ADVERTISEMENT

സുഹൃത്തുക്കൾ സാഹസികയാത്രയിലാണ്. വനത്തിനുള്ളിൽ എത്തിയപ്പോൾ അവർക്കു പുഴ കടക്കേണ്ടിവന്നു. മറുവശത്ത് എത്തിയപ്പോൾ‌ ഒരു അപരിചിതൻ ഓടിക്കിതച്ചെത്തി പറഞ്ഞു, നിങ്ങൾ എന്ത് അബദ്ധമാണു കാണിച്ചത്; ഈ പുഴ കുറുകെ കടന്ന സഞ്ചാരിസംഘങ്ങളിലെ മുഴുവൻ പേരും ഒരിക്കലും മറുകര എത്തിയിട്ടില്ല! 

പെട്ടെന്നാണ് അവർ ശ്രദ്ധിച്ചത്. തങ്ങളിലൊരാളെ കാണാനില്ല. അവർ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ അപരിചിതൻ പറഞ്ഞു, കാണാതായ ആൾ മരിച്ചുകഴിഞ്ഞു. അയാളുടെ മരണം നേരത്തേ എഴുതപ്പെട്ടതാണ്. തിരിച്ചിറങ്ങിയാൽ നിങ്ങളും മരിക്കും. സംഘത്തിലെ മുതിർന്ന അംഗം അതു വകവയ്‌ക്കാതെ പുഴയിലിറങ്ങി കാണാതായ ആളെ കണ്ടെത്തി; തെന്നിവീണ് പാറക്കെട്ടിൽ പിടിച്ചുകിടക്കുകയായിരുന്നു അയാൾ. ഇരുവരും കരയിലെത്തി. 

മുതിർന്ന അംഗം അപരിചിതനോടു പറഞ്ഞു, എന്റെ ജീവിതത്തിൽ എന്തു സംഭവിക്കണമെന്ന് എഴുതിവയ്‌ക്കുന്നതു ഞാനാണ്. അതിനു മറ്റാരെയും അനുവദിക്കില്ല. 

ജീവിതത്തിന്റെ തിരക്കഥയും തീരുമാനങ്ങളും സ്വയമെഴുതണം. മറ്റാരെങ്കിലും രൂപപ്പെടുത്തിയ സിദ്ധാന്തങ്ങളും പ്രചരിപ്പിച്ച അസത്യവും വേദവാക്യങ്ങളായി സ്വീകരിച്ചാൽ പിന്നെ, സ്വന്തവും സ്വതന്ത്രവുമായ ജീവിതമുണ്ടാകില്ല. നിലവിലുള്ള രീതികൾ അനുസരിച്ചു മാത്രം മുന്നോട്ടുപോകാനാണ് എല്ലാവർക്കുമിഷ്‌ടം. അവ നൽകുന്ന സുരക്ഷിതത്വത്തിന്റെ തണലിൽ ആയുഷ്‌കാലം വിശ്രമിക്കാം. ഒഴുക്കിനൊത്തു നീന്തുന്നവർക്ക് ഒഴുക്കിനെ പഴിപറയാം; ഒഴുക്കിനെതിരെ നീന്തുന്നവർക്ക് എന്നും പഴി കേൾക്കേണ്ടിവരും.

ചുറ്റുമുള്ളവർ ചിട്ടപ്പെടുത്തിയ ചുവടുകളിൽ ജീവിതകാലം മുഴുവൻ നടനമാടിയാൽ, സ്വന്തമായൊരു ആനന്ദനൃത്തം ചെയ്യുന്നത് എപ്പോഴാണ്? ഏത് പുരാവൃത്തവും സ്വന്തം കർമശേഷികൊണ്ട് ഒന്ന് അളന്നെടുക്കുന്നതു നല്ലതാണ്. ഇല്ലെങ്കിൽ ഉള്ള സാമർഥ്യവും സർഗശേഷിയും ആരുമറിയാതെ അപ്രത്യക്ഷമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com