sections
MORE

വാചകമേള

vachakamela-image
SHARE

എൻ.എം. പിയേഴ്സൺ: കേരളത്തിൽ എന്നും സിപിഎം പരാജയപ്പെടുന്നതിന്റെ മുഖ്യകാരണം അഹങ്കാരമാണ്. അധികാരത്തിലേറുന്ന പാർട്ടി ജനങ്ങളുടെ മെക്കിട്ടുകേറരുത്. കേറിയാൽ താഴെയിറക്കും. ഇതു പലവട്ടം ജനങ്ങൾ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, അതൊരിക്കലും പാർട്ടി നേതാക്കൾ കേൾക്കാറില്ല. തോൽക്കും. അപ്പോൾ കുറച്ചുനാൾ മര്യാദരാമൻമാരായി പെരുമാറും. പിന്നെ വീണ്ടും അഹങ്കാരികളാവും. പാർട്ടിക്കു പുറത്ത് ഒരു ലോകമുണ്ടെന്ന് അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല.

രത്നശ്രീ അയ്യർ (തബലിസ്റ്റ്): ലൈംഗികച്ചുവയോടെ മാത്രം സ്ത്രീ ആർട്ടിസ്റ്റുകളോട് ഇടപെടുന്ന ഒരു വിഭാഗത്തിന്റെ സാന്നിധ്യം ഇപ്പോഴും ശക്തമാണ്. എത്ര വലിയ കലാകാരിയായാലും സ്ത്രീ അവർക്കു ശരീരമാണ്. അവരെ തിരുത്താമെന്ന പ്രതീക്ഷയില്ല. ഒഴിഞ്ഞു നടക്കാനേ പറ്റൂ.

കെ.പി.രാമനുണ്ണി: ആരെ ചവിട്ടിത്താഴ്ത്തിയായാലും സ്വയം ഉയരുകയെന്ന കരിയറിസം ബാധിച്ചിരിക്കുന്നു എന്നതാണ് ഇന്നത്തെ സാഹിത്യമണ്ഡലത്തിന്റെ പ്രധാന പ്രശ്നം. ആ എച്ച്ഐവി ബാധിച്ച എഴുത്തുകാർക്ക് എല്ലാവരും ശത്രുക്കളാണ്. ഫാഷിസത്തെക്കാൾ വലിയ അപകടമാണ് ഈ കരിയറിസം. ഫാഷിസ്റ്റുകൾക്ക് സ്വന്തം പക്ഷത്തുള്ളവരോടെങ്കിലും അസാരം സ്നേഹം കാണും. കരിയറിസ്റ്റുകൾക്ക് അവനവനൊഴികെ എല്ലാവരും ശത്രുപക്ഷത്താണ്.

പി.കെ.പാറക്കടവ്: ഒ.വി.വിജയനുവേണ്ടി കുപ്പായം തുന്നുന്ന തിരക്കിലായിരുന്നു നമ്മൾ. കമ്യൂണിസ്റ്റ് വിരുദ്ധന്റെ കുപ്പായം, സവർണഹിന്ദുവിന്റെ കുപ്പായം. ഒ.വി.വിജയൻ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല. മാനവപക്ഷത്തുനിന്നുള്ള ഈ എഴുത്തുകാരൻ സമതയ്ക്കുവേണ്ടിയുള്ള, നീതിക്കുവേണ്ടിയുള്ള സമരം തിരിച്ചുവരുമെന്ന് വിശ്വസിച്ചിരുന്നു.

സേതു: ഒരു ദേശം അവരുടെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരനെ ആഘോഷിക്കുന്നത് എങ്ങനെയെന്ന് കണ്ടുതന്നെ പഠിക്കണം. ബംഗാളികൾ ടഗോറിനെയും തമിഴകത്തുകാർ വള്ളുവരെയും ആഘോഷിക്കുമെങ്കിലും അങ്ങനെയൊന്ന് കേരളത്തിലെ സിനിക്കൽ സമൂഹത്തിൽ പ്രതീക്ഷിക്കുകയേ വേണ്ട. 

കെ.പി.ഉണ്ണിക്കൃഷ്ണൻ: രാഷ്ട്രീയത്തെ വ്യക്തിപരമായ നേട്ടത്തിനായി ഇന്നുവരെ ഞാൻ നോക്കിക്കണ്ടിട്ടില്ല. വളരെ അടുത്തകാലത്താണ് നെഹ്റു കുടുംബത്തിലെ ചിലർ എന്നെ മാറ്റിനിർത്തിയത്. അവർക്ക് എന്നെയോ കോൺഗ്രസിനെയോ ശരിയായ രീതിയിൽ വിലയിരുത്താൻ കഴിയാത്തത് എന്റെ ദൗർഭാഗ്യമാണ്.

ഡോ. ബി.ഇക്ബാൽ: വായനദിന ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും മലയാളം വിക്കിപീഡിയയിലെ വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ആരും സൂചിപ്പിക്കാതിരുന്നത് ദൗർഭാഗ്യകരമായിപ്പോയി. ഭാഷാസ്നേഹികളായ സ്കൂൾ വിദ്യാർഥികളടക്കമുള്ള യുവാക്കളാണ് വിക്കിഗ്രന്ഥശാലയിൽ പുസ്തകങ്ങൾ വളരെ ക്ലേശം സഹിച്ച് ടൈപ്പ് സെറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ തലമുറയ്ക്കു സാഹിത്യബോധവും ഭാഷാ സ്നേഹവുമില്ലെന്ന പൊതുധാരണ അമ്പേ തെറ്റാണെന്നതിന്റെ ക്രിയാത്മകമായ പ്രഖ്യാപനം കൂടിയാണ് വിക്കിഗ്രന്ഥശാല.

ഷാഹിദ കമാൽ: സ്ത്രീയുടെ വ്യക്തിത്വത്തെ സമൂഹം അംഗീകരിക്കലാണ് യഥാർഥ ഫെമിനിസം. അല്ലാതെ പുരുഷനെപ്പോലെ വസ്ത്രം ധരിച്ചതുകൊണ്ടു മാത്രമായില്ല. പുരുഷനൊപ്പം നിന്നു പ്രവർത്തിക്കാൻ കഴിയുന്ന സ്വതന്ത്രമായ സാമൂഹിക ചുറ്റുപാട് ഒരുക്കിയെടുക്കുകയാണ് വ്യക്തി എന്ന നിലയിലും സാമൂഹികജീവി എന്ന നിലയിലും സ്ത്രീകൾ സാധ്യമാക്കേണ്ടത്.

ഡെന്നിസ് ജോസഫ്: എനിക്കും ജോഷിക്കും ജോയിക്കുമെല്ലാം ജീവിതത്തിലും തൊഴിൽമേഖലയിലും ഒരുപാട് നേട്ടങ്ങൾ തന്ന സിനിമയാണ് ‘ന്യൂഡൽ‌ഹി’. ഷൂട്ട് ചെയ്യാനുള്ളത് നിത്യേന എഴുതി ചെയ്ത ആ സിനിമ പൂർത്തിയാക്കാൻ ജോഷി എടുത്തത് ആകെ 22 ദിവസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA