sections
MORE

സിന്ധ്യാമുക്ത പാർലമെന്റ് !

scindhya
വിജയരാജെ, വസുന്ധരരാജെ, മാധവ്റാവു സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യ
SHARE

മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയത്തോടെ, ദീർഘകാലത്തിനുശേഷം, ഗ്വാളിയറിലെ പ്രശസ്തമായ രാജകുടുംബത്തിന്റെ പേരുവച്ച ഒരു നേതാവു പോലും പാർലമെന്റിൽ ഇല്ലെന്നായി.

ട്രഷറി ബെഞ്ചിലായാലും പ്രതിപക്ഷത്തായാലും കഴിഞ്ഞ 6 ദശകത്തിനിടെ ഒട്ടേറെത്തവണ നിർണായക പങ്കു വഹിച്ച സിന്ധ്യ കുടുംബം, ഇത്തവണ ലോക്സഭ സമ്മേളിച്ചപ്പോൾ അസാന്നിധ്യം കൊണ്ട് സാന്നിധ്യമറിയിക്കുന്നതായി മുതിർന്ന നേതാക്കൾ തിരിച്ചറിഞ്ഞു.

1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ ഒഴികെ, 1957 മുതൽ 2014 വരെ നടന്ന 15 തിരഞ്ഞെടുപ്പുകളിലും ലോക്‌സഭയിലേക്കു സിന്ധ്യ കുടുംബത്തിൽനിന്ന് ഒരാളെങ്കിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗ്വാളിയറിലെ രാജമാത എന്നറിയപ്പെടുന്ന വിജയരാജെ സിന്ധ്യ, മകൻ മാധവ്റാവു സിന്ധ്യ, പെൺമക്കളായ വസുന്ധര രാജെ, യശോധര രാജെ തുടങ്ങി കൊച്ചുമകൻ ജ്യോതിരാദിത്യ വരെ സിന്ധ്യ കുടുംബത്തിലെ 3 തലമുറകൾ ഇതിൽ ഉൾപ്പെടുന്നു.

വസുന്ധര രാജെയുടെ മകൻ ദുഷ്യന്ത് സിങ് ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ചു ജയിച്ചെങ്കിലും, അദ്ദേഹം രാജസ്ഥാനിലെ ധോൽപുര രാജകുടുംബത്തിലെ അനന്തരാവകാശിയായതിനാൽ പേരിനൊപ്പം സിന്ധ്യ കുടുംബപ്പേരല്ല ഉപയോഗിക്കുന്നത്. 

ദുഷ്യന്ത് സിങ്ങിന്റെ തുടർച്ചയായ 4 തിരഞ്ഞെടുപ്പു വിജയങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ വിജയരാജെ സിന്ധ്യ കുടുംബം ലോക്സഭയിലേക്ക് 32 തിരഞ്ഞെടുപ്പുകളിൽ (ഉപതിരഞ്ഞെടുപ്പുകൾ അടക്കം) വിജയിച്ചിട്ടുണ്ട്.

നെഹ്റു – ഗാന്ധി കുടുംബം മാത്രമാണ് ഇവർക്കു മുന്നിലുള്ളത് – ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ അടക്കം ആകെ 33 വിജയങ്ങൾ (മേനക 7, സോണിയ 6, ഇന്ദിരയും രാഹുലും 4 വീതം, നെഹ്റു, രാജീവ്, വരുൺ എന്നിവർ മൂന്നു വീതം, ഫിറോസ് ഗാന്ധി 2, സഞ്ജയ് 1). 1977–78 കാലത്ത് ഇന്ദിരയും മകൻ സഞ്ജയും പരാജയപ്പെട്ടതിനാൽ ലോക്സഭയിൽ നെഹ്റു കുടുംബത്തിൽനിന്ന് ആരുമില്ലായിരുന്നു.

അതുപോലെ, 1991ൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് വധിക്കപ്പെട്ടതുമൂലം ലോക്സഭയിൽ 1991–96 കാലത്തും നെഹ്റു–ഗാന്ധി കുടുംബത്തിൽനിന്ന് ആരുമില്ലായിരുന്നു.

കോൺഗ്രസിലും ബിജെപിയിലും സിന്ധ്യ കുടുംബം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സ്വാതന്ത്ര്യത്തിനു മുൻപ് ഗ്വാളിയർ ഭരിച്ച അവസാന മഹാരാജാവ് ജ്യോതിർറാവു സിന്ധ്യ, മധ്യഭാരത് സംസ്ഥാനത്തെ രാജ്പ്രമുഖ് ആയിരുന്നു.

അദ്ദേഹം ഭാര്യ വിജയരാജെയെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. കോൺഗ്രസ് നേതാവായി രാഷ്ട്രീയം തുടങ്ങിയ രാജമാത തുടർച്ചയായി 3 വട്ടം ലോക്‌സഭയിലേക്കു ജയിച്ചു. പക്ഷേ, ഇന്ദിരാ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്നു കോൺഗ്രസ് വിട്ടു. പിന്നീടു ബിജെപിയായി മാറിയ ഭാരതീയ ജനസംഘത്തിന്റെ നെടുംതൂണുകളിലൊന്നായി വിജയരാജെ മാറി.

മകൻ മാധവ്‌റാവു സിന്ധ്യക്ക് അമ്മയോടു രാഷ്ട്രീയവും വ്യക്തിപരവുമായ ഭിന്നതകളുണ്ടായിരുന്നു. 1971ൽ ഇന്ദിരാതരംഗത്തെ അതിജീവിച്ച് അദ്ദേഹം ജനസംഘത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു.

1977ൽ ജനതാ തരംഗത്തിന്റെ കാലത്താകട്ടെ, സ്വതന്ത്രനായും ജയിച്ചു. 1980ലെ പൊതുതിരഞ്ഞെടുപ്പിൽ മാധവ്‌റാവു കോൺഗ്രസിലെത്തി. തുടർച്ചയായി 9 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു റെക്കോർഡിട്ട അദ്ദേഹം, വിമാനാപകടത്തിൽ മരിച്ചതോടെയാണ് മകൻ ജ്യോതിരാദിത്യ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്.

സിന്ധ്യ കുടുംബത്തിന്റെ സ്ഥിരം സീറ്റായ ഗുണയിൽനിന്ന് അദ്ദേഹം ആദ്യം ഉപതിരഞ്ഞെടുപ്പിലും പിന്നീടു തുടർച്ചയായി 3 തവണയും വിജയം നേടി. 

വസുന്ധരെ രാജെയും മകൻ ദുഷ്യന്തും രാജസ്ഥാനിലെ ധോൽപുരിൽ നിന്നാണു വിജയിച്ചത്. ധോൽപുർ രാജകുടുംബത്തിലെ ഹേമന്ത് സിങ്ങിനെ വസുന്ധര രാജെ വിവാഹം ചെയ്തതിനു ശേഷമാണിത്. അവരുടെ ഇളയ സഹോദരി യശോധര രാജെയും ഇവിടെനിന്നു 2 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചെങ്കിലും മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്കുതന്നെ മടങ്ങിപ്പോയി.

1960ന്റെ രണ്ടാം പകുതിയിൽ വിജയരാജെയും ഇന്ദിരാഗാന്ധിയും തമ്മിൽ യോജിപ്പോടെ മുന്നോട്ടുപോയിരുന്നുവെങ്കിൽ മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ ഗതി മറ്റൊന്നായേനെ. പക്ഷേ, 1966ൽ പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ദിര, ഗ്വാളിയറിലെ രാജമാതയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം അംഗീകരിച്ചില്ല.

ഗ്വാളിയർ രാജകുടുംബത്തിന്റെ എതിരാളികളുമായി അടുക്കുകയും ചെയ്തു.  ഇതോടെയാണ് രാജമാത, ഇന്ദിരയെ നിശിതമായി എതിർത്തിരുന്ന സി.രാജഗോപാലാചാരിയുടെ സ്വതന്ത്ര പാർട്ടിയിൽ ചേർന്നത്. 

ലോക്സഭയിൽനിന്നു രാജിവച്ച വിജയരാജെ, സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്‌ വിരുദ്ധ കക്ഷികളുടെ അമരത്തേക്കെത്തി. രാഷ്ട്രീയതന്ത്രങ്ങളിൽ ഇന്ദിരയുടെ അടുത്ത ഉപദേശകനായി അറിയപ്പെട്ടിരുന്ന ഡി.പി. മിശ്രയുമായി അവർ കൊമ്പുകോർത്തു. അന്നത്തെ യുവനേതാക്കളായ അടൽ ബിഹാരി വാജ്‌പേയി അടക്കമുള്ളവരോട് സംസ്ഥാനത്തെങ്ങും പര്യടനം നടത്തി ജനസംഘം കെട്ടിപ്പടുക്കാൻ പ്രേരിപ്പിച്ചു. 

രാജമാതയും ഇന്ദിരയും തമ്മിലുള്ള അവസാന ഏറ്റുമുട്ടൽ 1980ൽ ഇന്ദിര റായ്‌ബറേലിയിൽ മടങ്ങിയെത്തിയപ്പോഴാണ്. ആ തിരഞ്ഞെടുപ്പിൽ രാജമാത തോറ്റു.

1980 കളിൽ ബിജെപിയുടെ കേന്ദ്ര രാഷ്ട്രീയവിഷയങ്ങൾ രൂപീകരിക്കാൻ അവർ കഠിനാധ്വാനം ചെയ്തു. പക്ഷേ, ബിജെപി അധികാരത്തിലെത്തിയത് 1998ൽ ആണ്. അപ്പോഴേക്കും പ്രായാധിക്യം മൂലം അവർ മന്ത്രിസ്ഥാനം വഹിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. 

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിശ്വസ്തനായതോടെ മാധവ്റാവു സിന്ധ്യക്കു കോൺഗ്രസിൽ വലിയ വളർച്ചയാണുണ്ടായത്. കേന്ദ്ര റെയിൽവേ മന്ത്രി എന്ന നിലയിൽ, റെയിൽവേയുടെ ആധുനികവൽക്കരണത്തിന് അദ്ദേഹം തുടക്കമിട്ടു. ശതാബ്ദി, രാജധാനി ട്രെയിനുകൾ തുടങ്ങി. രാജ്യമെങ്ങുമുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു.

എന്നാൽ, പിന്നീടു വന്ന കോൺഗ്രസ് പ്രധാനമന്ത്രി പി.വി.നരസിംഹറാവുവുമായി അദ്ദേഹത്തിനു നല്ല ബന്ധമായിരുന്നില്ല. മാനവശേഷി, വ്യോമയാനം പോലുള്ള പ്രധാന വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നതെങ്കിലും രാജീവിന്റെ കുടുംബവുമായി അടുപ്പം തുടർന്നിരുന്ന ഗ്വാളിയർ രാജകുടുംബാംഗത്തെ നരസിംഹറാവുവിനു വിശ്വാസമില്ലായിരുന്നു. 

നരസിംഹറാവുവിന്റെ സിബിഐയാണ് മാധവ്റാവുവിനെ ഹവാലക്കേസിൽ പ്രതിചേർത്തത്. അതോടെ നേതൃത്വവുമായി കലഹിച്ച് മാധവ്റാവു 1996ൽ മധ്യപ്രദേശ് വികാസ് പാർട്ടിയുണ്ടാക്കി, 2 സീറ്റുകളും നേടി.

ഐക്യമുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും അദ്ദേഹം സോണിയയുടെ രാഷ്ട്രീയപ്രവേശനത്തിനായി തുറന്ന പ്രോത്സാഹനം നൽകി. 1999ൽ സോണിയ പ്രതിപക്ഷ നേതാവായപ്പോൾ മാധവ്‌റാവു ആയിരുന്നു പ്രതിപക്ഷ ഉപനേതാവ്.

വിമാനാപകടത്തിൽ മരിച്ചില്ലായിരുന്നുവെങ്കിൽ യുപിഎ സർക്കാരുകളിൽ മാധവ്റാവു മുഖ്യ സ്ഥാനം വഹിച്ചേനെ. സോണിയയുടെ വിശ്വസ്തനായതിനാൽ പ്രധാനമന്ത്രി പോലും ആയിത്തീർന്നേനെ എന്നു കരുതുന്നവരുമുണ്ട്.  

ജ്യോതിരാദിത്യ സമീപകാലത്ത് പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. 15 വർഷത്തെ ഇടവേളയ്ക്കുശേഷം മധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിച്ചതിനു പിന്നിൽ നിർണായക പങ്കു വഹിച്ചു.

പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിതരംഗത്തിൽ വീണുപോയി. തിരഞ്ഞെടുപ്പു രേഖകളിലും ലോക്സഭാ രേഖകളിലും 62 വർഷത്തിനുശേഷം ഇതാദ്യമായി സിന്ധ്യയുടെ കുടുംബപ്പേരുണ്ടാവില്ലെന്നതു വസ്തുതയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA