ADVERTISEMENT

ധനമന്ത്രി നിർമല സീതാരാമൻ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾക്കു നടുവിൽ നിന്നാണ് ആദ്യ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. 2019 ജനുവരി മുതൽ മാർച്ച് വരെ വളർച്ചാനിരക്ക് 5.8 ശതമാനമായി താഴ്ന്നിരിക്കുകയാണ്.

തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും മോശമായ നിലയിലേക്ക് എത്തിയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലൂടെ കടന്നുപോകുന്നു.

ഉപഭോക്താക്കളുടെ വാങ്ങൽശേഷി തീരെ കുറവ്. വ്യവസായരംഗത്ത് ഉൽപാദനം കുറയുന്നു. വാഹനങ്ങളുടെ വിൽപന നന്നേ കുറഞ്ഞു. കൃഷിമേഖലയിൽ അസ്വസ്ഥത പുകയുന്നു. ധനക്കമ്മി 3.4 ശതമാനത്തിലും കൂടുമോ എന്ന സംശയം നിലനിൽക്കുന്നു. 

ഈ പശ്ചാത്തലത്തിൽ ബജറ്റിൽ എന്തിനൊക്കെയാവും ഊന്നൽ നൽകുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്കു വീണ്ടും കൊണ്ടുവരിക, ഉപഭോക്തൃശേഷി വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യവസായമാന്ദ്യം തടയുക, കൂടുതൽ നിക്ഷേപം ആകർഷിക്കുക, കൃഷിമേഖലയെ ഉത്തേജിപ്പിക്കുക എന്നിവയ്ക്കായിരിക്കും മുൻഗണന. 

കൃഷിമേഖല 

പ്രധാനമന്ത്രി കൃഷി യോജനയുടെ ആനുകൂല്യം എല്ലാ കർഷകർക്കും നൽകാൻ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ  തീരുമാനിച്ചിരുന്നു.

പ്രതിവർഷം 6000 രൂപയാണ് കർ‌ഷകന് ഇത്തരത്തിൽ നൽകുക. ഇതോടൊപ്പം, 60 വയസ്സിനു മുകളിലുള്ള എല്ലാ കർഷകർക്കും പെൻഷൻ നൽകാനും തീരുമാനിച്ചിരുന്നു. ഇതിനുള്ള തുക ഈ ബജറ്റിൽ വകയിരുത്തും. 

കർഷകർക്ക് പലിശയില്ലാ വായ്പ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നു സൂചനയുണ്ട്. അങ്ങനെയെങ്കിൽ, കിസാൻ ക്രെഡിറ്റ് കാർഡുള്ള കർഷകർക്ക് ഒരു ലക്ഷം രൂപ വരെ പലിശയില്ലാതെ വായ്പ ലഭിക്കും.

budget2

രാജ്യത്ത് ഏഴു കോടി കർഷകർക്കാണ് ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡുള്ളത്. പ്രഖ്യാപിക്കാൻ സാധ്യതയുള്ള മറ്റൊരു പദ്ധതി പതിനായിരം കാർഷിക സഹകരണസംഘങ്ങളാണ്. നഗരങ്ങളിൽ ഈ സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനവും ഒരുക്കും.

കരിമ്പുകർഷകരെ സഹായിക്കാൻ പഞ്ചസാര വീണ്ടും പൊതുവിതരണ സംവിധാനത്തിലൂടെ വിൽക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചേക്കും.

കിലോയ്ക്ക് 13 രൂപ നിരക്കിൽ പൊതുവിതരണ സംവിധാനത്തിലൂടെ ഒരാൾക്ക് ഒരു കിലോ പഞ്ചസാര വീതം പ്രതിമാസം നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്.

ഉൽപന്നങ്ങൾ കേടുകൂടാതെ സംഭരിക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഭരണശാലകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രതീക്ഷിക്കുന്നു. 

വ്യാപാരം, വ്യവസായം

ചെറുകിട വ്യാപാരമേഖലയ്ക്കു സഹായകരമായ പല പദ്ധതികളും ഉണ്ടായേക്കും. കിസാൻ ക്രെഡിറ്റ് കാർഡിന്റെ മാതൃകയിൽ മർച്ചന്റ് ക്രെഡിറ്റ് കാർഡ് കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു.

ചെറുകിട വ്യാപാരികൾക്കായി, നാഷനൽ പോളിസി ഫോർ റീട്ടെയിൽ ട്രേഡ് ഉടൻ നിലവിൽ വരും. ദേശീയ തലത്തിൽ ഒരു വ്യാപാരി ക്ഷേമബോർഡ് സ്ഥാപിക്കാനും ആലോചനയുണ്ട്.

ചെറുകിട സംരംഭകർക്ക് ജാമ്യമോ ഈടോ ഇല്ലാതെതന്നെ 50 ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചേക്കും. 

 ചരക്ക് സേവനനികുതി ശൃംഖലയിൽ (ജിഎസ്‌ടി നെറ്റ്‌വർക്) ഉൾപ്പെടുന്ന വ്യാപാരികൾക്കും വ്യവസായികൾക്കും, അവർ പുതിയ നിക്ഷേപം നടത്തുകയോ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്താൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കും.

കൂടാതെ, ജിഎസ്‌ടി ശൃംഖലയിൽപെട്ട വ്യാപാരികൾക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നു. 

ബാങ്കിങ് മേഖല

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ 2025ൽ 5 ട്രില്യനും (അഞ്ചു ലക്ഷം കോടി രൂപ) 2032ൽ 10 ട്രില്യനും (പത്തുലക്ഷം കോടി  രൂപ) ആക്കുകയെന്ന മോദിസർക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ ബാങ്കിങ് മേഖല പരിഷ്കരിച്ചേ തീരൂ. ഇതിനുള്ള മാർഗരേഖ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം അകലണമെങ്കിൽ ബാങ്കിങ് മേഖലയുടെ പ്രവർത്തനം മെച്ചപ്പെടണം. പൊതുമേഖലാ ബാങ്കുകളുമായി ചെറിയ ബാങ്കുകളുടെ ലയനമാകും ഇതിലെ മുഖ്യ നടപടി. ഇത്തരത്തിൽ ലയിക്കുന്ന പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനസഹായം പ്രഖ്യാപിക്കുകയും വേണം.

 റിസർവ് ബാങ്ക് പ്രഖ്യാപിച്ച േപ്രാംപ്റ്റ് കറക്റ്റീവ് ആക്‌ഷൻ (പിസിഎ) പ്രകാരം 12 പൊതുമേഖലാ ബാങ്കുകൾക്ക് കഴിഞ്ഞവർഷം 1,06,000 കോടി രൂപയാണ് മൂലധനമായി നൽകിയത്.

ആറു ബാങ്കുകളെ റിസർവ് ബാങ്ക് പിസിഎ പരിധിയിൽനിന്നു രക്ഷപ്പെടുത്തുകയും ചെയ്തു. ഇത്തവണ ബജറ്റിൽ ബാങ്കുകളുടെ ലയനം സംബന്ധിച്ച് ചില നിർദേശങ്ങളുണ്ടാവും.

ബാങ്കുകളിൽനിന്നു വേണ്ടത്ര വായ്പ പോകുന്നില്ല എന്നതും വ്യവസായ നിക്ഷേപകരുടെ എണ്ണം കുറയുന്നു എന്നതും മാന്ദ്യത്തിനു കാരണമാകുന്നു. ബാങ്കുകളുടെ കിട്ടാക്കടവും ചോദ്യചിഹ്നമാകുന്നു. 

ബാങ്ക് ഇതര ധനസ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) അനായാസം പണം ലഭ്യമാക്കുക എന്നതാണ് ധനമന്ത്രിക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളി.

മോദി സർക്കാർ ആവേശപൂർവം കൊണ്ടുവന്ന ഡിജിറ്റൽ ബാങ്കിങ് പദ്ധതി ക്രമേണ പിന്നാക്കം പോവുകയും കറൻസി ഇടപാടുകൾ വീണ്ടും സജീവമാവുകയും ചെയ്തിരിക്കുകയാണ്. കാഷ്‌ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ നടപടികളുണ്ടാകും. 

ഇൻഹെറിറ്റൻസ് ടാക്സ് 

ഇത്തവണ ബജറ്റ് ചർച്ചകളിൽ ഉയർന്നുവന്ന പുതിയ നികുതി നിർദേശമാണ് ഇൻഹെറിറ്റൻസ് ടാക്സ് അഥവാ,  എസ്റ്റേറ്റ് ടാക്സ്. സമ്പന്നരെ മാത്രം ബാധിക്കുന്ന നികുതിയായതിനാൽ ഇത് കൊണ്ടുവരണമെന്നാണു ശക്തമായ വാദം.

എന്നാൽ, ഇതു ശേഖരിക്കുക എളുപ്പമല്ലെന്നും ആസ്തികൾ ട്രസ്റ്റുകളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ മാറ്റാനുള്ള പ്രവണതയുണ്ടാക്കുമെന്നും എതിർ വാദവുമുണ്ട്.

ഈ നികുതി ഏർപ്പെടുത്തുകയാണെങ്കിൽ, ആസ്തികൾ സാമൂഹികക്ഷേമത്തിനോ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കോ കൈമാറുന്ന വ്യക്തികൾക്ക് ഇളവു നൽകണം എന്നു നിർദേശവുമുണ്ട്. 

ഡയറക്ട് ടാക്സ് കോഡ്

1961ലെ ആദായനികുതി നിയമത്തിനു പകരം പുതിയ ഡയറക്ട് ടാക്സ് കോഡ് (ഡിടിസി) രൂപവൽക്കരിക്കാനായി കേന്ദ്രം നിയോഗിച്ച കർമസമിതി 31ന് റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ്.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അംഗം അഖിലേഷ് രഞ്ജനാണ് സമിതിയുടെ ചെയർമാൻ. ഇവരുടെ പരിഗണനയ്ക്ക് പുതിയ നാലു വിഷയങ്ങൾ കൂടി സർക്കാർ നൽകിയത് ഈയിടെയാണ്.

ചരക്ക് സേവന നികുതി കൂടി ഉൾപ്പെടുത്തി പുതിയ ഡിടിസി തയാറാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഡിടിസി നടപ്പാക്കാൻ മോദിസർക്കാർ തീരുമാനിച്ചാൽ അത് രാജ്യത്തെ നികുതിഘടനയെത്തന്നെ പാടേ മാറ്റിമറിക്കും.

പ്രതിരോധത്തിന് എന്തു കൊടുക്കും ? 

വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ പ്രതിരോധമേഖലയുടെ വിഹിതം എത്രത്തോളം വർധിക്കും എന്നറിയാൻ ഏവർക്കും കൗതുകമുണ്ട്.

അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, നിർമല സീതാരാമനായിരുന്നു തൊട്ടുമുൻപത്തെ പ്രതിരോധമന്ത്രി. അതുകൊണ്ടുതന്നെ, പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യങ്ങൾ നന്നായി അറിയാം. 

രണ്ടാമത്തെ കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടിയതു ദേശസുരക്ഷയാണ്.

തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുണ്ടായ പുൽവാമയിലെ ഭീകരാക്രമണവും ബാലാക്കോട്ടിലെ ഇന്ത്യൻ തിരിച്ചടിയും പ്രചാരണവേദികളിൽ നിറഞ്ഞുനിന്നു. 

പ്രതിരോധ ബജറ്റിന്റെ കാര്യത്തിൽ മോദി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. കഴിഞ്ഞ 5 വർഷത്തിനിടെ ബജറ്റിൽ‌ പ്രതിരോധത്തിനുള്ള വിഹിതം ഇരട്ടിയായി. 22,500 കോടിയായിരുന്നു 2014–15ൽ നീക്കിവച്ചിരുന്നത്. 2018–19ൽ അത് 40,5194 കോടി രൂപയായി.

തിരഞ്ഞെടുപ്പിനു മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രതിരോധ വിഹിതം 43,1011 കോടി രൂപയായിരുന്നു. പക്ഷേ, പലപ്പോഴും ശമ്പളവും പെൻഷനും കഴിഞ്ഞ് പുതിയ ആയുധങ്ങളും വിമാനങ്ങളുമൊക്കെ വാങ്ങാൻ ഈ വർധന മതിയാവില്ല.

‘അടിസ്ഥാന’മുറപ്പിച്ച് വളരണം 

budget3

റോഡുകൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, മെട്രോ, റെയിൽവേ, ഊർജമേഖല എന്നിവയുടെ വികസനത്തിന് ഒന്നാം മോദി സർക്കാർ പ്രത്യേക പരിഗണന നൽകിയിരുന്നു. എന്നാൽ, തുടക്കത്തിലെ അതേ വികസനം നിലനിർത്താനാകുന്നില്ല.

പ്രതിദിനം 12 കിലോമീറ്റർ റോഡ് നിർമാണം എന്നതായിരുന്നു 2014ൽ ഭരണം തുടങ്ങുമ്പോഴുള്ള സ്ഥിതി. അത് 40 കിലോമീറ്ററായി ഉയർത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും, 30 കിലോമീറ്ററിൽ നിൽക്കുന്നതേയുള്ളൂ. ഊർജമേഖലയിൽ പ്രഖ്യാപിച്ച ഉദയ്, സൗഭാഗ്യ തുടങ്ങിയ പദ്ധതികളും പൂർണ ലക്ഷ്യം നേടിയിട്ടില്ല. 

റോഡ് വികസനത്തിന് ഇടക്കാല ബജറ്റിൽ അനുവദിച്ച 85,000 കോടി രൂപ വർധിപ്പിക്കുമെന്നാണു സൂചന. ഊർജ മേഖലയിലെ കമ്പനികൾ, അവരെ പ്രഥമ വ്യവസായ പരിഗണനയിൽപെടുത്തണമെന്നും കൂടുതൽ വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.

അടിസ്ഥാനസൗകര്യ വികസനത്തിനു പണം കണ്ടെത്താൻ നികുതിരഹിത ബോണ്ടുകൾ പുറപ്പെടുവിക്കുകയോ പുതിയൊരു നിധി പ്രഖ്യാപിക്കുകയോ ചെയ്യും. നിലവിലുള്ള ഭാരത്‌ മാലാ റോഡ് പദ്ധതി കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും ആലോചനയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com