ADVERTISEMENT

വിദ്യാഭ്യാസ നയം: മലയാള മനോരമ സംഘടിപ്പിച്ച ചർച്ചയുടെ അവസാനഭാഗം

കോളജുകൾ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്യുന്ന സമ്പ്രദായം നിർത്തലാക്കാനാണു പുതിയ വിദ്യാഭ്യാസനയത്തിലെ നിർദേശം. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഇതു നല്ലതോ ചീത്തയോ? കരടു നയം സംബന്ധിച്ചു മലയാള മനോരമ തിരുവനന്തപുരത്തു സംഘടിപ്പിച്ച ചർച്ചയിൽ രണ്ടുതരം അഭിപ്രായങ്ങളും ഉയർന്നു.

അഫിലിയേഷൻ രീതി ഇന്നും തുടരുന്ന രാജ്യം ഇന്ത്യ മാത്രമാണെന്ന് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ ഉപാധ്യക്ഷൻ ടി.പി.ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. ഇത്രത്തോളം മോശമായ സമ്പ്രദായമില്ലെന്ന് കേരള കേന്ദ്ര സർവകലാശാലയിലും എംജി സർവകലാശാലയിലും വൈസ് ചാൻസലർ ആയിരുന്ന ഡോ. ജാൻസി ജയിംസ്. എന്നാൽ, പൊടുന്നനെ നിർത്തലാക്കുന്നത് എത്രത്തോളം പ്രായോഗികമെന്ന ചോദ്യമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഉന്നയിച്ചത്.

ദുഷ്കരമെങ്കിലും മാറ്റം നടപ്പാകുന്നതാണു നല്ലതെന്ന് ഡോ. അച്യുത് ശങ്കർ എസ്.നായർ. ഒരു സർവകലാശാലയുടെ 60% ഊർജവും പരീക്ഷാ നടത്തിപ്പിനും ഭരണപരമായ കാര്യങ്ങൾക്കുമായി ചോർന്നുപോകുകയാണ്. വേണമെങ്കിൽ അഫിലിയേഷനു വേണ്ടി മാത്രം ഒരു സർവകലാശാല നിലനിർത്തിയിട്ട്, മറ്റ് സർവകലാശാലകളെ അക്കാദമിക, ഗവേഷണ മേഖലകളിൽ വളരാൻ അനുവദിക്കണം.

മെഡിസിനും സംഗീതവും ഒരുമിച്ചു പഠിക്കാമോ?

നിലവിലുള്ള സർവകലാശാലകളെ മൂന്നു വിഭാഗങ്ങളിലായി പുനഃക്രമീകരിക്കാനാണു റിപ്പോർട്ടിലെ നിർദേശം – റിസർച്, ടീച്ചിങ്, മൾട്ടിഡിസിപ്ലിനറി. ഇവയിൽ ഏതു വിഭാഗത്തിലാകണമെന്നു സർവകലാശാലയ്ക്കു തീരുമാനിക്കാം. എൻജിനീയറിങ് കോളജുകൾക്കു മാത്രമായി സാങ്കേതിക സർവകലാശാലയും മെഡിക്കൽ കോളജുകൾക്കു മാത്രമായി ആരോഗ്യ സർവകലാശാലയും ഇനി പറ്റില്ല. വേണമെങ്കിൽ മറ്റു വിഷയങ്ങളിലും പ്രോഗ്രാമുകൾ തുടങ്ങി മൾട്ടി ഡിസിപ്ലിനറി സ്വഭാവത്തിലേക്കു മാറാം. മെഡിക്കൽ കോളജിൽ സംഗീതവും എൻജിനീയറിങ് കോളജിൽ ചരിത്രവും പഠിപ്പിച്ചാലെങ്ങനെ? വ്യത്യസ്ത അഭിപ്രായങ്ങളുയർന്നു. പ്രഫഷനൽ കോഴ്സുകളും ജനറൽ കോഴ്സുകളും കൂട്ടിക്കെട്ടിയാൽ രണ്ടും നശിക്കുമെന്നു ഡോ. ജാൻസി ജയിംസ്.

എന്നാൽ, കേരള കേന്ദ്ര സർവകലാശാലയിലെ ഡോ. അമൃത് ജി.കുമാർ മറുവാദവുമായി ചൂണ്ടിക്കാട്ടിയത് രണ്ട് ഉദാഹരണങ്ങളാണ്. യുഎസിലെ ഹാർവഡിൽ മെഡിസിനും സംഗീതവും പഠിപ്പിക്കുന്നുണ്ട്. ആധുനിക ലിങ്ഗ്വിസ്റ്റിക്സിന്റെ പിതാവായ നോം ചോംസ്കി ജോലി ചെയ്തതു മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് (എംഐടി). മൾട്ടിഡിസിപ്ലിനറി പഠനരീതി സ്വാഗതാർഹമെന്നായിരുന്നു ഡോ. അച്യുത് ശങ്കർ എസ്.നായരുടെയും നിലപാട്. കേരളത്തിൽ ചില കോളജുകളിൽ ഇപ്പോഴേ വ്യത്യസ്ത വിഷയങ്ങൾ ഇലക്ടീവായി തിരഞ്ഞെടുക്കാനാകുമെന്നു ഡോ. രാജൻ വർഗീസ് ചൂണ്ടിക്കാട്ടി. സാർവത്രികമായിട്ടില്ലെന്നേയുള്ളൂ.

മൾട്ടിഡിസിപ്ലിനറി പഠനത്തിനുള്ള ഊന്നലിന്റെ പശ്ചാത്തലമാണു ഡോ. അമൃത് ജി.കുമാർ ചൂണ്ടിക്കാട്ടിയത്. ഓട്ടമേഷൻ ഉൾപ്പെടെയുള്ള നവ സാങ്കേതികവിദ്യകൾ അരങ്ങുവാഴാൻ പോകുന്ന നാലാം വ്യവസായ വിപ്ലവം മുന്നിൽക്കണ്ടുള്ള നയമാണിത്. ഒരു ശേഷി മാത്രം സ്വന്തമായുള്ളവർക്ക് ഓട്ടമേറ്റഡ് സമൂഹത്തിൽ സ്ഥാനമില്ല. സ്ഥിരം ജോലി എന്ന ആശയം തന്നെ റദ്ദാക്കപ്പെടുമ്പോൾ ‘മൾട്ടി സ്കിൽഡ്’ ആകേണ്ടത് അനിവാര്യം.

നിങ്ങൾ എന്തു കണ്ടെത്തി?

ലോകത്തെങ്ങും സർവകലാശാലകളിൽ ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടക്കുന്നു; ചെറുതെങ്കിലും ജനജീവിതത്തെ ഏറെ സ്വാധീനിക്കുന്നവ. കേരളത്തിൽ കാർഷിക സർവകലാശാലയുടെ തേങ്ങ പൊതിക്കുന്ന യന്ത്രം മാത്രമാണ് അത്തരത്തിലുള്ളതെന്നു ഡോ. അച്യുത് ശങ്കർ ചൂണ്ടിക്കാട്ടി. കേരള സർവകലാശാല 80 വർഷം കൊണ്ടു നൽകിയത് 20 പേറ്റന്റ് അപേക്ഷകളാണെങ്കിൽ യുഎസ് സർവകലാശാലകൾ ഓരോ വർഷവും നൽകുന്നത് 200– 400 അപേക്ഷകളാണ്.

ഇവിടെ സർവകലാശാലാ അധ്യാപകരോട് നിങ്ങൾ എന്തു ചെയ്തു എന്ന് ആരും ചോദിക്കുന്നില്ല. പേറ്റന്റുകളുടെ കാര്യത്തിൽ എംജി സർവകലാശാല മാത്രമാണ് അൽപമെങ്കിലും മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നത്. പുതിയ നയം ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കുമെങ്കിൽ നല്ലത്. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ഗുണകരമായ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നാണു കരടു നയത്തിലെ നിർദേശം. 

സ്വകാര്യ സംരംഭകരുടെ കാലമോ?

സർവകലാശാലകൾക്ക് അവയുടെ പ്രകടനത്തിനനുസരിച്ച് സഹായധനം എന്ന നിർദേശം പ്രായോഗിക തലത്തിൽ എങ്ങനെയാകും? സ്വകാര്യ സ്ഥാപനങ്ങളുടെ കണക്കിൽ പുനഃപരിശോധനയില്ലാത്തതിനാൽ കൃത്രിമത്തിനുള്ള സാധ്യതയുണ്ടെന്നു ഡോ. രാജൻ വർഗീസ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യമൂലധനത്തിലേക്കു ചർച്ചയെത്തി. സന്നദ്ധസേവന നിക്ഷേപമെന്ന നിലയിലുള്ള സ്വകാര്യ മുതൽമുടക്ക് വിദേശത്തു വ്യാപകമാണ്. എന്നാൽ, ഇവിടെയുള്ളവരും അത്തരം നിക്ഷേപങ്ങൾക്കു യുഎസിലേക്കു പോകും. സ്വകാര്യ നിക്ഷേപം ഒഴിച്ചുകൂടാനാകില്ലെന്ന കാര്യത്തിൽ സംശയമില്ല. അതിർവരമ്പാണു തീരുമാനിക്കേണ്ടത്. സ്വകാര്യ സംരംഭകരുടെ കാലമാണിനിയെന്നു ഡോ. രാജൻ വർഗീസ്.

50% വിദ്യാർഥികൾക്കു സ്കോളർഷിപ്പിനുള്ള നിർദേശമുണ്ട്. ഇത് എത്രത്തോളം പ്രായോഗികമെന്ന സംശയമാണു ജയിംസ് വർഗീസ് പങ്കുവച്ചത്. കരടു റിപ്പോർട്ടിന്റെ ഭാഷ അതിവാചാലമെങ്കിലും പറയാതെപോയ വിഷയങ്ങളുണ്ടെന്നു ടി.പി.ശ്രീനിവാസൻ. ഭിന്നശേഷിക്കാരായ വിദ്യാർഥികളെക്കുറിച്ചു പരാമർശമില്ല. ലിംഗനീതിയുടെ കാര്യത്തിലും നിശ്ശബ്ദമെന്നു ഡോ. ജാൻസി. 

സ്വയംഭരണം പറയുമ്പോഴും അധികാര കേന്ദ്രീകരണം

പുതിയ നയത്തിൽ കോളജുകളുടെയും സർവകലാശാലകളുടെയും സ്വയംഭരണത്തെക്കുറിച്ചു വാചാലമാകുന്നുണ്ടെങ്കിലും മറുവശത്ത് ഭരണപരിഷ്കാരങ്ങൾ അധികാര കേന്ദ്രീകരണത്തിനു വഴിതുറക്കുന്നതു ചൂണ്ടിക്കാട്ടിയാണു ജയിംസ് വർഗീസ് ചർച്ച ഉപസംഹരിച്ചത്. പരമോന്നത വിദ്യാഭ്യാസ ഏജൻസിയായി വിഭാവനം ചെയ്യുന്ന രാഷ്ട്രീയ ശിക്ഷാ ആയോഗിന്റെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. എഐസിടിഇ, മെഡിക്കൽ കൗൺസിൽ, നഴ്സിങ് കൗൺസിൽ തുടങ്ങി അതതു മേഖലകളിലെ മേൽനോട്ട ഏജൻസികൾ ഇല്ലാതാകും. ഗവേഷണ മേഖല നാഷനൽ റിസർച് ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാകുമ്പോൾ ഭരണകൂടത്തിനു സ്വീകാര്യമായ വിഷയങ്ങളിലേക്കു ഗവേഷണം ചുരുങ്ങാനുള്ള സാധ്യത തള്ളിക്കളയുന്നതെങ്ങനെ?

ഷെയ്ക്സ്പിയറെ എന്തിന് മാറ്റിനിർത്തണം?

sketch

‘എൻജിനീയറിങ് വിദ്യാർഥി ഷെയ്ക്സ്പിയറെ പഠിക്കേണ്ട എന്നു നിർബന്ധം പിടിക്കേണ്ടതുണ്ടോ ?’– മൾട്ടിഡിസിപ്ലിനറി പഠനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഡോ. അച്യുത് ശങ്കറിന്റെ ചോദ്യം. ടെക്നോളജി മാത്രം പഠിക്കുന്നവർ സാമൂഹികശാസ്ത്രം അറിയാതെ പോകുന്നതല്ലേ അപകടം? ഡോ. ജാൻസി ജയിംസ് അതിനോടു ചേർത്തുപറഞ്ഞത് സാഹിത്യ പഠനത്തിലെ ഒരു പരീക്ഷണത്തിന്റെ പരാജയം. സിലബസ് നവീകരിച്ചപ്പോൾ പുതിയ സാഹിത്യശാഖകൾ ഉൾക്കൊള്ളിക്കാൻ ഷെയ്ക്സ്പിയറെയും ബൈറനെയും മറ്റുമാണ് ഒഴിവാക്കിയത്. പഠിച്ചിറങ്ങിയ കുട്ടികൾക്കു പുതിയ കാര്യങ്ങളുമറിയില്ല, ഷെയ്ക്സ്പിയറെയും അറിയില്ല എന്ന സ്ഥിതിയായി.

കരടു നയത്തിലെ പ്രധാന നിർദേശങ്ങൾ

∙ കോളജുകൾക്കു സർവകലാശാലാ അഫിലിയേഷൻ വേണ്ട

∙ സർവകലാശാലകളുടെ ജോലി പരീക്ഷാ നടത്തിപ്പും. കോളജ് ഭരണവുമല്ല, പകരം ഗവേഷണവും അക്കാദമിക് പ്രവർത്തനങ്ങളും. 

∙ സർവകലാശാലകൾ ഇനി മൂന്നു തരം – റിസർച്, ടീച്ചിങ്, മൾട്ടിഡിസിപ്ലിനറി. 

∙ സർവകലാശാലകൾക്ക് അവയുടെ പ്രകടനത്തിനനുസരിച്ച് സഹായധനം. 

∙ പരമോന്നത വിദ്യാഭ്യാസ ഏജൻസിയായി രാഷ്ട്രീയ ശിക്ഷാ ആയോഗ്; അധ്യക്ഷൻ പ്രധാനമന്ത്രി. 

ബിരുദ കോഴ്സ് അല്ല, ബിരുദ പ്രോഗ്രാം

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇനി മുതൽ ബിരുദ കോഴ്സ് എന്നല്ല, ബിരുദ പ്രോഗ്രാം എന്നാണു പറയേണ്ടത്; അതിലെ ഓരോ പേപ്പറിനും പ്രോഗ്രാം എന്നും. ഉദാഹരണത്തിന് ബിഎസ്‌സി കോഴ്സ് എന്നല്ല, ബിഎസ്‌സി പ്രോഗ്രാം എന്നാണു പറയേണ്ടത്; ഫിസിക്സ് പേപ്പർ എന്നല്ല, ഫിസിക്സ് കോഴ്സ് എന്നു വേണം. യുജിസി മാർഗനിർദേശം അനുസരിച്ച് 10 വർഷം മുൻപേ ഈ മാറ്റം കേരളത്തിൽ നടപ്പാക്കിക്കഴി‍ഞ്ഞു. പക്ഷേ, ഇപ്പോഴും ബിഎസ്‌സി കോഴ്സ് എന്നും ഫിസിക്സ് പേപ്പറെന്നുമാണ് എല്ലാവരും പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com