ ജനറലായി. ആദ്യത്തെ മഹിളാ നിയമസാമാജികയും അവർതന്നെ. 1976ൽ ഡോ. മേരി നിര്യാതയായി.

ഈ അദ്ഭുതാവഹമായ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ പൊതുമണ്ഡലത്തിലുള്ളൂ. അവരുടെ ആദ്യകാല ജീവിതസ്മരണകളുടെ മാനുസ്ക്രിപ്റ്റ് ഈയിടെ ‘ട്രെയ്‌ൽബ്ലേസർ: ദ് ലെജൻഡറി ലൈഫ് ആൻഡ് ടൈംസ് ഓഫ് ഡോ. മേരി പുന്നൻ ലൂക്കോസ്’ (മനോരമ ബുക്സ്) എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. മേരിയുടെ ജീവിതത്തിലെ ആദ്യത്തെ 30 വർഷങ്ങളിലെ അനുഭവങ്ങളേ അവരുടെ ആത്മകഥ പറയുന്നുള്ളൂ. വിട്ടുപോയ കുറെ ഭാഗങ്ങൾ മേരിയുടെ പുത്രഭാര്യയായ ഏലി ലൂക്കോസ് പൂരിപ്പിക്കുന്നു. പഠനങ്ങളിലൂടെ സൂക്ഷ്മവിവരങ്ങൾ ശേഖരിച്ച് മാധ്യമപ്രവർത്തക ലീന ചന്ദ്രൻ ഡോ. മേരിയുടെ സമഗ്രമായ ജീവചരിത്രക്കുറിപ്പ് കാഴ്ചവയ്ക്കുന്നു. 

ഇംഗ്ലണ്ടിൽനിന്നു വന്ന ഡോ.മേരിയുടെ നിർദേശങ്ങളനുസരിച്ച്, വളരെ കാശു ചെലവാക്കി വിപുലീകരിച്ച  തിരുവനന്തപുരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ, പുതുക്കിയതിനു ശേഷമുള്ള വർഷം നടന്നതു വെറും 15 പ്രസവങ്ങൾ മാത്രം. അന്നത്തെ കാലത്ത് ആശുപത്രികളിൽ പ്രസവിക്കുന്നതു കുറച്ചിലായിരുന്നു. പോരാത്തതിന്, മൂത്തകുട്ടിയുടെ പ്രസവം അമ്മയുടെ വീട്ടിലാകണമെന്ന ആചാരവും നിലനിന്നിരുന്നു.

ഡോ. മേരി വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളെ ആശുപത്രിയിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചു. മാതൃമരണനിരക്കു കുറയ്ക്കാൻ സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ ശുപാർശ ചെയ്തത്, ആശുപത്രി പോലുള്ള സ്ഥാപനങ്ങളിൽവച്ചുള്ള പ്രസവമാണ്.

ഇന്ന് കേരളത്തിൽ ഏതാണ്ട് എല്ലാ പ്രസവങ്ങളും (99.3%) ആ രീതിയിലാണെങ്കിൽ, ഇന്ത്യയിൽ അടുത്ത കാലത്തു മാത്രമാണ് 78.9% ആയത്. കേരള വികസന മാതൃകയുടെ വിത്തുപാകുന്നതിൽ ഡോ. മേരി പുന്നൻ ലൂക്കോസിന്റെ പങ്ക് മറക്കാവുന്നതല്ല. 

സ്കോർപ്പിയൺ കിക്ക്: എ.പി. അബ്ദുല്ലക്കുട്ടി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു; കോൺഗ്രസ് വിട്ട് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നു.

അടുത്തത് നോട്ട! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA