ADVERTISEMENT

ഒരാൾ തന്റെ സുഹൃത്തിനോടു ചോദിച്ചു, താങ്കളെ ഒരാൾ കബളിപ്പിച്ചാൽ എന്തായിരിക്കും അയാളോടുള്ള മനോഭാവം. കബളിപ്പിച്ചയാൾ ഞാനാണെന്ന് അറിയുമ്പോൾ എന്തായിരിക്കും താങ്കൾക്ക് എന്നോടുള്ള വികാരം? സുഹൃത്ത് മറുപടി പറഞ്ഞു, താങ്കളെ വിശ്വസിക്കുക എന്നത് എന്റെ തീരുമാനം. ആ വിശ്വാസം ശരിയായിരുന്നുവെന്നു തെളിയിക്കുക താങ്കളുടെ ഉത്തരവാദിത്തം. 

ആരും മറ്റൊരാളാൽ വഞ്ചിതരാകുന്നില്ല; സ്വയം കബളിപ്പിക്കപ്പെടുകയാണ്. കണ്ണടച്ചു വിശ്വസിച്ചതുകൊണ്ടും  ആലോചനയില്ലാതെ വിളിച്ചുപറഞ്ഞതുകൊണ്ടും വന്നുചേർന്ന ഭവിഷ്യത്തുകളുടെ ഇരയാണ് പലരും. നേടിയ അറിവുകളിലും നടത്തിയ ഗവേഷണങ്ങളിലുമൊന്നും അനുദിന ജീവിതത്തിന്റെ ബാലപാഠങ്ങളില്ലെങ്കിൽ ആർക്ക് എന്തു പ്രയോജനം!  

കേൾക്കുന്നതെല്ലാം വിശ്വസിക്കുകയും കാണുന്നതെല്ലാം അനുകരിക്കുകയും ചെയ്യുന്നവർ കബളിപ്പിക്കപ്പെടുകതന്നെ വേണം. യുക്തിയും സാമാന്യബോധവും വളർത്തിയെടുക്കാത്തതിന് സ്വയം നൽകേണ്ടിവരുന്ന വിലയാണത്. അറിവില്ലായ്‌മ കൊണ്ടു വഞ്ചിക്കപ്പെടുന്നവരെക്കാൾ, അഹംഭാവം കൊണ്ടു കബളിപ്പിക്കപ്പെടുന്നവരാണ് ഏറെയും. അജ്‌ഞത അറിവിലൂടെ പരിഹരിക്കാം. അഹങ്കാരത്തിന് അനുഭവത്തിലൂടെയേ പരിഹാരമുള്ളൂ. 

അവിശ്വാസം രേഖപ്പെടുത്താൻ ഒരുനിമിഷം മതി; വിശ്വാസം കാത്തുസൂക്ഷിക്കാൻ ഒരു നൂറ്റാണ്ടിന്റെ പരിശ്രമവും. അളന്നു കുറിച്ചല്ല ഒരു ബന്ധവും ആരംഭിക്കുന്നത്. അത് സഹജപ്രകൃതികൾകൊണ്ടു പരസ്‌പരം അളന്നെടുക്കുന്നതാണ്. ബന്ധങ്ങൾ തുടങ്ങുന്നത് ഇടപെടലിലും തുടരുന്നത് വിശ്വാസത്തിലുമാണ്. ആരെയും വിശ്വാസമില്ലാത്തവർക്ക് തന്നിലും വിശ്വാസമുണ്ടാകില്ല. ആരുടെയും വിശ്വാസം കാത്തുസൂക്ഷിക്കാത്തവർക്ക് ഒന്നും സ്വയം വിശ്വസിപ്പിക്കാനും കഴിയില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com