sections
MORE

സാധാരണക്കാരന് വൈദ്യുതാഘാതം

SHARE

വിലക്കയറ്റവും കേന്ദ്ര ബജറ്റിലെ ഇന്ധന വിലവർധനയും അടക്കമുള്ള ആഘാതങ്ങൾ കൊണ്ട് അല്ലെങ്കിൽത്തന്നെ നട്ടെല്ലൊടിഞ്ഞ കേരളത്തിനു കിട്ടിയ കനത്ത ഷോക്കാണ് വൈദ്യുതിനിരക്കിലെ വൻവർധന. അധികൃതരുടെ ന്യായീകരണമെന്തായാലും, നിരക്കുവർധന പ്രളയാനന്തരം നിവർന്നുനിൽക്കാൻ പാടുപെടുന്ന കേരളത്തിനു കഠിനഭാരം തന്നെയാണു നൽകുന്നത്. ഗാർഹിക ഉപയോക്താക്കൾക്ക് 11.4% വരെ നിരക്കു കൂട്ടിയത് സാധാരണക്കാരുടെ  കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുമെന്നു തീർച്ച.     

വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ ഈ വർഷാദ്യംതന്നെ തീരുമാനമെടുത്തിരുന്നുവെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കമുള്ള കാരണങ്ങളാൽ പ്രഖ്യാപനം വൈകിക്കുകയായിരുന്നു. രണ്ടു വർഷം മുൻപുണ്ടായ വൻവർധനയ്ക്കു പിന്നാലെയാണ് ഈ കടുത്ത പ്രഹരം. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്കു വർധനയില്ല.

സാധാരണക്കാർക്കു നിരക്കുവർധന കൊണ്ട് ഇരുട്ടടി നൽകുമ്പോൾ വലിയ തുക കുടിശിക കൊടുക്കാനുള്ള വൻകിട ഉപയോക്താക്കളെ തലോടുന്ന കെഎസ്ഇബിയുടെ ഇരട്ടത്താപ്പും കാണാം. സാധാരണക്കാരുടെ വയറ്റത്തടിച്ചുംമറ്റും  ഇപ്പോഴത്തെ നിരക്കുവർധനയിലൂടെ പ്രതിവർഷം 900 കോടിയുടെ വരുമാനവർധന ലക്ഷ്യമിടുന്ന കെഎസ്ഇബിക്കു കിട്ടാനുള്ള കുടിശിക ശതകോടികളാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളും കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും കുടിശികപ്പട്ടികയിലുണ്ട്.

കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം, സ്വകാര്യ സ്ഥാപനങ്ങളുടെ 937.48 കോടി അടക്കം 2802.60 കോടി രൂപ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുണ്ടെന്നാണു  വൈദ്യുതിമന്ത്രി എം.എം.മണി നിയമസഭയിൽ അറിയിച്ചത്. പ്രളയം കെഎസ്ഇബിക്കുണ്ടാക്കിയ നഷ്ടം 820 കോടി രൂപയുടേതു മാത്രമാണെന്നതുകൂടി ഈ കണക്കിനോടു ചേർത്തുവയ്ക്കാം. 

നിരക്കുവർധന അടിച്ചേൽപിക്കാനുള്ള ശുഷ്കാന്തി കുടിശിക കൃത്യമായി പിരിച്ചെടുക്കുന്നതിൽകൂടി കെഎസ്ഇബി കാണിക്കേണ്ടതല്ലേ? നഷ്ടം പെരുകുമ്പോഴും വൈദ്യുതിക്കുടിശിക പിരിക്കുന്നതിൽ ബോർഡ് കാണിക്കുന്ന അങ്ങേയറ്റത്തെ അലംഭാവം കേരളത്തിന്റെ മുഴുവൻ പ്രതിഷേധം അർഹിക്കുന്നു. വരുമാനത്തിന്റെ 40% വരെ ശമ്പളത്തിനും പെൻഷനുമായി ചെലവിടുന്ന ഈ സ്ഥാപനത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാത്രം ഇൗ ഇനത്തിലുണ്ടായ വർധന 42% ആണെന്നുകൂടി അറിയേണ്ടതുണ്ട്. നഷ്ടംവരുത്തുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ആർടിസിക്കും ജല അതോറിറ്റിക്കും പുറകിൽ മൂന്നാം സ്ഥാനമാണു കെഎസ്ഇബിക്ക്.  

ഉപയോക്താക്കൾ സ്വന്തം ചെലവിൽ മീറ്റർ സ്ഥാപിച്ചാൽ വാടക വാങ്ങാൻ പാടില്ലെന്നാണു ചട്ടം. അങ്ങനെയല്ലാത്തവർക്ക് എത്രയോ വർഷങ്ങളായി മീറ്ററിനുമേൽ വാടക ചുമത്തിക്കൊണ്ടിരിക്കുന്ന ബോർഡിന്റെ മറ്റൊരു ക്രൂരവിനോദവും നമ്മൾ കാണുന്നുണ്ട്. ഈ ഇനത്തിൽ ഉപയോക്‌താവ് കൊടുത്ത വാടകയെല്ലാം കൂട്ടിയാൽത്തന്നെ ഒട്ടേറെ മീറ്ററിന്റെ വിലയാവും.

എന്നിട്ടും, മീറ്റർ ഉപയോക്‌താവിന്റെ സ്വന്തമാവുന്നില്ലെന്നു മാത്രമല്ല, വാടക തുടരുകയും ചെയ്യുന്നു. ഉപയോക്‌താവിന്റെ സംതൃപ്‌തിക്കുവേണ്ടി സേവനം മെച്ചപ്പെടുത്താൻ ലോകത്തെങ്ങും കമ്പനികൾ മത്സരിക്കുമ്പോഴാണ് ഇവിടെ ഇങ്ങനെയുള്ള ഭാരങ്ങൾ അടിച്ചേൽപിക്കുന്നത്. 

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും അതിന്റെ തുടർച്ചയായി ഇപ്പോഴുണ്ടായ വൻ നിരക്കുവർധനയും വൈദ്യുതി ഉൽപാദന, പ്രസരണ രംഗങ്ങൾ വർഷങ്ങളായി അവഗണിക്കപ്പെട്ടുപോയതിനു നാം കൊടുക്കേണ്ടിവന്ന വിലകൂടിയാണെന്നും പറയാം. മഴക്കുറവ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്കു കൊണ്ടുപോകുമ്പോഴാണ്  ഇപ്പോഴത്തെ വർധന. വൈദ്യുതി ഉൽപാദിപ്പിക്കാൻ നമ്മുടെ അണക്കെട്ടുകളിൽ തീരെ കുറച്ചു വെള്ളം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ, ബദൽ ഊർജസ്രോതസ്സുകളുടെ സാധ്യതകളെല്ലാം ഈ ഭീഷണസാഹചര്യത്തിൽ കേരളത്തിനു മുന്നിൽ ഉണ്ടാവേണ്ടതുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA