sections
MORE

‘തീരാതെ’ കുതിരാൻ

kuthiraan
കുതിരാൻ തുരങ്കം.
SHARE

ദേശീയപാതയുടെ വികസനം എങ്ങനെ വേണമെന്ന്  മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തുടർച്ചയായി ചർച്ചകൾ നടത്തുകയാണ്. എന്നാൽ, പണി പൂർത്തിയാകാതെ കിടക്കുന്ന കുതിരാൻ തുരങ്കം ചർച്ചയാകുന്നേയില്ല. എന്തുകൊണ്ട് ഇങ്ങനെ? 

കൊച്ചിയിൽനിന്നു കേരളം കടന്നു തമിഴ്നാട്ടിലേക്കു പോകുന്നവർ ആദ്യം ചോദിക്കുന്ന ചോദ്യം, ‘കുതിരാനിൽ കുരുങ്ങുമോ?’ എന്നാണ്. കേരളത്തിലേക്ക് അവശ്യസാധനങ്ങളുമായി സംസ്ഥാനത്തിനു പുറത്തുനിന്നു ചരക്കു ലോറികൾ വരുമ്പോഴും ചോദ്യം അതുതന്നെ. 

കുതിരാൻ ദേശീയപാത 544ൽ വാഹനങ്ങളെ കുരുക്കുന്ന ചെറിയ വഴി മാത്രമല്ല, കേരളത്തെ സ്തംഭിപ്പിക്കാൻ പോന്ന കുരുക്കുതന്നെയാണ്.

കഴിഞ്ഞ പ്രളയകാലത്തു കേരളത്തിലേക്കു ദുരിതാശ്വാസ സഹായം പ്രവഹിച്ചപ്പോൾ കുതിരാനിൽ മണ്ണിടിഞ്ഞു വഴി തടഞ്ഞിരിക്കുകയായിരുന്നു. പണി നടക്കുന്ന ഒരു തുരങ്കം തുറന്നാണു തടസ്സം മറികടന്നത്. 

കേരളത്തിന്റെ ജീവനാഡി 

കുതിരാൻ ഉൾപ്പെടുന്ന ദേശീയപാത, ഉത്തരേന്ത്യയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മധ്യകേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിന്റെ പ്രധാന റൂട്ടാണ്.

ദിവസം ആയിരത്തോളം ചരക്കുലോറികൾ കടന്നുപോകുന്ന പാത. 190 കെഎസ്ആർടിസി സർവീസുകളുണ്ട്. മോട്ടർവാഹന വകുപ്പിന്റെ ക്യാമറയിൽ പതിയുന്നത് ദിവസം ശരാശരി പതിനായിരത്തോളം വാഹനങ്ങളാണ്. 

 മലതുരന്ന് ഇരട്ടത്തുരങ്കം 

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസനപദ്ധതിയിലെ പ്രധാന നിർമാണമാണു കുതിരാനിലെ തുരങ്കം.

കുതിരാനിലെ വീതികുറഞ്ഞ കയറ്റത്തിനു പകരം, 945 മീറ്റർ നീളത്തിൽ മലതുരന്ന് ഇരട്ടത്തുരങ്കം നിർമിക്കാനാണു പദ്ധതിയിട്ടത്. പദ്ധതിയിൽ പൂർത്തിയാകാനുള്ളത് വടക്കഞ്ചേരി മേൽപാലവും 2 അടിപ്പാതകളും ഉൾപ്പെടെ ഏതാനും കിലോമീറ്റർ റോഡും കുതിരാൻ തുരങ്കവും മാത്രമാണ്.

പ്രധാന തടസ്സം തുരങ്കം തന്നെ. ഒരു തുരങ്കത്തിന്റെ 90 ശതമാനവും രണ്ടാമത്തെ തുരങ്കത്തിന്റെ 70 ശതമാനവും പൂർത്തീകരിച്ചുവെങ്കിലും ഇനിയും തടസ്സങ്ങളേറെ. 

മാറിയ തീയതികൾ 

29 കിലോമീറ്റർ നീളുന്ന വടക്കഞ്ചേരി–മണ്ണുത്തി റോഡ് 2012 ജൂൺ 30നു തുറന്നുകൊടുക്കണമെന്നായിരുന്നു കരാർ. എന്നാൽ, സ്ഥലമെടുപ്പു പൂർത്തിയാക്കി കമ്പനിക്കു ഭൂമി കൈമാറിയതു 2013 മേയ് 30ന്. 2015 മാർച്ച് 17നു നിർമാണം പൂർത്തിയാക്കണമെന്നു വീണ്ടും കരാറുണ്ടാക്കി. പക്ഷേ, 2014 ഒക്ടോബറിലാണു തുരങ്കനിർമാണം തുടങ്ങിയത്. 

2019 ജനുവരിയിൽ തുരങ്കം തുറക്കുമെന്നു നിർമാണ കമ്പനി അറിയിച്ചിരുന്നു. വാക്കു തെറ്റിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി ജി.സുധാകരൻ മുന്നറിയിപ്പു നൽകിയതാണ്.

2019 ഡിസംബർ 31ന് അകം ദേശീയപാത വികസനം പൂർത്തീകരിക്കുമെന്നു നിർമാണ കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 827 കോടി രൂപയുടെ പദ്ധതി പൂർത്തീകരിക്കാൻ 1100 കോടിയെങ്കിലും വേണമെന്നാണു കണക്കാക്കുന്നത്. 

തടസ്സങ്ങളുടെ നാൾവഴി

2000ൽ സർവേ തുടങ്ങിയപ്പോൾ തർക്കങ്ങളും മെല്ലെപ്പോക്കുമുണ്ട്. നി‍ർമാണം ആരംഭിച്ചപ്പോൾ പല വിഷയങ്ങളിലും ജനകീയ സമരങ്ങളുണ്ടായി.

ഇതിനിടെ കൂലിയിലും നിർമാണസാധനങ്ങളുടെ വില നൽകുന്നതിലും കമ്പനി കുടിശിക വരുത്തിയതോടെ പണി മുടങ്ങി. ഇരുപതിലധികം തവണ തുരങ്കനി‍ർമാണം നിർത്തിവയ്ക്കേണ്ടി വന്നു. ഇങ്ങനെയൊക്കെയെങ്കിലും ടോൾ പിരിവിനുള്ള ബൂത്ത് പണ്ടേ റെഡിയാണ്. പിരിവു തുടങ്ങിയില്ലെന്നു മാത്രം. 

 സാമ്പത്തിക പ്രതിസന്ധി

ബിഒടി വ്യവസ്ഥയിലാണു നിർമാണം. ദേശീയപാത അതോറിറ്റി ഗാരന്റി നൽകിയാലാണു ബാങ്ക് വായ്പ നൽകുക. ടോൾ പിരിവിലൂടെയാണു തിരിച്ചടവ്. നിർമാണം പൂർത്തീകരിക്കാത്തതിനാൽ ആദ്യഘട്ടത്തിലെ 500 കോടി രൂപ വായ്പയുടെ തിരിച്ചടവു മുടങ്ങി.

മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിൽനിന്ന് ഇനി വായ്പ ലഭിക്കണം. ഇത്തരത്തിൽ വാങ്ങുന്ന വായ്പയ്ക്കു ദേശീയപാത അതോറിറ്റി ഗാരന്റി നിൽക്കില്ല. സ്വന്തംനിലയ്ക്കു പണം സ്വരൂപിക്കാൻ ശ്രമിക്കുന്നു എന്നു കരാറുകാർ. 

തുരങ്കനിർമാണത്തിന് ഉപകരാർ എടുത്ത പ്രഗതി എൻജിനീയറിങ് ആൻഡ് റെയിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും മുഖ്യ നിർമാണകമ്പനിയും തമ്മിൽ സാമ്പത്തിക ഇടപാടിൽ തർക്കമുണ്ട്. 40 കോടിയോളം രൂപ നൽകാനുണ്ടെന്നാണു പ്രഗതി കമ്പനിയുടെ വാദം. എന്നാൽ, അത്രയില്ലെന്നു നിർമാണ കമ്പനിയും.

തുരങ്കത്തിലുണ്ട് തടസ്സം

പരിസ്ഥിതി അതീവ ജാഗ്രതാ മേഖല, പല പ്രവർത്തനങ്ങൾക്കും വനംവകുപ്പിന്റെ അനുമതി ലഭിക്കണം. തുരങ്കത്തിനു മുന്നിലെ പാറക്കെട്ടുകൾ പൊട്ടിക്കുന്നതിൽ കരാറുകാരും വനംവകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസം.

അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. അടിയന്തരമായി ഈ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അഗ്നിസുരക്ഷാ വകുപ്പ് നിർദേശിച്ചിരുന്നു.

തീയണയ്ക്കുന്നതിനു വെള്ളത്തിനു കുഴൽക്കിണറുകൾ വേണം. അതിനു വനംവകുപ്പിന്റെ അനുമതി വേണം. മഴക്കാലത്തു തുരങ്കത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉറവയിലൂടെ വരുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനം സജ്ജീകരിക്കണം.

വൈദ്യുതി ലഭിക്കാത്തതിനാൽ തുരങ്കത്തിനകത്തു വെളിച്ചമില്ല. തുരങ്കത്തിനുള്ളിലേക്ക് വായുക്രമീകരണ സൗകര്യങ്ങളായിട്ടില്ല. തുരങ്കമുഖം മണ്ണിടിച്ചൽ ഭീഷണിയിലാണ്. 

 ഇനിയെന്ത്? 

സംസ്ഥാന സർക്കാർ നിർമാണ കമ്പനിയെയും ദേശീയപാത അതോറിറ്റിയെയും കുറ്റപ്പെടുത്തുന്നു. നിർമാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി എന്നാണ് അതോറിറ്റി പറയുന്ന കാരണം. വനംവകുപ്പിന്റെ അനുമതി വൈകുന്നതും തൊഴിലാളിസമരവും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജനങ്ങൾ നടത്തിയ സമരവുമാണ് കരാർ കമ്പനി ചൂണ്ടിക്കാട്ടുന്നത്. 

ബാങ്ക് വഴി പണം സ്വരൂപിച്ചു നിർമാണം പുനരാരംഭിക്കാൻ കമ്പനി തയാറായാൽ മറ്റു പ്രതിസന്ധികൾ ഇല്ലാതാക്കാനുള്ള നടപടികൾക്കു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുൻകയ്യെടുക്കണം.

 2020 മേയിൽ നിർമാണം പൂർത്തീകരിക്കും വിധം റീഷെഡ്യൂൾ ചെയ്യുമെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചിട്ടുണ്ട്. അതിലാണു പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA