sections
MORE

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്; കടമ്പകളേറെ

vote
SHARE

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിന് ഭരണഘടനാപരവും പ്രായോഗികവുമായ പല ബുദ്ധിമുട്ടുകളുമുണ്ട്. അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ ഉണ്ടാക്കുന്ന ഭരണസ്തംഭനവും ഭാരിച്ച ചെലവുകളും ഒഴിവാക്കണം എന്ന ഉദ്ദേശ്യമാണ് ഒറ്റ തിരഞ്ഞെടുപ്പ്  എന്ന ആശയത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. ഇത് അത്ര പെട്ടെന്ന് ഉൾക്കൊള്ളാവുന്നതല്ല. 

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക എന്ന ആശയം 2017 മുതൽ ചർച്ചയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ ആശയം ശക്തമായി മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തുടർന്ന് കുറെ ചർച്ചകൾ നടന്നുവെങ്കിലും അതൊക്കെ എങ്ങുമെത്താതെപോയി. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രിയുടെ ആശയത്തെ പിന്തുണച്ചു.

കമ്മിഷന്റെ അഭിപ്രായത്തിൽ, ഉടനടി എല്ലായിടത്തും നടപ്പാക്കാൻ സാധിക്കില്ലെങ്കിലും പടിപടിയായി നടപ്പാക്കാനാവുന്ന ആശയമാണിത്. പക്ഷേ, അതിനുശേഷം ആരും അധികമൊന്നും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞുകേട്ടില്ല.

എന്നാൽ, വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയപ്പോൾ ഏറ്റവുമധികം മുൻഗണന നൽകിക്കൊണ്ട് ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം, അടിയന്തരമായ ഒരാവശ്യമായി പ്രധാനമന്ത്രി അവതരിപ്പിച്ചിരിക്കുന്നു. ഇതെക്കുറിച്ചു പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കമ്മിറ്റിയെ നിയോഗിക്കാമെന്നും പറഞ്ഞിരിക്കുന്നു. 

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ 1952 മുതൽ കുറെക്കാലത്തേക്ക് ഒരുമിച്ചാണു നടത്തിയിരുന്നത്. എന്നാൽ, അറുപതുകളുടെ അവസാനമായപ്പോൾ, രാഷ്ട്രീയ അസ്ഥിരതയും കേന്ദ്ര സർക്കാരിന്റെ  ഇടപെടലുകളും കാരണം പല സംസ്ഥാന സർക്കാരുകളും അകാലചരമം പ്രാപിച്ചു.

അങ്ങനെ നിയമസഭകളുടെ തിരഞ്ഞെടുപ്പ് പല സമയങ്ങളിലായി നടത്തേണ്ടിവന്നു. പിന്നീട് 1970ൽ, ലോക്സഭ കാലാവധി തീരുന്നതിനു മുൻപു പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു നടത്തി. അങ്ങനെ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് ഏതാണ്ട് അവസാനിച്ചു. 

അതു പുനരാരംഭിക്കണമെങ്കിൽ, ഭരണഘടനാപരവും പ്രായോഗികവുമായ പല ബുദ്ധിമുട്ടുകളുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. അടുത്ത തിരഞ്ഞെടുപ്പ് 2024ൽ ആണു നടത്തേണ്ടത്.

ഈ 5 വർഷത്തിനിടെ, പല നിയമസഭകളുടെയും കാലാവധി അവസാനിക്കും. ചില നിയമസഭകളിലേക്ക് 2019ൽ തന്നെ തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്.

ഭരണഘടനയുടെ 172–ാം വകുപ്പനുസരിച്ച് നിയമസഭയുടെ കാലാവധി 5 വർഷമാണ്. അതു മാറ്റാൻ പറ്റുന്നത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ മാത്രം. 

അതുപോലെ, നിയമസഭ പിരിച്ചുവിട്ടാൽ 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തണമെന്നു സുപ്രീം കോടതി അനുശാസിക്കുന്നു. സ്പെഷൽ റഫറൻസ് നമ്പർ 1, 2002 എന്ന രാഷ്ട്രപതിയുടെ ഒരു റഫറൻസിൽ (ഭരണഘടനയുടെ 143 (1) വകുപ്പു പ്രകാരം) സുപ്രീം കോടതിയുടെ നിർദേശമാണിത്.

തന്നെയുമല്ല, ഭരണഘടനയുടെ 356 (4) –ാം വകുപ്പനുസരിച്ച് ഒരു സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന പ്രസിഡന്റ് ഭരണത്തിന്റെ പരമാവധി കാലയളവ് 3 വർഷത്തിൽ കൂടാൻ പാടില്ലെന്നു നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.

അപ്പോൾപിന്നെ, 2020ലോ 2021ലോ ഒക്കെ കാലാവധി തീരുന്ന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ 2024 വരെ എങ്ങനെ നീട്ടാനാകും? 

അടിക്കടിയുള്ള തിരഞ്ഞെടുപ്പുകളുണ്ടാക്കുന്ന ഭരണസ്തംഭനവും ഭാരിച്ച ചെലവുകളും ഒഴിവാക്കണമെന്ന ഉദ്ദേശ്യമാണ് ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തിനു പിന്നിലെന്നു പറയപ്പെടുന്നു. ഈ രണ്ടു കാരണങ്ങളും അത്ര പെട്ടെന്ന് ഉൾക്കൊള്ളാവുന്നവയല്ല.

തിരഞ്ഞെടുപ്പു ചെലവ് ക്രമാതീതമായി വർധിക്കുന്നു എന്നതു സത്യമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഭരണകക്ഷി 27,000 കോടി രൂപ ചെലവാക്കിയെന്ന് എവിടെയോ വായിക്കുകയുണ്ടായി.

ഈ കണക്കു ശരിയോ തെറ്റോ എന്നറിയാൻ മാർഗമില്ല. എന്നാൽ, ഒരു സത്യം എല്ലാവർക്കുമറിയാം – ഇന്ത്യയിലെ ഭരണകക്ഷികളിലാർക്കുംതന്നെ തിരഞ്ഞെടുപ്പു ചെലവു കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഇതുവരെയുണ്ടായിട്ടില്ല. 

ഇത്രയുമൊക്കെ ചെലവാക്കാൻ തയാറുള്ള കക്ഷികൾ, ചെലവു കുറയ്ക്കാൻ വ്യഗ്രതപ്പെടുന്നു എന്നു കേൾക്കുന്നതു തമാശയാണ്. തിരഞ്ഞെടുപ്പു ബോണ്ട്, വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഭേദഗതി വരുത്തി തിരഞ്ഞെടുപ്പു ചെലവിന് വിദേശ സംഭാവന സ്വീകരിക്കാൻ സാധ്യത തുറന്നത്...

ഇവയൊക്കെ ചെലവു കുറയ്ക്കാനുള്ള നടപടികളാണോ? ഒരിക്കലുമല്ല. അപ്പോൾപിന്നെ, ഒറ്റത്തവണ തിരഞ്ഞെടുപ്പ് എന്ന ആശയം ചെലവു കുറയ്ക്കാനാണ് എന്നു പറയുന്നതിന് അടിസ്ഥാനമില്ല.

അതുപോലെ തന്നെയാണ് ‘ഭരണസ്തംഭന വാദം’. ഒരു സ്തംഭനവും ഒരിക്കലുമുണ്ടായിട്ടില്ല. രാജ്യത്തെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനം യുപി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു. ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തണമെന്നു തീരുമാനിച്ചതും പൊതു തിരഞ്ഞെടുപ്പിന്റെ സമയത്താണ്.

ഒരു സർക്കാരും തിരഞ്ഞെടുപ്പു കാരണം സുപ്രധാന തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടിയതായി അറിവില്ല. പിന്നുള്ളത് തിരഞ്ഞെടുപ്പു ചട്ടങ്ങളാണ്.

ഈ പാവംപിടിച്ച ചട്ടങ്ങളെ ആരാണു വകവയ്ക്കുന്നത്? ഒന്നാമത്തെ കാര്യം, ഇവയ്ക്കു നിയമപ്രാബല്യമില്ല. രണ്ടാമത്തെ കാര്യം, തിരഞ്ഞെടുപ്പു കമ്മിഷൻ വളരെ വളരെ സൂക്ഷിച്ചാണ് ഇക്കാര്യത്തിലിടപെടുന്നത്.

മൂന്നാമത്തെ കാര്യം, മന്ത്രിമാരോട് തിരഞ്ഞെടുപ്പു സമയത്ത് സാമ്പത്തിക സഹായമോ അതിനുള്ള വാഗ്ദാനമോ ചെയ്യാൻ പാടില്ല എന്നുമാത്രമേ ചട്ടം അനുശാസിക്കുന്നുള്ളൂ– ചട്ടം (VI) (a). ഈ സഹായവും വാഗ്ദാനവുമൊക്കെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപൊക്കെ നടത്താറുള്ളതാണ്. തിരഞ്ഞെടുപ്പു സമയത്ത് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ അതു നേരിടാൻ തടസ്സമൊന്നും ഉണ്ടാവുകയുമില്ല.

തിരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയക്കാർക്കും ഒരു പേടിസ്വപ്നമാണ്, കടമ്പയാണ്. അഞ്ചു വർഷത്തിലൊരിക്കലേ അതു വരൂ എന്നുണ്ടെങ്കിൽ അവർക്കുണ്ടാകുന്ന ആശ്വാസം ചില്ലറയല്ല. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ജനങ്ങളോടു ബാധ്യതപ്പെട്ടിരിക്കുന്നു.

ഈ ബാധ്യത (Accountability) ജനാധിപത്യത്തിന്റെ കാതലാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ 5 വർഷത്തിനിടെ ചുരുക്കം ചില അവസരങ്ങളിൽ മാത്രം മണ്ഡലത്തിൽ പോകുന്ന അനേകംപേരെ, പാർലമെന്റിലെ 40 വർഷത്തെ ജീവിതത്തിനിടെ ഈ ലേഖകൻ കണ്ടിട്ടുണ്ട്. 

ഒട്ടേറെ രാജ്യങ്ങളിൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള നിയമസംവിധാനമുണ്ട്. പക്ഷേ, നമുക്കതില്ല. അപ്പോൾപിന്നെ, ഏറ്റവും നല്ല കാര്യം ‌കൂടെക്കൂടെയുള്ള ഈ തിരഞ്ഞെടുപ്പുകളാണ്.

രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളുമൊക്കെ കൂടെക്കൂടെ ജനത്തെ അഭിമുഖീകരിക്കട്ടെ, അവരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കട്ടെ. കുറഞ്ഞപക്ഷം, ജനവികാരം മനസ്സിലാക്കാനുള്ള അവസരങ്ങളുണ്ടാകട്ടെ. അതു ജനാധിപത്യത്തിന്റെ വിജയം തന്നെയാണ്.

കൂടെക്കൂടെയുള്ള തിരഞ്ഞെടുപ്പ് ഭരണകക്ഷികൾക്കും ഉപകാരമേ ചെയ്യൂ. തെറ്റുകൾ തിരുത്താനുള്ള അവസരം അവർക്കു ലഭിക്കുമെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം (Course correction). വലിയ തിരഞ്ഞെടുപ്പിലേക്കു പോകുന്നതിനു മുൻപുള്ള ചെറിയ തിരഞ്ഞെടുപ്പുകളിലൂടെ ജനങ്ങളുടെ ‘പൾസ്’ (Pulse) അവർക്കു മനസ്സിലാക്കാം.

അതനുസരിച്ചു തിരുത്തൽ വരുത്താം. ഒരർഥത്തിൽ, ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളിലുണ്ടാവുന്ന ക്രമാതീതമായ പണച്ചെലവോ തിരഞ്ഞെടുപ്പു ചട്ടങ്ങൾ മൂലമുണ്ടാവുന്ന ഭരണസ്തംഭനമോ ഒന്നുമല്ല നമ്മെ കൂടുതൽ ചിന്തിപ്പിക്കേണ്ടത്; തിരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ സാമൂഹിക, സാംസ്കാരിക ജീവിതത്തിനേൽക്കുന്ന കനത്ത ആഘാതമാണ്. 

(ലോക്സഭ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA