ADVERTISEMENT

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വാഗമൺ സ്വദേശി കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവം പുതിയ വെളിപ്പെടുത്തലുകളിലേക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും നീളുമ്പോൾ, ആ അടിസ്ഥാന ചോദ്യം ഉത്തരമില്ലാതെ ഇപ്പോഴും ബാക്കിനിൽക്കുന്നു: ആർക്കു വേണ്ടിയാണ്, എന്തിനുവേണ്ടിയാണ് പൊലീസുകാർ ഈ ക്രൂരത ചെയ്തത്? കുറ്റകൃത്യത്തെപ്പറ്റി അന്വേഷിക്കാനും അതിൻമേൽ നടപടികളെടുക്കാനും ഉത്തരവാദപ്പെട്ട പൊലീസ് തന്നെ ഇതിലെ കുറ്റക്കാരാവുമ്പോൾ, കുറ്റം മൂടിവയ്ക്കാൻ ശ്രമിക്കുമ്പോൾ, ഈ ചോദ്യത്തിനു കൃത്യമായ മറുപടി കിട്ടുമോ എന്ന ആശങ്ക കേരളത്തിനുണ്ടാവുകയും ചെയ്യുന്നു; ഉന്നതതലത്തിൽവരെ കുറ്റക്കാരുണ്ട് എന്ന ആരോപണമുള്ള സാഹചര്യത്തിൽ വിശേഷിച്ചും.  

കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടത് ഇപ്പോൾ നാടിന്റെ ആവശ്യമായിക്കഴിഞ്ഞു. കസ്റ്റഡി മുതൽ കോടതിയിൽ എത്തിക്കുന്നതുവരെ നാലു ദിവസം കുമാറിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്തിനുവേണ്ടിയായിരുന്നു? ഇക്കാര്യങ്ങളെല്ലാം അറിയാൻ ചുമതലപ്പെട്ടവർ അതറിയാതെ പോയതും എന്തുകൊണ്ടാണ്? റിമാൻഡ് പ്രതി കുമാർ മരിച്ചശേഷമാണ് ഇയാളുടെ വിശദവിവരങ്ങൾ പീരുമേട് സബ് ജയിൽ അധികൃതർ തന്നോടു പറഞ്ഞതെന്നു ജയിൽ മേധാവി ഋഷിരാജ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.  

 കുമാർ സൂക്ഷിക്കാനേൽപിച്ചുവെന്നു പറയുന്ന തുക എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. വായ്പത്തട്ടിപ്പിലൂടെ രണ്ടു കോടിയോളം രൂപയാണ് കുമാറിന്റെ ഉടമസ്ഥതയിലുള്ള നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് പിരിച്ചെടുത്തതായി പറയുന്നത്. തൊണ്ടിമുതലായി കണ്ടെടുത്തതായി പറയുന്ന വൻ തുകയെക്കുറിച്ചും സംശയങ്ങളുണ്ട്. എന്നാൽ, 1.97 ലക്ഷം രൂപയാണു പൊലീസിന്റെ കണക്കുകളിലുള്ളത്.

ബാക്കി തുക എവിടെയെന്നത് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കുമാറിനെ കസ്റ്റഡിയിലെടുത്ത വേളയിൽ, രണ്ടു കോടി രൂപ എവിടെയെന്നതു സംബന്ധിച്ചായിരുന്നു നെടുങ്കണ്ടം പൊലീസിന്റെ ചോദ്യംചെയ്യൽ. കുമാർ പറഞ്ഞ പല സ്ഥലങ്ങളിലും പൊലീസ് പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ഇതോടെ രോഷാകുലരായ പൊലീസുകാർ വാഹനത്തിനുള്ളിലിട്ടും സ്റ്റേഷനിൽവച്ചും കുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. 

കുടുംബപ്രശ്നത്തിന്റെ പേരിൽ കസ്റ്റഡിയിലായ യുവാവിനും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനമുണ്ടായെന്ന പരാതിയും കഴിഞ്ഞദിവസം നാം കേട്ടു. കൊല്ലപ്പെട്ട കുമാർ കസ്റ്റഡിയിലുണ്ടായിരുന്ന ജൂൺ 15ന് ആണ് ഓട്ടോ ഡ്രൈവർ ഹക്കീമും പൊലീസിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായതെന്നു പറയുന്നു. ഇടിയുടെ ആഘാതത്തിൽ ലോക്കപ്പ് മുറിയുടെ കമ്പി വളഞ്ഞ് ഗ്രില്ലിന്റെ ഒരു ഭാഗം അടർന്നെന്നും പൊലീസുകാർ ഹക്കീമിന്റെ മാതാവിനെ വിളിച്ചുവരുത്തി അവരുടെ ചെലവിൽ ഇതു നന്നാക്കിയെന്നുംകൂടി ആരോപണമുണ്ട്. 

ഇപ്പോഴത്തെ സംഭവങ്ങൾ കേൾക്കുമ്പോൾ, കേരളത്തിലെ ഏറ്റവും കൊടിയ കുറ്റവാളികളിൽ പൊലീസിൽത്തന്നെയുള്ള ചിലർകൂടിയുണ്ടോ എന്നു ജനം സംശയിച്ചാൽ അതിൽ തെറ്റുപറയാനാവില്ല. കസ്റ്റഡി മരണമടക്കമുള്ള വലിയ കളങ്കങ്ങൾ ആത്മപരിശോധനയിലേക്കും സ്വയം തിരുത്തലിലേക്കും സമഗ്രമായ ശുദ്ധീകരണത്തിലേക്കുംതന്നെ സംസ്ഥാനത്തെ പൊലീസ് സേനയെ നയിക്കേണ്ടതുണ്ട്.

ഇക്കാര്യത്തിൽ സർക്കാരിന്റെ  ഭാഗത്തുനിന്നു കർശന നടപടികളുണ്ടായാലേ സമാനമായ തെറ്റുകൾ ആവർത്തിക്കാതിരിക്കൂ. കസ്റ്റഡിമരണത്തിന്റെ പിന്നിലുള്ള ഗൂഢോദ്ദേശ്യങ്ങളെല്ലാം പുറത്തുകൊണ്ടുവരികയും കുറ്റക്കാരെയെല്ലാം പിടികൂടി മാതൃകാപരമായി ശിക്ഷിക്കുകയും വേണം. 

ലോക്കപ്പിനകത്തു തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന പൊലീസുകാർ ഇനി സർവീസിൽ ഉണ്ടാകില്ലെന്നു  മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഉയർന്ന ഉദ്യോഗസ്ഥർക്കു കൂടി ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അതും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, പൊലീസിന്റെ ഭാഗത്തുനിന്ന് നിഷ്ഠുരമായ ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുകകൂടി വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com