ADVERTISEMENT

കണ്ണൂർ ജില്ലയിൽ എം.വി.ഗോവിന്ദൻ മാഷും ശ്യാമള ടീച്ചറും കുടുംബസമേതമാണ് പൊലീസിനെ മനുഷ്യവൽക്കരിക്കാനുള്ള പിണറായി സഖാവിന്റെ യജ്ഞത്തിനു പിന്തുണ വാഗ്ദാനം ചെയ്തത്.

എന്നാൽ, പൊലീസിന്റെ കാര്യം നോക്കാൻ വേറെയാളുണ്ടെന്നു പറഞ്ഞ സഖാവ് തദ്ദേശഭരണ വകുപ്പിലെ ഉദ്യോഗസ്ഥരെ മനുഷ്യരാക്കാനുള്ള ചുമതലയാണു മാഷ് – ടീച്ചർ കുടുംബത്തെ ഏൽപിച്ചത്. ആ ചുമതല അവർ ഭദ്രമായി നിറേവറ്റുമെന്ന കാര്യത്തിൽ വിജയേട്ടനു സംശയമില്ല. 

പൊലീസിന്റെ മനുഷ്യവൽക്കരണ ചുമതല തൽക്കാലം മൂന്നാറിലെ മണിയാശാനെയാണ് ഏൽപിക്കാൻ ഉദ്ദേശിക്കുന്നത്. വൺ, ടു, ത്രീ ഫെയിം ആയ ആശാനെ പൊലീസിനെന്നല്ല, ഈരേഴു പതിനാലു ലോകത്തിലുള്ളവർക്കും പേടിയാണ്.

വെട്ടിക്കൊന്നു, തല്ലിക്കൊന്നു, വെടിവച്ചു കൊന്നു എന്ന ആശാന്റെ കൊലവെറി പ്രസംഗം സ്വപ്നംകണ്ട് വിയർത്തു കുളിച്ചു ഞെട്ടിയുണരുന്നവർ ഇപ്പോഴും നാട്ടിലുണ്ട്. ആശാൻ രചിച്ച നാട്ടുഭാഷാ നിഘണ്ടു പൊലീസ് ട്രെയിനിങ് കോളജുകളിലെ സിലബസിലും കരിക്കുലത്തിലും ഉൾപ്പെടുത്തുകയാണ് മനുഷ്യവൽക്കരണത്തിന്റെ ആദ്യഘട്ടം. ഇപ്പോൾ സിലബസിലുള്ള അശ്ലീല നിഘണ്ടു  ഒഴിവാക്കണം. 

ആശാന്റെ നാട്ടുഭാഷാ നിഘണ്ടുവിൽ അശ്ലീലമില്ലെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്നാൽ, അത് അശ്ലീല നിഘണ്ടുവിലെപ്പോലെ തീവ്രാശ്ലീലമല്ല. മൃദു അശ്ലീലമെന്നു വേണമെങ്കിൽ പറയാം. ഒലത്തുക, മറ്റേപ്പണി തുടങ്ങി ശ്ലീലത്തിന്റെയും അശ്ലീലത്തിന്റെയും അതിർത്തിയിൽ നിൽക്കുന്ന ചില വാക്കുകളാണ് ഈ നിഘണ്ടുവിന്റെ മുഖ്യ ആകർഷണം. 

തീവ്രാശ്ലീലത്തിനു തടയിടാൻ മൃദു അശ്ലീലത്തിനു സാധിക്കില്ലെന്ന വാദക്കാരാണു പൊലീസ് ട്രെയിനിങ് കോളജിലെ ഇൻസ്ട്രക്ടർമാരിൽ ഭൂരിപക്ഷവും. പറയുന്നതു തീവ്രമായാലും മൃദുവായാലും അശ്ലീലം അശ്ലീലം തന്നെയാണ്.

അതിനാൽ പൊലീസുകാരിൽ ദൈവഭയവും സദാചാരബോധവും സൃഷ്ടിക്കാനുതകുന്ന ഗ്രന്ഥങ്ങളാണു സിലബസിൽ ഉൾപ്പെടുത്തേണ്ടതെന്നാണ് ഈ പാരമ്പര്യവാദികൾ പറയുന്നത്.

ഇപ്പറയുന്ന ഇൻസ്ട്രക്ടർമാർ പരിശീലനം നേടുന്ന കാലത്ത് സുഭാഷിതങ്ങൾ, ഹരിനാമകീർത്തനം, ജ്ഞാനപ്പാന, സൗന്ദര്യലഹരി തുടങ്ങിയവയായിരുന്നു സിലബസിൽ. ഇത്തരം പൊലീസുകാരെ ഏത് ആൾക്കൂട്ടത്തിൽ കണ്ടാലും തിരിച്ചറിയാം. ഇവർ പൊതുവേ സാത്വിക പ്രകൃതികളായിരിക്കും.

വലത്തേക്കവിളിൽ അടിച്ചാൽ ഇടത്തേക്കവിൾ കാണിച്ചുകൊടുക്കും, തരംകിട്ടുമ്പോഴെല്ലാം ദ്വൈതത്തെയും അദ്വൈതത്തെയും കുറിച്ച് അന്യോന്യം ചർച്ച നടത്തും. മധ്വാചാര്യരാണോ ശങ്കരാചാര്യരാണോ മഹാൻ എന്നതിനെച്ചൊല്ലി അങ്കംവെട്ടും. 

അശ്ലീലമറിയാത്ത പൊലീസ് എന്തു പൊലീസ് എന്നാണു പിന്നീടുവന്ന ഒരു പൊലീസ് കമ്മിഷൻ ചോദിച്ചത്. ജാപ്പാണം പുകയിലയില്ലാത്ത മുറുക്കാൻ പോലെ തീർത്തും നിർഗുണ പരബ്രഹ്മങ്ങളായിരിക്കും അശ്ലീലമറിയാത്ത പൊലീസുകാർ.

ഉരുട്ട്, ഗരുഡൻതൂക്കൽ, കസേരയില്ലാതെ കസേരയിൽ ഇരുത്തൽ, ഞണ്ട് തുടങ്ങിയവ അറിയാത്തവർക്ക് പ്രമോഷൻ നൽകരുതെന്നും അതേ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. അതിൽപിന്നെയാണ് നെടുങ്കണ്ടത്തെ പൊതുവേ സാത്വികരായ പൊലീസുകാർ അൽപസ്വൽപം അക്രമമാർഗം സ്വീകരിച്ചത്. 

നെടുങ്കണ്ടം ലോക്കപ്പ് ടൂറിസം 

പൊലീസ് അക്കാദമി സത്യത്തിൽ തൃശൂർ രാമവർമപുരത്തു നിന്നു നെടുങ്കണ്ടത്തേക്കു മാറ്റേണ്ട സമയം എന്തുകൊണ്ടും അതിക്രമിച്ചിരിക്കുകയാണ്. പൊലീസ് അക്കാദമിയിൽ നൽകുന്നതിലും മികച്ച പരിശീലനം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ലഭ്യമാണെന്നാണു സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

തോക്കും ലാത്തിയും പോലെ ഒഴിച്ചുകൂടാനാവാത്ത ഒരായുധമാണു ലോക്കപ്പ് മർദനം. മനുഷ്യാവകാശവും സുപ്രീം കോടതി വിധിയുമെല്ലാം അങ്ങനെ കിടക്കും. ലോക്കപ്പ് മർദനത്തിനുള്ള അധികാരമില്ലെങ്കിൽപിന്നെ പൊലീസും കള്ളനും തമ്മിലുള്ള വ്യത്യാസമെന്താണ്? 

ഈയിടെ വടക്കൻ കേരളത്തിൽ എവിടെയോ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പൊലീസുകാരനെ കള്ളനാണെന്നു കരുതി നാട്ടുകാർ തടഞ്ഞുവച്ചു കൈകാര്യംചെയ്ത ശേഷം പൊലീസിനു കൈമാറിയതായി വാർത്തയുണ്ടായിരുന്നു. നാട്ടുകാരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കള്ളനും പൊലീസും തമ്മിലുള്ള അതിർവരമ്പ് നേർത്തുനേർത്തു വരികയാണ്. 

രാമവർമപുരത്ത് ഊക്കൻ കെട്ടിടങ്ങളും സന്നാഹങ്ങളും ആയ സാഹചര്യത്തിൽ അക്കാദമി അവിടെനിന്നു മാറ്റാൻ പ്രയാസമുണ്ടാകും.

അങ്ങനെയാണെങ്കിൽ, പൊലീസ് അക്കാദമിയുടെ ഒരു സബ് സെന്റർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചാലും മതി. അക്കാദമിയുടെ ടോർചർ ട്രെയിനിങ് ഡിപാർട്മെന്റ് അവിടെ വേണം സ്ഥാപിക്കാൻ.

ഇടുക്കിയിൽ നിന്നു സ്ഥലംമാറ്റപ്പെട്ട എസ്പി കെ.ബി.വേണുഗോപാലിനെ സബ്സെന്റർ ഡയറക്ടറായി നിയമിക്കണം. ഡപ്യൂട്ടി ഡയറക്ടറായി, കുമാറിനെ ഉരുട്ടിക്കൊന്ന എസ്ഐ കെ.എ.സാബു നിയമിതനാകുമെന്നു നിർബന്ധമായും ഉറപ്പുവരുത്തണം. സബ് സെന്റർ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയരാൻ വലിയ കാലതാമസമുണ്ടാവില്ല. 

നെടുങ്കണ്ടം സ്റ്റേഷനിൽ ഉരുട്ടൽ ചികിത്സയ്ക്കു വിധേയനായ കുമാറിന് തിരുമ്മു ചികിത്സ ലഭ്യമാക്കാൻ പൊലീസ് കാണിച്ച ശുഷ്കാന്തി നാം കാണാതിരിക്കരുത്.

കാക്കിയിട്ടവരെല്ലാം കണ്ണിൽച്ചോരയില്ലാത്തവരാണെന്നു പ്രചരിപ്പിക്കുന്നവർ ഈ പോയിന്റ് നിർബന്ധമായും നോട്ട് ചെയ്യണം. പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇത്തരത്തിൽ ആയുർവേദ സുഖചികിത്സയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയാൽ സർക്കാരിനു നല്ലൊരു വരുമാനമാകും.

ജയിലിൽ ചപ്പാത്തിയും കോഴിയും വിൽക്കുകയും മാക്സിയും ചുരിദാറും തയ്ക്കുകയും ചെയ്യാമെങ്കിൽ, പൊലീസ് സ്റ്റേഷനിൽ തിരുമ്മു ചികിത്സ നൽകുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. 

ലോക്കപ്പ് ടൂറിസം എന്നൊരു പുതിയ ടൂറിസം ശാഖതന്നെ ഇതോടെ ആഗോള പ്രശസ്തമാകും. ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അതിനു വൈമനസ്യമുണ്ടെങ്കിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഏൽപിച്ചാൽ മതി. അടുത്ത വർഷം ടൂറിസത്തിനുള്ള എല്ലാ രാജ്യാന്തര പുരസ്കാരങ്ങളും കേരള ടൂറിസത്തിനായിരിക്കുമെന്നു തീർച്ച. 

സ്റ്റോപ്് പ്രസ്: കോന്നിയിൽ ഭാര്യയുടെ പരാതിയെത്തുടർന്നു സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ഭർത്താവ് 4 പൊലീസുകാരെ മർദിച്ചു പരുക്കേൽപിച്ചു.

കൊടുത്താൽ കൊല്ലത്തു മാത്രമല്ല, കോന്നിയിലും കിട്ടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com