sections
MORE

ബെംഗളൂരു ക്രൈസ്റ്റ്: അക്ഷരവെട്ടത്തിന്റെ അരനൂറ്റാണ്ട്

CHRIST
ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ക്യാംപസ്.
SHARE

സൗത്ത് എൻഡ് സർക്കിളിന് അപ്പുറത്തേക്ക് ബെംഗളൂരു നഗരം വളർന്നിട്ടില്ലാത്ത കാലം. അതിനുമപ്പുറം ആരെങ്കിലും സ്ഥലം വാങ്ങിയാൽ, ആളുകൾ കളിയാക്കിയിരുന്നു – കാശുകൊടുത്തു ശവപ്പറമ്പു വാങ്ങുന്നോ എന്ന്.

സുവർണ ജൂബിലി നിറവിലുള്ള ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ചരിത്രമാരംഭിക്കുന്നത് ഇത്തരമൊരു കാട്ടുപറമ്പിൽ നിന്നാണ്. ഹൊസൂർ റോഡിൽ ബാംഗ്ലൂർ ഡെയറി ഫ്ലൈഓവറിന് എതിർവശത്തായി കാടുപിടിച്ചുകിടന്ന ഒരു പ്രദേശം ആഗോളനിലവാരത്തിലുള്ള ക്യാംപസായി 50 വർഷംകൊണ്ടു പരിണമിച്ചു.

സിഎംഐ സഭാ സ്ഥാപകൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ദർശനങ്ങളുടെ സുകൃതമുണ്ട് ഇതിനു പിന്നിൽ.

96 ഏക്കർ ഭൂമി സഭയ്ക്കായി വാങ്ങിയത് ബിഷപ് ജോനസ് തളിയത്താണ്. 1957ൽ ധർമാരാം കോളജ് സേക്രട്ട് ഹാർട്ട് സെമിനാരിക്കു തുടക്കമിട്ടു.

ഇതിനുള്ളിലെ 25 ഏക്കറിലായി 1969 ജൂലൈ 15ന് ക്രൈസ്റ്റ് കോളജ് ആരംഭിച്ചു. അന്നുണ്ടായിരുന്നത് 379 വിദ്യാർഥികളും 20 അധ്യാപകരും. ഇന്നിത് 60 രാജ്യങ്ങളിൽ നിന്നുള്ള 600 പേർ ഉൾപ്പെടെ 21,000 വിദ്യാർഥികളുടെ പ്രിയ കലാലയം. 1988ൽ ബിഎസ്‍സി ഇലക്ട്രോണിക്സ് കോഴ്സ് നടത്താൻ അനുമതി ലഭിച്ചു.

90ൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ്. 1991ൽ ആദ്യ പിജി കോഴ്സ് എംഎ സോഷ്യോളജി. ഈ അധ്യയന വർഷം ആരംഭിച്ച എംഎസ്‍സി ഡേറ്റാ സയൻസ് ഉൾപ്പെടെ 50 ഡിഗ്രി, 51 പിജി, 17 എംഫിൽ, 20 പിഎച്ച്ഡി കോഴ്സുകളും സർവകലാശാല മുന്നോട്ടുവയ്ക്കുന്നു.

CHRIST PRO
ഫാ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ മാണി

 പ്രകൃതിയുടെ കയ്യൊപ്പ് 

പ്രകൃതി കയ്യൊപ്പിട്ടിരിക്കുന്ന ക്രൈസ്റ്റ് ക്യാംപസ് ആദ്യ കാഴ്ചയിൽത്തന്നെ ഒരു വിദ്യാർഥിയെ മോഹിപ്പിക്കാൻ പോന്നതാണ്.

ഹരിതസൗഹൃദ നിർമാണമികവിന് 2000 മുതൽ 2002 വരെ ബെംഗളൂരു അർബൻ ആർട്സ് കമ്മിഷന്റെ പുരസ്കാരം ലഭിച്ചു. ഇവിടത്തെ ഉദ്യാനഭംഗിക്ക് കർണാടക ഹോർട്ടികൾച്ചർ വകുപ്പിന്റെ പ്രോത്സാഹനം കൂട്ടിനുണ്ട്. മാലിന്യമുക്തമാണു ക്യാംപസ്.

മലിനജലം ശുദ്ധീകരിച്ചാണ് ഉദ്യാനങ്ങൾ നനയ്ക്കുന്നത്. ഇതിനായി 6 ലക്ഷം ലീറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റും (എസ്ടിപി) സജ്ജീകരിച്ചിരിക്കുന്നു.

2009ൽ എൻജിനീയറിങ്, എംബിഎ കോഴ്സുകൾക്കായി കെങ്കേരിയിലേക്കും 2016ൽ സോഷ്യൽ സയൻസ്, മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾക്കായി ബന്നാർഘട്ട റോഡിലെ ഹുളിമാവിലേക്കും ക്യാംപസ് വളർന്നു.

പുണെ ലവാസയിലെയും ഡൽഹി ഗാസിയാബാദിലും ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളാണ് ഈ ഗണത്തിൽ ഒടുവിലത്തേത്. തിരുവനന്തപുരം വഴുതക്കാട്ട് ഒരു നോഡൽ സെന്ററും പ്രവർത്തിച്ചുവരുന്നു.

കാഷ്‍ലെസ് ക്യാംപസ് കൂടിയാണ് ക്രൈസ്റ്റ്. എഴുപതുകളിൽ പ്രിൻസിപ്പൽ ഉപയോഗിച്ചിരുന്ന മുറിയിൽ ഒരു കൗണ്ടർ മാത്രമായി സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ച ശാഖ, മഹാനഗരത്തിലെ ഏറ്റവും കൂടുതൽ ഇടപാടുകളുള്ള ശാഖയായി മാറി.

ഓൺലൈനായി ഫീസ് അടയ്ക്കാനും വിദ്യാർഥികൾക്ക് സ്മാർട് കാർഡ് ഉപയോഗിച്ച് പണമിടപാടു നടത്താനും സൗകര്യമുണ്ട്. 

 ഡീംഡ് ടു ബി യൂണിവേഴ്സിറ്റി

ഫാ.മാണി ജൈൽസ് ആയിരുന്നു ക്രൈസ്റ്റ് കോളജിന്റെ ആദ്യ പ്രിൻസിപ്പൽ (പിന്നീട് മാനന്തവാടി ബിഷപ്പായ ഇമ്മാനുവൽ പോത്തനാംമൂഴി.) 2004ൽ യുജിസി അംഗീകാരത്തോടെ സ്വയംഭരണ കോളജായി. 2008 ജൂലൈ 22ന് കോളജിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവി ലഭിച്ചു.

ആദ്യ വൈസ് ചാൻസലർ ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് രണ്ടാമത്തെ വിസിയായി ഫാ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ മാണി ചുമതലയേറ്റു. 

1998ൽ രാജ്യത്ത് ആദ്യമായി നാഷനൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അംഗീകാരം ലഭിച്ച കലാലയങ്ങളിൽ ഒന്നായി.

കർണാടകയിൽ ഈ പദവി ലഭിക്കുന്ന ആദ്യ കലാലയമാണ്. 2016ൽ നാക് എ ഗ്രേഡ് ലഭിച്ചു. ഇംഗ്ലിഷ്, മലയാളം തമിഴ്, കന്നഡ ഭാഷകളിലായി 300 പുസ്തകങ്ങളും സർവകലാശാല പ്രസിദ്ധീകരിച്ചു.

യുഎസ്, യുകെ, യൂറോപ്പ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്തൊനീഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിനു സർവകലാശാലകളുമായി പങ്കാളിത്തവുമുണ്ട്. ധർമാരാം റെക്ടറാണ് സർവകലാശാലയുടെ ചാൻസലർ. 

1978ൽ ധർമാരാം കോളജിൽ സെമിനാരി പഠനത്തിന് എത്തിയതാണ് കാഞ്ഞിരമറ്റം ചുളയില്ലാപ്ലാക്കൽ കുടുംബാംഗമായ വിസി ഫാ. ഏബ്രഹാം വെട്ടിയാങ്കൽ മാണി.

1989ൽ ക്രൈസ്റ്റ് കോളജിൽ ഗണിതശാസ്ത്ര അധ്യാപകനായി. ഇതിനിടെ 1996-99ൽ യുഎസിൽ എംഎസ് കംപ്യൂട്ടർ സയൻസ് പഠനം. 30 വർഷത്തെ അധ്യാപന ജീവിതം പിന്നിട്ട് സർവകലാശാലയുടെ ആദ്യ പ്രോ വൈസ് ചാൻസലറായി.

ഗവേഷണ സൗകര്യങ്ങളെ പുതിയ തലത്തിലെത്തിക്കുക, സ്വതന്ത്ര ചിന്തകകൾക്കു കൂടുതൽ ഇടംനൽകുക തുടങ്ങിയവയാണ് പുതിയ ഉത്തരവാദിത്തം നൽകുന്ന വെല്ലുവിളിയെന്നു വിസി പറഞ്ഞു. 

 ശ്രേഷ്ഠ വഴിയിൽ  50 കൊല്ലം 

വിദ്യാർഥി രാഷ്ട്രീയമില്ലാത്ത ക്രൈസ്റ്റിൽ 1993 വരെ യൂണിയൻ തിരഞ്ഞെടുപ്പുണ്ടായിരുന്നു. വിജയികളെ ക്രൈസ്റ്റിനുള്ളിലെ കുളത്തിലിറക്കി കുളിപ്പിച്ചെടുക്കുമായിരുന്നു.

രാത്രികാലങ്ങളിൽ ക്യാംപസിനുള്ളിൽ നടത്തിയിരുന്ന സ്പ്രിങ് ഫെസ്റ്റിവൽ നിരോധിച്ചതിനും മിഡ് ടേം പരീക്ഷ നടപ്പിലാക്കിയതിനും ഹാജർ നിർബന്ധമാക്കിയതിനും എതിരെ യൂണിയൻ സമരം ചെയ്തതോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു.

ഇന്നിപ്പോൾ വിദ്യാർഥികളുടെ ശബ്ദമാകാൻ നാമനിർദേശം ചെയ്യപ്പെട്ട സ്റ്റുഡന്റ് കൗൺസിലർമാരാണുള്ളത്. ക്രൈസ്റ്റിന്റെ ആദർശസൂക്തം മികവും സേവനവുമാണ്. ഇവിടുത്തെ ഓരോ മൺതരിയിലും ഈ മുദ്രണമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA