ADVERTISEMENT

ചോക്കലേറ്റ് ഐസ്‌ക്രീം കഴിക്കാനുള്ള വളരെക്കാലത്തെ ആഗ്രഹം സാധിക്കാനായി പത്തുവയസ്സുകാരൻ ഐസ്‌ക്രീം പാർലറിലെത്തി. നാളുകൾകൊണ്ടു സമ്പാദിച്ച 15 രൂപയാണ് ആകെയുള്ളത്. കയ്യിലുള്ള പണം അവൻ വെയ്റ്ററെ കാണിച്ചു. ചോക്കലേറ്റ് ഐസ്‌ക്രീമിനു 15 രൂപയും സാധാരണ ഐസ്‌ക്രീമിനു 13 രൂപയുമാണ്, വെയ്റ്റർ പറഞ്ഞു. അവൻ സാധാരണ ഐസ്‌ക്രീം വാങ്ങിക്കഴിച്ചു. അവൻ പോയപ്പോൾ മേശ വൃത്തിയാക്കാനെത്തിയ വെയ്റ്റർ കണ്ടു – 2 രൂപ ടിപ് മേശപ്പുറത്ത് ഇരിക്കുന്നു.

ചെറിയ നന്മകൾക്കു വലിയ പാഠങ്ങൾ പഠിപ്പിക്കാനുണ്ടാകും. സമ്പാദ്യങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കേണ്ടത് ശേഖരിച്ച നാണയത്തുട്ടുകളുടെ മാത്രം എണ്ണമല്ല, ചെലവഴിച്ച കരുതൽധനത്തിന്റെ അളവുകൂടിയാണ്. തനിക്കുവേണ്ടി മാത്രമായി സമ്പാദിച്ചവയിൽനിന്ന് മറ്റുള്ളവർക്കായി ഒരു നാണയത്തുട്ടാണു മാറ്റുന്നതെങ്കിൽ പോലും അവിടെ സന്ദേഹവും മുറിവും ഉണ്ടാകും. 

മിച്ചമുള്ളതിൽ നിന്നും കണക്കിൽപെടാത്തതിൽ നിന്നും ചെലവഴിക്കുന്നതിൽ ആശങ്കയോ അദ്ഭുതമോ ഇല്ല. അധികമായി കൊണ്ടുവന്ന പൊതിച്ചോറു നൽകുന്നതും ആകെയുള്ള ഒരുപിടിച്ചോറിന്റെ പകുതി നൽകുന്നതും തമ്മിൽ മനോഭാവത്തിലും മാതൃകയിലും വ്യത്യാസമുണ്ട്. 

അടയാളപ്പെടുത്തുന്ന അനുകമ്പയോടാണ് പലർക്കും താൽപര്യം. കളിപ്പാട്ടം കൊടുത്താലും കുടിലു കെട്ടിയാലും അവയുടെയെല്ലാം മുഖ്യഭാഗത്തുതന്നെ ദാനശീലന്റെ പേരുകൊത്തി വിളംബരം ചെയ്യുമ്പോൾ, നിവൃത്തികേടു കൊണ്ട് മുഖം മറച്ച് ഉള്ളുരുകുന്ന ഒട്ടേറെപ്പേരുണ്ട്. അത്തരം പരസ്യങ്ങൾ പ്രസിദ്ധിയും പുരസ്കാരവും തരുന്നുണ്ടാകാം. പക്ഷേ, അവയോരോന്നും അശരണന്റെ അത്മാഭിമാനത്തിനു വിലപറഞ്ഞു നേടുന്നതാണ്. സ്വീകരിക്കുന്നവർ പോലുമറിയാതെ ചെയ്യുന്ന പരോപകാരങ്ങളെക്കാൾ വിശുദ്ധമായ എന്തു പ്രവൃത്തിയാണുള്ളത്? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com