ADVERTISEMENT

വടക്കൻപാട്ടു കഥകൾക്കിടയിൽ ഒരു ‘താമര’ കണ്ടു ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പേടിച്ചുപോയ കഥ തൽ‍ക്കാലം കുട്ടികൾ അറിയാൻ വഴിയില്ല. കാരണം, താമരയെ ഇൻസ്റ്റിറ്റ്യൂട്ട് തലവനും കൂട്ടരും കുട്ടികളുടെ കയ്യിലെത്തും മുൻപേ നുള്ളിയെറിഞ്ഞു കഴിഞ്ഞു.

പുസ്തകത്തിന്റെ ആദ്യ പേജുകളിലൊന്നിൽ പുനരാഖ്യാനം, ചിത്രീകരണം, പ്രസാധകൻ തുടങ്ങിയ വിവരങ്ങളുള്ള ഭാഗത്താണു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ താമരയും ഇടംപിടിച്ചത്. പുസ്തകം 3000 കോപ്പിയോളം അച്ചടിക്കുകയും ചെയ്തു. അച്ചടിച്ചു കയ്യിൽ വീണ്ടും പരിശോധനയ്ക്കു വന്നപ്പോഴാണ് ഇതു ദേശീയ പുഷ്പമാണോ അതോ ദേശീയപാർട്ടിയുടെ  ചിഹ്നമാണോയെന്ന ആശങ്ക ഇൻസ്റ്റിറ്റ്യൂട്ട് മേധാവിക്കുണ്ടായത്. രാജ്യമാകെ ലോക്സഭാ തിരഞ്ഞെടുപ്പുചൂടിൽ നിൽക്കുന്ന സമയവും. വിവാദമാകാൻ ഇതു മതിയല്ലോ. പിന്നൊന്നും നോക്കിയില്ല. മുഴുവൻ പുസ്തകങ്ങളും പ്രസിലേക്കു മടങ്ങിപ്പോയി. വിരിഞ്ഞ താമരയെ നുള്ളിമാറ്റി പുതിയ പേജ് രൂപകൽപന ചെയ്ത് വീണ്ടും പുസ്തകം കുത്തിക്കെട്ടി ഒട്ടിച്ചു. ഇതിനൊക്കെ ഏതാനും ആഴ്ചകൾ വേണ്ടിവന്നു.

പിന്നാലെ പുസ്തകത്തിന്റെ മേൽനോട്ടച്ചുമതല വഹിച്ച സഹപത്രാധിപർക്കു മെമ്മോയും കൊടുത്തു. കുട്ടികൾക്കുള്ള പുസ്തകങ്ങളിൽ വിവാദങ്ങൾക്കിട നൽകുന്ന സംഗതി കടന്നുകൂടിയതിനു വിശദീകരണം നൽകാനാണു കൽപന. താമര വരച്ച ചിത്രകാരനും അൽപം കഷ്ടപ്പെട്ടു. പ്രതിഫലം ലഭിക്കാൻ നീണ്ട ഇടവേളതന്നെ വേണ്ടി വന്നു. ഇൻസ്റ്റിറ്റ്യൂട്ട് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ താമരച്ചിത്രങ്ങൾ എന്തു ചെയ്യുമെന്നു ഗവേഷണം ചെയ്യുകയാണു മറ്റു ചിലർ.

ഒരു പുസ്തകം തരാം (വായിക്കില്ലെന്നുറപ്പാണെങ്കിൽ)

‘ഈ പുസ്തകത്തിൽ എഴുതിവച്ചിരിക്കുന്നതിൽ പ്രസാധകരായ ഞങ്ങൾക്ക് ഒരു ഉത്തരവാദിത്തവുമില്ല; വേണമെങ്കിൽ വാങ്ങി വായിക്കൂ’ എന്നൊരു മുഖവുരയോടെ പുസ്തകം വിൽക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അങ്ങനെയാരെങ്കിലും പുസ്തകം വിൽക്കുമോ എന്നാണു സംശയമെങ്കിൽ കേട്ടോളൂ. അങ്ങനെ പുസ്തകം വിറ്റു നാണക്കേടിൽ നിന്നു രക്ഷപ്പെട്ടോളാനാണ് എം. ലീലാവതി കേരള സാഹിത്യ അക്കാദമിയോട് ഉപദേശിച്ചിരിക്കുന്നത്. അക്കാദമി 2016ൽ പ്രസിദ്ധീകരിച്ച കേരള സാഹിത്യചരിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായ എം.ലീലാവതി പറഞ്ഞ കാര്യങ്ങൾ അക്കാദമി ഒരു പുസ്തകമാക്കുകയാണെങ്കിൽ അത് ഓരോ സാഹിത്യസ്നേഹിയും വായിച്ചിരിക്കേണ്ട അമൂല്യഗ്രന്ഥം ആയിരിക്കും. തീർച്ച!

കഴിഞ്ഞ ഭരണസമിതി പുറത്തിറക്കിയ പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ സമഗ്രതയെക്കുറിച്ചു സംശയം തോന്നിയതിനാലാണു നിലവിലുള്ള ഭരണസമിതി പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. പുസ്തകമായതിനാൽ ഇതുവരെ അച്ചടിച്ചവ കത്തിക്കാൻ പറയുന്നില്ലെന്നും എന്നാൽ, ഉള്ളടക്കത്തിൽ തങ്ങൾക്കൊരു ബന്ധവുമില്ലെന്നു പറഞ്ഞുകൊണ്ട് ഇനിയുള്ളവ അച്ചടിക്കുന്നതാവും അഭികാമ്യമെന്നും ലീലാവതി നൽകിയ റിപ്പോർട്ടിൽ പറയുന്നു. അച്ചടിച്ച 6000 കോപ്പി അക്കാദമിയിൽ സ്ഥലം മുടക്കി കിടക്കുകയാണിപ്പോൾ.

പുസ്തകത്തിലെ മലയാള നിരൂപണചരിത്രത്തിൽ ചില പേരുകൾ ഉൾപ്പെടുത്താമായിരുന്നു എന്നു വിനയപൂർവം ലീലാവതി പറയുന്നു. സാഹിത്യതൽപരർ അധികം കേട്ടിരിക്കാൻ ഇടയില്ലാത്ത ആ പേരുകൾ ഇതാ... ശൂരനാട് കുഞ്ഞൻപിള്ള, ഇളംകുളം കുഞ്ഞൻപിള്ള, വിഷ്ണുനാരായണൻ‌ നമ്പൂതിരി, പന്മന രാമചന്ദ്രൻ നായർ, ഹൃദയകുമാരി... അങ്ങനെ 54 പേർ.

80 ലക്ഷം രൂപ മുടക്കിയുള്ള സാഹിത്യചരിത്രത്തിൽ എഡിറ്റർക്ക് 6 ലക്ഷവും ഓരോ വോള്യം എഡിറ്റർമാർക്ക് 50,000 രൂപയുമായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. എഴുത്തുകാർക്ക് ഏടൊന്നിന് 500 രൂപ വച്ച് വേറെയും നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, പലരും മുപ്പതും നാൽപതും പേജ് എഴുത്തോട് എഴുത്താണ് എഴുതിയിരിക്കുന്നത്. വോള്യം എഡിറ്റർമാർ തന്നെ ലേഖനങ്ങൾ എഴുതിയതും പണം കണ്ടിട്ടല്ല, ചരിത്രം ചോരാതിരിക്കാനാണ് എന്നുവേണം കരുതാൻ. എന്നിട്ടും ഇത്രയും നിരൂപകരുടെ പേരുകൾ എവിടെയും കാണാതെ പോകുന്നത് എന്തുകൊണ്ട് എന്നതാണു പിടികിട്ടാത്തത്.

ഞാനതിനൊന്നും പറഞ്ഞില്ലല്ലോ...

കൈവിട്ട പ്രസംഗം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയ്ക്കു പുത്തരിയല്ല. ഇനി അഥവാ പ്രസംഗം കൈവിട്ടാലും ആത്മവിശ്വാസം കൈവിടാത്തതാണ് അദ്ദേഹത്തിന്റെ ശക്തി. ഇന്നലെ കൊച്ചിയിൽ വിവിധ മോർച്ചകളുടെ ശിൽപശാല ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പിള്ളയുടെ ഈ ശക്തി പ്രകടമായത്.

ചാനൽ ക്യാമറകൾ വേദിയിലേക്കുള്ള വഴിയിൽ പിടികൂടി പ്രതികരണം വാങ്ങി. അതുകഴിഞ്ഞു വേദിയിലേക്ക്. ചാനൽ ക്യാമറകൾ പിൻവാങ്ങിയതോടെ ശ്രീധരൻപിള്ള പതിവു ഫോമിലേക്കു കടന്നു. ക്യാമറകളില്ലാത്ത സദസ്സ് മാധ്യമമുക്തമാണെന്ന ധാരണയിലായിരുന്നു പ്രസംഗം. ശക്തമായ എതിർപ്രചാരണമാണ് കേരളത്തിൽ ബിജെപിക്കു പ്രതീക്ഷിച്ച വിജയത്തിനു തടസ്സമായതെന്നും ചാനൽ ചർച്ചകളിൽ നമുക്കു കാര്യങ്ങൾ അവതരിപ്പിക്കാൻ ശക്തരായ വക്താക്കളുണ്ടെങ്കിലും എതിർപ്രചാരണം അതിലേറെ ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ പ്രവർത്തകർ പോലും മാധ്യമപ്രചാരണത്തിൽ വിശ്വസിച്ചു. കേന്ദ്രത്തിൽ ഭരണം ഉറപ്പിക്കാനാവശ്യമായ അംഗബലം എൻഡിഎ നേടുമെന്നോ ബിജെപി ഒറ്റയ്ക്കു നേടുമെന്നോ നമ്മളി‍ൽ പലരും വിശ്വസിച്ചില്ല’... സ്വയംവിമർശനം കത്തിക്കയറുന്നതിനിടയ്ക്കാണ് ഹാളിലിരുന്നു കുത്തിക്കുറിക്കുന്ന ചില മാധ്യമപ്രവർത്തകരെ പ്രവർത്തകർ കാണുന്നത്. വിവരം ഉടൻ കുറിപ്പായി പല കൈമാറി  പിള്ളയ്ക്കു കിട്ടി. അതു വായിച്ച അദ്ദേഹം ഞെട്ടിയതൊന്നുമില്ല, പകരം കൂളായി പറഞ്ഞു, അതിനു ഞാൻ മാധ്യമപ്രവർത്തകർ കേൾക്കാൻ പാടില്ലാത്തതൊന്നും പറഞ്ഞില്ലല്ലോ‌!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com