ADVERTISEMENT

ഹൃദയവും കരുണയുമില്ലാത്ത വ്യവസ്‌ഥിതിക്കു മുന്നിൽ തോൽക്കാൻ വിധിക്കപ്പെട്ട ഈ നാട്ടിലെ സാധാരണക്കാരുടെ പ്രതിനിധിയും പ്രതീകവുമാകാൻ ഒരു പേരുകൂടി നമുക്കു കിട്ടുന്നു: കെ.കണ്ണൻ. ജീവിതത്തിന്റെ പ്രതീക്ഷകൾ ചേർത്തെഴുതിയ ഒരു ചെറിയ അപേക്ഷയുടെ പിന്നാലെ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങി നിരാശരാവുന്ന എത്രയോ പേരെ ഇതേ പേരുചൊല്ലിത്തന്നെ നമുക്കു വിളിക്കാം. രണ്ടര ഏക്കർ ഭൂമി പതിച്ചുകിട്ടാൻ അഞ്ചര പതിറ്റാണ്ടിന്റെ വ്യവഹാരം വേണ്ടിവന്നുവെന്നു മാത്രമല്ല; ഒടുവിലുണ്ടായ അനുകൂലവിധി കേൾക്കാൻ അതിന് ആദ്യം അപേക്ഷ നൽകിയ കണ്ണൻ ഈ ഭൂമിയിലുണ്ടായിരുന്നതുമില്ല.

കാസർകോട് വില്ലേജിലെ 2.55 ഏക്കർ ‘കുംകി ഭൂമി’ പതിച്ചുകിട്ടാൻ 1964ജൂൺ എട്ടിനു നൽകിയ കണ്ണന്റെ അപേക്ഷയ്ക്കു ഹൈക്കോടതി വിധിയിലൂടെ കഴിഞ്ഞ ദിവസമാണു ഫലപ്രാപ്തിയുണ്ടായത്. മുൻപ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലുൾപ്പെട്ട കാസർകോട് വില്ലേജിലെ പ്രത്യേക വിഭാഗം ഭൂമിയാണിത്. സ്വകാര്യ ഭൂമിയോടു ചേർന്ന് 100 വാരയ്ക്കുള്ളിൽ വരുന്നതും സർക്കാരിന്റെ കണക്കിൽപെടാത്തതുമായ പാഴ്ഭൂമിയിൽ സമീപഭൂമിയുടെ ഉടമയ്ക്ക് കുംകി അവകാശമുണ്ട്; ഭൂമിയിൽ കാലിമേയ്ക്കാനും കൃഷി–വീട്ടാവശ്യങ്ങൾക്കു തടിയും ഇലകളും മറ്റും വെട്ടാനും വിഭവങ്ങൾ ശേഖരിക്കാനും മറ്റുമുള്ള അവകാശം. കുംകി അവകാശം ഉന്നയിച്ച് ഭൂമി പതിച്ചുകിട്ടാനാണ് 55 വർഷം മുൻപ് കാസർകോട് ആനങ്ങൂർ സ്വദേശി കെ.കണ്ണൻ അപേക്ഷ നൽകിയത്.

ആദ്യ അപേക്ഷ കാണാതെ പോയതിനാൽ 1979ൽ പുതിയ അപേക്ഷ നൽകിയിരുന്നു. ഒഴിപ്പിക്കൽ നടപടിയും  ദീർഘകാലത്തിനുശേഷം അപേക്ഷ തള്ളിയതും ചോദ്യം ചെയ്താണ് കേസുകൾക്കു തുടക്കം. ഇതിനിടയിൽ, 1983ൽ കണ്ണൻ മരിച്ചു. പിന്നീട്, കണ്ണന്റെ ഭാര്യ കെ.ബി.രോഹിണി നൽകിയ അപ്പീൽ അനുവദിച്ച്, 1958 മുതൽ കൈവശത്തിലുള്ള ഭൂമി ഒരു മാസത്തിനകം പതിച്ചുനൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതിനിടയിലുള്ള അ‍ഞ്ചര പതിറ്റാണ്ടിനിടയിൽ കണ്ണന്റെയും പിന്നീടു രോഹിണിയുടെയും അപേക്ഷ സഞ്ചരിച്ച ദൂരം അത്രയും ദീർഘവും അങ്ങേയറ്റം ക്ലേശഭരിതവുമായിരുന്നുവെന്നുമാത്രം. ഇതിനിടയിൽ പലതവണ കോടതി ഇടപെടലുകളുമുണ്ടായി.

ഇത്രയും വൈകിയെങ്കിലും ഇപ്പോഴുണ്ടായ അനുകൂല കോടതിവിധി തീർച്ചയായും ആശ്വാസം തരുന്നുണ്ട്. അതേസമയം, ആ അപേക്ഷയിൻമേൽ റവന്യു അധികൃതരടക്കമുള്ള സർക്കാർ സംവിധാനങ്ങൾ കാണിച്ച ദീർഘകാല നിരാകരണവും അവഗണനയുമൊക്കെ മൂലം കണ്ണനും കുടുംബത്തിനുമുണ്ടായ നിരാശയും മനോവിഷമവുമെല്ലാം  അത്രയും കഠിനവുമായിരുന്നു.

ഓരോ ഫയലിലും ജീവിതമുണ്ടെന്ന, പറഞ്ഞുപഴകിയ പ്രയോഗം ഇനിയും ഓർമിക്കേണ്ട ആവശ്യമില്ല. കാരണം, നമ്മുടെ ഭരണയന്ത്രം എത്രയോ കാലമായി ആ ഫയലിനു പിന്നിലുള്ള ജീവിതത്തെ കാണുന്നില്ലെന്നതാണു വാസ്തവം. കണ്ണനും രോഹിണിയുമടക്കം എത്രയോ പേർ അതിനു സാക്ഷ്യം തന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ, കണ്ണൂരിലെ സാജൻ പാറയിൽ എന്ന പ്രവാസി വ്യവസായിയും സ്വന്തം മരണംകൊണ്ട് ഇതുതന്നെ പറ‍ഞ്ഞുതന്നു.

സർക്കാർ സേവനം ഔദാര്യമല്ല, അവകാശമാണെന്ന് ഉറപ്പുവരുത്തുന്ന സേവനാവകാശ നിയമം സംസ്ഥാനത്തു നടപ്പിലാക്കിയിട്ട് ഏഴു വർഷം കഴിഞ്ഞു എന്നതു മറക്കാതിരിക്കാം. മിക്ക സർക്കാർ ഓഫിസുകളിലും ആരുടെയും കണ്ണെത്താതെ ഉറങ്ങുന്ന വ്യക്തിഗത ഹർജികളിൽ തീർപ്പിന്റെ ഒരൊപ്പു വീഴുമ്പോൾ മായുന്നത് ആരുടെയൊക്കെയോ ജീവിതത്തിലെ സങ്കടമാണ്. ഈ തിരിച്ചറിവുതന്നെയാണ് ഏറ്റവും വിലപ്പെട്ട ഭരണമന്ത്രം. ഫയലുകൾ വായിക്കേണ്ടതു യന്ത്രസമാനമായ കണ്ണുകൾകൊണ്ടല്ല, കരുണയും കരുതലുമുള്ള ഹൃദയം കൊണ്ടാവണമെന്ന യാഥാർഥ്യംകൂടി  കണ്ണന്റെയും രോഹിണിയുടെയും കഷ്ടാനുഭവം ഓർമിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com