sections
MORE

നവകേരള നിർമിതി പ്രഹസനമാകരുത്

SHARE

കേരളത്തിനു പ്രളയാനന്തര പുനർനിർമാണത്തിനുള്ള ആദ്യഗഡു വായ്പ 1750 കോടി രൂപ (25 കോടി ഡോളർ) ലോകബാങ്ക് അനുവദിച്ചതു തീർച്ചയായും നമുക്കു വലിയ ആശ്വാസം പകരുന്നു. അതേസമയം, നവകേരള നിർമിതി എന്ന വലിയ ദൗത്യം  കുറ്റമറ്റ്, സമർപ്പിതമായി ചെയ്യാനുള്ള നമ്മുടെ ഉത്തരവാദിത്തം വീണ്ടും ഓർമിപ്പിക്കുന്നുമുണ്ട്, ഈ പുനർനിർമാണ സഹായം;  ഇതിന്റെ വിനിയോഗത്തിൽ കൃത്യമായ നടപടികൾ ഉണ്ടായാൽ മാത്രമേ രണ്ടാം ഘട്ടമായി 1750 കോടി രൂപ കൂടി ലഭിക്കൂ എന്നിരിക്കെ വിശേഷിച്ചും.

തകർന്ന റോഡുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കേണ്ടതുണ്ട്. ഇനിയൊരു ദുരന്തമുണ്ടായാൽ നേരിടാൻ സംസ്ഥാനത്തെ പര്യാപ്തമാക്കുന്ന സമഗ്രമാറ്റമാണു രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നവകേരളത്തിന്റെ നിർമിതി എന്ന ലക്ഷ്യത്തിനുവേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ട മുന്നൊരുക്കങ്ങളും ഗൃഹപാഠങ്ങളും പദ്ധതിരൂപരേഖകളും എത്രമാത്രം ഫലവത്താണ് എന്നതിന്റെ ഉരകല്ലുകൂടിയാവും ഈ ആദ്യഗഡു സഹായത്തിന്റെ വിനിയോഗം.

മഹാപ്രളയത്തിന്റെ വാർഷികം അടുത്തെത്തിനിൽക്കെ, തകർന്ന വീടുകളുടെ പുനർനിർമാണത്തിലും  പ്രളയദുരിതാശ്വാസത്തിലും മറ്റും സർക്കാരിന്റെ പ്രവർത്തനം ഭാഗികം മാത്രമാണെന്നതു വലിയൊരു ഇച്ഛാഭംഗമായി നമുക്കു മുന്നിലുണ്ട്. ആ ദുരന്തത്തിൽനിന്ന് നമ്മൾ എത്രത്തോളം കരകയറി, തകർന്നടിഞ്ഞതൊക്കെ എത്രമാത്രം പുനഃസൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മലയാള മനോരമ ലേഖകർ നടത്തിയ അന്വേഷണം ‘നിലയില്ലാതെ നവകേരളം’ എന്ന പരമ്പരയിലൂടെ മലയാളി ഇക്കഴിഞ്ഞ ദിവസങ്ങളിൽ വായിക്കുകയുണ്ടായി. 

പ്രളയത്തിന്റെ ദുരിതക്കയത്തിൽനിന്നു നമ്മളെ കൈപിടിച്ചുയർത്തേണ്ട ഭരണസംവിധാനം എന്താണു ചെയ്യുന്നതെന്നും  സകലതും നഷ്ടപ്പെട്ടവർ ഇപ്പോൾ ജീവിക്കുന്നതെങ്ങനെയാണ് എന്നുമൊക്കെയുള്ള ആ അന്വേഷണം നവകേരളം സ്വപ്നം കാണുന്നവർക്കു തൃപ്തി പകർന്നില്ലെന്നു മാത്രമല്ല, പല കണ്ടെത്തലുകളിലൂടെയും നിരാശ നൽകുകയും ചെയ്തു. ചില കാര്യങ്ങളിൽ പണമൊഴുക്കുന്ന കാര്യത്തിൽ സർക്കാർ വലിയ ഉത്സാഹത്തിലാണെന്ന വിവരവും അതിലുണ്ടായിരുന്നു. പ്രളയമൊഴിഞ്ഞ്, പുനരുദ്ധാരണത്തിന്റെയും പുനഃസൃഷ്ടിയുടെയും സമയമായപ്പോൾ ഔദ്യോഗിക സംവിധാനം പതിവുപോലെ ഉറക്കംതൂങ്ങുന്നുവെന്ന സൂചനയാകട്ടെ, കേട്ടു മറക്കാനുള്ളതുമല്ല.  

പ്രളയാനന്തര കേരള പുനർനിർമാണത്തിനായി പ്രകൃതിസൗഹൃദ അടിസ്ഥാന വികസന രൂപരേഖ മന്ത്രിസഭ അംഗീകരിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും പദ്ധതികൾ കാര്യനിർവഹണത്തിലേക്കു കടന്നിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം  മിക്കവാറും പേർക്കു നൽകിയെന്ന് അവകാശപ്പെടുമ്പോഴും എത്ര പേർക്ക് എവിടെയൊക്കെ നൽകിയെന്ന കണക്കു പുറത്തുവിട്ടിട്ടുമില്ല. എല്ലാം സുതാര്യമാകുമെന്നു പറഞ്ഞ സർക്കാർ, കേരള പുനർനിർമാണ കാര്യത്തിൽ പുകമറയ്ക്കുള്ളിൽ തന്നെയാണെന്നത് ഈ വലിയ ദൗത്യം യാഥാർഥ്യമാകാൻ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. 

പ്രളയ പുനർനിർമാണത്തിലെ സർക്കാർ അലംഭാവം ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ പുനർനിർമാണം ദീർഘകാല പ്രക്രിയയാണെന്നും ശാസ്ത്രീയമായി പൂ‍ർത്തിയാക്കാൻ മൂന്നു വർഷമെങ്കിലും വേണ്ടിവരുമെന്നുമാണു മുഖ്യമന്ത്രി മറുപടി നൽകിയത്.

ലോകബാങ്ക് സഹായത്തിന്റെ ആദ്യഗഡു ഉറപ്പായതോടെ സർക്കാർ സംവിധാനങ്ങൾ ഉറക്കം വെടിഞ്ഞേതീരൂ. സർക്കാരിന്റെ ഫണ്ട് വിനിയോഗം പൂർണമായി ഫലപ്രദമാകേണ്ടതുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിങ് ഏജൻസികളുടെ വിശ്വാസം ഉയർത്തുന്നതിനുമായി സ്വതന്ത്ര ഏജൻസി ഓഡിറ്റിങ് നടത്തുമെന്നു സർക്കാർ മുൻപു പറഞ്ഞതു യാഥാർഥ്യമാകുകയും വേണം. പ്രളയാനന്തര പുനർനിർമാണത്തിനായി ഓരോ രൂപ ചെലവഴിക്കുന്നതും ഉത്തരവാദിത്തത്തോടെയാവണം. 

എങ്ങനെ വേണമെങ്കിലും കെട്ടിപ്പടുക്കാവുന്നവിധം പ്രളയം കുഴച്ചുമറിച്ചിട്ട മണ്ണിൽനിന്നു നാം ഗാഢമായി ആഗ്രഹിക്കുന്നത് പുതിയൊരു കേരളത്തിന്റെ സമഗ്രനിർമിതിതന്നെയാണ്. അതു മാതൃകാപരമായി നിറവേറ്റാൻ സർക്കാർ സംവിധാനങ്ങൾ ഒരുമയോടെ മുന്നോട്ടുനീങ്ങണം. കേരളം കാണുന്ന ഏറ്റവും വലിയ സ്വപ്നത്തെ നിരുത്തരവാദിത്തത്തിന്റെയും  അലസതയുടെയും പ്രളയമെടുത്തുകൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA