ADVERTISEMENT

രണ്ടു സുഹൃത്തുക്കൾ ചേർന്ന് ഒരു കടത്തുവഞ്ചി വാങ്ങി. ലാഭനഷ്‌ടങ്ങൾ പരസ്‌പരം വീതിച്ചെടുക്കാം എന്നതാണു വ്യവസ്ഥ. ഇരുവരും വഞ്ചിയിൽ കയറി തടാകത്തിലൂടെ വെറുതെയൊന്നു ചുറ്റാൻ പോയി. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഒന്നാമൻ വഞ്ചിയുടെ ഒരു‌വശത്തു  ദ്വാരമുണ്ടാക്കാൻ തുടങ്ങി. ദേഷ്യംവന്ന രണ്ടാമൻ ചോദിച്ചു, നീ എന്തു മണ്ടത്തരമാണു കാണിക്കുന്നത്; വഞ്ചിയിൽ ആരെങ്കിലും തുളയിടുമോ? ഒന്നാമൻ ചോദിച്ചു, ഞാൻ തുളച്ചത് എന്റെ ഭാഗത്തല്ലേ. നിനക്കെന്താണു  പ്രശ്‌നം? 

അതിരു തിരിച്ച് മതിലുകെട്ടിയാൽ എന്തിനും പരിഹാരം കാണാം എന്നതാകും മനുഷ്യന്റെ ഏറ്റവും വലിയ അബദ്ധചിന്തകളിലൊന്ന്. അതുകൊണ്ടുതന്നെ വാതിൽ പണിയുന്നതിനു മുൻപേ മതിൽ പണിയാനാണു നമുക്കിഷ്‌ടം. എല്ലാവരെയും അകറ്റിനിർത്തി, സ്വന്തമാക്കിയതെല്ലാം വരുതിക്കുള്ളിലാക്കി വാതിലടച്ച് അന്യർക്കു പ്രവേശനമില്ല എന്ന ബോർഡ് സ്ഥാപിക്കും. 

ഒന്നും സ്വന്തമാക്കാൻ ആകില്ലെന്നും കയ്യടക്കിവയ്ക്കുന്നതെല്ലാം സമയം കൊണ്ടും സന്ദർഭം കൊണ്ടും മറ്റാരുടേതെങ്കിലും ആകുമെന്നുമുള്ള തിരിച്ചറിവാണ് സഹിഷ്‌ണുതയുടെ അടിസ്ഥാനം. 

ആർക്കെങ്കിലും ഉപയോഗപ്പെടുന്ന എന്തിനെയെങ്കിലും ആർക്കും ഉപകരിക്കാത്തവിധം നശിപ്പിക്കുന്നതാകും ഏറ്റവും വലിയ സാമൂഹികതിന്മ. വലിച്ചെറിയുന്ന ഭക്ഷണവും ഉപയോഗിക്കാത്ത ഉപകരണങ്ങളും തികഞ്ഞ സാമൂഹികദ്രോഹത്തിന്റെ അടയാളമാകുന്നത് അങ്ങനെയാണ്. എന്റെ സ്ഥലത്ത് എന്റെ വസ്തുക്കൾ കൊണ്ട് എനിക്ക് എന്തും ചെയ്യാം എന്ന ധാർഷ്‌ട്യം ഇല്ലാതായാലേ, എല്ലാവർക്കും എല്ലായിടത്തും വ്യാപരിക്കാനാകൂ. 

അവനവനിൽ മറ്റുള്ളവരെയും മറ്റുള്ളവരിൽ അവനവനെയും കണ്ട് പെരുമാറുമ്പോൾ മാത്രമേ, സ്വാഭാവികമായ നിലനിൽപ് സാധ്യമാകൂ. ഒരാൾക്കു മാത്രമായി ഒരിടത്തും നിലനിൽപില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com