ADVERTISEMENT

‘സന്മനസ്സുള്ളവർക്കു സമാധാനം’ എന്ന സിനിമയിൽ മോഹൻലാലിനോട് സുകുമാരിച്ചേച്ചി പറയുന്നൊരു ഡയലോഗുണ്ട് – ‘നമുക്കു കടക്കാരെ പേടിക്കാത്ത എവിടെയെങ്കിലും പോയി ജീവിക്കാം മോനേ’.

അതു വായിച്ചു സത്യൻ അന്തിക്കാടിന്റെ കണ്ണുനിറഞ്ഞു. അത് എന്റെ അമ്മ എന്നോടു പറഞ്ഞ വാക്കുകളാണ്. കടക്കാർ അച്ഛനെ പേടിപ്പിക്കുന്നതു കണ്ടു വളർന്ന കുട്ടിക്കാലമാണ് എന്റേത്. 

സ്കൂളിൽനിന്നു വിരമിച്ച ശേഷം ഒരു തൊഴിലെന്ന നിലയിൽ ബസ് വാങ്ങിയ കമ്യൂണിസ്റ്റുകാരനായ അച്ഛനെ, കമ്യൂണിസ്റ്റുകാർ തന്നെ ബൂർഷ്വാ എന്നു വിളിച്ചു.

അതോടെ അച്ഛനും സ്വയം മുതലാളിയായി. സിഐടിയുക്കാരുമായി നടത്തിയ സമരയുദ്ധത്തിനൊടുവിൽ അച്ഛന്റെ ബസ് അവർ തല്ലിത്തകർത്തു. ബ്ലേഡ് പലിശയ്ക്കു കടമെടുത്തു ബസ് ഇറക്കിയപ്പോൾ കൈവിട്ടുപോയതു സ്വന്തം വീടുതന്നെയാണ്.

അച്ഛൻ കടമെടുത്തത് ബസ് ബിസിനസിനെക്കുറിച്ചു പഠിച്ച ശേഷമല്ല. വീട്ടിൽ വെറുതെ ഇരിക്കേണ്ട, നാലു പേർക്കു തൊഴിലുമായി എന്നു കരുതി തുടങ്ങിയ ബസ് ബിസിനസിലൂടെ വീടും പറമ്പും പോയി. അറിയാത്ത കച്ചവടത്തിനു കടം വാങ്ങിയതിന്റെ അനുഭവമാണിത്.

കടമെടുത്തവർ പെടുന്ന കെണികളും പലപ്പോഴും അവരുടെ കൂട്ടമരണവും പത്രത്തിലുണ്ട്. കടമെടുക്കുമ്പോൾ അപ്പോഴത്തെ ആവശ്യം മാത്രമാണു നോക്കുന്നത്. എങ്ങനെ തിരിച്ചടയ്ക്കും എത്ര തിരിച്ചടയ്ക്കും എന്നു നോക്കാറില്ല.

അതുകൊണ്ടുതന്നെ കടം വാങ്ങിയ പലരും തകർന്നുപോകുന്നു. വീടും പറമ്പും പണയംവച്ചു മകളെ കെട്ടിക്കുന്നവർ, എന്തിനാണ് ഇങ്ങനെ കെട്ടിക്കുന്നതെന്ന് ആലോചിക്കാറില്ല. െകട്ടിക്കഴിഞ്ഞ ശേഷം സ്വന്തം സ്ഥിതി എന്താകുമെന്നും ആലോചിക്കാറില്ല. കടമെടുപ്പിൽ മറന്നുപോകുന്ന പ്രായോഗികത ഇതാണ്.

‘ഞാൻ പ്രകാശനി’ലെ കഥാപാത്രം പറയുന്നുണ്ട്, തിരിച്ചു കൊടുക്കേണ്ടവർക്കേ കടം വാങ്ങുമ്പോൾ പേടിക്കേണ്ടതുള്ളൂ എന്ന്. കടം വാങ്ങുന്നതല്ല ശീലമാക്കേണ്ടത്, തിരിച്ചടയ്ക്കുന്നതാണ്. ഇതില്ലാത പോകുമ്പോഴാണു കടം കെണിയാകുന്നത്. ഏതു കച്ചവടത്തിലും ലാഭവും നഷ്ടവുമുണ്ടാകാം.

കടം വാങ്ങുമ്പോൾ ആദ്യം ആലോചിക്കേണ്ടത് നഷ്ടമായാൽ എന്താകും എന്നാണ്. ബാങ്കുകാർ എപ്പോഴും പറയുക ലാഭമായാലുള്ള കണക്കുകളാണ്. കാരണം, കടം കൊടുക്കുന്നതാണ് അവരുടെ ലാഭം. 

എന്റെ വീടുവയ്ക്കാൻ ബാങ്കിൽനിന്നു കടമെടുത്തു. 7 വർഷംകൊണ്ടാണു തിരിച്ചടച്ചത്. 7 വർഷംകൊണ്ടു തിരിച്ചടയ്ക്കാവുന്ന പരമാവധി തുകയാണ് ബാങ്കുകാർ വാഗ്ദാനം ചെയ്യുക. 7 വർഷംകൊണ്ടു തിരിച്ചടയ്ക്കാവുന്ന കുറഞ്ഞ തുകയാണു ഞാനെടുത്തത്.

എന്റെ മുന്നിൽ കടമെടുത്തു തകർന്നുപോയ അച്ഛന്റെ ചിത്രമുള്ളതുകൊണ്ടാകാം, ഈ കരുതലുണ്ടായത്. എല്ലാവരുടെ മുന്നിലും അത്തരമൊരു ചിത്രമുണ്ടാകണം എന്നു വാശി പിടിക്കാനാകില്ല.

ജീവിതനിലവാരം കുറഞ്ഞാൽ സമൂഹം എന്തു കരുതുമെന്നു കരുതിയാണ് പലരും കടം പ്രശ്നമായിത്തുടങ്ങുമ്പോൾത്തന്നെ അതിൽനിന്നു രക്ഷപ്പെടാൻ നോക്കാത്തത്.

ഒരു കോടിയുടെ കടമുള്ള വീടുവിറ്റ് 25 ലക്ഷത്തിന്റെ വീട്ടിലേക്കു മാറാൻ അഭിമാനം സമ്മതിക്കുന്നില്ല. കടം വാങ്ങിയതിലെ നാണക്കേട് പുറത്തറിയുമെന്ന ഭയമാണത്. കടം വാങ്ങുന്നതു നാണക്കേടല്ലെന്ന തിരിച്ചറിവു വേണം. കടത്തെ പ്രായോഗികമായി മാത്രമേ കാണാവൂ.

കടമെടുത്തു വലിയ കച്ചവടം നടത്തി കോടികൾ സമ്പാദിക്കാമെന്നു കണക്കുകൂട്ടുമ്പോൾ ഒരു കാര്യംകൂടി ഓർക്കണം. ഏതൊരാൾക്കും ജീവിക്കാനാവശ്യമായ പണം വേണം.

ചികിത്സിക്കാനുള്ള പണവും വേണം. അതിലുമപ്പുറത്ത് ബാങ്കിൽ കിടക്കുന്ന പണംകൊണ്ടു വല്ല ഗുണവുമുണ്ടോ? കോടീശ്വരനായ ഒരാളും ഇടത്തരക്കാരനും ഒരേ നിമിഷം മരിച്ചാൽ, ബാങ്കിൽ കൂടുതലായി കിടക്കുന്ന പണംകൊണ്ടു കോടീശ്വരനു വല്ല പ്രയോജനവുമുണ്ടോ?

കടം വാങ്ങി വലിയ വീടും സമ്പാദ്യവും ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഒരു പരിധിക്കപ്പുറം ഇതുകൊണ്ട് നമുക്കൊരു പ്രയോജനവും ഇല്ലെന്നു തിരിച്ചറിയണം. എന്റെ കുട്ടിക്കാലത്തെ കടം എന്നെ പഠിപ്പിച്ചത് അതാണ്. 

ചെന്നൈയിൽ പഠിക്കുന്ന കാലത്ത് പണമില്ലാതെ വല്ലാതെ ദുരിതമനുഭവിച്ചുവല്ലേ എന്നു ചോദിക്കുന്നവരുണ്ട്. അന്ന് അതു ദുരിതമാണെന്നു ഞാൻ അറിഞ്ഞിട്ടേയില്ല. കാരണം, ഞാൻ വർഷങ്ങളായി അതേ ദുരിതവുമായി ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പോക്കറ്റിലെ പണം മാത്രമല്ല, നമ്മുടെ ജീവിതം സുഖമാണോ എന്നു നിശ്ചയിക്കുന്നത്. കടം വാങ്ങാം, പക്ഷേ കഥയറിഞ്ഞു വാങ്ങണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com