sections
MORE

അധികാരമോഹമോ, ഏയ്...!

aazcha
SHARE

സിപിഐയെപ്പോലെ മോഹമുക്തമായ ഒരു രാഷ്ട്രീയപ്പാർട്ടിയെ കേരളത്തിലെന്നല്ല, ഇന്ത്യയിൽത്തന്നെ കണ്ടുകിട്ടാനിടയില്ല. ഒരിക്കൽപോലും ഈ പാർട്ടി അധികാരത്തിനു പിന്നാലെ അലഞ്ഞുതിരിഞ്ഞു നടന്നിട്ടില്ല.

ബാങ്ക് ദേശസാൽക്കരണക്കാലത്ത് വേണമെങ്കിൽ പാർട്ടിക്കു പ്രധാനമന്ത്രിസ്ഥാനം ചോദിക്കാമായിരുന്നു. ഇന്ദിരാഗാന്ധി അതു സ്വർണത്തളികയിലോ വെള്ളിത്തളികയിലോ, പാർട്ടി നിർബന്ധം പിടിച്ചാൽ അലുമിനിയം തളികയിലോ വച്ച് ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ നേരിട്ടു ഹാജരായി നൽകുമായിരുന്നു. 

അടിയന്തരാവസ്ഥക്കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ശ്രീപദ് അമൃത് ഡാങ്കെയെന്ന സാർവദേശീയ കമ്യൂണിസ്റ്റിന്റെ പിന്തുണയുള്ളതുകൊണ്ടാണ് അന്ന് ഇന്ദിരാഗാന്ധി സർക്കാർ നിലംപതിക്കാതിരുന്നത്.

ബംഗ്ലദേശ് യുദ്ധകാലത്ത് അമേരിക്കയുടെ ഏഴാം കപ്പൽപ്പട അറബിക്കടലിലേക്ക് ഉല്ലാസയാത്ര നടത്തിയപ്പോഴും സഹായിക്കാൻ സിപിഐയുടെ അഭ്യർഥന പ്രകാരമാണ് മാർഷൽ ഉസ്തിനോവ്് എന്ന കപ്പലും അങ്ങോട്ടു വന്നത്.

ഇക്കാര്യം സാക്ഷ്യപ്പെടുത്താൻ എസ്.എ.ഡാങ്കെയെയോ സി.രാജേശ്വർ റാവുവിനോ വിളിച്ചുവരുത്തി ശല്യപ്പെടുത്തേണ്ടതില്ല.

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ സമ്പൂർണ പ്രസംഗങ്ങൾ എന്ന കൃതി റഫർ ചെയ്താൽ ഇതിനെല്ലാം ഉത്തരം ലഭിക്കും. ‘ബംഗ്ലദേശ് യുദ്ധകാലം.

അമേരിക്കയുടെ ഏഴാം കപ്പൽപ്പട അറബിക്കടലിലേക്കു വരുന്നു. ഇന്ദിരാഗാന്ധിയുടെ ഹൃദയം പൈലോ പൈലോ എന്നു മിടിക്കുന്നു. അതാ വരുന്നു റഷ്യൻ ചെമ്പടയുടെ ധീരനായകൻ മാർഷൽ ഉസ്തിനോവ്. മദാം, ഞങ്ങൾ രക്ഷിക്കാം’ എന്ന് മാർഷൽ ഉസ്തിനോവ് പറഞ്ഞപ്പോഴാണ് ഇന്ദിരാഗാന്ധിയുടെ ശ്വാസഗതി നേരെയായത്.

ചാരഉപഗ്രഹങ്ങൾ വഴി സംഭാഷണം ചോർത്തിക്കിട്ടിയ ഏഴാം കപ്പൽപ്പടയുടെ കൊടിക്കപ്പലായ യുഎസ്എസ് എന്റർപ്രൈസസിന്റെ ക്യാപ്റ്റൻ ‘ഉയിന്റമ്മോ, എന്നെക്കൊണ്ടു പറ്റൂലാ’’ എന്നും പറഞ്ഞാണ് സൂയസ് കനാൽ വഴി പസിഫിക്കിൽ പ്രവേശിച്ചത്.

ഇതെല്ലാം പരിഗണിച്ചാൽ 50 വർഷത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതിപദം സിപിഐക്കു കൊടുക്കേണ്ടതാണ്. പ്രധാനമന്ത്രി സ്ഥാനമാണെങ്കിൽ 25 വർഷം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. എന്നാൽ, ഇതൊന്നും പാർട്ടി ആവശ്യപ്പെട്ടിട്ടില്ല.

അധികാരമെന്നു കേൾക്കുമ്പോൾത്തന്നെ പാർട്ടി നേതാക്കൾ ഓക്കാനിക്കും. 1969ൽ ഡൽഹിയിൽനിന്നു സി.അച്യുതമേനോനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി സ്ഥാനം ഏൽപിക്കാൻ എത്രമാത്രം സമ്മർദം ചെലുത്തേണ്ടി വന്നെന്ന് കെ.കരുണാകരനു മാത്രമേ അറിയൂ.

‘70ൽ വീണ്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ കാലുപിടിക്കുകയും സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തിട്ടുണ്ടെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 

റോഡും പാലവുമെല്ലാം ബജറ്റിൽ പ്രഖ്യാപിച്ച് ഒരു രൂപ ടോക്കൻ പ്രൊവിഷനായി വകയിരുത്തുന്നതു പോലെ മന്ത്രിസഭയിൽ അച്യുതമേനോൻ മാത്രം മതിയെന്നായിരുന്നു പാർട്ടി തീരുമാനം.

എന്നാൽ, സർക്കാരിന് ഇടതുപക്ഷ സ്വഭാവം നിർബന്ധമായും വേണമെന്ന് എഐസിസി തലത്തിൽ തീരുമാനമുണ്ടായിരുന്നു. സർക്കാരിനെ ലിറ്റ്മസ് പരിശോധനയ്ക്കു വിധേയമാക്കിയാൽ സംഗതി അസിഡിക് ആവണമെന്നത് ഇന്ദിരാഗാന്ധിയുടെ ആഗ്രഹമായിരുന്നു.

സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് അച്യുതമേനോൻ സർക്കാരിൽ മറ്റു സിപിഐക്കാർ മന്ത്രിസ്ഥാനം ഏറ്റെടുത്തത്.

സമാനമായ ഒരു സന്ദർഭമാണ് ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന് അധികമന്ത്രിയെ നൽകിയപ്പോൾ അഞ്ചാം മന്ത്രി വേണമെന്നു സിപിഐ ആവശ്യപ്പെട്ടതു ന്യായം.

അഞ്ചാം മന്ത്രിയെന്നാൽ യുഡിഎഫ് ഭരണകാലത്തെപ്പോലെ വിവാദമാകുമെന്നു ഭയന്നാണ് തൽക്കാലം ചീഫ് വിപ് സ്ഥാനം ഏറ്റെടുക്കാൻ സിപിഎം നിർദേശിച്ചത്. 

വേണമെങ്കിൽ പാർട്ടിക്ക് അന്നേ അതേറ്റെടുത്തു കാര്യം കബൂലാക്കാമായിരുന്നു. പക്ഷേ, കേരള രാഷ്ട്രീയത്തിൽ മനഃസാക്ഷിയുള്ള ഏക പാർട്ടിയെന്ന ചീത്തപ്പേരുള്ളതുകൊണ്ട് ആ സ്ഥാനം വേണ്ടെന്നുവച്ചു. എന്നാൽ, ചീത്തപ്പേര് എക്കാലത്തേക്കും കൊണ്ടു നടക്കുന്നതു ബുദ്ധിയല്ല.

അതുകൊണ്ടു മാത്രമാണ് പാർട്ടി ചീഫ് വിപ് സ്ഥാനം ഏറ്റെടുത്തത്. ഈ സ്ഥാനം സ്വീകരിക്കാൻ പാർട്ടിയുടെ നിയമസഭാംഗങ്ങളുടെ മുഴുവൻ കയ്യും കാലും പിടിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ഏറെ സമ്മർദം ചെലുത്തിയ ശേഷമാണു കെ.രാജൻ അതിനു സമ്മതിച്ചത്.

ന്യൂനപക്ഷം ഭൂരിപക്ഷത്തിനു കീഴ്പ്പെടണമെന്ന കമ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരം മാത്രമായിരുന്നു അത്. അതിന്റെ പേരിൽ സിപിഐക്ക് അധികാരാസക്തി ഉണ്ടെന്ന് ആരോപിക്കാൻ പാടില്ല. 

 കഴിവുകേടെന്ന് വിളിക്കരുത് 

പിണറായി വിജയന്റെ പൊലീസിനു പല ദേശീയ മാധ്യമങ്ങളും വലിയ വലിയ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. അങ്ങു ഡൽഹിയിൽ ഇരിക്കുന്ന ദേശീയ മാധ്യമങ്ങൾക്ക് രാജ്യത്തിന്റെ തെക്കേ അറ്റത്ത് ഒരു പൊട്ടുപോലെ കിടക്കുന്ന കേരളം കാണാൻ കഴിയാത്തതുകൊണ്ടായിരിക്കും ഇതെന്നു പ്രചരിപ്പിക്കുന്നവരുണ്ട്.

ഗൂഗിൾ മാപ്പിൽ സേർച് ചെയ്താൽ കേരളത്തിലെ ഏതു മുക്കും മുടുക്കും തെളിഞ്ഞുകിട്ടുമെന്നു നേരിട്ടു ബോധ്യമുള്ളതിനാൽ ദേശീയ മാധ്യമങ്ങളുടെ റാങ്കിങ് വിശ്വസിക്കാനാണു വിമതനു താൽപര്യം. പ്രത്യേകിച്ചും, അസൂയക്കാർക്കു പഞ്ഞമില്ലാത്ത ഈ നാട്ടിൽ. 

കേരളത്തിൽ ഒരു കോഴിമോഷണം നടന്നാൽ അതിലെ പ്രതികളെ പിടിക്കാൻ ശരാശരി 11 മിനിറ്റാണു പൊലീസ് എടുക്കുന്നത്. സംസ്ഥാനാന്തര കോഴിമോഷണമാണെങ്കിൽ 13 മിനിറ്റിനകം പ്രതികളെ വലയിലാക്കും.

ഇപ്പോൾ ട്രോളിങ് നിരോധനമുള്ളതു കൊണ്ട് വലയിൽ കുടുങ്ങിയാലും പ്രതികളെ വലിച്ചു കരയ്ക്കെത്തിക്കാനാവില്ലെന്ന പ്രശ്നമുണ്ട്. 

ജയ്ഷെ മുഹമ്മദ്, ഹർക്കത്തുൽ മുജാഹിദീൻ, ലഷ്കറെ തയിബ, ഐഎസ് തുടങ്ങിയ പാർട്ടികൾ ഉൾപ്പെട്ട കോഴിമോഷണമാണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് കൂടുതൽ എടുത്തേക്കും. അത്രയ്ക്കാണു കേരള പൊലീസിന്റെ കാര്യക്ഷമത. 

പിന്നെ ചിലപ്പോൾ വരാപ്പുഴയിലും നെടുങ്കണ്ടത്തുമെല്ലാം സംഭവിച്ചതു പോലെ ചില കൈക്കുറ്റപ്പാടുകൾ കേരള പൊലീസിനു സംഭവിച്ചു കാണും.

സ്കോട്‌ലൻഡ് യാഡിന്റെ ഇൻവെസ്റ്റിഗേഷൻ മാന്വൽ പ്രകാരമാണു കേരള പൊലീസും അന്വേഷണം നടത്തുന്നത്. എന്നാൽ, അവിടത്തെ കാലാവസ്ഥയും ഇവിടത്തെ കാലാവസ്ഥയും തമ്മിൽ വലിയ വ്യത്യാസമുള്ളതിനാൽ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിൽ അൽപസ്വൽപം ഭേദഗതി വരുത്തിയിട്ടുണ്ട്.

ഇതു വെറും ഇഞ്ചാർജ് കുട്ടമ്പിള്ളയും കടുവാ മാത്തനേഡും കൂടി വരുത്തിയതല്ല. ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന പിണറായി സഖാവ് രാജ്യാന്തര ദുരന്ത നിവാരണ ഏജൻസികളുമായി കൂടിയാലോചിച്ചാണ്. 

ഇതൊക്കെയാണെങ്കിലും ചില്ലറ സംശയങ്ങൾ ബാക്കിനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷിയുടെ സെക്രട്ടറിയുടെ മകനെ കാണാതായിട്ടു രണ്ടാഴ്ചയായി. കക്ഷിയെ കണ്ടെത്താൻ കേരള പൊലീസ് അഹോരാത്രം പാടുപെടുന്നുണ്ടെന്നതു സത്യമാണ്.

പക്ഷേ, ടിയാന്റെ ലൊക്കേഷൻ മാത്രം പിടികിട്ടുന്നില്ല. ഇതു കേരള പൊലീസിന്റെ കഴിവുകേടാണെന്നു തെറ്റിദ്ധരിക്കരുത്. സ്കോട്‌ലൻഡ് യാഡിന്റെ എസ്ഒപിയിൽ പാർട്ടി സെക്രട്ടറിയുടെ മകനെ കാണാതായാൽ എന്തു ചെയ്യണമെന്നു പറയാത്തതാണു കാരണം.

കുട്ടിഭായ്, ഞെട്ടി ഭായ് 

കൈത്തോട് പുഴയിലും പുഴ സമുദ്രത്തിലും ഒഴുകിയെത്തണം എന്നതാണു പ്രകൃതിനിയമം. എ.പി.അബ്ദുല്ലക്കുട്ടിയുടെ കാര്യത്തിലും അതുതന്നെയാണു സംഭവിച്ചത്. സിപിഎമ്മിൽ ആയിരുന്നപ്പോൾ കുട്ടി വെറുമൊരു കൈത്തോടായിരുന്നു. കോൺഗ്രസിൽ എത്തിയപ്പോൾ പുഴയായി. ബിജെപിയിൽ ചേർന്നതോടെ ശരിക്കുമൊരു മഹാസമുദ്രമായിരിക്കുകയാണ്.

അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നതു കണ്ടു. ഏതെങ്കിലും രാഷ്ട്രത്തലവൻ വരുന്നുണ്ടാകുമെന്നാണു കുട്ടി കരുതിയത്. അതിനാൽത്തന്നെ പരവതാനിയിൽ ചവിട്ടാതെ സൈഡ് പറ്റി അകത്തുകടക്കാൻ നോക്കി. കുട്ടിയെ സ്വാഗതം ചെയ്യാനാണു പരവതാനിയെന്ന് എസ്പിജിക്കാർ ആവർത്തിച്ചു പറഞ്ഞ ശേഷമാണ് അദ്ദേഹം അതിൽ ചവിട്ടിയത്. മുറിയിൽ കയറിയ ഉടനെ പ്രധാനമന്ത്രി എഴുന്നേറ്റുനിന്നു ‘മേരേ പ്യാരാ കുട്ടിഭായ്’ എന്നു വിളിച്ചൊരു കെട്ടിപ്പിടിത്തമായിരുന്നു.

സിപിഎമ്മിൽ ആയിരുന്നപ്പോൾ ഒരു ബ്രാഞ്ച് സെക്രട്ടറിയോ കോൺഗ്രസിലുള്ളപ്പോൾ മണ്ഡലം പ്രസിഡന്റോ അങ്ങനെ വിളിച്ചിട്ടുമില്ല, കെട്ടിപ്പിടിച്ചിട്ടുമില്ല. അതാണു ബിജെപി. അവിടെയെത്താൻ വൈകിപ്പോയെന്നാണ് ഇപ്പോൾ തോന്നുന്നത്. വൈകിയെങ്കിലും എത്തിയല്ലോ? മുജ്ജന്മ സുകൃതമെന്നു പറഞ്ഞാൽ ഒട്ടും കൂടുതലാവില്ല. ബിജെപിയിൽ എത്തിയപാടുതന്നെ അബ്ദുല്ലക്കുട്ടിക്കു പുനർജന്മത്തിലും പൂർവജന്മങ്ങളിലുമെല്ലാം വിശ്വാസം കലശലായിരിക്കുകയാണ്. 

ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളെ ബിജെപിയോട് അടുപ്പിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണു പാർട്ടി അബ്ദുല്ലക്കുട്ടിയെ ഏൽപിച്ചിരിക്കുന്നത്. എന്നുവച്ച് ഉത്തരേന്ത്യയിൽ പ്രവേശിക്കുന്നതിനു വിലക്കൊന്നുമില്ല. 

സ്റ്റോപ് പ്രസ്: കോൺഗ്രസിൽ നേതാക്കളുടെ കൂട്ടരാജി.

രാജിക്കത്തുകളുടെ എണ്ണം കണ്ടപ്പോഴാണ് പാർട്ടിയിൽ ഇത്രയധികം ആളുകളുണ്ടെന്നു മനസ്സിലായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA